Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഗവർണർ-മുഖ്യമന്ത്രി...

ഗവർണർ-മുഖ്യമന്ത്രി പോരും ഫെഡറലിസത്തിന്‍റെ ഭാവിയും

text_fields
bookmark_border
ഗവർണർ-മുഖ്യമന്ത്രി പോരും ഫെഡറലിസത്തിന്‍റെ ഭാവിയും
cancel

നാധിപത്യം, മതനിരപേക്ഷത എന്നീ ഭരണഘടനാ തത്ത്വങ്ങൾക്ക് പുല്ലുവില കൽപിക്കുന്ന നരേന്ദ്ര മോദി സർക്കാറിന്റെ നയപരിപാടികൾ അഭംഗുരം തുടരവെ, ഫെഡറലിസത്തെ വെല്ലുവിളിച്ച് സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന സമീപനം സ്വാഭാവികമാണ്. ബഹുസ്വരതയിലോ വൈവിധ്യങ്ങളിലോ അശേഷം വിശ്വാസമില്ലാത്ത സംഘ്പരിവാർ ഹിന്ദുത്വ അജണ്ട രാജ്യത്തിന്റെമേൽ കെട്ടിയേൽപിക്കാൻവേണ്ടി അനുവർത്തിക്കുന്ന ചെയ്തികൾ എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റിൽപറത്തിക്കൊണ്ടാണ് മുന്നോട്ടുനീങ്ങുന്നത്. അതിന്റെ ഭാഗമാണ് ജനങ്ങൾ അധികാരത്തിലേറ്റിയ സംസ്ഥാന സർക്കാറുകൾക്ക് മൂക്കുകയറിടാൻ ഗവർണർമാരെ ചട്ടുകമാക്കുന്ന ആസൂത്രിത പരിപാടി. ഏറ്റവുമൊടുവിൽ തമിഴ്നാട് നിയമസഭ സാക്ഷ്യംവഹിച്ചിരിക്കുന്നത് ഫെഡറലിസത്തിന്റെ ആത്മാവിന് നിരക്കാത്ത ഗവർണർ രവീന്ദ്ര നാരായണ രവിയുടെ താന്തോന്നിത്ത നടപടിക്കാണ്.

വർഷാദ്യത്തിലെ കീഴ്വഴക്കമായ നയപ്രഖ്യാപന പ്രസംഗം സഭാസമ്മേളനത്തിൽ വായിക്കെ രവി തനിക്ക് അഹിതകരമെന്നു തോന്നിയ ഭാഗങ്ങൾ വിട്ടുകളഞ്ഞു. തമിഴ്നാട് എന്ന സംസ്ഥാനത്തിന്റെ അംഗീകൃത പേർ തന്നെ ആർ.എസ്.എസിന്റെ താൽപര്യപ്രകാരം ‘തമിഴകം’ എന്നു തിരുത്തിയ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ഭരണകക്ഷിയായ ഡി.എം.കെയുടെ സഖ്യകക്ഷികൾ ആദ്യമേ ഇറങ്ങിപ്പോയിരുന്നു. തമിഴിലുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കെ ഗവർണർ 65ാം ഖണ്ഡിക വിട്ടുകളഞ്ഞു. ‘സാമൂഹികനീതി, ആത്മാഭിമാനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, സ്ത്രീശാക്തീകരണം, മതനിരപേക്ഷത തുടങ്ങിയവയിൽ അധിഷ്ഠിതമാണ് ഈ സർക്കാർ...’ എന്നുതുടങ്ങുന്ന ഭാഗമാണ് 65ാം ഖണ്ഡികയുടെ ഉള്ളടക്കമെന്നതുകൊണ്ട്, അതെന്തുകൊണ്ട് ഗവർണർക്ക് അലർജിയായി എന്നതിന് വിശദീകരണം ആവശ്യമില്ല. ‘തമിഴ്നാട് സമാധാനത്തിന്റെ സ​ങ്കേതമായി തുടരുകയും...’ എന്നുതുടങ്ങുന്ന വാചകവും ഗവർണർ പൂഴ്ത്തി. എന്നാൽ, പ്രസംഗത്തിന്റെ തമിഴ് പൂർണരൂപം സ്പീക്കർ എം. അപ്പാവു വായിച്ചതോടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇടപെട്ടു, പ്രസംഗത്തിന്റെ പൂർണ രൂപം തന്നെ സഭാരേഖകളിൽ ഉൾപ്പെടുത്തണമെന്ന പ്രമേയം അവതരിപ്പിക്കുകയും സഭ അത് പാസാക്കുകയും ചെയ്തതോടെ രവി സഭ വിട്ടിറങ്ങിപ്പോവുകയായിരുന്നു.

2020 ജനുവരി 29ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാറിന്റെ നയപ്രഖ്യാപനം നിർവഹിച്ചപ്പോൾ കാണിച്ച മര്യാദയെങ്കിലും പാലിക്കാൻ തമിഴ്നാട് ഗവർണർക്ക് കഴിയാതെപോയി. ആ പ്രസംഗത്തിൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി എന്ന പരാമർ​ശത്തോട് വിയോജിപ്പ് തുറന്നുപറഞ്ഞുകൊണ്ടുതന്നെ ആരിഫ് മുഹമ്മദ് ഖാൻ, നിവൃത്തികേടുകൊണ്ടാണെങ്കിലും അത് വായിക്കുകയാണ് ചെയ്തത്.

ജനങ്ങളിൽ വർഗീയവിദ്വേഷം വളർത്തി എന്ന് ചൂണ്ടിക്കാട്ടി, ഭരണകക്ഷിയായ ഡി.എം.കെ സഖ്യകക്ഷികളോടൊപ്പം ഗവർണർ പദവിയിൽനിന്ന് ആർ.എൻ. രവിയെ നീക്കണമെന്ന നിവേദനം രാഷ്ട്രപതിക്ക് സമർപ്പിച്ചിരുന്നതാണ്. അതുണ്ടായില്ലെന്നത് സ്വാഭാവികം. കാരണം, തന്നെ ഏൽപിച്ച ജോലിയാണല്ലോ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മുൻ സഹപ്രവർത്തകൻ കൂടിയായ രവി ചെയ്തുകൊണ്ടിരിക്കുന്നത്. ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറുകളും രാജ്ഭവനുകളിലേക്ക് കെട്ടിയിറക്കിയ ഭരണകർത്താക്കളും തമ്മിലെ പോര് രൂക്ഷമായി തുടരുന്നുണ്ട്. നേരത്തേ ജഗ്ദീപ് ധൻഖർ പശ്ചിമ ബംഗാൾ ഗവർണറായിരിക്കെ, മുഖ്യമന്ത്രി മമത ബാനർജിയുമായി ഒരുപാട് കാര്യങ്ങളിൽ തുറന്ന യുദ്ധം നടന്നിരുന്നതാണ്. ധൻഖർ ഉപരാഷ്ട്രപതിയായി വാഴിക്കപ്പെട്ടതിൽപിന്നെയാണ് ഏറ്റുമുട്ടലിന് താൽക്കാലിക ശമനമുണ്ടായിരിക്കുന്നത്. കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന്റെ സംസ്ഥാന സർക്കാറും തമ്മിലെ ഏറ്റുമുട്ടൽ പാരമ്യതയിലെത്തിയപ്പോൾ എല്ലാ യൂനിവേഴ്സിറ്റികളുടെയും ചാൻസലർ പദവിയിൽനിന്ന് ഗവർണറെ ഒഴിവാക്കി യോഗ്യരായ ചാൻസലർമാരെ നിയമിക്കാനുള്ള ബിൽ നിയമസഭ പാസാക്കി അദ്ദേഹത്തിന്റെ തന്നെ ഒപ്പിനായി രാജ്ഭവനിലേക്കയച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു. അദ്ദേഹമതിൽ ഒപ്പിടാതെ ചട്ടപ്രകാരം രാഷ്ട്രപതിക്കയക്കുമെന്നാണ് വാർത്ത. രാഷ്ട്രപതിക്കത് അനിശ്ചിതകാലം ശീതഭരണിയിൽ വെക്കാം. അതേവരെ സർവകലാശാലകളിലെ വി.സിമാരുടെ നിയമനമടക്കം അനിശ്ചിതത്വത്തിലാവുകയും ചെയ്യും.

ഗവർണറും മുഖ്യമന്ത്രിയും തമ്മിലെ ശീതയുദ്ധത്തിന് അയവുവന്നു എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാറിന്റെ ഇംഗിതങ്ങൾക്ക് തീർത്തും വിധേയനായ ഒരാൾ രാജ്ഭവനിൽ കാവിപ്പടയുടെ പൂർണ സഹകരണത്തോടെ വാഴുവോളം കാലം മൗലിക നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെയും നയപരിപാടികളിൽ വെള്ളംചേർക്കാതെയും മുന്നോട്ടുനീങ്ങാൻ ഇടതുമുന്നണി സർക്കാറിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. യഥാർഥത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ പാലമായി ഗവർണർമാർ വർത്തിക്കണമെന്നതാണ് ഭരണഘടനാശിൽപികൾ വിഭാവനം ചെയ്തിരുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെപ്പറ്റി പഠനം നടത്തിയ 'സർക്കാരിയ കമീഷൻ' അടിവരയിട്ടതും അതിനാണ്. പക്ഷേ, അനേകമനേകം ജാതികളും ഭാഷകളും മതങ്ങളുംകൊണ്ട് ആഗോളതലത്തിൽതന്നെ സവിശേഷ വ്യക്തിത്വമുള്ള ഇന്ത്യാ മഹാരാജ്യത്ത് നാനാത്വത്തിൽ ഏകത്വമാണ് സുന്ദരവും സമാധാനപൂർണവും സുശക്തവുമായ രാഷ്ട്രസങ്കൽപം എന്ന് അംഗീകരിക്കാത്തവർ, ശക്തിയുടെ ഭാഷ മാത്രം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, നിലവിലെ സങ്കീർണത വരുംനാളുകളിൽ മൂർച്ഛിക്കുകയേ ചെയ്യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialGovernorFederalism
News Summary - The Governor-Chief Minister War and the Future of Federalism
Next Story