മയക്കുമരുന്നിന്റെ മായാലോകം
text_fieldsകത്തോലിക്കാ സഭയുടെ പാലാ മെത്രാന്റെ നാർകോട്ടിക് ജിഹാദ് പ്രയോഗം സൃഷ്ടിച്ച അലയൊലികൾ കേരളത്തിൽ കെട്ടടങ്ങും മുേമ്പയാണ് ദേശീയതലത്തിൽ ബോളിവുഡിലെ മെഗാസ്റ്റാർ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും സംഘവും പങ്കാളികളായ ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയെക്കുറിച്ച ഉദ്വേഗജനകമായ വാർത്തകൾ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു സംഭവങ്ങളിലും മുഖ്യ ശ്രദ്ധാകേന്ദ്രം രാജ്യത്തും സംസ്ഥാനത്തും ഭീകരമായി പിടിമുറുക്കിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയ അല്ല എന്നതാണ് വിചിത്രമായ വസ്തുത. പാലാ ബിഷപ് കേരളം നേരിടുന്ന മയക്കുമരുന്ന് വ്യാപനത്തെയും തജ്ജന്യമായ ക്രിമിനലിസത്തെയും കുറിച്ചല്ല മറിച്ച്, മയക്കുമരുന്ന് പ്രയോഗിച്ച് ക്രിസ്ത്യൻ യുവതികളെ മുസ്ലിം യുവാക്കൾ വഴിതെറ്റിക്കുകയും മതം മാറ്റുകയും ചെയ്യുന്നതായ സാങ്കൽപിക ജിഹാദിനെ പറ്റിയാണ് ഉത്കണ്ഠ രേഖപ്പെടുത്തിയത്.
ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ-മതേതര വിഭാഗങ്ങളിലെ പുതിയ തലമുറ മയക്കുമരുന്നിെൻറ അടിമകളായി മാറി, സാമൂഹിക ജീവിതത്തിനുതന്നെ ഭീഷണിയാവുന്ന സാഹചര്യം അദ്ദേഹത്തെ ഏറെയൊന്നും അലോസരപ്പെടുത്തുന്നതായി പുറത്തുവന്ന പ്രസ്താവന തെളിയിക്കുന്നില്ല. അതുപോലെ, ബോളിവുഡ്-മോളിവുഡ്-കോളിവുഡ് വ്യത്യാസമില്ലാതെ ഇന്ത്യൻ സിനിമ ലോകത്തെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന നാർകോട്ടിക് ഭീഷണിയല്ല മുംബൈയിലെ ആഡംബര കപ്പൽ റെയ്ഡിലൂടെ കണ്ടെത്തിയ മയക്കുമരുന്നിനെക്കുറിച്ച വാർത്തകളിലെ ശ്രദ്ധാകേന്ദ്രം, പിടിക്കപ്പെട്ടവരിൽ ഹിന്ദി സിനിമ ലോകത്തെ മഹാനടൻ ഷാറൂഖ് ഖാന്റെ മകൻ ഉൾപ്പെട്ടു എന്നതാണ്. താൻ വേണമെങ്കിൽ മദ്യമോ മയക്കുമരുന്നോ എന്തു വേണമെങ്കിലും കഴിച്ചോളൂ, സെക്സ് വേണമെങ്കിൽ ചെയ്തോളു എനിക്കതിൽ ഒരു പരാതിയുമില്ലെന്ന് അച്ഛൻ മകന് ചെറുപ്രായത്തിലേ സമ്മതം നൽകിയിരുന്നെന്ന് വെളിപ്പെട്ടതോടെ കാര്യത്തിന്റെ കിടപ്പ് സാമാന്യ ജനത്തിന് പിടികിട്ടുകയും ചെയ്തു.
പ്രശ്നത്തിന്റെ മർമം ബോധവും വിവേകവും ചിന്താശേഷിയുമുള്ളവരെ സംബന്ധിച്ചിടത്തോളം ഇപ്പറഞ്ഞതൊന്നുമല്ലെന്ന് വ്യക്തമാണ്. മെത്രാൻ പേടിപ്പിച്ചപോലെയുള്ള ഒരു ജിഹാദും കേരളത്തിൽ നടക്കുന്നതായി കണ്ടെത്താനായിട്ടില്ലെന്ന് സൂക്ഷ്മമായി പഠിച്ച പൊലീസും ഇൻറലിജൻസും യഥാസമയം റിപ്പോർട്ട് ചെയ്തിരുന്നതാണ്. പാർലമെൻറിൽ മോദി സർക്കാറിന്റെ വക്താവ് അത് സ്ഥിരീകരിച്ചതുമാണ്. ഏറ്റവും പുതുതായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് ലവ് ജിഹാദോ നാർകോട്ടിക് ജിഹാദോ നടന്നതായി വിവരമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇനിയും ബിഷപ്പോ ബന്ധപ്പെട്ട മറ്റുള്ളവരോ തങ്ങളുടെ നിലപാടിൽനിന്ന് പിന്മാറാൻ തയാറില്ലെങ്കിൽ അതിന്റെ കാരണവും പ്രേരണയും വേറെ അന്വേഷിക്കണം. അപ്രകാരം അത്യന്തം മാരകവും വിലയേറിയതുമായ ലഹരിപദാർഥങ്ങൾ മുഖ്യ വിഭവമായ നിശാപാർട്ടികൾ കൊച്ചി, ബംഗളൂരു, മുംബൈ പോലുള്ള നഗരങ്ങളിൽ സിനിമക്കാരായ സ്ത്രീ- പുരുഷന്മാർ നടത്തിവരുന്നുണ്ടെന്നതും ഇതിനകം പിടിക്കപ്പെട്ട ഒട്ടേറെ സംഭവങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്. അത്തരം കേസുകൾ ദിവസങ്ങൾക്കകം തേഞ്ഞുമാഞ്ഞുപോവുകയും കാര്യമായാരും ശിക്ഷിക്കപ്പെടാതെ വിസ്മൃതിയിലാവുകയും ചെയ്യുന്നു.
പണവും സ്വാധീനവുമുള്ളവർക്ക് ഏതു പ്രമാദമായ കേസും കുടഞ്ഞെറിയാൻ പ്രയാസമില്ലെന്നതാണ് ഇന്ത്യൻ നീതിന്യായ ക്രമത്തിന്റെ നിലവിലെ അവസ്ഥാവിശേഷം. പക്ഷേ, ഈയവസ്ഥ കുടുംബജീവിതത്തിനും സാമൂഹിക വ്യവസ്ഥക്കുമേൽപിക്കുന്ന ആഘാതം ബോധ്യപ്പെടാൻ ദൈനംദിനാനുഭവങ്ങൾ ധാരാളം മതി. സ്ത്രീകളും കുട്ടികളും വൃദ്ധരായ മാതാപിതാക്കളും കടുത്ത പീഡനങ്ങൾക്കും നിഷ്ഠുര കൊലപാതകങ്ങൾക്കും നിരന്തരം ഇരകളായിത്തീരുന്നു. നിയമങ്ങൾ കർശനമാക്കുംതോറും ലംഘനങ്ങൾ പെരുകുകയാണ്. അല്ലെങ്കിൽ രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസിന്റെ ഫലമായി പാർലമെൻറ് നിർമിച്ച പോക്സോ നിയമം പ്രാബല്യത്തിൽ വന്നശേഷം അത്തരം നിഷ്ഠുര കൃത്യങ്ങൾ ആവർത്തിക്കാൻ പാടുണ്ടായിരുന്നില്ല. പക്ഷേ, സമാന ദുരന്തങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായിത്തീരുന്നതാണ് പിന്നീട് കാണുന്നത്. പണമിറക്കി ബോധം കരുതിക്കൂട്ടി നഷ്ടപ്പെടുത്തി കിരാതകൃത്യങ്ങളിലേർപ്പെടാൻ വിദ്യാസമ്പന്നരായ യുവാക്കൾപോലും ധൃഷ്ടരാവുന്നുവെങ്കിൽ രാജ്യം എത്തിപ്പെട്ട ധർമച്യുതിയുടെ ആഴമാണത് കാണിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുരാഷ്ട്ര മുതലാളിയായ അദാനി നിയന്ത്രിക്കുന്ന മുൻധ്രാ തുറമുഖത്തെ കലവറയിൽനിന്ന് സംസ്കരിച്ച മൂന്ന് ടൺ ഹെറോയിൻ എന്ന മാരക മയക്കുമരുന്നാണ് റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് പിടികൂടിയത്. 21,000 കോടി രൂപ വിലമതിക്കുന്ന ഈ നാർകോട്ടിക് ശേഖരം ചരിത്രത്തിലെ ഏറ്റവും വലിയ കള്ളക്കടത്ത് വിഭവമാണത്രെ. ഇത് ആർ ആർക്ക് എങ്ങനെ അയച്ചു എന്നതിനെക്കുറിച്ച അേന്വഷണം നടക്കുന്നേയുള്ളൂ. ലോകത്തേറ്റവും ഓപിയം ഉൽപാദിപ്പിക്കുന്ന അഫ്ഗാനിസ്താനിൽനിന്ന് ഇറാൻ-പാകിസ്താൻ വഴിയാവാം ഹെറോയിൻ മുൻധ്രായിലേക്ക് കടത്തിയതെന്ന് സംശയിക്കപ്പെടുന്നു. പിടിക്കെപ്പട്ടത് ഇതാദ്യ സംഭവമാണെന്നതല്ലാതെ മുമ്പും തുറമുഖങ്ങൾ വഴി ലഹരിവസ്തുക്കൾ കട്ടുകടത്തപ്പെട്ടിട്ടില്ല എന്ന് തെളിഞ്ഞിട്ടില്ല. പക്ഷേ, ഒടുവിലിത് കോൺഗ്രസ്-ബി.ജെ.പി പോരിന്റെ രാഷ്ട്രീയായുധമായി മാറിയിരിക്കുന്നു.
കഴിഞ്ഞ ഏപ്രിൽ 19ന് 300 കോടിയുടെ നിരോധിത മയക്കുമരുന്നുകളുമായി അറബിക്കടൽ വഴി കോഴിക്കോട്ടെത്തിയ മത്സ്യബന്ധന ബോട്ട് നാവികസേന പിടികൂടുകയുണ്ടായി. 30 കോടിയുടെ ഹെറോയിനുമായി കരിപ്പൂരിൽവെച്ച് സാംബിയൻ യുവതിയെ പിടികൂടിയതും സമീപ ദിവസങ്ങളിലെ സംഭവമാണ്. കേവലം ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാൽ പോലും 48 മണിക്കൂർ ഉന്മാദം സമ്മാനിക്കുന്ന അതിമാരക എം.ഡി.എം.എയുടെ ഉപഭോക്താക്കളാണ് കാമ്പസുകൾക്കകത്തും പുറത്തും നമ്മുടെ കൗമാരവും യൗവനവുമെന്നത് എന്തുമാത്രം ഭയാനകമായ സ്ഥിതിവിശേഷമാണ്! എന്നിരിക്കെ തലമുറകളെ രക്ഷിക്കാനും വീണ്ടെടുക്കാനും പരസ്പരമുള്ള ചളിവാരിയെറിയലല്ല, സർക്കാർ-പ്രതിപക്ഷ-മത-സമുദായ-രാഷ്ട്രീയഭേദം കൂടാതെയുള്ള യോജിച്ച പോരാട്ടമാണ് സന്ദർഭത്തിന്റെ സത്വരാവശ്യമെന്ന് സർവരും തിരിച്ചറിഞ്ഞേ മതിയാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.