ഉയരണം ഇൻക്വിലാബ് സുൻഹേരിക്കുവേണ്ടി
text_fieldsഇക്കഴിഞ്ഞ ഡിസംബർ മാസം 24ാം തീയതി രാജ്യ തലസ്ഥാനനഗരിയായ ഡൽഹിയിൽ ഇറങ്ങിയ ചില പത്രങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന പരസ്യം കണ്ട് ചരിത്ര സ്നേഹികളും സാധാരണക്കാരും ഒരുപോലെ ഞെട്ടി-നഗരത്തിലെ പൈതൃക നിർമിതികളിലൊന്നായ സുൻഹേരിബാഗ് മസ്ജിദ് പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് എതിർപ്പുകളും നിർദേശങ്ങളുമറിയിക്കാൻ ആവശ്യപ്പെട്ട് ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതരാണ് പരസ്യം നൽകിയിരുന്നത്.
നഗരഹൃദയമായ ലുട്യൻസ് ഡൽഹിയിൽ രണ്ടു നൂറ്റാണ്ടായി തലയുയർത്തിനിൽക്കുന്ന ആരാധനാലയമാണ് സുൻഹേരി മസ്ജിദ്. ന്യൂഡൽഹി നഗരം നിർമിക്കുന്നതിന്റെ ഭാഗമായി ഒട്ടനവധി കെട്ടിടങ്ങളും കുടീരങ്ങളുമെല്ലാം നീക്കം ചെയ്തപ്പോഴും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ബ്രിട്ടീഷ് നഗരാസൂത്രകർ സംരക്ഷിച്ചുനിർത്തിയതാണ് മുഗൾ വാസ്തുവിദ്യാ പൈതൃകത്തിലൂന്നി നിർമിച്ച ഈ പള്ളി. 2009ൽ ഡൽഹി സർക്കാർ സുൻഹേരി മസ്ജിദിനെ ഗ്രേഡ്-3 പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാലിപ്പോൾ പള്ളി നിൽക്കുന്ന മേഖലയിൽ ഗതാഗതക്കുരുക്കുണ്ടാവുന്നുവെന്ന് ഡൽഹി ട്രാഫിക് പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചുനീക്കി പ്രശ്നപരിഹാരം കാണാൻ അധികാരികൾ ഒരുങ്ങുന്നത്.
ഈ ആരാധനാലയം നിലകൊള്ളുന്നതുകൊണ്ട് ഏതെങ്കിലും വിധത്തിലുള്ള കൊടിയ ഗതാഗതപ്രശ്നം അവിടെയുള്ളതായി അടുത്തകാലം വരെ നഗരവാസികളോ പൗരസംഘങ്ങളോ ആക്ഷേപം ഉന്നയിച്ചിരുന്നില്ല, മറിച്ച് ഇന്ത്യൻ പൈതൃക പ്രൗഢിയുടെ തിളങ്ങുന്ന അടയാളങ്ങളിലൊന്നായാണ് ഏവരും അതിനെ കണ്ടു വന്നിരുന്നത്. സഹസ്രകോടികൾ ചെലവിട്ട് ഡൽഹിയുടെ മുഖംമാറ്റുന്ന കേന്ദ്രസർക്കാറിന്റെ സെൻട്രൽ വിസ്റ്റ പദ്ധതി പ്രഖ്യാപിക്കപ്പെട്ടതോടെ ചരിത്രപ്രാധാന്യമുള്ള ഏതു നിർമിതിയും ഉഴുതുമറിക്കപ്പെടുമെന്ന സാഹചര്യമുണ്ടായി. തുടർന്ന് പൈതൃക മസ്ജിദുകളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഡൽഹി വഖഫ് ബോർഡ് കഴിഞ്ഞ ജൂലൈയിൽ ഡൽഹി ഹൈകോടതിയെ സമീപിച്ചു. ഒരു ഇടക്കാല ഉത്തരവിലൂടെ സ്റ്റാറ്റസ്കോ നിലനിർത്താൻ കോടതി നിർദേശിച്ചെങ്കിലും ഡിസംബർ പകുതിയോടെ അത് അവസാനിച്ചു. അതിനു പിന്നാലെയാണ് ജനങ്ങളുടെ പ്രതികരണമാരാഞ്ഞ് നഗരസഭ പരസ്യം നൽകിയിരിക്കുന്നത്. പാർലമെന്റിനും ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരുടേതടക്കമുള്ള കേന്ദ്രസർക്കാർ ഓഫിസുകൾക്കും സമീപത്തുള്ള അതിസുരക്ഷാ മേഖലയിലെ ഗതാഗതം സുഗമമാക്കാൻ പള്ളി നീക്കണമെന്ന വാദം അവർ കോടതിയിലും ഉന്നയിച്ചുകഴിഞ്ഞു. പള്ളി പൊളിക്കരുതെന്നാവശ്യപ്പെട്ട് സുൻഹേരിബാഗ് മസ്ജിദ് ഇമാം നൽകിയ ഹരജി കോടതിയുടെ പരിഗണനയിലുണ്ട്.
ചരിത്രത്തെത്തന്നെ കീഴ്മേൽ മറിക്കാനും സ്വാതന്ത്ര്യസമര സ്മാരകങ്ങളുടെ തനിമ കെടുത്താനും മടിയേതുമില്ലാത്ത ഭരണകൂടത്തെ ഈ പള്ളിയുടെ ചരിത്രപ്രാധാന്യം പറഞ്ഞുമനസ്സിലാക്കൽ എളുപ്പമല്ലെങ്കിലും രാജ്യത്തെ പൊതുസമൂഹം അറിഞ്ഞിരിക്കേണ്ട, മറക്കാൻ പാടില്ലാത്ത ഓർമകൾ കുടികൊള്ളുന്നുണ്ട് ആ വിശുദ്ധഗേഹത്തിൽ. ബ്രിട്ടീഷ് ഭരണത്തിൽനിന്ന് പൂർണ സ്വരാജ് ആവശ്യപ്പെട്ട് ആദ്യമായി പ്രമേയം തയാറാക്കിയ, ഇൻക്വിലാബ് സിന്ദാബാദ് എന്ന സർവകാല വിപ്ലവ മുദ്രാവാക്യം ലോകത്തിനു സമ്മാനിച്ച ധീര സ്വാതന്ത്ര്യസമരസേനാനി ഹസ്റത്ത് മൊഹാനി ഇന്ത്യ സ്വതന്ത്രമാ
യശേഷം എം.പിയായപ്പോൾ സർക്കാർ നൽകുന്ന വീടും ശമ്പളവും വേണ്ടെന്നുവെച്ച് താമസിച്ചിരുന്നത് ഈ പള്ളിയിലായിരുന്നു. ഇന്ത്യൻ പാർലമെന്റിലെ ഉജ്ജ്വലനായ അംഗത്തെ കാണാനും ആവലാതികൾ പറയാനും ഏതൊരു ദുർബല മനുഷ്യർക്കും ഏതു രാത്രിയിലും കയറിച്ചെല്ലാൻ പാകത്തിന് തുറന്നുവെച്ചിരുന്നു സുൻഹേരിയുടെ വാതിലുകൾ. തലസ്ഥാനനഗരിയും രാജ്യവും വളരുമ്പോൾ പൊളിച്ചുകളയാവുന്നതല്ല ഇത്തരം മഹത്തായ ഓർമകൾ. ഒരു പരിഷ്കൃത രാജ്യത്തിന് ആലോചിക്കാൻപോലും ധൈര്യപ്പെടാവതല്ല ഇത്തരം തമസ്കരണങ്ങൾ.
പള്ളി പൊളിക്കണമെന്ന ആവശ്യം നഗരവികസന പദ്ധതിയെ മറയാക്കി മധ്യകാല ഇന്ത്യയുടെ ശേഷിപ്പുകൾക്കു നേരെ ഭരണകൂടം നടത്തുന്ന ‘കർസേവ’യാണ് എന്ന സന്ദേഹം നിലനിൽക്കുന്നുണ്ട്. എത്ര പ്രാധാന്യമുള്ളതാണെങ്കിലും മുസ്ലിം സമുദായത്തിന്റെ സ്ഥാപനങ്ങൾ സദാ ബുൾഡോസർ നിഴലിലാണ് എന്ന ആപത്കരമായ സന്ദേശം കൈമാറുന്നുണ്ട് സുൻഹേരി പള്ളിക്കെതിരായ നടപടിക്രമങ്ങൾ. അത് രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തിൽ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല.
ഡൽഹി നഗരസഭയുടെ നോട്ടീസിന് പ്രതികരണമറിയിക്കേണ്ട സമയപരിധി അവസാനിച്ചപ്പോൾ ആയിരക്കണക്കിന് സന്ദേശങ്ങളാണ് വന്നുചേർന്നിരിക്കുന്നതത്രെ. അവയുടെ ഉള്ളടക്കം എന്തുതന്നെയായാലും സുൻഹേരി മസ്ജിദ് സംരക്ഷിക്കപ്പെടുകതന്നെ വേണം. അതിനായി രാജ്യമൊട്ടുക്ക് ഇൻക്വിലാബ് വിളികളുമുയരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.