രാഷ്ട്രപതി ഉപദേശിക്കണം, സർക്കാറിനെ
text_fieldsപാർലമെൻറിെൻറ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യുടെ (പി.എ.സി) ശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് രാഷ്്ട്രപതി രാംനാഥ് കോവിന്ദ്, പാർലമെൻറിെൻറയും അതിെൻറ സമിതികളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞത് പ്രസക്തമായി. ജനഹിതത്തിെൻറ മൂർത്തിമദ്ഭാവമാണ് പാർലമെൻറും സമിതികളുമെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജനങ്ങളോട് മറുപടിപറയേണ്ട ജനാധിപത്യസ്ഥാപനങ്ങളുടെ ധർമത്തെപ്പറ്റി രാഷ്ട്രപതി ഉദ്ബോധിപ്പിക്കുേമ്പാൾ പാർലമെൻറിെൻറ ശൈത്യകാലം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഈ സമ്മേളനത്തിലും മുെമ്പന്നപോലെ ജനാധിപത്യത്തെ പടിപടിയായി ക്ഷയിപ്പിക്കുന്ന നടപടികൾ കേന്ദ്രസർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകുന്നതിനാൽ പ്രത്യേകിച്ചും, രാഷ്ട്രനായകെൻറ ഓർമപ്പെടുത്തൽ മറ്റാർക്കുമെന്നതിലധികം സർക്കാറിനുള്ളതാണ്. ഏറ്റവും കുറഞ്ഞ ഭരണകൂടം, ഏറ്റവും കൂടിയ ഭരണനിർവഹണം (മിനിമം ഗവൺമെൻറ്, മാക്സിമം ഗവേണൻസ്) എന്ന പ്രഖ്യാപനവുമായി അധികാരമേറ്റ നരേന്ദ്ര മോദിയുടെ ഭരണം വിപരീത ദിശയിലാണ് ചരിക്കുന്നത്. രാഷ്ട്രപതിയുടെ ഓർമപ്പെടുത്തലുമായി സർക്കാർ പുലർത്തുന്ന അകലം എത്രയെന്നും, ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിൽനിന്ന് എത്ര വിദൂരസ്ഥമാകുന്നു ഭരണവ്യവസ്ഥിതിയെന്നും തെളിയിക്കുന്ന പല ഉദാഹരണങ്ങളുണ്ട്. ഒന്ന് മാധ്യമങ്ങളെ അകറ്റിനിർത്തുന്ന പ്രവണതയാണ്. ഭരണകൂടത്തിെൻറ കൈവശമുണ്ടാകേണ്ട അടിസ്ഥാന വിവരങ്ങൾപോലും അനാവശ്യവും നിസ്സാരവുമാണെന്ന സമീപനമാണ് രണ്ടാമത്തേത്.
ഭരണത്തിെൻറ സകല തലങ്ങളിലും സുതാര്യത നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊന്ന്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും മറ്റ് പാർലമെൻററി സമിതികളും സർക്കാറിെൻറ 'അക്കൗണ്ടബിലിറ്റി'യുടെ ചിഹ്നങ്ങളാണ്. എന്നാൽ, അടുത്തകാലത്തായി അവയെപ്പോലും മറികടക്കുന്ന പ്രവണതയുണ്ട്. 140 കോടിയോളം വരുന്ന ജനങ്ങളുടെ ഭാഗധേയം നിർണയിക്കേണ്ട നിയമങ്ങളുണ്ടാക്കുന്നത് ശരാശരി 34ഉം (ലോക്സഭ) 46ഉം (രാജ്യസഭ) മിനിമം മാത്രമെടുത്താണ്. പാർലമെൻറ് സ്ഥിരംസമിതികൾ നോക്കുകുത്തികളാകുന്നു. ഇതിെൻറ കൂടെ എടുത്തുപറയേണ്ടതാണ് പ്രതിപക്ഷത്തോട് സർക്കാർ പുലർത്തുന്ന അവജ്ഞയും അവഗണനയും. രാഷ്ട്രപതി മഹത്തരമെന്ന് വിശേഷിപ്പിക്കുന്ന പാർലമെൻററി ജനാധിപത്യത്തിെൻറ തൂണുകൾ ദുർബലമാകുന്നതും അധികാരം എക്സിക്യൂട്ടിവിൽ കേന്ദ്രീകരിക്കുന്നതും അദ്ദേഹം അറിയുന്നുണ്ടാവണം.
മാധ്യമങ്ങളിൽനിന്ന് അകലംപാലിക്കുന്നത് പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹത്തിെൻറ ഭരണരീതിയുടെയും മുഖമുദ്രയായിട്ടുണ്ട്. വാർത്തസമ്മേളനങ്ങളും വിദേശപര്യടനങ്ങളിൽ മാധ്യമപ്രവർത്തകരെ ഒപ്പം കൂട്ടുന്ന മുൻ പ്രധാനമന്ത്രിമാരുടെ രീതിയും ഉപേക്ഷിച്ചതു മാത്രമല്ല ഉദാഹരണങ്ങൾ. ഇപ്പോഴിതാ പാർലമെൻറ് മന്ദിരത്തിനിന്ന് മാധ്യമങ്ങളെ അകറ്റുന്നു. കോവിഡ് മഹാമാരിയുടെ കാരണം പറഞ്ഞ് 2020 മാർച്ചിൽ നിർത്തിയതാണ് മാധ്യമപ്രവർത്തകർക്കുള്ള പ്രവേശനം. എന്നാൽ, ഇപ്പോൾ നാട്ടിലെങ്ങും മാളുകളും തിയറ്ററുകളും വരെ തുറന്നിട്ടും പാർലമെൻറ് നിയന്ത്രണം തുടരുന്നു. പലതവണ പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെ മാധ്യമപ്രവർത്തകർ പ്രതിഷേധം തുടങ്ങിയിരിക്കുന്നു. ഇപ്പോൾ നടക്കുന്ന ശീതകാല സമ്മേളനത്തിലെ നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഏതാനും ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. മറ്റു മാധ്യമങ്ങളുടെ റിപ്പോർട്ടർമാർക്ക് ആകെ രണ്ടുദിവസം മാത്രം പാർലമെൻറ് വളപ്പിലും പ്രസ് ഗാലറിയിലും പ്രവേശിക്കാം. ഏതെല്ലാം ദിവസം എന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കും. വാർഷിക പാസുള്ളവർക്കും മുതിർന്ന മാധ്യമപ്രവർത്തകർക്കും മുമ്പുണ്ടായിരുന്ന അനുവാദം ഇപ്പോഴില്ല. പാർലമെൻറ് എന്ന ജനപ്രതിനിധി സഭകളും എന്തെല്ലാം ചെയ്യുന്നു എന്ന് സർക്കാർ മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞാൽ മതി എന്നനിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
സത്യം ജനങ്ങളറിയേണ്ടതില്ല എന്ന നിലപാടുള്ള സർക്കാർ, നയരൂപവത്കരണത്തിലും ഭരണനിർവഹണത്തിലും അനിവാര്യമായ വസ്തുതകളും ഡേറ്റകളും അവഗണിക്കുന്നു എന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. എത്ര കർഷകർ മരിച്ചു എന്ന കണക്കില്ല; ഓക്സിജൻ കിട്ടാതെ മരിച്ച കോവിഡ് രോഗികളെപ്പറ്റി വിവരമേയില്ല, ഭീകരമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചുള്ള ഡേറ്റ വേണ്ടത്രയില്ല എന്നിങ്ങനെ കേൾക്കുേമ്പാൾ 'മാക്സിമം ഗവേണൻസി'െൻറ അവസ്ഥയാണ് വെളിവാകുന്നത്. മതിയായ അടിസ്ഥാന വസ്തുതകൾ ഇല്ലാത്തതാണ് കോവിഡ് നിയന്ത്രണത്തിൽ ആദ്യത്തെ 15 മാസങ്ങളിൽ പിണഞ്ഞ പാളിച്ചകൾക്ക് കാരണമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. സർക്കാർ ഒന്നുകിൽ വസ്തുതകൾ അവഗണിക്കുന്നു, അല്ലെങ്കിൽ മറച്ചുവെക്കുന്നു. വിവരാവകാശ നിയമവും മാധ്യമസ്വാതന്ത്ര്യവും പരിമിതപ്പെടുത്തുകവഴി സത്യം അറിയാനുള്ള ജനങ്ങളുടെ അവകാശംകൂടി ഹനിക്കപ്പെടുകയാണ്. പാർലമെൻറിനോടും പ്രതിപക്ഷത്തോടും പാർലമെൻററി സമതികളോടുമുള്ള അവഗണന, സുതാര്യതയെ ഭയക്കുന്ന സമഗ്രാധിപത്യങ്ങളുടെ രീതിയാണ്. പാർലമെൻറിനും സമിതികൾക്കും പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെല്ലാം സ്വാതന്ത്ര്യം തിരിച്ചുനൽകാൻ സർക്കാറിനെ ഉപദേശിക്കാനുള്ള എല്ലാ അധികാരവും രാഷ്ട്രപതിക്കുണ്ട്. അദ്ദേഹം അത് ഉപയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.