മതനിരപേക്ഷ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പ്
text_fieldsസമ്മിശ്ര വികാരങ്ങളോടെയാവും 135 കോടി ജനത ഈ മഹദ് സുദിനത്തിൽ പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ എഴുപത്തഞ്ചാം വാർഷികമാഘോഷിക്കുന്നത്. മുക്കാൽ നൂറ്റാണ്ട് മുമ്പ് മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിൽ നമ്മുടെ പൂർവികർ പതിറ്റാണ്ടുകൾ നീണ്ട ഐതിഹാസിക സഹന സമരത്തിലൂടെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചൊൽപടിയിൽനിന്ന് പ്രിയപ്പെട്ട മാതൃഭൂമിയെ മോചിപ്പിച്ചതിന്റെ രോമാഞ്ചജനകമായ ഓർമകൾ ഒരുവശത്ത്; അനേകായിരങ്ങൾ ജീവൻ ബലികൊടുത്ത് നേടിയെടുത്ത, ചരിത്രത്തിൽ ഉദാഹരണമില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ഭാവി എന്താവും എന്ന ആശങ്ക മറുവശത്തും.
ഭിന്ന മതസ്ഥരും ഭാഷക്കാരും വർഗങ്ങളും ജാതികളും അമ്പരപ്പിക്കുന്ന വൈവിധ്യങ്ങളോടെ ഏക രാഷ്ട്രമായി കഴിഞ്ഞുപോരുന്ന ഇന്ത്യ മഹാരാജ്യം, നാനാത്വത്തിൽ ഏകത്വം എന്ന തത്ത്വം ഇന്നേവരെ മുറുകെ പിടിച്ചതാണ് അതിന്റെ അതിജീവന രഹസ്യമെങ്കിൽ നിശ്ചയമായും മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയോടാണ് നാമതിന് കടപ്പെട്ടിരിക്കുന്നത്. ഏകാധിപത്യത്തിനോ കുടുംബാധിപത്യത്തിനോ മതാധിപത്യത്തിനോ ഒരിക്കലും ഈ രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ കഴിയുമായിരുന്നില്ല. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ പങ്കാളികളായ പതിനേഴ് പൊതു തെരഞ്ഞെടുപ്പുകൾ സുഗമമായും സ്വതന്ത്രമായും നടന്നുവെന്നതാണ് ഈ രാജ്യത്തിന്റെ മഹിമ. അതാണ് നമ്മെ പട്ടാള ബൂട്ടുകളിൽ അമരാതിരിക്കാനും ആഭ്യന്തര യുദ്ധങ്ങളിലേക്ക് എടുത്തെറിയാതിരിക്കാനും വഴിയൊരുക്കിയത്. മറിച്ചുള്ള ദുരനുഭവങ്ങൾ അയൽനാടുകളിൽ അടിക്കടി സംഭവിക്കുന്നത് കാണുേമ്പാൾ ഇക്കാര്യം സംശയാതീതമായി തെളിയുന്നു.
സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ദേശീയ പ്രസ്ഥാനം സ്വാതന്ത്ര്യാനന്തര ഭരണത്തിനും നാലര പതിറ്റാണ്ടുകാലം ഇടതടവില്ലാതെ നേതൃത്വം നൽകിയപ്പോഴും തുടർന്ന് ഭരണം പ്രതിപക്ഷ പാർട്ടികളിലേക്ക് കൈമാറേണ്ടി വന്നപ്പോഴും വീണ്ടും ഇന്ത്യൻ നാഷനൽ കോൺഗ്രസുതന്നെ ഭരണനേതൃത്വം തിരിച്ചുപിടിച്ചപ്പോഴും ഒടുവിൽ ഹിന്ദുത്വശക്തികൾ അധികാരം കൈയടക്കിയപ്പോഴുമൊക്കെ ജനാധിപത്യം തന്നെയാണ് വിജയിച്ചത്്. കള്ളപ്പണത്തിന്റെ കടന്നുകയറ്റവും കോടീശ്വരന്മാരുടെ തള്ളിക്കയറ്റവും മൂല്യരഹിതമായ പ്രോപഗണ്ടയുടെ അതിപ്രസരവും ക്രിമിനലുകളുടെ നുഴഞ്ഞുകയറ്റവുമൊക്കെ ജനാധിപത്യത്തെ തളർത്തുകയും രോഗാതുരമാക്കുകയും ചെയ്തിട്ടുണ്ടെന്നത് വസ്തുതയാണെങ്കിലും ഇപ്പോഴും ജനാഭിലാഷംതന്നെയാണ് മേൽക്കൈ നേടുന്നത് എന്ന് ബംഗാളിലെയും തമിഴ്നാട്ടിലെയും കേരളത്തിലെയും ഒടുവിലത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചുകാട്ടുന്നു. നമ്മുടെ ജനതയിലിപ്പോഴും വിവേകവും വിവേചനശേഷിയും തിരിച്ചറിവും നിലനിൽക്കുന്നതിന്റെ സാക്ഷ്യപത്രമായി ഈ സ്ഥിതിവിശേഷത്തെ കാണണം.
അതേസമയം, ഗാന്ധിജിയും ജവഹർ ലാലും മൗലാന ആസാദും ഡോ. അംബേദ്കറും സർേവപ്പള്ളി രാധാകൃഷ്ണനും മറ്റനേകരും ഉയർത്തിപ്പിടിച്ച, ഭരണഘടനയുടെ അന്തസ്സത്തയായി അവർ ഊന്നിപ്പറഞ്ഞ മതനിരപേക്ഷത ഏഴര പതിറ്റാണ്ട് പിന്നിടുേമ്പാൾ കടുത്ത വെല്ലുവിളികളെ നേരിടുന്നു എന്ന അനിഷേധ്യ സത്യം നമ്മെ അസ്വസ്ഥരാക്കുന്നു. അങ്ങേയറ്റം നിർഭാഗ്യകരവും വിനാശകരവുമായിരുന്ന രാഷ്ട്രവിഭജനത്തിന്റെ തിക്തസ്മരണകൾ ഇനിയൊരിക്കലും ആ ചരിത്രം ആവർത്തിക്കരുതെന്ന നിശ്ചയദാർഢ്യത്തിലേക്കായിരുന്നു ഇന്ത്യൻ ജനതയെ നയിക്കേണ്ടത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുത്സിത നയത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർ ബീജാവാപം ചെയ്ത വർഗീയ ധ്രുവീകരണം മാനവികൈക്യത്തിന്റെയും ദേശീയോദ്ഗ്രഥനത്തിന്റെയും സംശുദ്ധ വികാരങ്ങളെ അതിജയിക്കുംവിധം മൂർധന്യത്തിലെത്തിയപ്പോഴായിരുന്നല്ലോ കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് ഭൂവിഭാഗങ്ങൾ കൂട്ടിക്കെട്ടി അത്യന്തം കൃത്രിമമായ ഒരു സാമുദായിക രാഷ്ട്ര നിർമിതിയിൽ സംഭവഗതികൾ കലാശിച്ചത്.
അനേകലക്ഷം മനുഷ്യജീവികളുടെ രക്തപ്പുഴ ഒഴുകാനും ലക്ഷണക്കിൽ കുടുംബങ്ങളെ സർവസ്വം നഷ്ടപ്പെട്ട അഭയാർഥികളാക്കാനും വഴിയൊരുക്കിയ വിഭജനം എന്ന മഹാദുരന്തം ഒരുകാരണവശാലും ആവർത്തിക്കരുതെന്ന് ഇന്ത്യയിലെ ഓരോ മനുഷ്യനും ദൃഢപ്രതിജ്ഞയെടുക്കേണ്ട അവസരമാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം. നിർഭാഗ്യകരമെന്ന് പറയട്ടെ സഹസ്രാബ്ധങ്ങൾ പിന്നിട്ട പങ്കിലവും അസ്പഷ്ടവുമായ ഒരു സംസ്കാരത്തിന്റെ ഭൂമികയിൽ ജാതിയുടെയും മതത്തിന്റെയും മതിൽകെട്ടുകൾ പണിയാനാണ് ആസൂത്രിതശ്രമം നടക്കുന്നത്. ആഗസ്റ്റ് 14 വിഭജനഭയങ്കരതയുടെ ദിനമായി ആചരിക്കാനുള്ള വാഴുന്നവരുടെ തീരുമാനം ഈ സാഹചര്യത്തിൽ ആശങ്കജനകമാണ്. കോളനിവാഴ്ചകാലത്ത് വർഗീയ ധ്രുവീകരണയത്നത്തിലേർപ്പെട്ടവരുടെ പിൻഗാമികൾ അതേ പാരമ്പര്യം അനുകൂല സാഹചര്യത്തിൽ പൂർവാധികം ശക്തമായി തുടരാനുള്ള മനസ്സിലിരിപ്പാണിവിടെ അനാവരണം ചെയ്യപ്പെടുന്നത്. ഇതിലെ അപകടം യഥാർഥ രാജ്യസ്നേഹികൾ ചൂണ്ടിക്കാട്ടിയാൽ, ബ്രിട്ടീഷ് സാമ്രാജ്യവാദികൾ സ്വാതന്ത്ര്യസമര നായികാ നായകർക്കെതിരെ പ്രയോഗിച്ച രാജ്യദ്രോഹ ശിക്ഷാവകുപ്പ് എടുത്ത് പ്രയോഗിക്കാൻ ഒരു സങ്കോചവും ഇവർക്കില്ല.
സ്വന്തം രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്കും ബുദ്ധിജീവികൾക്കും മാധ്യമപ്രവർത്തകർക്കും എതിർ ശബ്ദമുയർത്താൻ സാധ്യതയുള്ള എല്ലാവർക്കുമെതിരെ തീവ്രവംശീയത മുഖമുദ്രയാക്കിയ ഒരു രാജ്യത്തിന്റെ രഹസ്യ ചാരായുധം പ്രയോഗിക്കാൻ മടിക്കാത്തവർ, അതേപ്പറ്റി ചർച്ച ചെയ്യാൻപോലും പാർലമെൻറിനെ ഒരുനിമിഷം അനുവദിക്കാതെ സഭ പിരിച്ചുവിട്ടവർ ഏതറ്റം വരെയും പോവുമെന്ന് തീർച്ച. പേടിക്കാതെ, പതറാതെ ഇന്ത്യയുടെ മതനിരപേക്ഷതയും ബഹുസ്വരതയും പരിരക്ഷിക്കാൻ അവസാനനിമിഷം വരെ പൊരുതുമെന്ന് രാജ്യസ്നേഹികൾ പ്രതിജ്ഞയെടുക്കേണ്ട അസുലഭാവസരമാണ് 75ാം സ്വാതന്ത്ര്യദിനം. ഒപ്പം ലോകത്തെയും രാജ്യത്തെയും തളർത്തുന്ന കോവിഡ് മഹാമാരിയെ തുരത്താനുള്ള യത്നങ്ങളിൽ തികഞ്ഞ പ്രതിബദ്ധതയോടെ പങ്കാളികളാവുമെന്നും നാം പ്രവൃത്തിപഥത്തിൽ തെളിയിക്കുക. സത്യവും നീതിയും സമൃദ്ധിയും സമാധാനവും പുലരുന്ന ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർവശക്തൻ തുണക്കുമാറാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.