Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഏകാധിപത്യമെന്ന...

ഏകാധിപത്യമെന്ന മഹാമാരിയുടെ വ്യാപനം

text_fields
bookmark_border
dictatorship, Modi govt
cancel


ഏകാധിപത്യത്തിന്‍റെ മൂന്നാം തരംഗത്തിനു തിരികൊളുത്തിയയാളെന്നു വിശേഷിപ്പിക്കപ്പെട്ട റഷ്യൻ പ്രസിഡന്‍റ്​ വ്ലാദിമിർ പുടിൻ സ്വതന്ത്ര ജനാധിപത്യരാഷ്ട്രമായ യുക്രെയ്നിലേക്ക്​ കടന്നുകയറി ഭീകരയുദ്ധത്തിനു വട്ടംകൂട്ടുന്ന സമയത്തു പുറത്തുവന്ന ഒരു പഠനറിപ്പോർട്ട്​ ലോകത്തിന്‍റെ സവിശേഷ ശ്രദ്ധയർഹിക്കുന്നു​. സ്വീഡനിലെ ഗോഥൻബർഗ്​ സർവകലാശാലയിലെ വറൈറ്റീസ്​ ഓഫ്​ ഡെമോക്രസി (വി-ഡെം) പ്രോജക്ട്​ പുറത്തുവിട്ട ഡെമോക്രസി റിപ്പോർട്ട്​ 2022 ഏകാധിപത്യത്തിന്‍റെ തരവും രീതിയും മാറിവരുകയാണെന്നും രാഷ്ട്രനേതാക്കൾ കരുത്തിന്‍റെ ബലത്തിൽ ലോകത്തെ കൂടുതൽ സ്വേച്ഛാ വാഴ്ചയിലേക്ക്​ കെട്ടിവലിക്കുകയാ​ണെന്നും ബോധ്യപ്പെടുത്തുന്നു. 180 ലോകരാജ്യങ്ങളിൽനിന്നു 3700 വിദഗ്​ധർ 30 ദശലക്ഷം ഡേറ്റ പോയന്‍റുകൾ പരിശോധിച്ചു തയാറാക്കിയ റിപ്പോർട്ട്​ കഴിഞ്ഞ ദശകത്തിൽ ലോക​ത്ത്​ ജനാധിപത്യത്തിനു വന്നുപെട്ട ആന്തരികവും ബാഹ്യവുമായ ദീനങ്ങളെ വെളിപ്പെടുത്തുകയും അതുണ്ടാക്കിയ കെടുതികൾ വിവരിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ഊർജസ്വലമാക്കുമെന്നു കരുതിയിരുന്ന ഉള്ളടക്കങ്ങൾതന്നെ അതിന്‍റെ ദുരുപയോഗത്തിനും അട്ടിമറിക്കുമുള്ള പഴുതുകളാകാൻമാത്രം പൊള്ളയായിരുന്നുവെന്ന അനുഭവയാഥാർഥ്യങ്ങൾ റിപ്പോർട്ട്​ അനാവരണം ചെയ്യുന്നുണ്ട്​. ലോകം പയ്യെപ്പയ്യെ ഏകാധിപത്യവാഴ്ചയുടെ ആഴത്തിലേക്കു പല വിധേന വഴുതിപ്പോയിക്കൊണ്ടിരിക്കുന്നതിന്‍റെ നേർചിത്രമാണ്​ വി-ഡെം റിപ്പോർട്ട്​.

ആഗോളതലത്തിൽ ഏകാധിപത്യതരംഗം ശക്തിപ്പെടുകയാണെന്നും അതു ആഭ്യന്തര, രാഷ്ട്രാന്തരീയ യുദ്ധങ്ങൾക്കു ഇടയാക്കുമെന്നുമുള്ള മുന്നറിയിപ്പുകൾ നേരത്തേതന്നെ സാമൂഹികശാസ്ത്രജ്ഞരും രാഷ്ട്രീയവിശകലനവിദഗ്​ധരും നൽകിയതാണ്​. ആ ദിശയിലേക്കുതന്നെയാണ്​ ലോക​ത്തിന്‍റെ പോക്കെന്ന്​ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്തിയ പുതിയ വെളിപ്പെടുത്തൽ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വി-ഡം റിപ്പോർട്ടിന്​ പ്രസക്തി വർധിക്കുന്നു. റിപ്പോർട്ടു പ്രകാരം ജനാധിപത്യക്രമത്തിലും മറുശബ്​ദ​ങ്ങളെ ഇല്ലാതാക്കുക, ​തെരഞ്ഞെടുപ്പുസംവിധാനങ്ങ​ളെ അപ്രസക്തമാക്കുക, ജുഡീഷ്യറിയും ലജിസ്ലേച്ചറു​മൊക്കെയുണ്ടെങ്കിലും ഭരണവും അധികാരനടത്തിപ്പും ഭരിക്കുന്നവരുടെ ചൊൽപടിയിലാക്കുക, സാമൂഹികധ്രുവീകരണവും തെറ്റായ വിവരനിർമിതിയും പ്രചാരവേലകളും ഗവൺമെന്‍റ്​ മേൽനോട്ടത്തിലും ആശീർവാദത്തിലും ഔദ്യോഗികപരിപാടിയാക്കി മാറ്റുക എന്നിവയാണി​േപ്പാൾ ഏകാധിപത്യത്തിന്‍റെ പുത്തൻശൈലി. ജനാധിപത്യത്തെ കൊലചെയ്ത്​,​ ശൈഥില്യത്തിലേക്കു ​ലോകത്തെ തള്ളിവീഴ്​ത്തുന്ന ദുരന്തത്തിലേക്കാണ്​ ഈ പോക്കെന്ന്​​ വി-ഡം പ്രോജക്ട്​ മുന്നറിയിപ്പ്​ നൽകുന്നു.

ഈ പുത്തൻ ഏകാധിപത്യത്തിനു മുന്നിൽ നടക്കുന്ന ലോകത്തെ ആറു രാജ്യങ്ങളിലൊന്നാണ്​ ഇന്ത്യ. ജനാധിപത്യവും അതിന്‍റെ കൊടിയടയാളമായ സമ്മതിദാനാവകാശ വിനിയോഗവുമൊക്കെ ഏകാധിപത്യവാഴ്ചക്ക്​ എങ്ങനെ ദുരുപയോഗിക്കാം എന്നതിന്‍റെ ദാരുണ ഉദാഹരണമായി മാറുകയാണ്​ ഇന്ത്യ എന്നു റിപ്പോർട്ടിൽ പറയുന്നു. ബഹുസ്വരവിരുദ്ധ കക്ഷികളാണ്​ ബ്രസീൽ, ഹംഗറി, ഇന്ത്യ, പോളണ്ട്​, സെർബിയ, തുർക്കി എന്നീ ആറുരാജ്യങ്ങളിൽ ഏകാധിപത്യത്തിനു ചുക്കാൻപിടിക്കുന്നത്​. ബഹുസ്വരതയെ അംഗീകരിക്കാത്ത ഈ ഭരണക്രമങ്ങളിൽ ജനാധിപത്യത്തോടു കൂറില്ലായ്മ, ന്യൂ​നപക്ഷ​ങ്ങളുടെ അവകാശങ്ങളോടുള്ള അവമതിപ്പ്​, രാഷ്ട്രീയപ്രതിയോഗികളുടെ ​പൈശാചികവത്​കരണം, രാഷ്ട്രീയാതിക്രമങ്ങൾ എന്നിവ കണ്ടുവരുന്നു. ഭരണകക്ഷികൾ ദേശീയതയുടെ അടഞ്ഞ വക്താക്കളായി സ്വന്തം സ്വേഛാ അജണ്ടകൾ അടിച്ചേൽപിക്കുന്നു. ഇന്ത്യ 2014ൽ ഭാരതീയ ജനതാപാർട്ടിയുടെ അധികാരലബ്​ധിക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യക്രമത്തിൽ നിന്നു ​​തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യക്രമത്തിലേക്കു മാറിയിരിക്കുന്നു. ഉദാര ജനാധിപത്യസൂചികയിൽ 2013ൽനിന്നു 23 പോയന്‍റിന്​ ഇന്ത്യ താഴേക്കു പതിച്ചു. കഴിഞ്ഞ പത്തുവർഷത്തെ ലോകത്തെ ഏകാധിപത്യവത്​കരണകാലത്തെ ഏറ്റവും നാടകീയമായ മാറ്റമാണ്​ കുറഞ്ഞ കാലയളവിൽ ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നതെന്നാണ്​ റിപ്പോർട്ട്​ പറയുന്നത്​.

ലോകജനസംഖ്യയുടെ 44 ശതമാനത്തെ, അഥവാ, 3.4 ശതകോടി ആളുകളെ, അടക്കി​ഭരിക്കുന്നതായി ഈ പുതിയ ഭരണക്രമം മാറിക്കഴിഞ്ഞു. ഇതു കൂടി ചേർന്നു കഴിയുമ്പോൾ ലോകത്തെ 70 ശതമാനവും സ്വേച്ഛാവാഴ്ചയുടെ കീഴിലാവുകയാണ്​. ലിബറൽ ഡെമോക്രസി വാഴുന്നതായി 34 രാജ്യങ്ങ​ളേ ലോകത്തുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യക്രമം കഴിഞ്ഞ വർഷം അവസാനിക്കുമ്പോൾ 55 രാജ്യങ്ങളിലുണ്ടെങ്കിലും അതനുഭവിക്കുന്ന ജനസംഖ്യ ലോകത്തെ ആകെ 16 ശതമാനമേ വരുന്നുള്ളൂ.

തെരഞ്ഞെടുപ്പ്​, നിയമവാഴ്ച, ആവിഷ്കാരസ്വാതന്ത്ര്യം, സംഘടനസ്വാതന്ത്ര്യം എന്നിവ ആറു രാജ്യങ്ങളിൽ കുറയുകയും മുപ്പതോളം രാജ്യങ്ങളിൽ കൂടുകയും ചെയ്തതായിരുന്നു 2011 ലെ ചിത്രമെങ്കിൽ 2021ൽ അത്​ തലകുത്തനെയാണ്​. 35 രാജ്യങ്ങളിൽ ഈ ജനാധിപത്യസൂചകങ്ങൾ ഗുരുതരാവസ്ഥയിലായപ്പോൾ പത്തുരാജ്യങ്ങളിലാണ്​ അതു മോശമാകാതെ നിൽക്കുന്നത്​. കഴിഞ്ഞ പത്തുവർഷമായി 44 രാജ്യങ്ങളിൽ പൗരസമൂഹ സംഘടനകളെ ഞെക്കിക്കൊല്ലുന്നു​. സന്നദ്ധ, ജീവകാരുണ്യ സംഘടനകളുടെ നേർക്ക്​ ഇന്ത്യയിൽ ഭരണകൂട ഉപ​കരണങ്ങൾ ഉപയോഗിച്ചു നടക്കുന്ന ഉപരോധനീക്കങ്ങൾ നമ്മുടെ മുന്നിലുണ്ട്​. ഇന്ത്യയടക്കം 37 രാജ്യങ്ങളിലും പൗരസമൂഹസംഘടനകളെ ഗവൺമെന്‍റ്​ പൂർണമായും വരുതിയിലാക്കിയിരിക്കുന്നു. സാമൂഹികധ്രുവീകരണം ആത്യന്തികതയിലാണ്​. പ്രതിപക്ഷത്തെയും എതിർശബ്​ദങ്ങളെയും ഭീഷണിയായി കണ്ട്​ ഒതുക്കുക, രാജ്യരക്ഷക്ക്​ എന്ന പേരിൽ ജനാധിപത്യസമ്പ്രദായങ്ങളും ചട്ടങ്ങളും അട്ടിമറിക്കുക, നമ്മൾ/അവർ ദ്വന്ദ്വം സൃഷ്ടിച്ച്​ ജനങ്ങളെ പരസ്പരം അകറ്റുക, ​പൊതുജനാഭിപ്രായത്തെ വഴിതെറ്റിക്കാനായി ​തെറ്റായ വിവരങ്ങളും കണക്കുകളും ​സമൂഹമാധ്യമങ്ങൾ വഴി ഭരണകൂടത്തിന്‍റെ പ്രോത്സാഹനത്തിൽ പ്രചരിപ്പിക്കുക എന്നിവ ഏകാധിപത്യ ഭരണകൂടങ്ങളുടെ പൊതുസ്വഭാവമായി മാറി.

എന്നാൽ, അപ്രതിരോധ്യമെന്നു തോന്നിക്കുന്ന ഈ മുന്നേറ്റത്തെ ചെറുക്കാനുള്ള ജനാധിപത്യസ്​നേഹികളുടെ ശ്രമത്തെ തീരെ തല്ലിക്കെടുത്താനായിട്ടില്ല എന്നതു മാത്രമാണ്​ ഈ ഇരുട്ടിലും ആശ്വാസം പകരുന്നത്​. ജനാധിപത്യത്തെ വഴിതെറ്റിക്കുന്നതിനെതിരായ ജനകീയപ്രക്ഷോഭങ്ങൾ രണ്ടുവർഷം മുമ്പുവരെ ശക്തിപ്രാപിച്ചു വന്നതായിരുന്നു. എന്നാൽ, കോവിഡ്​ മഹാമാരിയുടെ വരവിൽ അതിനു തടയിടാൻ ഏകാധിപതികൾക്കു കഴിഞ്ഞു. മഹാമാരിയുടെ പിടിയിൽനിന്നു ലോകം മോചിതമായിത്തുടങ്ങുന്ന മുറക്ക് ഏകാധിപത്യത്തിന്‍റെ വിപത്തിൽനിന്നു കുതറിച്ചാടാനുള്ള കുതിപ്പ്​ തുടങ്ങുമെന്നു പ്രത്യാശിക്കാം. ആ ആശ മാ​ത്രമാണ്​ നിലവിലെ ആശങ്കയ്ക്കുള്ള മറുമരുന്ന്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dictatorshipModi govt
News Summary - The spread of the epidemic of dictatorship
Next Story