ദീപയുടെ സമരം വിജയിച്ചേ തീരൂ
text_fieldsനവോത്ഥാന മൂല്യങ്ങളെക്കുറിച്ചും ജ്ഞാനാധിഷ്ഠിത സമൂഹത്തെക്കുറിച്ചുമെല്ലാം കേരളപ്പിറവി-കോളജ് തുറക്കൽ സീസൺ പ്രമാണിച്ച് നമ്മൾ വീരസ്യം പറയവെ ദീപ പി. മോഹനൻ എന്നൊരു മലയാളി വിദ്യാർഥിനി സമരപ്പന്തലിലാണ്. ഉയർന്ന മാർക്കോടെ ബിരുദാനന്തരബിരുദം നേടി രാഷ്ട്രപിതാവിന്റെ നാമം പേറുന്ന സർവകലാശാലയിൽ പത്തു വർഷം മുമ്പ് ഏറെ പ്രതീക്ഷകളോടെ ഗവേഷണ പഠനം നടത്താനെത്തിയതാണവർ. എം.ജിയിലെ ഇൻറർനാഷനൽ ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ നാനോ സയൻസ് ആൻഡ് ടെക്നോളജിയിൽ ഗവേഷണത്തിന് അവസരം ലഭിക്കുക എന്നത് ഈ രംഗത്ത് പഠനം നടത്തുന്നവരുടെ വലിയ സ്വപ്നങ്ങളിലൊന്നാണ്. 2011-12 അധ്യയന വർഷം ആരംഭിച്ച ഗവേഷണം പക്ഷേ, നാളിത്രയായിട്ടും പൂർത്തിയാക്കാൻ ദീപക്ക് കഴിഞ്ഞിട്ടില്ല. കാരണം മറ്റൊന്നുമല്ല- ജാതി, ജാതിവെറി മാത്രം. ദലിത് സമൂഹത്തിൽനിന്നുള്ള ദീപയുടെ പഠനം അസാധ്യമാക്കുംവിധം കടുത്ത വിവേചനമാണ് നടമാടിയത്.
ദീപക്കൊപ്പം എംഫിലിനു ചേർന്ന മറ്റു രണ്ട് ദലിത് വിദ്യാർഥികൾ വിവേചനത്തിന്റെ ചുട്ടുനീറ്റൽ സഹിക്കാനാവാതെ പഠനമുപേക്ഷിച്ച് മടങ്ങി. തോറ്റു പിന്മാറില്ലെന്ന് ഉറച്ചുനിന്ന ദീപയെ പിഎച്ച്.ഡിക്ക് പ്രവേശനം നൽകാതെയും സർട്ടിഫിക്കറ്റ് വൈകിച്ചുമെല്ലാം പരമാവധി ദ്രോഹിച്ചു. ലാബിൽ കസേര നൽകാതിരിക്കുക, ലാബിൽ പൂട്ടിയിടുക തുടങ്ങിയ ശല്യപ്പെടുത്തലുകൾ അതിനു പുറമെ. അക്കാലത്തു തന്നെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയെങ്കിലും ഇതൊക്കെ വെറും ആരോപണങ്ങൾ എന്നുപറഞ്ഞ് തള്ളിക്കളയുകയായിരുന്നു പൊതുസമൂഹം. എന്നാൽ, സിൻഡിക്കേറ്റ് സമിതി നടത്തിയ അന്വേഷണത്തിൽ കാര്യങ്ങളെല്ലാം സത്യമെന്ന് ബോധ്യപ്പെട്ടു. ഗവേഷണം പൂർത്തിയാക്കാൻ സൗകര്യങ്ങളൊരുക്കണെമന്ന് കേരള ഹൈകോടതി ഉത്തരവിട്ടതുമാണ്, പട്ടികജാതി-വർഗ കമീഷനും ഇതേ നിർദേശം നൽകി. എന്നിട്ടും അതിനനുസൃതമായ ഒരു നടപടിയും സ്വീകരിക്കാൻ കൂട്ടാക്കാതെ പകപോക്കൽ ആരംഭിച്ചതോടെയാണ് വാഴ്സിറ്റിക്കു മുന്നിൽ നിരാഹാര സമരമനുഷ്ഠിക്കാൻ അവർ നിർബന്ധിതയായത്.
സാമൂഹികമായ നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്താണ് ദലിത്-പിന്നാക്ക സമൂഹങ്ങളിലെ വിദ്യാർഥികൾ വിശിഷ്യ, പെൺകുട്ടികൾ ഉന്നത പഠനകേന്ദ്രങ്ങളിൽ എത്തിച്ചേരുന്നത്. അവരുടെ അവസരങ്ങളും അവകാശങ്ങളും നിഷേധിക്കാനും അക്കാദമിക മേഖലയിലെ സാമൂഹിക നീതി അട്ടിമറിക്കാനും സംഘടിത ശ്രമം നടക്കുന്നുവെന്ന ആക്ഷേപത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ദീപ നേരിട്ടുകൊണ്ടിരിക്കുന്ന ദുരനുഭവങ്ങൾ. കേന്ദ്ര സർവകലാശാലകളിലും ഉന്നത വിദ്യാകേന്ദ്രങ്ങളിലും സംവരണം അട്ടിമറിച്ചും മറ്റും ദലിത്- ആദിവാസി വിദ്യാർഥികളെ പടിക്കു പുറത്തുനിർത്താൻ നിരന്തരമായ ശ്രമങ്ങൾ അധികൃതരുടെ അറിവോടെ തന്നെ നടക്കുന്നുണ്ട്. അതുംമറികടന്ന് പ്രവേശനം നേടിയ വിദ്യാർഥികളെ മാനസികമായി തകർത്തും തളർത്തിയും പാതിവഴിയിൽ മുടക്കും. വഴികാട്ടികളെന്ന് കരുതപ്പെടുന്ന, അറിവിന്റെ നിറകുടങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ കൊടുംക്രൂരതകൾ അരങ്ങേറുന്നത്. രാജ്യത്തെ ഐ.ഐ.ടികളിലും മെഡിക്കൽ കോളജുകളിലുമെല്ലാം എത്രയേറെ ദലിത് വിദ്യാർഥികളാണ് പീഡനപർവം താങ്ങാനാവാതെ ജീവിതത്തിന് സ്വയം വിരാമമിട്ടിരിക്കുന്നത്. പ്രതിഭാശാലിയായിരുന്ന രോഹിത് വെമുലയെപ്പോലൊരാൾക്കുപോലും പിടിച്ചുനിൽക്കാനാവാതെ പോയ സാഹചര്യമാണിതെന്ന് മറന്നുകൂടാ.
ആരെങ്കിലും ഒരു കാര്യത്തിനായി ഉൽക്കടമായി ആഗ്രഹിച്ചാൽ ലോകം മുഴുവൻ അതു സാധ്യമാക്കുന്നതിനായി ഗൂഢാലോചന നടത്തുമെന്ന പ്രശസ്തമായ പൗലോ കൊയ്ലോ വാക്യം ഇന്ത്യയിലെ ദലിത്-പിന്നാക്ക വിദ്യാർഥികളുടെ അനുഭവം വെച്ച് പരിശോധിച്ചാൽ കല്ലുവെച്ച നുണയായി മാറുകയാണ്. ഉൽക്കടമായി ആഗ്രഹിക്കുകയും പ്രയത്നിക്കുകയും മുന്നേറുകയും ചെയ്യുന്ന അവരെ എങ്ങനെയെല്ലാം ചവിട്ടിത്തേച്ച് മണ്ണോടുചേർക്കാനുള്ള ഗൂഢാലോചനകൾ മാത്രമാണ് ചുറ്റിനും നടക്കുന്നത്. കേരളത്തിൽനിന്ന് ഉപരിപഠനത്തിന് വിദ്യാർഥികൾ കേന്ദ്രസർവകലാശാലകളിലേക്ക് പോകുന്നത് സംഘടിത റിക്രൂട്ട്മെൻറിന്റെ ഭാഗമാണെന്നും അവർ മാർക്ക് ജിഹാദിന്റെ ഉൽപന്നങ്ങളാണെന്നുമടക്കമുള്ള ആഖ്യാനങ്ങൾ കേട്ടതാണ് നമ്മൾ.
വിവിധ ആരോഗ്യപ്രശ്നങ്ങളുള്ള ദീപ അതിജീവനത്തിന്റെ അവസാന ആയുധം എന്ന നിലക്കാണ് നിരാഹാര സത്യഗ്രഹം നടത്തുന്നത്. ആരോഗ്യനില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് ചർച്ചക്ക് സന്നദ്ധരായ അധികൃതർ എം.ജി സർവകലാശാല വൈസ് ചാൻസലർ തന്നെ ഗവേഷണത്തിൽ ഗൈഡ് ആകാമെന്നും ഗവേഷണ കാലയളവിലെ ഫീസുകളും ഒഴിവാക്കി നൽകാമെന്നും വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ, തന്റെ പഠനം അസാധ്യമാക്കുന്ന സെൻറർ ഡയറക്ടറെ നീക്കണമെന്നാണ് ദീപ ഉന്നയിക്കുന്ന പ്രധാന ആവശ്യം. അതിന് സാങ്കേതിക തടസ്സമുണ്ടെന്ന് വാദിക്കുന്ന അധികൃതർ ഒരു വിദ്യാർഥിനിയുടെ അവകാശങ്ങൾക്കുമേൽ ഇത്രയേറെ കടന്നാക്രമണം നടത്തുന്നതിൽനിന്ന് ആ വ്യക്തിയെ തടയാൻ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങളുണ്ടോ എന്നു കൂടി വ്യക്തമാക്കട്ടെ.
ദീപയുടെ സമരം ഒരു വ്യക്തിയുടെ സമരം മാത്രമായി കാണാനാവില്ല, നിരന്തരം വിവേചനവും ജാതി അതിക്രമങ്ങളും സഹിക്കേണ്ടി വരുന്ന ഒരു സമൂഹത്തിന്റെ പോരാട്ടത്തിന്റെ പ്രതീകമാണവർ.കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി ഇടപെടേണ്ട ഒരു വിഷയമാണിത്. എം.ജി സർവകലാശാലയിൽ മാത്രമല്ല, കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം വിവേചനങ്ങളില്ലെന്ന് ഉറപ്പുവരുത്താനും കുറ്റക്കാരെ വരച്ചവരയിൽ നിർത്താനും സർക്കാർ മുന്നോട്ടുവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.