മറുമരുന്നു കോവിഡിനു പോരാ, കുശുമ്പിനും വേണം
text_fieldsരണ്ടാം തരംഗമുയർത്തിയ ഭീഷണിക്കുശേഷം കോവിഡ് വ്യാപനത്തിെൻറ തോത് കുറയുകയും ലോകം പഴയ ജീവിതക്രമത്തിലേക്ക് ആശ്വാസപൂർവം തിരിച്ചുപോകാൻ ഉത്സാഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുേമ്പാൾ ഇതാ, വീണ്ടും കോവിഡ് വകഭേദം ഭീഷണി സൃഷ്ടിച്ചിരിക്കുന്നു. ഒമിക്രോൺ എന്നു പേരുവിളിച്ച ബി.1.1.529 എന്ന പുതിയ വകഭേദം എത്രമാത്രം മാരകമാണെന്നോ വ്യാപനശേഷി ഏതുവിധമെന്നോ ഇനിയും തിട്ടപ്പെടുത്താനിരിക്കുന്നതേയുള്ളൂ.
ബീറ്റ, ഡെൽറ്റ വകഭേദങ്ങളെ അപേക്ഷിച്ച് അതിജീവനശേഷി കാണിക്കുന്ന ഈ വൈറസ് പി.സി.ആർ പരിശോധനയിലൂടെ തിരിച്ചറിയാമെന്നാണ് നിലവിലെ വിവരം. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നീ പഴയ വകഭേദങ്ങളുടെ ലക്ഷണങ്ങൾ തന്നെയാണ് പുതിയ രോഗമുള്ളവരിൽ കണ്ടതെന്നും ഗുരുതര ലക്ഷണങ്ങളില്ലെന്നുമാണ് പത്തുനാളുകൾ മുപ്പതോളം രോഗികളെ ചികിത്സിച്ച ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആഞ്ജലിക് കുറ്റ്സീ വെളിപ്പെടുത്തിയത്.
അതേസമയം, നവംബർ 25ന് രോഗം സ്ഥിരീകരിക്കപ്പെട്ടയുടൻ പഴയ പ്രതിരോധങ്ങളുമായി ലോകരാഷ്ട്രങ്ങൾ സജീവമായിരിക്കുകയാണ്. എല്ലാവരും അതിർത്തികൾ അടച്ചുകെട്ടാനും വിദേശത്തുനിന്നു, വിശേഷിച്ച്, ദക്ഷിണാഫ്രിക്കയടക്കം ഒമിക്രോൺ ബാധ സ്ഥിരീകരിക്കപ്പെട്ട നാടുകളിൽനിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും അടച്ചുപാർപ്പിനുമൊക്കെയുള്ള തിടുക്കത്തിലാണ്.
കോവിഡ് 19െൻറ കാരണവും ഏറ്റവും ഉചിതമായ പ്രതിരോധവും ഇനിയും കണ്ടുപിടിച്ചിട്ടില്ല എന്നിരിക്കെ ലോകത്തിെൻറ ആകെ ആശ്വാസം പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുത്തതാണ്. കിട്ടാവുന്ന ഭേദപ്പെട്ട പ്രതിരോധവഴിയായി ലോകം അതിനെ സ്വീകരിച്ചിരിക്കുന്നു. എന്നാൽ, ഈ പ്രതിരോധ വാക്സിൻ തന്നെ ജനസഞ്ചയത്തിനു ലഭ്യമാക്കുന്നതിൽ ലോകത്തെ പല രാജ്യങ്ങൾക്കും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ആപത്തുകാലം ജനങ്ങളും ഭരണകൂടങ്ങളുമൊക്കെ ദുരയും വെറിയും മാറ്റിവെച്ച് ഒന്നിക്കുന്നതാണ് ലോകത്തിെൻറ കീഴ്വഴക്കം. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോഴും ലോകം ഇതു കണ്ടു.
എന്നാൽ, പിന്നപ്പിന്നെ, രോഗവ്യാപനത്തിെൻറയും തൽഫലമായുള്ള കെടുതിയുടെയും തീവ്രത വർധിച്ചതോടെ പലരും സ്വാർഥതയിലേക്ക് ഉൾവലിയുകയും മാനുഷികമൂല്യങ്ങളെ പടിപ്പുറത്തു നിർത്തുകയും ചെയ്തു. വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള അവകാശത്തർക്കം മുതൽ മറ്റുള്ളവർക്കു തടയുന്നിടത്തോളം അത് എത്തുന്നതാണ് പിന്നീട് കാണുന്നത്.
ദക്ഷിണാഫ്രിക്കൻ നാടുകൾ മാത്രമല്ല, നെതർലൻഡ്സ്, ഡെന്മാർക്ക്, ആസ്ട്രേലിയ, ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ നാടുകളിലും ഹോങ്കോങ്, ഇസ്രായേൽ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, രോഗവാർത്ത പുറത്തുവന്നയുടൻ ദക്ഷിണാഫ്രിക്കക്കും മേഖലയിലെ ഏതാനും രാജ്യങ്ങൾക്കും യാത്രാനിരോധനമേർപ്പെടുത്തുകയാണ് യൂറോപ്യൻ യൂനിയനും ബ്രിട്ടനും അതിെൻറ ചുവടുപിടിച്ച് മറ്റു ലോകരാജ്യങ്ങളും ചെയ്തത്. കോവിഡ് കാലം സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള മറയായി ഉപയോഗിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ ദക്ഷിണാഫ്രിക്കയുമുണ്ട്. വാക്സിനേഷനിൽ ഏറെ പിറകിൽ നിൽക്കുേമ്പാഴും കൃത്യവും സുതാര്യവുമായ പോളിസി ഇക്കാര്യത്തിൽ രാജ്യത്തിനില്ല എന്നു മാത്രമല്ല, 29 ലക്ഷം കേസുകളും 89,800 മരണങ്ങളുമായി കോവിഡ് വിളയാടിയ ദുരിതകാലത്തും രാഷ്ട്രീയസംഘർഷത്തിനും കാലുഷ്യങ്ങൾക്കുമൊന്നും ഒരു കുറവും ഉണ്ടായില്ല.
ആറു മാസം വെച്ച് രണ്ടു തവണയാണ് ആഭ്യന്തരമന്ത്രിമാർക്ക് സ്ഥാനചലനം സംഭവിച്ചത്. ടൂറിസത്തെ മുഖ്യമായി അവലംബിക്കുന്ന ദക്ഷിണാഫ്രിക്കയിൽ യാത്രവിലക്ക് വമ്പിച്ച തോതിലുള്ള തൊഴിലില്ലായ്മയും പട്ടിണിയുമൊക്കെ വിളിച്ചുവരുത്തി. 2020ൽ 10 ബില്യൺ യു.എസ് ഡോളറിെൻറ നഷ്ടമാണ് ടൂറിസത്തിൽ ഉണ്ടായത്. മുതിർന്നവരിൽ 35 ശതമാനം മാത്രമാണ് ആദ്യകുത്തിവെപ്പെടുത്തത്. വാക്സിനേഷൻ വൈകിത്തുടങ്ങിയതും അതിനു നേരെയുള്ള ജനത്തിെൻറ വിപ്രതിപത്തിയുമാണ് ഈ കാലവിളംബത്തിനു കാരണം.
എന്നാൽ, ഇതിന് ആഫ്രിക്കൻ രാജ്യങ്ങളെ കുറ്റപ്പെടുത്തി കൈകഴുകാനാവില്ല എന്നതാണ് വാസ്തവം. ആഫ്രിക്കൻ, മൂന്നാംലോകരാജ്യങ്ങൾ മുതലാളിത്ത പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്നു നേരിടുന്ന വംശവെറിയും ഇതിലെ പ്രധാനവില്ലനാണ്. ആസ്ട്ര സെനക്കയാണ് ആഫ്രിക്കയിലേക്ക് ആദ്യമെത്തിയ വാക്സിൻ.
എന്നാൽ, അതിെൻറ പ്രശ്നങ്ങൾ ഫൈസർ കമ്പനിയിൽനിന്നു ചൂണ്ടിക്കാണിക്കപ്പെടുകയും യൂറോപ്യൻ യൂനിയൻ അതിനെതിരെ രംഗത്തുവരുകയും ചെയ്തതോടെ ആളുകൾക്കു പൊതുവെ വാക്സിനേഷനോട് മടുപ്പായി. അതിനിടയിൽ, ബീറ്റാ വകഭേദം കൂടി എത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. ആഫ്രിക്കൻ യൂനിയൻ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയോട് ദക്ഷിണാഫ്രിക്കയിലെ ആസ്പിൻ ഫാർമ കെയർ വഴി ആവശ്യപ്പെട്ട നാനൂറ് ദശലക്ഷത്തോളം വാക്സിനുകൾ ലഭ്യമായില്ല. അതെല്ലാം യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുവിടുകയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ കേപ്ടൗൺ ആസ്ഥാനമായ ബയോടെക് കമ്പനി ആഫ്രിജെനുമായി ലോകാരോഗ്യസംഘടന എം.ആർ.എൻ.എ വാക്സിനുകൾ ഉൽപാദിപ്പിക്കുന്ന ആദ്യ ആഗോള വാക്സിൻ ഉൽപാദന ഹബിനു ശ്രമിച്ചെങ്കിലും മൊഡേണ, ഫൈസർ മുതൽ പേർ നൈപുണി പങ്കുവെപ്പിനു സന്നദ്ധരായില്ല. എല്ലാം പോകട്ടെ, മഹാമാരി അവസാനിപ്പിക്കാനുള്ള സാങ്കേതികവിദ്യകൾക്കുമേലുള്ള ബൗദ്ധിക സ്വത്തവകാശം അടിയന്തരമായി എടുത്തുകളയാൻ കഴിഞ്ഞ ഒരു വർഷമായി ദക്ഷിണാഫ്രിക്കയും ഇന്ത്യയുമടക്കം നൂറിലേറെ രാജ്യങ്ങൾ ആവശ്യപ്പെടുന്നു.
അതോടെ രാജ്യങ്ങൾക്കു മതിയായ വാക്സിൻ ഉൽപാദിപ്പിക്കാൻകഴിയും. എന്നാൽ, ബ്രിട്ടനും യൂറോപ്യൻ യൂനിയനും അതിനും മുടക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മഹാമാരിയിൽനിന്നു രക്ഷപ്പെടാൻ പ്രതിരോധവാക്സിൻ വികസിപ്പിച്ചാൽ പോരാ, മുതലാളിത്ത രാജ്യങ്ങളുടെയും അവരെ താങ്ങിനിർത്തുന്ന ബഹുരാഷ്ട്രകുത്തകകളുടെയും വംശവെറിയും ദുരയും കൂടി അവസാനിക്കണമെന്നു ചുരുക്കം.
ഇനിയും നാടുനീങ്ങാത്ത കോവിഡ് പുതിയ വകഭേദങ്ങളായി അവതരിക്കുന്നതിന് പ്രതിരോധം തീർക്കാനാവാത്ത നാടുകളെ പഴിക്കുകയല്ല, അവരെ ആ നിസ്സഹായതയിലേക്ക് തള്ളിവിടുന്ന മുതലാളിത്ത, സാമ്രാജ്യത്വ, വംശവെറിയൻ സർക്കാറുകളുടെയും സംവിധാനങ്ങളുടെയും കുശുമ്പിനും മതിയായ ചികിത്സ നൽകി വാക്സിൻ ദേശീയതയുടെ ഭ്രാന്തിൽനിന്ന് അവരെ രക്ഷപ്പെടുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.