ഇംറാൻ ഖാന് ഭീഷണി
text_fieldsപാകിസ്താൻ ഒരിക്കൽകൂടി തെരുവുപ്രക്ഷോഭങ്ങളുടെ വേലിയേറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കുകയാണ്. ഇംറാൻ ഖാൻ ഗവൺമെൻറിെൻറ രാജി ആവശ്യപ്പെട്ട് പതിനൊന്ന് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപംനൽകിയ പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെൻറ് (പി.ഡി.എം) ആണ് കോവിഡ് നിയന്ത്രണങ്ങൾ വിലവെക്കാതെ പതിനായിരങ്ങൾ അണിനിരന്ന ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 16ന് ഗുജ്റാൻ വാലയിലും 20ന് കറാച്ചിയിലും നടന്ന പ്രതിഷേധ മാർച്ചുകൾ ഇതര നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനും ജനുവരിയിൽ ബഹുജന മഹാമാർച്ചായി ഇസ്ലാമാബാദിലേക്ക് പ്രവഹിക്കാനുമാണ് പി.ഡി.എമ്മിെൻറ പരിപാടി.
നേരത്തേ ഇതുപോലുള്ള ബഹുജന പ്രതിേഷധ റാലികളെത്തുടർന്ന് സർക്കാറുകൾ രാജിവെക്കേണ്ടിവന്ന അനുഭവങ്ങൾ വേണ്ടത്രയുണ്ട് പാകിസ്താനിൽ. 1968-69ലെ പ്രഥമ ജനകീയ പ്രക്ഷോഭമാണ് ദശവത്സരക്കാലത്തെ 'അടിസ്ഥാന ജനാധിപത്യഭരണം' അവസാനിപ്പിച്ച് സൈനിക മേധാവി ജനറൽ യഹ്യാ ഖാനെ അധികാരമേൽപിച്ചൊഴിയാൻ ജനറൽ മുഹമ്മദ് അയ്യൂബ് ഖാനെ നിർബന്ധിതനാക്കിയത്. '71ൽ ഇന്ത്യൻ സൈന്യത്തിെൻറ പിന്തുണയോടെ ബംഗ്ലാദേശ് യാഥാർഥ്യമാക്കാനുള്ള ശൈഖ് മുജീബുറഹ്മാൻ നയിച്ച വിമോചനയുദ്ധത്തിൽ അേമ്പ പരാജയപ്പെട്ട യഹ്യാഖാനെതിരെ പശ്ചിമ പാകിസ്താനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയപ്രക്ഷോഭം അദ്ദേഹത്തിെൻറ സ്ഥാനത്യാഗത്തിലാണ് കലാശിച്ചത്.
1977ൽ നടന്ന പൊതു തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങളുടെ പേരിൽ അന്നത്തെ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭുട്ടോയുടെ സിവിലിയൻ സർക്കാറിനെതിരെ പാകിസ്താൻ നാഷനൽ അലയൻസ് എന്ന പേരിൽ പ്രതിപക്ഷം രൂപംനൽകിയ ദേശീയ ജനാധിപത്യ സഖ്യം നടത്തിയ പ്രക്ഷോഭം അനിയന്ത്രിതമായപ്പോൾ ജനറൽ സിയാഉൽ ഹഖ് ഭരണം പിടിച്ചെടുത്ത് ഭുട്ടോയെ അധികാരഭ്രഷ്ടനാക്കിയതാണ് പിന്നീടുണ്ടായ സംഭവം. പിൽക്കാലത്ത് ബേനസീർ ഭുട്ടോയുടെ പി.പി.പി സർക്കാറിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചു പ്രതിപക്ഷം നടത്തിയ സംയുക്ത പ്രക്ഷോഭവും പ്രധാനമന്ത്രിയുടെ സ്ഥാനഭ്രഷ്ടിലാണ് കലാശിച്ചത്. ഇങ്ങനെ നോക്കുേമ്പാൾ കാലാവധി മുഴുവൻ ഭരിച്ച ഭരണകൂടങ്ങൾ, പാകിസ്താനിൽ നന്നേ വിരളമായേ അടയാളപ്പെട്ടിട്ടുള്ളൂ.
ഈ പശ്ചാത്തലത്തിൽ വേണം രണ്ടുവർഷം മുമ്പ് പാകിസ്താനിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മുൻ ക്രിക്കറ്റ് താരം ഇംറാൻ ഖാെൻറ തഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.െഎ)യുടെ സർക്കാറിനെതിരെ സംയുക്ത പ്രതിപക്ഷം ആരംഭിച്ച ജനകീയ പ്രക്ഷോഭത്തിെൻറ ഭാവി വിലയിരുത്താൻ. നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട 272 അംഗങ്ങൾ ഉൾപ്പെടെ 342 അംഗ നാഷനൽ അസംബ്ലിയിൽ 116 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ടി.ഐ സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയോടെ 2018ൽ ഭരണം ഉറപ്പാക്കുകയായിരുന്നു.
അന്നു തന്നെ പട്ടാളത്തിെൻറ പിൻബലമാണ് ഇംറാൻ ഖാനുള്ളതെന്ന ആരോപണം മുസ്ലിംലീഗ് നേതാവും മുൻ പ്രധാനമന്ത്രിയുമായ നവാസ് ശരീഫ് ഉന്നയിച്ചിരുന്നു. പട്ടാള മേധാവി ജനറൽ മുശർറഫ് ആയിരുന്നല്ലോ നവാസ് ശരീഫിനെ പുറത്താക്കിയത്. പാനമ പേപ്പേഴ്സ് അടക്കമുള്ള വൻ അഴിമതിക്കുറ്റങ്ങളുടെ പേരിൽ കോടതി ശിക്ഷിച്ച നവാസ് ശരീഫ് അടുത്തിടെ ചികിത്സാർഥം ജാമ്യത്തിലിറങ്ങി ലണ്ടനിലേക്ക് പറന്ന് അവിടെ ആശുപത്രിയിൽ കഴിയവെ അേദ്ദഹത്തിെൻറ മകൾ മറിയം നവാസ് ആണ് ഒടുവിലത്തെ കറാച്ചി പ്രതിേഷധ റാലിയെ നയിച്ചത്. താങ്ങാനാവാത്ത വിലക്കയറ്റവും അനിയന്ത്രിത പവർകട്ടും ബിസിനസ് സ്ഥാപനങ്ങളുടെ അടച്ചിടലും സാമ്പത്തിക ദുരിതങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നതെങ്കിലും മുഖ്യ ഉന്നം ഇംറാൻഖാനേക്കാൾ പട്ടാള മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയാണെന്ന് ലണ്ടനിൽ നിന്നുള്ള നവാസ് ശരീഫിെൻറ രൂക്ഷമായ വിമർശനം തെളിയിക്കുന്നു.
സ്ഥാനമൊഴിയേണ്ട ബജ്വയുടെ കാലാവധി 2022 വരെ നീട്ടിക്കൊടുത്ത ഇംറാൻ ഖാനും പട്ടാളവും ചേർന്ന ഒത്തുകളിയാണ് രാജ്യത്ത് നടക്കുന്നതെന്ന് പരസ്യമായി ആരോപിക്കപ്പെട്ടുകഴിഞ്ഞു. പാകിസ്താെൻറ വളർച്ച നിരക്ക് 2019ലെ 1.9 ശതമാനത്തിൽനിന്ന് 2020ൽ 1.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതും നാണ്യപ്പെരുപ്പം 10.7 ശതമാനമായി കുത്തനെ ഉയർന്നതും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിൽ സ്വീകരിച്ച നടപടികളെയും ന്യൂനപക്ഷങ്ങൾക്കുനേരെ ഇന്ത്യയിൽ നടക്കുന്ന വർഗീയാക്രമണങ്ങളും പ്രതിരോധിക്കാൻ ഇംറാൻ ഖാൻ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷം ആേരാപിക്കുേമ്പാൾ ഇന്ത്യക്കു വേണ്ടിയും മോദിക്കുവേണ്ടിയുമാണ് പ്രതിപക്ഷം കളിക്കുന്നതെന്നാണ് ഇംറാൻ ഖാെൻറ പ്രത്യാരോപണം.
ഇതഃപര്യന്തമുള്ള അനുഭവങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രക്ഷോഭങ്ങളുടെ ഉന്നം സൈന്യമായി മാറിയത് സ്ഥിതിഗതികളെ സങ്കീർണമാക്കുമെന്ന് നിശ്ചയമാണ്. ബജ്വയുടെ കാലാവധി നീട്ടിക്കൊടുത്തതിനെതിരെ പട്ടാളത്തിനുള്ളിൽ തന്നെ മുറുമുറുപ്പുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയാൽ അയൽരാജ്യം ഒരിക്കൽ കൂടി െസെനിക ബൂട്ടുകളിലമരാനാണ് സാധ്യത. പ്രതിസന്ധിയിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ മുൻ പട്ടാള മേധാവി ജനറൽ മുശർറഫ് കാർഗിലിൽ കാട്ടിയ അതിസാഹസികത പാക് പട്ടാള മേധാവികൾ ആവർത്തിക്കുമോ എന്ന് നമ്മുടെ രാജ്യത്തെ സർക്കാറും പ്രതിരോധ സേനയും ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ടാവണം; ഇത്തവണ ചൈനകൂടി അവസരം കാത്തുകഴിയുേമ്പാൾ വിശേഷിച്ചും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.