കാലം കാത്തുവെച്ച നീതി
text_fieldsകേരളത്തിലെ സാമൂഹിക, മത, രാഷ്ട്രീയമണ്ഡലങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ വധക്കേസിലെ ഒന്നും മൂന്നും പ്രതികൾക്ക് തിരുവനന്തപുരം പ്രത്യേക സി.ബി.െഎ കോടതി യഥാക്രമം ഇരട്ട ജീവപര്യന്തവും ജീവപര്യന്തവും തടവുശിക്ഷ വിധിച്ചിരിക്കുന്നു. നീണ്ട 28 വർഷങ്ങളിലായി നിയമപാലകരുടെയും വിവിധ അന്വേഷണ ഏജൻസികളുടെയും അട്ടിമറിശ്രമങ്ങളെ അതിജീവിച്ചു സ്വാഭാവികനീതിക്കു മുന്നിൽ കീഴടങ്ങിയ അത്യന്തം ഹീനമായ ഒരു കുറ്റകൃത്യവും കുറ്റവാളികളും നിയമചരിത്രത്തിനും നിയമവിദ്യാർഥികൾക്കും ഒന്നാന്തരം പാഠപുസ്തകമാവുകയാണ്.
കോട്ടയം ബി.സി.എം കോളജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയും ക്നാനായ കത്തോലിക്കസഭയുടെ സെൻറ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുമായിരുന്ന സിസ്റ്റർ അഭയ എന്ന ഇരുപത്തൊന്നുകാരിയുടെ മൃതദേഹം 1992 മാർച്ച് 27ന് കോട്ടയം നഗരമധ്യത്തിലെ പയസ് ടെൻത് കോൺവെൻറിെൻറ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കൃത്യമായ ഇൻക്വസ്റ്റോ തെളിവുശേഖരണമോ നടത്തിയില്ലെന്നു മാത്രമല്ല, ഉള്ള തെളിവുകൾ നശിപ്പിച്ചും അത് ഉന്നയിക്കാൻ ശ്രമിച്ചവരെ നിശ്ശബ്ദമാക്കാൻ പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും ശ്രമിച്ചും സംഭവം വെറുമൊരു ആത്മഹത്യയാക്കി അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമമാണ് തുടക്കം തൊേട്ട നടന്നത്. തുടർന്ന് ജോമോൻ പുത്തൻപുരയ്ക്കലിെൻറ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയുടെ ഇടപെടലുകൾ സി.ബി.െഎ അന്വേഷണത്തിലേക്കും കോടതി ഇടെപടലുകളിലേക്കും വഴിതെളിച്ചു.
അഭയയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന്, ആത്മഹത്യയായി കേസൊതുക്കിയ ലോക്കൽ പൊലീസിൽനിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും സത്യം പുറത്തുവരാതിരിക്കാൻ ബദ്ധപ്പെടുന്നതാണ് കണ്ടത്. തുടക്കത്തിൽ ഇൻക്വസ്റ്റിൽ കൃത്രിമം കാണിച്ചതിന് പൊലീസ് കോൺസ്റ്റബിൾ വി.വി. അഗസ്റ്റിൻ കേസിൽ നാലാം പ്രതിയായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമൊന്നുമില്ലാതെ ഇടപെട്ട എസ്.പി കെ.ടി. മൈക്കിൾ പിന്നീട് തെളിവുകൾ നശിപ്പിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് പ്രതിക്കൂട്ടിലായി. ഇൗ അട്ടിമറികൾ അവിടുന്നങ്ങോട്ട് അന്വേഷണത്തിലുടനീളം തുടർന്നു. കൊലപാതകത്തിെൻറ സംശയമുനയിലായ വൈദികരടക്കമുള്ള സഭ പ്രവർത്തകരെ രക്ഷിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. സംസ്ഥാന പൊലീസിെൻറ അന്വേഷണം ഫലപ്രദമാകില്ലെന്നു കണ്ട് ദേശീയ അന്വേഷണ ഏജൻസിയായ സി.ബി.െഎക്കു കൈമാറിയ ശേഷവും കൊലപാതകത്തെ ആത്മഹത്യയിലൊതുക്കാനുള്ള അട്ടിമറി നീക്കം തുടർന്നു. ആദ്യ സി.ബി.െഎ സംഘത്തിന് നേതൃത്വം നൽകിയ വർഗീസ് പി.തോമസ് അഭയയുടേത് കൊലപാതകമാണെന്നു കണ്ടെത്തിയതാണ്. എന്നാൽ, സി.ബി.െഎ എസ്.പി ത്യാഗരാജെൻറ സമ്മർദത്തെ തുടർന്ന് ആ ഉദ്യോഗസ്ഥന് സർവിസിൽ പത്തുവർഷം ബാക്കിനിൽക്കെ രാജിവെച്ച് ഒഴിയേണ്ടി വന്നു. ഇതിനെതിരെ ആക്ഷൻ കൗൺസിൽ ഹൈകോടതിയെ സമീപിക്കുകയും എസ്.പി ചെന്നൈയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. തുടർന്ന് ഏറ്റെടുത്ത ടീം അഭയയുടേതു കൊലപാതകമാണെന്നു സ്ഥിരീകരിച്ചെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കാനൊരുെമ്പെട്ടങ്കിലും കോടതി വിട്ടില്ല. പിന്നെയും രണ്ടുവട്ടം കൂടി അന്വേഷണം അവസാനിപ്പിക്കാൻ കോടതിയുടെ അനുമതി തേടിയെങ്കിലും 2006 ആഗസ്റ്റിൽ ആവശ്യം തള്ളി പുതിയ അന്വേഷണസംഘത്തെ ഏൽപിച്ചു. അങ്ങനെയാണ് 2008 നവംബർ 18ന് വൈദികരായ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ എന്നിവരെയും സിസ്റ്റർ സെഫിയെയും അറസ്റ്റു ചെയ്തത്. ഒന്നും രണ്ടും പ്രതികളായ വൈദികർക്ക് സിസ്റ്റർ സെഫിയുമായുള്ള അവിശുദ്ധബന്ധം അഭയ കണ്ടതിനെത്തുടർന്ന് അവരെ കോടാലി കൊണ്ട് തലക്കടിച്ചു കൊന്ന് കിണറ്റിലിെട്ടന്നായിരുന്നു കുറ്റപത്രം. മതിയായ തെളിവില്ലെന്ന കാരണം പറഞ്ഞ് ഫാ. പൂതൃക്കയിലിനെ പിന്നീട് വെറുതെ വിട്ടു. തെളിവു നശിപ്പിച്ചതിന് കുറ്റപത്രം നൽകിയ ക്രൈംബ്രാഞ്ച് എസ്.പിയെയും പിന്നീട് വിചാരണ കൂടാതെ വിട്ടയച്ചു. അപൂർവങ്ങളിൽ അപൂർവമാണ് കേസ് എന്ന് പ്രോസിക്യൂഷൻ വാദം അഭയകേസ് അട്ടിമറിയിൽ തീർത്തും ശരിയാണ്.
വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യമാണെന്ന പൊതുതത്ത്വത്തിൽ നിന്നു അഭയകേസിനും മോചനമുണ്ടായില്ല. മൂന്നു പതിറ്റാണ്ടടുക്കെ കുറ്റവാളികൾക്കുള്ള ശിക്ഷാവിധി വരുേമ്പാൾ മകളുടെ കൊലയാളികളെ കണ്ടെത്താൻ നീതിന്യായസംവിധാനങ്ങളുടെ വാതിലിൽ മുട്ടിത്തളർന്ന ആ മാതാപിതാക്കളുണ്ടായിരുന്നില്ല. എങ്കിലും മൂന്നു പതിറ്റാണ്ടുകാലം നീതിയുടെ പുലർച്ചക്കുേവണ്ടി പൊരുതിയവർക്കും അതിൽ പ്രതീക്ഷയർപ്പിച്ചവർക്കും ആഹ്ലാദം നൽകുന്നതാണ് വിധി. ആത്മീയ സാമൂഹികസേവനത്തിനു ദൈവവഴിയിൽ ഇറങ്ങിപ്പുറപ്പെട്ട പാവം പെൺകുട്ടിയെ, സംരക്ഷകരാകേണ്ടവർ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റവാളികളെ നിയമത്തിനേൽപിച്ചുകൊടുത്ത് കളങ്കം കഴുകിക്കളയുകയായിരുന്നു മതനേതൃത്വം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, കേസുണ്ടാക്കിയ കളങ്കം മൂടിവെക്കാനും തേച്ചുമായ്ച്ചുകളയാനുമുള്ള വ്യഗ്രതയിൽ സ്വന്തം വിശ്വാസികളെപ്പോലും തള്ളിക്കളയുകയായിരുന്നു അഭയയും ആവലാതിക്കാരും ഉൾപ്പെട്ട സഭാനേതൃത്വം. നീതിദേവതയുടെ കണ്ണുതുറക്കാൻ ഇരകൾ ഒാരോ വാതിലും മുട്ടിവിളിക്കുേമ്പാൾ മറുഭാഗത്ത് കുറ്റവാളികളുടെ രക്ഷക്കു വേണ്ടിയുള്ള മുട്ടിപ്പായി പ്രാർഥനകളുയരുന്ന വിരോധാഭാസവും നാടു കണ്ടു. ഒടുവിൽ ഇരയുടെ കണ്ണീരിനു മറുപടിയായി കാലം കാത്തുവെച്ച നീതി പുലർന്നിരിക്കുന്നു. പണത്തിനും അധികാരത്തിനും മീതെ അന്തിമവിജയം സത്യത്തിനു തന്നെ എന്ന പ്രതീക്ഷക്ക് മാറ്റുകൂട്ടുന്നതു കൂടിയാണ് ഇൗ നീതിയുടെ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.