ജനാധിപത്യത്തിന് ആശ്വാസം പകരുന്ന വിധി
text_fieldsബാലിശമായ ന്യായങ്ങളുണ്ടാക്കി പൗരാവകാശങ്ങളെ വരിയുടക്കുന്ന ഭരണകൂടസംവിധാനങ്ങൾക്കുള്ള കനത്ത പ്രഹരമാണ് രാജ്യദ്രോഹം ചുമത്തി തടവിലിട്ട ദിശ രവി എന്ന ഇരുപത്തിരണ്ടുകാരി ആക്ടിവിസ്റ്റിന് ജാമ്യമനുവദിച്ച ഡൽഹി പാട്യാല ഹൗസ് അഡീഷനൽ സെഷൻസ് കോടതിയുടെ വിധിപ്രസ്താവം. ഡൽഹിയിലെ കർഷകസമരത്തിനു പിന്തുണ നൽകുന്ന ടൂൾകിറ്റ് രൂപകൽപന ചെയ്തതിനാണ് ഡൽഹി പൊലീസ് ഫെബ്രുവരി 13ന് ബംഗളൂരുവിലെ വീട്ടിലെത്തി നാടകീയരംഗങ്ങൾ സൃഷ്ടിച്ച് ദിശയെ അറസ്റ്റ് ചെയ്തത്. സംസ്ഥാനം മാറി ഒരാളെ പിടിച്ചുകൊണ്ടുപോകുേമ്പാൾ പാലിക്കേണ്ട പ്രാഥമികമര്യാദകൾപോലും നഗ്നമായ ഇൗ പൗരാവകാശലംഘനത്തിലുണ്ടായില്ലെന്ന് അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. സാമൂഹിക ഇടപെടലിൽ സജീവമായ കൗമാര, യൗവനവസന്തങ്ങളുടെ പേരിൽ ഇതര രാജ്യങ്ങൾ അഭിമാനംകൊള്ളുേമ്പാൾ പൗരാവകാശപ്രവർത്തനത്തിനിറങ്ങുന്ന വിദ്യാർഥികളെയും യുവജനങ്ങളെയും രാജ്യദ്രോഹത്തിെൻറയും ക്രിമിനൽ ഗൂഢാലോചനയുടെയും കള്ളക്കേസുകൾ മെനഞ്ഞ് മുളയിലേ നുള്ളുന്ന ഫാഷിസ്റ്റ് പ്രവണതയാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.
കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന പൗരത്വനിയമഭേദഗതിക്കെതിരായ സമരത്തെ ഭരണകൂടവും പാർട്ടിക്കാരും കൈകാര്യംചെയ്തതും ഇതേ മട്ടിലായിരുന്നു. സമരം പൊളിക്കാനുള്ള പ്രകോപനപരമായ നീക്കങ്ങളൊക്കെ പരാജയപ്പെട്ടപ്പോൾ, സംഘ്പരിവാർ സംഘടനകൾ കലാപംകൂട്ടി. കലാപം അടങ്ങിയതിൽ പിന്നീട് പൗരത്വസമരത്തിെൻറ മുൻനിരയിൽ നിന്ന വിദ്യാർഥിയുവജനങ്ങളെ േവട്ടയാടുകയായിരുന്നു. ഗർഭിണിയായ സഫൂറ സർഗാറിെൻറ കാര്യത്തിൽപോലും ഒരുവിധ ദയാദാക്ഷിണ്യവും ഡൽഹി പൊലീസ് കാണിച്ചില്ല (അവരുടെ കേസ് പരിഗണനക്കു വന്നപ്പോൾ പൊലീസിനുണ്ടായിരുന്നത് സമാന കാരണങ്ങൾതന്നെയായിരുന്നുവെന്നും അന്ന് അത് പരിഗണിച്ച് ജാമ്യം നിഷേധിച്ചത് ഇതേ ന്യായാധിപൻ റാണ തന്നെയായിരുന്നുവെന്നതും മറ്റൊരു കൗതുകം). ഇപ്പോൾ ജീവിതത്തിെൻറ കുഴിതോണ്ടുന്ന മാരകനിയമങ്ങൾക്കെതിരെ ജീവന്മരണപോരാട്ടത്തിനിറങ്ങിത്തിരിച്ച കർഷകർ വഴങ്ങില്ലെന്നുറപ്പായപ്പോൾ കിരാതനിയമങ്ങൾ ചുമത്തി അവരെയും പിന്തുണക്കുന്നവരെയും പിടികൂടാനുള്ള നീക്കമാണ് നടത്തുന്നത്. അതിെൻറ പരിഹാസ്യത അനാവരണം ചെയ്യുന്നതുകൂടിയായിരുന്നു അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയുടെ വിധിപ്രസ്താവം.
ഇന്ത്യൻ ശിക്ഷാനിയമത്തിൽ ക്രിമിനൽ ഗൂഢാലോചനക്കുള്ള 120 ബി, രാജ്യദ്രോഹത്തിനുള്ള 124 എ, വിവിധ വിഭാഗങ്ങൾക്കിടയിൽ വൈരം വളർത്താനുള്ള 153 എ വകുപ്പുകളാണ് ദിശക്കുമേൽ ചുമത്തിയത്. കർഷകപ്രക്ഷോഭത്തിെൻറ പേരിൽ വിദേശത്ത് ഇന്ത്യയെ അപകീർത്തിപ്പെടുത്തി, പ്രക്ഷോഭത്തിനു പിന്തുണയായി കലാപമുയർത്താൻ ടൂൾകിറ്റ് തയാറാക്കി, ജനുവരി 26ന് റിപ്പബ്ലിക്ദിനത്തിൽ ഡൽഹിയിൽ നടന്ന അനിഷ്ടസംഭവങ്ങൾക്കു നിമിത്തമായി തുടങ്ങിയ ആരോപണങ്ങൾ പൊലീസ് ഉന്നയിച്ചു. ഇതിലൊന്നിനുപോലും തെളിവ് പൊലീസിന് ഹാജരാക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ജനുവരി 26 സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാവുകയോ അന്വേഷണത്തിലിരിക്കുകയോ ചെയ്യുന്ന ആരുമായും ദിശക്കോ കൂട്ടുകാർക്കോ ബന്ധമുണ്ടെന്നു തെളിയിക്കാനാവാതെ വന്നപ്പോൾ വിദേശത്തുള്ളവരുമായി ഒാൺലൈനിൽ ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തു എന്നായി 'കുറ്റം'. ഇവർ ബന്ധം പുലർത്തിയെന്നുപറയുന്ന ഗ്രേറ്റ തുൻബർഗോ 'പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ' എന്ന സംഘടനയോ ഒന്നും നിരോധിത സംഘടനയല്ല. ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളിൽ അഭിപ്രായപ്രകടനം നടത്തുന്നതാണ് ഭരണകൂടം കണ്ട മറ്റൊരു മഹാപാതകം. യു.എ.പി.എ ചുമത്തുമെന്ന് ഭയന്ന് അഭിഭാഷകരുമായി ബന്ധപ്പെട്ട് കേസുകാര്യങ്ങൾ സംസാരിച്ചതുപോലും പൊലീസ് തെളിവായി ഉന്നയിച്ചെന്നു വരുേമ്പാൾ എത്രമേൽ ഭീകരമാണ് ഭരണകൂടത്തിെൻറ പൗരന്മാർക്കുമേലുള്ള പിടിത്തം എന്നാലോചിക്കുക.
ബാലിശമായ കാര്യങ്ങളെല്ലാം നിരത്തിയശേഷം പൊലീസ് തന്നെ വ്യക്തമാക്കിയത്, ജനുവരി 26 അതിക്രമങ്ങളുമായി ഇവരെ ബന്ധപ്പെടുത്താൻ പ്രത്യക്ഷതെളിവുകളൊന്നുമില്ലെങ്കിലും സാഹചര്യത്തെളിവുകൾ വിഘടിതശക്തികളുടെ അക്രമത്തിനുള്ള 'വിശാല ഗൂഢാലോചന'യിൽ അവർ ഭാഗഭാക്കാണെന്നു തെളിയിക്കുന്നു'വെന്നാണ്. എന്നാൽ, ആശയപ്രകടനസ്വാതന്ത്ര്യം എന്ന ഭരണഘടന പ്രദാനംചെയ്യുന്ന മൗലികാവകാശത്തിൽ ആഗോള അനുവാചകരുമായി ആശയം പങ്കുവെക്കുന്നതുകൂടി ഉൾപ്പെടുമെന്നു കോടതി ചൂണ്ടിക്കാട്ടി. ഭരണകൂടത്തോടു വിയോജിക്കുന്നതു ജയിലിലടക്കാവുന്ന രാജ്യദ്രോഹക്കുറ്റമാവില്ലെന്നു വ്യക്തമാക്കിയ കോടതി 1967ലെ കേദാർനാഥ് സിങ്ങും ബിഹാർ സർക്കാറും തമ്മിലുള്ള കേസിൽ സുപ്രീംകോടതി വിധിച്ചത് ഒാർമിപ്പിച്ചു. സമൂഹത്തിൽ അക്രമവും അരാജകത്വവും സൃഷ്ടിക്കാനുദ്ദേശിച്ച് കരുതിക്കൂട്ടിയുള്ള പ്രവർത്തനങ്ങളാണ് രാജ്യദ്രോഹത്തിെൻറ പരിധിയിൽ പെടുകയെന്ന് പരമോന്നത നീതിപീഠം അന്നേ പറഞ്ഞുവെച്ചിട്ടുണ്ട്.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെതന്നെ കണക്കനുസരിച്ച് 2016-19 കാലയളവിൽ 5922 പേരെയാണ് യു.എ.പി.എ പ്രകാരം വേട്ടയാടിപ്പിടിച്ചത്. അതിൽ 132 പേർക്കെതിരെ മാത്രമേ കുറ്റം ചുമത്താനായുള്ളൂ. ഭരണകൂടത്തിനെതിരായ പ്രതിശബ്ദങ്ങളുടെ വായമൂടിക്കെട്ടാൻ രാജ്യദ്രോഹം ആയുധമായി ഉപയോഗിക്കപ്പെടുന്ന പ്രവണത കൂടിവരുന്ന കാലത്ത് അപൂർവമായെങ്കിലും നീതിപീഠങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ന്യായവും മാനവികവുമായ ഇടപെടൽ ജനാധിപത്യത്തിലും നീതിബോധത്തിലുമുള്ള വിശ്വാസം കെടാതെ സൂക്ഷിക്കാൻ സഹായിക്കും-പൗരസമൂഹത്തിനിടയിലെ നിഴലനക്കങ്ങളെ വരെ പേടിച്ച് മനുഷ്യാവകാശങ്ങളെ സ്വേച്ഛാധിപത്യത്തിൽ ചവിട്ടിയൊതുക്കുന്നവരെ അത് ഇളക്കുമെന്ന് ഉറപ്പില്ലെങ്കിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.