സ്വച്ഛ് ഭാരതിലെ തോട്ടിപ്പണിക്കാർ
text_fieldsകഴിഞ്ഞ ദിവസം ബി.ജെ.പി എം.പി മഹേഷ് പൊദ്ദാർ രാജ്യസഭയിൽ ഒരു ചോദ്യമുന്നയിച്ചു: നമ്മുടെ രാജ്യത്ത് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ എത്ര തോട്ടിപ്പണിക്കാരാണ് ജോലിക്കിടെ മരിച്ചത്? സാമൂഹികനീതി-ശാക്തീകരണ മന്ത്രി വിരേന്ദ്രകുമാർ നൽകിയ മറുപടി ഏറെ വിചിത്രമായിരുന്നു. അദ്ദേഹം രേഖാമൂലം മറുപടി പറഞ്ഞത് ഇങ്ങനെ: കഴിഞ്ഞ മൂന്നു വർഷത്തിനിടെ തോട്ടിപ്പണിമൂലം ആരും കൊല്ലപ്പെട്ടിട്ടില്ല. എന്നാൽ, അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 161 പേർ മരിച്ചിട്ടുണ്ട്! മറ്റൊരു ചോദ്യത്തിന് ഉത്തരം പറയവേ സാമൂഹികക്ഷേമ സഹമന്ത്രി രാംദാസ് അതാവാലെ സഭയിൽ പറഞ്ഞത്, 1993നുശേഷം ഓടകളും കക്കൂസുകളും വൃത്തിയാക്കുന്നതിനിടെ മരിച്ചത് 971 പേർ മാത്രമാണ് എന്നും. രണ്ടു മന്ത്രിമാർ സഭകളിൽ പറഞ്ഞത് വസ്തുതാപരമാണോ? അല്ലെന്നാണ് സർക്കാർ കണക്കുകൾതന്നെ വ്യക്തമാക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘങ്ങൾ പറയുന്നതോ, വ്യാജം പ്രചരിപ്പിക്കുന്നതിന് സർക്കാറാണ് നേതൃത്വം വഹിക്കുന്നതെന്നും.
2011ലെ സെൻസസ് അനുസരിച്ച് 26 ലക്ഷം തോട്ടിപ്പണിക്കാരാണ് രാജ്യത്തുള്ളത്. അതിൽ 98 ശതമാനവും ദലിത് സമൂഹമാണ്. ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്നത് ഉത്തർപ്രദേശിലും. എന്നാൽ, മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചതാകട്ടെ, 58,098 പേർ മാത്രമാണ് നിലവിൽ ആ തൊഴിലിലേർപ്പെടുന്നതെന്നാണ്. 2015ൽ പുറത്തിറക്കിയ പട്ടികജാതി സാമ്പത്തിക സർവേ റിപ്പോർട്ടുപ്രകാരം രാജ്യത്ത് 1,80,657 വീട്ടുകാർ തോട്ടിപ്പണിയെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്ന മറ്റൊരു കണക്കും കേന്ദ്രത്തിന്റെ പക്കലുണ്ട്. രണ്ടു പതിറ്റാണ്ടു കാലമായി ഈ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഫായി കർമചാരി ആന്ദോളന്റെ കണക്കുകൾ പറയുന്നത്, അപകടകരമായ ശുചീകരണ തൊഴിലിലേർപ്പെട്ടിരിക്കുന്ന 34 ലക്ഷത്തിലധികം ആളുകൾ രാജ്യത്ത് മനുഷ്യപരിഗണനകളൊന്നുമില്ലാതെ നരകിക്കുന്നുവെന്നാണ്. അതിൽ കേന്ദ്രത്തിനു കീഴിലുള്ള റെയിൽവേയിൽ മാത്രം 36,176 പേർ തോട്ടിപ്പണിക്കു തുല്യമായ ശുചീകരണ തൊഴിലുകളിലേർപ്പെടുന്നുണ്ട്. കേരളത്തിൽപോലും പതിനേഴായിരത്തോളം പേർ ഈ തൊഴിലിലേർപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു. മന്ത്രിമാർ പറയുന്നതല്ല ശരിയെന്നും 2019നും 2022നും ഇടയിൽ ചുരുങ്ങിയത് 776 പേർ ഒരു സുരക്ഷയുമില്ലാതെ വിസർജ്യ സംസ്കരണം നിർവഹിക്കാൻ നിർബന്ധിതരായി മരിച്ചിട്ടുണ്ടെന്നും പ്രധാന ദേശീയമാധ്യമങ്ങൾ അക്കമിട്ട് വ്യക്തമാക്കുന്നു. എന്നിട്ടും ഔദ്യോഗിക കണക്കുകളിൽ മരണമില്ലെന്നും മനുഷ്യവിസർജന നിർമാർജന തൊഴിലില്ലാതായിരിക്കുന്നുവെന്നും സ്ഥാപിക്കാൻ സർക്കാർ ധിറുതിപ്പെടുന്നതിന്റെ കാരണം, 2013ൽ തോട്ടിപ്പണി നിരോധിച്ചതോടെ രാജ്യത്ത് അങ്ങനെയൊന്ന് ഇല്ലാതായി എന്നു സ്ഥാപിക്കാനുള്ള പാഴ്ശ്രമമാണ്.
തോട്ടിപ്പണിക്കിടെ മരിച്ചവരെക്കുറിച്ച വിവരണങ്ങളിൽ മാത്രമല്ല, എല്ലാ ഔദ്യോഗിക രേഖകളിലും യഥാർഥമല്ലാത്ത വിവരങ്ങൾ രേഖപ്പെടുത്തി ഇന്ത്യയിലെ ഏറ്റവും ദയനീയമായ ജീവിതം നയിക്കുന്നവരുടെ വിമോചനത്തെ അസാധ്യമാക്കുകയാണ് കേന്ദ്രം. തോട്ടിപ്പണിക്കാരെയോ അതിന് തത്തുല്യമെന്ന് സർക്കാർരേഖകൾ വ്യക്തമാക്കിയ അപകടകരമായ ശുചീകരണ പ്രവൃത്തികളിൽ ഏർപ്പെടുന്നവരെയോ രാജ്യത്തിന്റെ പൊതുകാഴ്ചയിൽനിന്ന് അദൃശ്യമാക്കാനാണ് ഭരണകൂടത്തിനു താൽപര്യം. മനുഷ്യവിസർജ്യം നിർമാർജനം ചെയ്യുന്നവരെ ശുചീകരണ തൊഴിലാളികളെന്ന് പേര് മാറ്റുന്നതിലൂടെ ഇന്ത്യയിൽ ഇനി തോട്ടിപ്പണിയില്ലെന്നും സ്വച്ഛ് ഭാരത് കാമ്പയിൻ സമ്പൂർണ വിജയമാണെന്നും സ്ഥാപിക്കാനായേക്കും. എന്നാൽ, ജാതിയും ജന്മിത്തവും അടക്കിവാഴുന്ന ഇന്ത്യയിൽ മനുഷ്യ വിസർജന ശുചീകരണം കുലത്തൊഴിലായി അടിച്ചേൽപിക്കപ്പെട്ട വാല്മീകി, ചക്ലിയാർ, അരുന്ധതിയാർ പോലെ പ്രത്യേക ജാതി വിഭാഗങ്ങളടക്കമുള്ള ജനതക്ക് ലഭിക്കേണ്ട നിയമപരിരക്ഷയും സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടാൻ ഇടവരുന്നു. പ്രയോഗത്തിൽ ലക്ഷക്കണക്കിന് മനുഷ്യർക്ക് മനുഷ്യമലം വാരിയും ഓടകളിൽ മുങ്ങിക്കോരിയും അപമാനകരമായ ജീവിതം തുടരേണ്ടിവരുകയും ചെയ്യും.
സ്വച്ഛ് ഭാരത് വിജയിക്കാനും തോട്ടിപ്പണിയുടെ നിർമാർജനത്തിനും കണക്കുകളിൽ കള്ളക്കളി നടത്തുകയല്ല കേന്ദ്രം ചെയ്യേണ്ടത്, ഓരോ ഇന്ത്യക്കാരന്റെയും ജന്മസിദ്ധമായ ജാതിബോധത്തെ നിർമാർജനം ചെയ്യുന്നത് മുതൽ നഗരികളുടെ നിർമിതി വരെ സമഗ്രമായ അഴിച്ചുപണിക്ക് സന്നദ്ധമാകേണ്ടതുണ്ട്. ശുചീകരണ തൊഴിലാളികളെ അവകാശങ്ങളുള്ള തുല്യ മനുഷ്യരായി നിയമപരമായും സാമൂഹികമായും കാണാനാകണം. തോട്ടിപ്പണിപോലെ അപകടകരവും അപമാനകരവുമായി വിലയിരുത്തപ്പെടേണ്ടതാണ് യന്ത്രസൗകര്യങ്ങളൊന്നുമില്ലാതെ നിർവഹിക്കപ്പെടുന്ന മാലിന്യസംസ്കരണ പ്രവൃത്തികൾ. സാങ്കേതിക വികസനം പ്രയോഗവത്കരിക്കാൻ സർക്കാറുകളെ നിർബന്ധിക്കുന്ന സമരങ്ങൾ ഈ മേഖലയിൽ അനിവാര്യമാണ്. ആഴമേറെയുള്ള ദുരിതജീവിതത്തിൽനിന്ന് ശുചീകരണ തൊഴിലാളികളെ കരകയറ്റണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ പുഴുത്തുനാറുന്ന ജാതിബോധത്തെ സ്വയം തൂത്തുകളയാൻ എല്ലാവരും സന്നദ്ധരാവുകയാണ് ആദ്യം വേണ്ടത്.
ഒപ്പം, മനുഷ്യാന്തസ്സിനെ വിലമതിക്കുന്ന സാങ്കേതികവികാസത്തെ വിലകൊടുത്ത് സജ്ജമാക്കാനുള്ള രാഷ്ട്രീയബോധം വികസിപ്പിക്കേണ്ടതുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.