മുത്തലാഖ് നിയമം: കേന്ദ്രം ദുശ്ശാഠ്യം വെടിയണം
text_fieldsലോക്സഭയിൽ ഒരൊറ്റ ദിവസംകൊണ്ട് പാസാക്കിയ മുസ്ലിം സ്ത്രീകളുടെ വിവാഹാവകാശ ബിൽ (മുത്തലാഖ് ബിൽ) രാജ്യസഭയുടെ അംഗീകാരം നേടാനാവാതെ കുടുങ്ങിക്കിടക്കേണ്ടിവന്ന സാഹചര്യം സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കാനോ ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്താനോ തയാറാവാതെ ധിറുതിപിടിച്ചൊരു നിയമനിർമാണം പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചതിെൻറ അനന്തരഫലമാണ്. നിർദിഷ്ട നിയമത്തിൽ പതിയിരിക്കുന്ന അപകടകരമായ വ്യവസ്ഥകളെക്കുറിച്ചും അത് പ്രയോഗവത്കരിക്കുന്നതിലെ പ്രയാസങ്ങളെക്കുറിച്ചും നിയമജ്ഞരും മനുഷ്യാവകാശ പ്രവർത്തകരും എന്തിനു സ്ത്രീപക്ഷ ആക്ടിവിസ്റ്റുകൾ പോലും ആഴത്തിൽ പഠിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ മുന്നോട്ടുവെച്ചിട്ടും അതൊന്നും ചെവിക്കൊള്ളാൻ കൂട്ടാക്കാതെ തങ്ങൾ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന ദുശ്ശാഠ്യത്തിലാണ് നരേന്ദ്ര മോദി സർക്കാർ. മുത്തലാഖ് ബിൽ വാസ്തവത്തിൽ കേന്ദ്രസർക്കാറിന് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. എൻ.ഡി.എയുടെ വർഗീയ അജണ്ടകളെപ്പോലും മുൻപിൻ നോക്കാതെ പിന്തുണച്ചിരുന്ന എ.ഐ.എ.ഡി.എം.കെ, ബിജു ജനതാദൾ, തെലുഗുദേശം പാർട്ടികൾ പുതിയ നിയമനിർമാണത്തെ ശക്തമായി എതിർത്തത് പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നുണ്ടായ പ്രഹരമാണ്. ലോക്സഭയിൽ ഏകോപിതമായ നീക്കത്തിന് അശേഷം ശ്രമിക്കാതിരുന്ന കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അതിലാഘവത്തോടെ വിഷയം കൈകാര്യം ചെയ്തപ്പോഴാണ് നിഷ്പ്രയാസം ബിൽ പാസാക്കിയെടുക്കാൻ സാധിച്ചതെങ്കിലും രാജ്യസഭയിൽ അൽപം മുറുക്കിപ്പിടിച്ചപ്പോൾ ഹിന്ദുത്വ സർക്കാറിെൻറ കുത്സിത അജണ്ടക്ക് തൽക്കാലത്തേക്കെങ്കിലും തടയിട്ടു. എന്നാൽ, ഈ തിരിച്ചടിയിൽനിന്ന് വിവേകം വീണ്ടെടുത്ത് സമവായത്തിന് ശ്രമിക്കുന്നതിനു പകരം ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിെൻറ ആവശ്യം സ്വീകരിക്കാൻ സന്നദ്ധമായില്ല എന്നതിൽനിന്ന്, ഒരു സാമൂഹിക നിയമനിർമാണത്തെ അതിെൻറ സ്പിരിറ്റോടെ എടുക്കുന്നതിനു പകരം തങ്ങളുടെ കുടുസ്സായ അജണ്ട പാസാക്കിയെടുത്തേ അടങ്ങൂവെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുക തന്നെയാണെന്നാണ് അനുമാനിക്കേണ്ടത്.
ഒറ്റയിരിപ്പിൽ മൂന്നു തലാഖും ചൊല്ലി ഭാര്യമാരെ വിവാഹമോചനം ചെയ്യുന്ന ഏർപ്പാട് മതാധ്യാപനങ്ങൾക്ക് എതിരാണെന്ന സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് കൊണ്ടുവന്ന നിയമനിർമാണത്തിെൻറ ആവശ്യകത ബന്ധപ്പെട്ടവരെയോ പ്രതിപക്ഷകക്ഷികളെയോ മനുഷ്യാവകാശ പ്രവർത്തകരെയോ ബോധ്യപ്പെടുത്തുന്ന കാര്യത്തിൽ മോദിസർക്കാർ പരാജയപ്പെട്ടതാണ് നിയമനിർമാണത്തെ ഇമ്മട്ടിൽ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചത്. പുതിയ നിയമത്തെ അനുകൂലിക്കുന്നവർക്കുപോലും അതിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ സാധിക്കാതെവരുന്നത് വിവാഹമെന്ന സിവിൽ വ്യവസ്ഥയിലേക്ക് ക്രിമിനൽ നിയമം കയറിവരുന്നതുകൊണ്ടാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുകയും വിവാഹമോചിതകളുടെ സുരക്ഷിതമായ ഭാവിക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന ‘ബേബാക് കലക്ടിവ്’, ‘മജ്ലിസ്’ തുടങ്ങിയ കൂട്ടായ്മകൾ പുതിയ നിയമനിർമാണത്തോട് വിയോജിക്കുന്നത് അതിലെ വിവേചനപരവും നീതിക്കു നിരക്കാത്തതുമായ വശങ്ങൾ ചൂണ്ടിക്കാണിച്ചാണ്. അനഭിലഷണീയമായ ഒരു രീതി പിന്തുടർന്ന് വിവാഹമോചനം നേടുമ്പോഴേക്കും മുസ്ലിം പുരുഷന്മാരെ ക്രിമിനലുകളായി കാണുകയും മൂന്നുവർഷത്തെ തടവറയും പിഴയും വിധിക്കുകയും ചെയ്യുന്ന ക്രൂരമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിയമം ഒരുനിലക്കും സ്വീകാര്യമല്ലെന്നാണ് ഇവർ വാദിക്കുന്നത്. വിവാഹമോചിതകളുടെ ഒരുതരത്തിലുള്ള അവകാശവും ഇതോടെ സംരക്ഷിക്കപ്പെടുന്നില്ല എന്നുമാത്രമല്ല, മൊഴിചൊല്ലപ്പെടുന്ന സ്ത്രീ വഴിയാധാരമാകുന്ന ദുരവസ്ഥ സൃഷ്ടിക്കപ്പെടുകയും അവരുടെ പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുകയാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. വിവാഹമോചനം ക്രിമിനൽ കുറ്റമാക്കുന്ന വകുപ്പ് ഒഴിവാക്കണമെന്നാണ് എൻ.ഡി.എയെ പിന്താങ്ങുന്ന കക്ഷികൾപോലും ആവശ്യപ്പെടുന്നത്. എന്നാൽ, വിഷയം സെലക്ട് കമ്മിറ്റിക്ക് വിടുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്ന സർക്കാറിെൻറ നിലപാട് ജനാധിപത്യ സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. കുറ്റമറ്റ നിയമനിർമാണമല്ല, ഒരു ജനവിഭാഗത്തെ രാക്ഷസീയവത്കരിക്കാനും അവരുടെ മതനിയമങ്ങൾ ക്രൂരമാണെന്ന് പൊതുസമൂഹത്തിനിടയിൽ പ്രചരിപ്പിക്കാനുമുള്ള വികലമനോഘടനയാണ് ഈ പിടിവാശിക്കു പിന്നിലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ലോക്സഭയിൽ ബിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ പ്രതിപക്ഷത്തിെൻറ ഭാഗത്തുനിന്ന് ഉത്തരവാദിത്തപൂർണമായ സമീപനമല്ല ഉണ്ടായതെന്ന നിരീക്ഷണം തീർത്തും ശരിയാണ്. 15 ശതമാനം വരുന്ന പൗരന്മാരെ ബാധിക്കുന്ന സുപ്രധാനമായ ഒരു നിയമനിർമാണത്തിന് ഏകപക്ഷീയ നീക്കം ഉണ്ടായപ്പോൾ അതിനെ തത്ത്വാധിഷ്ഠിതമായ നിലപാടുതറയിൽനിന്ന് നേരിടുന്നതിനു പകരം പാർട്ടിതലത്തിലല്ലാതെ അംഗങ്ങൾ വ്യക്തിപരമായി എതിർപ്പുകൾ മുന്നോട്ടുവെച്ചത് ബില്ലിന് അംഗീകാരം നേടിയെടുക്കുക ഭരണചേരിക്ക് ക്ഷിപ്രസാധ്യമാക്കി. രാജ്യസഭയിൽ ബിൽ എത്തിയപ്പോൾ മാത്രമാണ് ഏകോപിതമായ നീക്കം ആവശ്യമുണ്ടെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനുപോലും ബോധമുദിച്ചത്. ഇത്തരം നിയമനിർമാണ ഘട്ടങ്ങളിൽ വിഷയം സൂക്ഷ്മമായി പഠിച്ച് രാഷ്ട്രീയപാർട്ടികൾ നയനിലപാടുകൾ സ്വീകരിക്കുന്നില്ലെങ്കിൽ ജനാധിപത്യം പ്രഹസനമാവുകയും കുത്സിത അജണ്ടകൾ പൗരന്മാരെ ഭരിക്കുന്ന അത്യന്തം ഭീഷണമായ അവസ്ഥ സംജാതമാവുകയും ചെയ്തേക്കാം. ഭരണകർത്താക്കളുടെ ഭാഗത്തുനിന്നാണ് പൗരസമൂഹത്തിെൻറ വിചാരവികാരങ്ങളെ മാനിക്കുന്ന ചുവടുവെപ്പ് ആദ്യം ഉണ്ടാവേണ്ടത്. ദുശ്ശാഠ്യം കൈവിട്ട്, നിർദിഷ്ട നിയമനിർമാണം സെലക്ട് കമ്മിറ്റിക്ക് വിടുകയും എല്ലാവരും ഒരുപോലെ ചൂണ്ടിക്കാട്ടുന്ന ഹാനികരമായ വ്യവസ്ഥകൾ ഒഴിവാക്കാൻ കേന്ദ്രം ആർജവം കാണിക്കുകയും വേണം. അതിനു സന്നദ്ധമാകുന്നില്ലെങ്കിൽ പാർലമെൻറിൽ സർക്കാറിനെ പരാജയപ്പെടുത്തേണ്ട ബാധ്യത പ്രതിപക്ഷത്തിേൻറതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.