മുത്തലാഖിനെക്കുറിച്ച സുപ്രീംകോടതി വിധി
text_fieldsമുത്തലാഖ് ഭരണഘടനവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിെൻറ ഭൂരിപക്ഷവിധി പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചപോലെ ചരിത്രവിധിയൊന്നുമല്ലെങ്കിലും രാജ്യത്തെ മൊത്തം ജനസംഖ്യയിൽ എട്ടു ശതമാനം വരുന്ന മുസ്ലിം സ്ത്രീകളിൽ ഒരു ചെറിയ ന്യൂനപക്ഷത്തിന് ആശ്വാസം നൽകാൻ പര്യാപ്തമാേവണ്ടതാണ്. അങ്ങനെ പറയാൻ കാരണം, വിവാഹിതരാവുന്ന മുസ്ലിം സ്ത്രീകളിൽ വിവാഹമോചിതരാവുന്നവർ ന്യൂനപക്ഷമാണെന്നിരിക്കെ അവരിൽത്തന്നെ മുത്തലാഖിന് വിധേയരാവുന്നവർ ചെറിയ ഒരു സംഖ്യ മാത്രമേ വരൂ എന്നതുകൊണ്ടാണ്. എല്ലാ വിവാഹമോചനങ്ങളും ഏകപക്ഷീയമോ അനീതിപരമോ അല്ലെന്ന് എല്ലാവർക്കും അറിയാം. ന്യായമായ കാരണങ്ങളാൽ ഇണകൾ ഉഭയകക്ഷി തീരുമാനപ്രകാരം വിവാഹമോചിതരാവുന്നുണ്ട്. നീതീകരിക്കാവുന്ന കാരണങ്ങളാൽ ബാധ്യതകൾ പൂർത്തീകരിച്ച് ഭർത്താക്കന്മാർ ഭാര്യമാരെ നിയമാനുസൃതം തലാഖ് ചൊല്ലുന്ന അനുഭവങ്ങളും ധാരാളം. എന്നാൽ, ഒരു വിഭാഗം പുരുഷന്മാർ വൈവാഹിക ജീവിതത്തിലെ സ്വാഭാവികമായ അസ്വാരസ്യങ്ങൾ മതത്തിെൻറതന്നെ അധ്യാപനങ്ങൾക്കനുസൃതമായി ഒത്തുതീർക്കാൻ വഴിതേടുന്നതിനു പകരം ഏകപക്ഷീയമായും നീതിയുടെ താൽപര്യങ്ങൾ അവഗണിച്ചും ഭാര്യമാരെ മുത്തലാഖ് ചൊല്ലിപ്പിരിക്കുന്ന സംഭവങ്ങളും ഉണ്ട്. ഇൗ മൂന്നാമത് പറഞ്ഞതാണ് മൊത്തം മുസ്ലിം വ്യക്തിനിയമത്തിനെതിരെ ആയുധമാക്കാനും ഏകസിവിൽകോഡിനുവേണ്ടി വാദിക്കാനും സംഘ്പരിവാറിനും മതവിരുദ്ധന്മാർക്കും അവസരമൊരുക്കുന്നത്. മുത്തലാഖ് ഭരണഘടന വിരുദ്ധമാണോ എന്നകാര്യം പരിഗണിക്കാൻ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയപ്പോൾ മറുവശത്ത് കേന്ദ്ര നിയമ കമീഷൻ മുസ്ലിം വ്യക്തിനിയമത്തെ സംബന്ധിക്കുന്ന സവിസ്തര ചോദ്യാവലി തയാറാക്കി വിവിധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അയച്ചുകൊടുത്തത് ദുരൂഹമായിരുന്നു. അധികാരത്തിലിരിക്കുന്ന മോദിസർക്കാർ സംഘ്പരിവാറിെൻറ അജണ്ടയിലുള്ള ഏകസിവിൽ േകാഡിന് കളമൊരുക്കാൻ വിവിധ തന്ത്രങ്ങൾ പയറ്റിവരുകയുമാണ്. ഇൗ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾക്ക് മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 25ാം ഖണ്ഡികയുടെ പരിരക്ഷ മുസ്ലിം വ്യക്തിനിയമത്തിന് ലഭ്യമാണെന്ന് ചീഫ് ജസ്റ്റിസ് ഖെഹാർ വിധിന്യായത്തിൽ സൂചിപ്പിച്ചത് ശ്രദ്ധേയമാണ്. വ്യക്തിനിയമം ഭരണഘടനാപരമല്ലെന്നും അത് അപ്പാടെ റദ്ദാക്കേണ്ടതാണെന്നും അഞ്ചംഗ ബെഞ്ചിൽ ഒരാൾപോലും അഭിപ്രായപ്പെട്ടില്ലെന്നതും ബന്ധപ്പെട്ട സമുദായത്തിന് ആശ്വാസം പകരും. പൊടുന്നനെയുള്ള തലാഖ് ഖുർആനിക തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്ന് തെൻറ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് കുര്യൻ, അത് ശരീഅത്തിൽ നല്ല കാര്യമല്ലെന്നും മതനിയമപ്രകാരം നിരോധിക്കപ്പെട്ടത് നല്ല നിയമമാവില്ലെന്നും അഭിപ്രായപ്പെട്ടത് യഥാർഥ ഖുർആനികാധ്യാപനങ്ങളിലും മതതത്ത്വങ്ങളിലും അധിഷ്ഠിതമായ വ്യക്തിനിയമത്തിന് സാധുതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മുസ്ലിം പരിഷ്കരണ സംഘടനകളും പുരോഗമനവാദികളും മുേമ്പ ആവശ്യപ്പെടുന്നതാണ് ബ്രിട്ടീഷ് സർക്കാറിെൻറ കാലംമുതൽ തുടരുന്ന വ്യക്തിനിയമങ്ങളുടെ പരിഷ്കാരം. നിയമപരിഷ്കാരത്തിന് ആധാരമായിരിക്കേണ്ടത് മതത്തിെൻറ മൂലപ്രമാണങ്ങളായിരിക്കണമെന്നും അവർ ശഠിക്കുന്നു. ഇൗനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതിവിധി മുസ്ലിം വ്യക്തിനിയമബോർഡ് സ്വാഗതം ചെയ്തത്.
മുത്തലാഖ് ഭരണഘടനവിരുദ്ധമാണെങ്കിൽ പിന്നെ മുസ്ലിം വിവാഹമോചനത്തിെൻറ ഭരണഘടനാനുസൃതമായ രീതി എന്തായിരിക്കും? നിലവിലെ മുസ്ലിം നിയമത്തിൽ തലാഖിനെ അഹ്സൻ (അത്യുത്തമം), ഹസൻ (ഉത്തമം), ബിദ്അത്ത് (അനാചാരം) എന്നീ പ്രകാരം മൂന്നായി വിഭജിച്ച്, ഒടുവിലത്തേത് മാത്രം റദ്ദാക്കിയിരിക്കെ ആദ്യത്തെ രണ്ടെണ്ണവും ബാക്കിനിൽക്കുന്നുവെന്ന് വാദിക്കാം. എന്നാൽ, ഖണ്ഡിതവും സുതാര്യവും നീതിപരവുമായ നിയമനിർമാണം തദ്വിഷയകമായി നടക്കേണ്ടതുണ്ടെന്നാണ് കോടതി വിധിയുടെ സ്പിരിറ്റ്. ആറു മാസത്തിനകം അത്തരമൊരു നിയമനിർമാണത്തിന് കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരിക്കുകയാണ് കോടതി. അനുയോജ്യമായ നിയമത്തിന് രൂപംനൽകുേമ്പാൾ വ്യക്തിതാൽപര്യങ്ങൾ മാറ്റിവെച്ചു സുചിന്തിതമായ പരിഗണനയാണ് നൽകേണ്ടതെന്ന് ചീഫ് ജസ്റ്റിസ് രാഷ്ട്രീയ പാർട്ടികളോടും നിയമനിർമാതാക്കളോടും അഭ്യർഥിച്ചത് പ്രത്യേക ശ്രദ്ധയർഹിക്കുന്നുണ്ട്. സംഘ്പരിവാറിെൻറ ഏകസിവിൽകോഡ് അജണ്ട മനസ്സിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മതപരമായ കുടുംബ നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെടുന്ന തീവ്ര മതേതരവാദികളോ കിട്ടിയ അവസരമുപയോഗിച്ച് രാജ്യത്തിലെ ഏറ്റവും വലിയ മതന്യൂനപക്ഷത്തിെൻറ വിശ്വാസാചാരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളെ ഗളച്ഛേദം ചെയ്യാൻ ശ്രമിക്കരുത് എന്നുതന്നെയാണ് മുഖ്യ ന്യായാധിപൻ ചൂണ്ടിക്കാട്ടിയതിെൻറ ധ്വനി. ഭരണഘടന ഗാരൻറിചെയ്ത വിശ്വാസസ്വാതന്ത്ര്യത്തിെൻറ അഭേദ്യഭാഗമാണ് മുസ്ലിം കുടുംബ നിയമങ്ങൾ എന്നിരിക്കെ സ്ത്രീക്ക് തുല്യനീതിയും മാന്യമായ പെരുമാറ്റവും സുരക്ഷയും ഉറപ്പുനൽകിയ ശരീഅത്തിനെ അടിസ്ഥാനമാക്കിയാവണം തദ്വിഷയകമായ ഏത് നിയമനിർമാണവും എന്നാവശ്യെപ്പടാൻ മുസ്ലിം സമുദായത്തിന് അവകാശമുണ്ട്. മുത്തലാഖിനെക്കുറിച്ച സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് പ്രതികരിച്ച അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ബോർഡിെൻറ നിയമോപദേഷ്ടാവ് സഫർയാബ് ജീലാനി, സെപ്റ്റംബർ 10ന് ഭോപാലിൽ ചേരുന്ന ബോർഡ് എക്സിക്യൂട്ടിവ് ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും അറിയിച്ചിരിക്കുന്നു. മുത്തലാഖ് ഖുർആെൻറ അനിഷേധ്യ നിയമമാണെന്ന് സുപ്രീംകോടതിയിൽ ആദ്യം ബോധിപ്പിച്ചതുപോലുള്ള അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവാദപ്പെട്ടവർ മനസ്സിരുത്തുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. മുത്തലാഖ് പ്രയോഗിക്കുന്നവർക്കെതിരെ സാമൂഹിക ബഹിഷ്കരണം ഏർപ്പെടുത്താനായിരുന്നല്ലോ പേഴ്സനൽ േലാ ബോർഡിെൻറ ഒടുവിലത്തെ സർക്കുലർ. കാലവും ലോകവും മാറുന്നത് ആരായാലും കണക്കിലെടുത്തേ പറ്റൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.