മധ്യേഷ്യയിലെ സാമ്രാജ്യത്വ വടംവലി
text_fieldsസ്വാതന്ത്ര്യം, ജനാധിപത്യം, സമാധാനം, വികസനം തുടങ്ങിയ സുന്ദരമായ മുദ്രാവാക്യങ്ങളുമായി വിവിധ ലോകരാഷ്ട്രങ്ങ ളുടെ നയനിലപാടുകളിലും നടപടിക്രമങ്ങളിലും തലയിടുകയും അവരെ ആവുന്നത്ര തങ്ങളുടെ ചൊൽപടിയിൽ നിർത്തുകയും ചെയ്യുക അ മേരിക്കയുടെ എക്കാലത്തെയും മുഖ്യ അജണ്ടയാണ്. ലോകത്തെ നന്നാക്കിയെടുക്കുകയെന്ന ‘വെള്ളക്കാരെൻറ ഭാരം’ ഇനിയു ം തലയിൽനിന്നിറക്കിവെക്കാത്ത ആ സാമ്രാജ്യത്വത്തിെൻറ അധീശത്വം പലതരത്തിലും രീതിയിലും ലോകത്തുടനീളം സ്ഥാപിച്ചെടുക്കുന്നതിൽ ബദ്ധശ്രദ്ധരാണ് അമേരിക്ക. പശ്ചിമേഷ്യയിലെ അവരുടെ സാന്നിധ്യം ഒരു ഉദാഹരണം മാത്രം. അതിനു സമാനമോ അതിലും സജീവമോ ആണ് സോവിയറ്റ് യൂനിയൻ ശിഥിലമായതോടെ പൊട്ടിപ്പിളർന്നുപോയ മധ്യേഷ്യൻ റിപ്പബ്ലിക്കുകളെ വരുതിയിലാക്കാനുള്ള തത്രപ്പാട്. റഷ്യയുടെയും ചൈനയുടെയും പക്ഷത്ത് നിലയുറപ്പിച്ചവരാണ് റിപ്പബ്ലിക് പേരിൽ ഏകാധിപത്യം കൊണ്ടുനടത്തുന്ന ഇൗ രാജ്യങ്ങളിൽ പലതും. എങ്കിലും പൂർണമോ ഭാഗികമോ ആയ വിധേയത്വമോ ചങ്ങാത്തമോ എങ്ങനെ സ്ഥാപിച്ചെടുക്കാം എന്നാണ് വാഷിങ്ടൺ ഉറ്റുനോക്കുന്നത്. 29 വർഷം മുമ്പ് ഇൗ രാഷ്ട്രങ്ങൾ സ്വതന്ത്രമായതു മുതൽ ആ സ്വപ്നസാക്ഷാത്കാരത്തിനു വഴിതേടി അമേരിക്ക വട്ടമിട്ടുപറക്കുന്നുണ്ട്. ഇൗ ആഗ്രഹസഫലീകരണത്തിന് 2015 മുതൽ മധ്യേഷ്യയിലെ കസാഖ്സ്താൻ, കിർഗിസ്താൻ, തജികിസ്താൻ, തുർക്മെനിസ്താൻ, ഉസ്ബകിസ്താൻ എന്നീ അഞ്ചു രാജ്യങ്ങളെ കൂട്ടി ഫൈവ് എസ് പ്ലസ് വൺ എന്നൊരു പൊതുവേദി അമേരിക്ക കൊണ്ടുനടത്തുന്നുണ്ട്. അഞ്ച് ‘സ്താനുകളാ’ണ് ഫൈവ് എസ് വൺ. എന്നാൽ, അവരുടെ ഏകഛത്രാധിപതി അമേരിക്കയും. അതിെൻറ തുടർച്ചയായി ഒരു പഞ്ചവത്സര പദ്ധതിയും അമേരിക്ക ആവിഷ്കരിച്ചു. ട്രംപ് ഭരണകൂടം ഫെബ്രുവരി ആദ്യവാരത്തിൽ ഇൗ മധ്യേഷ്യൻ പദ്ധതി പരിഷ്കരിച്ച് പുനഃപ്രഖ്യാപനം നടത്തിയിരിക്കുന്നു.
എന്താണ് ഇത്രയധികം വാഷിങ്ടണ് ഇവിടെ താൽപര്യം എന്ന ചോദ്യത്തിന് ഇൗ വർഷം പുതുക്കിയ പദ്ധതിയുടെ നയരേഖ നൽകുന്ന മറുപടി ഇങ്ങനെ: സുസ്ഥിരവും സമ്പദ്സമൃദ്ധവുമായ ഒരു മധ്യേഷ്യ. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ വിഷയങ്ങളിൽ അവർക്ക് ചിതമെന്നു തോന്നുന്ന വിദേശപങ്കാളിയുമായി സ്വന്തം ഉപാധികളിലും വ്യവസ്ഥകളിലും സഖ്യംചേരാൻ കഴിയണം. ആഗോളവിപണികളുമായി ബന്ധം
സ്ഥാപിക്കാനും അന്താരാഷ്ട്ര നിക്ഷേപത്തിന് വാതിൽ തുറക്കാനും അവർക്കു കഴിയണം. ശക്തമായ ജനാധിപത്യ സംവിധാനം, നിയമപരിപാലനം, മനുഷ്യാവകാശങ്ങളുടെ പാലനം എന്നിവ ഉറപ്പുവരുത്തുന്ന ‘പടിഞ്ഞാറൻ ഉന്നത ജനാധിപത്യ ഉദാരമൂല്യങ്ങൾ’ പുലർത്തുന്ന സമൂഹമാക്കി അവരെ പരിവർത്തിപ്പിക്കണം എന്നൊക്കെയാണ് അമേരിക്കയുടെ ആഗ്രഹങ്ങൾ. സോവിയറ്റ് യൂനിയനിൽനിന്നു മോചിതമായശേഷം മധ്യേഷ്യൻ രാഷ്ട്രങ്ങളുെട വികസനത്തിനുള്ള വെമ്പൽ ചൂഷണംചെയ്ത് ധാരാളമായി പണം നൽകുകയും വിവിധ ആഗോള സാമ്പത്തികസ്ഥാപനങ്ങളുടെ സഹായത്തിന് അവരെ വിധേയരാക്കി വെടക്കാക്കി തനിക്കാക്കുകയും ചെയ്യുന്ന പദ്ധതിയാണ് അമേരിക്കയുടേത്. മധ്യേഷ്യയിലുടനീളം എഴുപതിലേറെ വൻകിട പദ്ധതികൾക്ക് അമേരിക്ക നിക്ഷേപമിറക്കിയിട്ടുണ്ട്്. മേഖലയിലെ സമാധാനത്തിനും സുരക്ഷിതത്വത്തിനുമായി ഒമ്പതു ബില്യൺ ഡോളർ പ്രത്യക്ഷസഹായം നൽകി. യു.എസിലെ സ്വകാര്യസംരംഭകരുടെ 31 ബില്യൺ നിക്ഷേപം വേറെ. ഇതിനു പുറമെ ലോകബാങ്ക്, െഎ.എം.എഫ്, യൂറോപ്യൻ ബാങ്ക്, എ.ഡി.ബി തുടങ്ങി എല്ലാ ആഗോള സാമ്പത്തികസ്ഥാപനങ്ങളിൽനിന്നുമായി 50 ബില്യൺ ഡോളർ സഹായം തരപ്പെടുത്തി. ഇതിനു പുറമെ 40,000 വിദ്യാർഥികളെയും പ്രഫഷനലുകളെയും അമേരിക്ക ഏറ്റെടുത്തു. പുറമെ വലിയൊരു വിഭാഗം കുടിയേറ്റക്കാരെ വിവിധ തൊഴിൽമേഖലകളിൽ വിന്യസിച്ചിരിക്കുന്നു.
ബിസിനസുകാരൻകൂടിയായ ഡോണൾഡ് ട്രംപ് പ്രസിഡൻറായി എത്തിയതോടെ കിഴക്ക് പിടിമുറുക്കുന്നതിനുള്ള നീക്കങ്ങൾ സജീവമായി. റഷ്യയെയും ചൈനയെയും പേരെടുത്തുപറയാൻ തയാറില്ലെങ്കിലും അവരുമായി പുതിയ ‘ശീതയുദ്ധമുഖം’ തുറന്ന ട്രംപ് മധ്യേഷ്യയിൽ കയറിക്കളിക്കുന്നത് ഒരു ഭാഗത്ത് അമേരിക്കയുടെ നില സുരക്ഷിതമാക്കാനും മറുഭാഗത്ത് തന്ത്രപ്രധാന മേഖലയിൽ ചുവടുറപ്പിച്ച് ചൈനയുടെ കുതിപ്പിന് തടയിടാനുമാണ്. അഫ്ഗാനിസ്താനിൽനിന്ന് സേനയെ പിൻവലിച്ചെങ്കിലും അവിടെനിന്ന് അമേരിക്കക്കുള്ള ഭീകരഭീഷണി ഇനിയും അവസാനിച്ചിട്ടില്ല. അതോടൊപ്പം ചൈനയുടെ ബെൽറ്റ് റൂട്ട് പദ്ധതി മുന്നോട്ടുനീങ്ങിയാൽ മേഖലയിൽ പിന്നെയൊരു സാന്നിധ്യം അപ്രാപ്യമായിത്തീരും എന്ന ഭീഷണിയുമുണ്ട്. ഇത് ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മധ്യേഷ്യ പഞ്ചവത്സര പദ്ധതി ട്രംപ് പുതുക്കി അവതരിപ്പിച്ചിരിക്കുന്നത്. പ്രസിഡൻറ് ഇസ്ലാം കരീമോവിെൻറ മരണത്തോടെ ഉസ്ബകിസ്താനിലെയും പ്രസിഡൻറ് നൂർ സുൽത്താൻ നാസർബയേവ് പദവിയൊഴിഞ്ഞ കസാഖ്സ്താനിലെയും സമീപകാല ഭരണമാറ്റങ്ങൾ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാമെന്നൊരു കണക്കുകൂട്ടലിലാണ് അമേരിക്ക. അവശേഷിച്ച മൂന്നു രാഷ്ട്രങ്ങൾ പടിഞ്ഞാറോട്ട് ഏകപക്ഷീയമായി ചായാനുള്ള സാധ്യതയില്ലെന്നു വ്യക്തമായിരിക്കെ പുതിയ രാഷ്ട്രീയസാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്ന തീവ്ര യത്നപരിപാടിക്കാണ് ട്രംപ് ഭരണകൂടം 2025 വരെയുള്ള പദ്ധതിപ്രഖ്യാപനത്തിലൂടെ ആക്കംകൂട്ടിയിരിക്കുന്നത്. ഉൗർജ വിഭവസമ്പന്നമായ മധ്യേഷ്യയിൽ ചൈനയുടെയും റഷ്യയുടെയും സ്വാധീനം വർധിക്കുന്നത് തടയുകതന്നെയാണ് ട്രംപിെൻറ ആവേശകരമായ നീക്കത്തിനു പിന്നിൽ. എന്നാൽ, ചൈനയും വിട്ടുകൊടുക്കാൻ തയാറില്ല. ബെൽറ്റ് റോഡ് പദ്ധതിയുടെ പേരിൽ അടിസ്ഥാനവികസനത്തിനായി കോടാനുകോടി ഡോളറാണ് ഇൗ രാഷ്ട്രങ്ങളിൽ ചൈന ചെലവിട്ടിരിക്കുന്നത്. ഒരിക്കലും തിരിച്ചടക്കാനാവാത്ത ഇൗ കടം തലയിൽ വെച്ചുകെട്ടി ഉയ്ഗൂർ കുടിയേറ്റക്കാരെ ചൈനക്ക് തിരിച്ചുനൽകണമെന്നതടക്കമുള്ള ഉപാധികൾക്ക് മധ്യേഷ്യൻ സ്താനുകളെ വഴക്കിയെടുക്കുക എന്ന തന്ത്രമാണ് ചൈനയുടേത്. അഫ്ഗാനിലെ അമേരിക്കൻ നീക്കത്തിനെതിരെ കരുതലോടെ പഴയ യജമാന്മാരായ റഷ്യയും ജാഗ്രതയിലുണ്ട്. അതിനും മീതെയാണ് യൂറോപ്യൻ യൂനിയെൻറ പുതിയ തന്ത്രപദ്ധതി പ്രഖ്യാപനം. ഇങ്ങനെ സാമ്രാജ്യത്വശക്തികളുടെ വീതംവെപ്പിനുള്ള വടംവലിയിൽ സ്വാതന്ത്ര്യത്തിനുശേഷവും അടിമത്തത്തിെൻറ നുകം കഴുത്തിൽനിന്ന് ഊരിമാറ്റാനാവാത്ത നിവൃത്തികേടിൽ പെട്ടിരിക്കുകയാണ് മധ്യേഷ്യൻ രാഷ്ട്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.