ട്രംപിൽനിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്?
text_fieldsഏകദേശം 30 വർഷം മുമ്പ്, സോമാലിയയിൽ ആഭ്യന്തരയുദ്ധം കത്തിപ്പടരുേമ്പാൾ, തൊട്ടടുത്ത കെനിയൻ അതിർത്തിയിലെ ദബാബ് ക്യാമ്പിലേക്ക് പാഞ്ഞെത്തിയ പതിനായിരക്കണക്കിന് നിര ാലംബരിൽ ഒരാളായിരുന്നു നൂർ ഉമർ മുഹമ്മദ്. രണ്ടു വർഷത്തെ ദുരിതത്തിനുശേഷം ആ കുടുംബ ം അമേരിക്കയിലെത്തി. ആ അഭയാർഥി കാലഘട്ടത്തിലാണ് നൂർ ഉമറിെൻറ ഇളയ മകൾ ഇൽഹാൻ ജീവിതം കരുപ്പിടിപ്പിക്കുന്നത്. ന്യൂയോർക്കിലും വെർജീനിയയിലും മിനിയാപോളിസിലുമൊക്കെയായി നടന്ന പഠനകാലത്തുതന്നെ, വംശീയാധിക്ഷേപങ്ങൾക്കെതിരായും അഭയാർഥിക്ഷേമത്തിനും നടന്ന സമരങ്ങളുടെ ഭാഗമായി ഇൽഹാൻ. രണ്ടായിരാമാണ്ടിൽ 17ാം വയസ്സിൽ അമേരിക്കൻ പൗരത്വം നേടിയ അവർ, മിനിസോട ലെജിസ്ലേറ്റിവിലേക്കും യു.എസ് ജനപ്രതിനിധി സഭയിലേക്കും തെരഞ്ഞെടുക്കപ്പെടുന്നത് ഈ സമരത്തിെൻറകൂടി ഭാഗമായാണ്. ഇന്ന്, ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തുറ്റ ശബ്ദമാണ് അവർ. റിപ്പബ്ലിക്കൻ പാർട്ടിയുടെ കുടിയേറ്റവിരുദ്ധ നയങ്ങൾക്കും യുദ്ധവെറിക്കുമെതിരെ സഭയിൽ പലതവണ ആഞ്ഞടിച്ചിട്ടുണ്ട്. അമേരിക്ക വീണ്ടുമൊരു പ്രസിഡൻറ് തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ, ഇൽഹാനെപ്പോലുള്ള ‘വിമതശബ്ദ’ങ്ങളെ വംശീയതയുടെ പഴയ ആയുധംകൊണ്ടുതന്നെ നിശ്ശബ്ദമാക്കാനാണ് പ്രസിഡൻറ് ട്രംപിെൻറ പരിപാടി. അതിെൻറ ആദ്യവെടി മുഴങ്ങിക്കഴിഞ്ഞു. ഇൽഹാൻ അടക്കം ഡെമോക്രാറ്റിക് പാർട്ടിയുടെ നാലു വനിത അംഗങ്ങൾക്കെതിരെ ഒരാഴ്ചമുമ്പ് ട്രംപ് നടത്തിയ വംശീയ പരാമർശം അതായിരുന്നു. നാലു പേരിൽ ഇൽഹാനൊഴികെയുള്ളവർ ട്രംപിെൻറ കണ്ണിൽ ജന്മംകൊണ്ടെല്ലങ്കിലും വിദേശികളാണ്. ഇൽഹാൻ കലർപ്പില്ലാത്ത അഭയാർഥിയും. അതിനാൽ, അവർ ആദ്യം ‘സ്വന്തം’ രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കട്ടെയെന്നാണ് ട്രംപ് ട്വിറ്ററിൽ ആക്രോശിച്ചത്. ഇൽഹാനെ ‘സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കണ’മെന്ന്, ഈ ട്വീറ്റ് വിവാദമായശേഷവും അദ്ദേഹം ആവർത്തിച്ചു. വിവിധ രാഷ്ട്ര നേതാക്കൾ ഇതിനെതിരെ രംഗത്തുവന്നെങ്കിലും ഉറച്ചുനിൽക്കുകയാണ് ട്രംപ്.
1973ൽ, നിക്സൺ പ്രസിഡൻറായ കാലത്ത് ‘ട്രംപ് മാനേജ്മെൻറ് കോർപറേഷൻ എന്ന സ്ഥാപനത്തിനെതിരെ യു.എസ് നീതിന്യായ വകുപ്പ് വംശവിവേചനത്തിന് നിയമനടപടി സ്വീകരിച്ചപ്പോഴാണ് അമേരിക്കൻ മാധ്യമങ്ങളിൽ ഡോണൾഡ് ട്രംപ് എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2016ൽ മത്സരരംഗത്തു വരുന്നതുവരെയും ട്രംപിനും അദ്ദേഹത്തിെൻറ സ്ഥാപനങ്ങൾക്കും നേരെ വംശീയാധിക്ഷേപ ആരോപണങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരുന്നു. ട്രംപിെൻറ വംശീയാധിക്ഷേപങ്ങൾ കേവല രാഷ്ട്രീയനേട്ടത്തിനു വേണ്ടിയല്ല; കൃത്യമായ പ്രത്യയശാസ്ത്ര ബോധ്യങ്ങൾ അതിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്നു സാരം. ഇപ്പോൾ ഇൽഹാനെതിരെ നടത്തിയ പരാമർശങ്ങളിലും അത് നിഴലിച്ചുകാണാം. 2015ൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടശേഷം അദ്ദേഹത്തിെൻറ പ്രസ്താവനകളിലൊന്ന് ‘മെക്സിക്കൻ കുടിയേറ്റക്കാർ സ്ത്രീപീഡകരാണ്’ എന്നായിരുന്നു. മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശനം നിരോധിക്കണമെന്നായിരുന്നു മറ്റൊരു പ്രസ്താവന. പ്രസിഡൻറായശേഷം ഈ രണ്ട് കാര്യങ്ങളിലും അദ്ദേഹം നടപടി സ്വീകരിച്ചു. മെക്സികോയിൽനിന്നുള്ള ‘ക്രിമിനലുകളെ’ തടയാൻ അതിർത്തിയിൽ ഉയർത്തുന്ന കൂറ്റൻ മതിലിെൻറ നിർമാണം വേഗത്തിലായി. ഏതാനും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിൽ ഭാഗികമായി പ്രവേശനം വിലക്കി. ലോകത്താകമാനം പടരുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിെൻറ പ്രവർത്തന മാതൃകകളാണ് ഇവ. കുടിയേറ്റ വിരുദ്ധതയും ഇസ്ലാമോഫോബിയയും കൂട്ടിയിണക്കിയുള്ള അതിതീവ്ര ദേശീയതയുടെ രാഷ്ട്രീയമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ രാഷ്ട്രീയക്കളിയിലൂടെ ചെറിയ മാർജിനിൽ വൈറ്റ്ഹൗസിലെത്തിയ ട്രംപ്, രണ്ടാമൂഴത്തിനായി ഒരു മുഴം നീട്ടിയെറിഞ്ഞിരിക്കുകയാണിപ്പോൾ.
ഇൽഹാൻ ഉമറിനും സഹപ്രവർത്തകർക്കുമെതിരായ ട്രംപിെൻറ പരാമർശങ്ങൾ സ്വാഭാവികമായും വിമർശിക്കപ്പെടേണ്ടതാണ്. എന്നാൽ, അത് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കാര്യമായ അപകടങ്ങളൊന്നും വരുത്തില്ല എന്നുറപ്പ്. എന്നല്ല, ഈ വംശീയ പരാമർശങ്ങളിലൂടെ ചെറുതല്ലാത്ത രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാനും സാധ്യതയുണ്ടത്രെ. യൂറോപ്യൻ യൂനിയൻ പാർലമെൻറിലേക്ക് അടക്കം കഴിഞ്ഞ മൂന്നു വർഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകൾ ശ്രദ്ധിച്ചാൽ ഇത് ശരിയാണെന്ന് മനസ്സിലാകും. അവിടെ ‘നവ നാസികൾ’ എന്നു വിളിക്കപ്പെടുന്ന തീവ്രവലതുപക്ഷക്കാർ പാർലമെൻറുകളിൽ കാര്യമായ നേട്ടം കൊയ്തത് അഭയാർഥി-മുസ്ലിം വിരുദ്ധതയുടെ രാഷ്ട്രീയം പറഞ്ഞാണ്. ഇതേ തന്ത്രംതന്നെയാണ് ട്രംപും പയറ്റുന്നത്. ഇതിനകംതന്നെ തീവ്ര വലതുപക്ഷത്തിെൻറ വാദങ്ങളോട് പൊരുത്തപ്പെട്ട അമേരിക്കൻ ജനതക്കു മുന്നിൽ ഭരണകാലത്തെ വികസന നേട്ടങ്ങളെക്കാൾ വിലപ്പോവുക ഈ കെട്ട രാഷ്ട്രീയ മാലിന്യങ്ങൾതന്നെയാകും. ഒബാമയുടെ ആരോഗ്യപദ്ധതിയെക്കാളും അവർക്ക് പ്രിയം മെക്സിക്കൻ മതിലും മുസ്ലിം പ്രവേശന നിരോധനവുമെല്ലാമാണെന്ന് നാലു വർഷം മുേമ്പ തെളിയിക്കപ്പെട്ടതാണല്ലോ. വികസന സംവാദങ്ങളെക്കാൾ ഇപ്പോൾ ട്രംപിെൻറ മുൻഗണന ഇൽഹാൻ ഉമറിെൻറയും മറ്റും പൗരത്വമാകുന്നത് ഈ തന്ത്രം കൂടുതൽ പ്രയോഗവത്കരിക്കാൻ വേണ്ടിതന്നെയാണ്. അല്ലെങ്കിലും ട്രംപിൽനിന്ന് മറ്റെന്താണ് ലോകം പ്രതീക്ഷിക്കേണ്ടത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.