തോൽക്കാതെ ജയിക്കാത്ത ട്രംപ്
text_fieldsഅമേരിക്കയിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അപ്രതിഹതമായ മുന്നേറ്റത്തിന് തടയിട്ടുകൊണ്ട് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ജനപ്രതിനിധിസഭ പിടിച്ചെടുത്തിരിക്കുന്നു. 435 അംഗ സഭയിൽ ഭൂരിപക്ഷത്തിനുവേണ്ട 218 ലും രണ്ടു സീറ്റ് കൂടുതൽ ഡെമോക്രാറ്റുകൾ നേടിയപ്പോൾ 193 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. ബാക്കി 22 സീറ്റുകളിലെ വിജയത്തിലും ഡെമോക്രാറ്റുകൾക്ക് വലിയ പ്രതീക്ഷയുണ്ട്. 2010നു ശേഷം ഇതാദ്യമായാണ് ഡെമോക്രാറ്റുകൾ പ്രതിനിധിസഭയുടെ നിയന്ത്രണം കൈയേൽക്കുന്നത്. സഭയിലെ ന്യൂനപക്ഷ നേതാവായിരുന്ന നാൻസി പെലോസിക്ക് ഇതോടെ സ്പീക്കർസ്ഥാനത്തേക്കു വഴിതെളിയുകയാണ്. അമേരിക്കയിൽ പുതിയ നാളുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നുവെന്നും യു.എസ് ഭരണഘടനയുടെ വിധിവിലക്കുകൾ ഇനി ട്രംപ് ഭരണകൂടത്തിനും ബാധകമാകാൻ പോകുകയാണെന്നുമാണ് നാൻസിയുടെ ആദ്യ പ്രതികരണം. ഇതോടെ നിയമനിർമാണത്തിലും നിയമനങ്ങളിലും വിദേശനയമടക്കമുള്ള നിലപാടു പ്രഖ്യാപനങ്ങളിലുമെല്ലാം തന്നിഷ്ടം നടപ്പാക്കി അടക്കിവാഴുന്ന ട്രംപിന് മൂക്കുകയറിടാനായിരിക്കും വരുന്ന രണ്ടു വർഷങ്ങളിലെ ഡെമോക്രാറ്റുകളുടെ ശ്രമമെന്ന് വ്യക്തം. എന്നാൽ, തോൽവി സമ്മതിക്കാൻ തയാറില്ലാതെ കിട്ടിയ വിജയം വലിയ മട്ടിൽ കൊണ്ടാടുന്ന ട്രംപ് പരാജയം മണത്തതിലെ വെകിളി പുറത്താകാതിരിക്കാൻ സ്വേച്ഛാവാഴ്ചക്ക് കടുപ്പം കൂട്ടുമെന്നാണ് ആദ്യ സൂചനകൾ.
കുടിയേറ്റ ശത്രുക്കളെ ചൂണ്ടിയുള്ള ട്രംപിെൻറ വിദ്വേഷപ്രചാരണം അഭ്യസ്തവിദ്യരായ നഗരവാസികൾ മുച്ചൂടും തള്ളിക്കളഞ്ഞപ്പോൾ ഗ്രാമീണ വോട്ടർമാരിൽ അത് സ്വാധീനമുളവാക്കി. സ്ത്രീകൾക്കും യുവാക്കൾക്കും കോളജ് വിദ്യാഭ്യാസം നേടിയ മധ്യവർഗത്തിനും കൂടുതൽ പ്രാതിനിധ്യമുള്ളതാണ് ഡെമോക്രാറ്റു നിര. ചെറുനഗരങ്ങളിലും നിർണായകവിജയം നേടാൻ അവർക്കായിട്ടുണ്ട്. ഗവൺമെൻറിെൻറ ജനക്ഷേമത്തിനായുള്ള ചെലവിനങ്ങളിലും ആരോഗ്യസുരക്ഷ പദ്ധതിയുടെ കാര്യത്തിലും പൊതുവിൽ അസംതൃപ്തരായിരുന്നതുകൊണ്ടുതന്നെ ട്രംപിെൻറ ജനപിന്തുണ ഭരണമേറ്റ ഘട്ടത്തിൽനിന്നു പകുതിയിലധികം കുറഞ്ഞിരുന്നു. പത്തു വോട്ടർമാരിൽ ആറു പേരും, രാജ്യം തെറ്റായ ദിശയിലൂടെയാണ് നീങ്ങുന്നത് എന്ന് അഭിപ്രായമുള്ളവരാണ്. തെരഞ്ഞെടുപ്പിൽ കുടിയേറ്റവിരുദ്ധ നീക്കങ്ങളും ആരോഗ്യസുരക്ഷ പദ്ധതിയുമാണ് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടത്. വോെട്ടടുപ്പിൽ പെങ്കടുത്ത മൂന്നിൽ രണ്ടു പേരും ട്രംപിനോടുള്ള ആഭിമുഖ്യമോ വിരോധമോ കൊണ്ടാണ് ബാലറ്റ് ഉപയോഗപ്പെടുത്തിയത്. അതിനാൽ ട്രംപിെൻറ വരുംനാളുകൾ തികച്ചും ഏകപക്ഷീയമായിരിക്കില്ല.
സെനറ്റിലും ഭരണനിർവഹണ വിഭാഗത്തിലും മേൽെക്കെയുണ്ടെങ്കിലും പ്രതിനിധിസഭയിലെ പരാജയം ട്രംപിന് ഏെറ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. ട്രംപ് ഭരണകൂടത്തിെൻറ വിവിധ തീരുമാനങ്ങൾ പുനഃപരിശോധിക്കപ്പെടാനും സ്വദേശത്തും വിദേശത്തുമുള്ള ഇടപാടുകളിൽ വിശദമായ അന്വേഷണം നടത്താനും സമവാക്യം മാറിവരുന്ന ‘ഡെമോക്രാറ്റിക് ഹൗസ്’ ശ്രമിക്കും. അതിെൻറ ആദ്യസൂചനകൾ നാൻസി നൽകിക്കഴിഞ്ഞു. പ്രസിഡൻറിെൻറ കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യൻ ഇടപെടൽ അടക്കമുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം നടത്താനും നികുതിനയം തിരുത്തിക്കാനും ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സമിതികൾ വഴി സമ്മർദം ചെലുത്താൻ കഴിയും. രാജ്യതാൽപര്യത്തിനു വിരുദ്ധമായി നീങ്ങുന്ന പ്രസിഡൻറിനെതിരെ ഇംപീച്ച്മെൻറ് പ്രയോഗിക്കാനുള്ള ആലോചന ഡെമോക്രാറ്റ് വൃത്തങ്ങളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് അത് കെട്ടഴിച്ചു ട്രംപിനെ കൂടുതൽ പ്രകോപിപ്പിക്കേണ്ട എന്ന അടവുനയമാണ് അവർ സ്വീകരിച്ചതെന്നും പ്രതിനിധിസഭയിൽ ഭൂരിപക്ഷം കിട്ടിയതോടെ ആ ദിശയിൽ കാര്യങ്ങൾ നീക്കാൻ പ്രതിപക്ഷ ശ്രമമുണ്ടാകുമെന്നും നിരീക്ഷണമുണ്ട്. അങ്ങനെ രണ്ടുവർഷത്തിനകം വീണ്ടുമൊരു ഉൗഴത്തിനുകൂടി ശ്രമിക്കാനുള്ള ട്രംപിെൻറ നീക്കത്തെ തളർത്താനും തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ നില പരുങ്ങലിലാക്കാനും ഡെമോക്രാറ്റുകൾ ആവതു ചെയ്യും.
എന്നാൽ, ഇതെല്ലാം നേരത്തേ കണ്ടറിഞ്ഞതാണെന്ന മട്ടിലാണ് ട്രംപിെൻറ നീക്കം. സെനറ്റിലെ വിജയം മാത്രം അവകാശപ്പെടാനുള്ളപ്പോഴും ‘അതിഗംഭീരം’ ആണ് അതെന്ന് ആഘോഷിക്കുകയാണ് അദ്ദേഹം. മാത്രമല്ല, വിജയത്തിെൻറ ഉത്തരവാദിത്തം നുഴഞ്ഞുകയറ്റക്കാരായ അഭയാർഥികൾക്കും മാധ്യമങ്ങൾക്കും മേൽ വെച്ചുകെട്ടാനും പ്രസിഡൻറ് ശ്രമിക്കുന്നു. അധികാരത്തിലിരിക്കുന്നവർ ഇടക്കാല തെരഞ്ഞെടുപ്പിൽ സമ്പൂർണ വിജയം നേടുന്നത് അമേരിക്കയിൽ പതിവില്ല. എന്നാൽ, ഭരണത്തിെൻറ പ്രതിച്ഛായ മെച്ചപ്പെടുത്താനും അതിെൻറ മൈലേജ് അടുത്ത തെരഞ്ഞെടുപ്പിൽ നേടിയെടുക്കാനുമുള്ള ഗൃഹപാഠമായി അതിനെ ഉപയോഗപ്പെടുത്തുകയാണ് മുൻ പ്രസിഡൻറുമാരുടെ രീതി. അതിനു വിപരീതമായി തേൻറതു ശരിയായ വഴി തന്നെയെന്നുറച്ച് അതിന്മേൽ അധീശാധിപത്യം ഉറപ്പിക്കാനുള്ള ധാർഷ്ട്യമാണ് ഫലത്തിൽനിന്നു ട്രംപ് പഠിച്ചെടുത്തതെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മാധ്യമപ്രവർത്തകരെ കാണാനെത്തിയ പ്രസിഡൻറ് പലപ്പോഴും നിലവിട്ട് സംസാരിച്ചു. സി.എൻ.എൻ ലേഖകനെ അതിക്രൂരമായി അധിക്ഷേപിച്ചു പുറത്താക്കി. മറ്റൊരു ലേഖികക്കെതിരെ വംശീയാധിക്ഷേപം നടത്തി. വിവാദമായപ്പോൾ പറഞ്ഞത് വിഴുങ്ങി. ഏറ്റവുമൊടുവിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ കേസ് തള്ളിക്കളയാനുള്ള ട്രംപിെൻറ നിർദേശം സ്വീകരിക്കാൻ വിസമ്മതിച്ച അറ്റോണി ജനറലിെന പുറത്താക്കി പകരം തെൻറ ഇംഗിതത്തിനു വഴങ്ങുന്നയാളെ നിയമിച്ചിരിക്കുന്നു. ഇനി കേസ് അന്വേഷിക്കുന്ന സ്പെഷൽ കോൺസൽ റോബർട്ട് മുള്ളറുടെ തലയുരുളുമോ എന്നേ അറിയാനുള്ളൂ. ഡെമോക്രാറ്റുകളിൽനിന്നു തനിക്കു നേരിടാനുള്ള ഏറ്റവും വലിയ ഭീഷണിയെ എങ്ങനെയാകും മറികടക്കുക എന്നു ട്രംപ് ഇപ്പോഴേ കാണിച്ചു തുടങ്ങി. സഭയിലെ മേധാവിത്വം വെച്ച് നികുതിപ്പണം വെറുതെ അന്വേഷണത്തിനു പാഴാക്കിക്കളയാനാണ് നീക്കമെങ്കിൽ അതുേപാലെ സെനറ്റിലെ സ്വാധീനം വെച്ചു ഞങ്ങളുമൊരു കളി കളിക്കും എന്നു സ്വതസ്സിദ്ധമായ ശൈലിയിൽ അദ്ദേഹം വിരട്ടുന്നുമുണ്ട്. വിജയിച്ചത് ഡെമോക്രാറ്റുകളാണെങ്കിലും ചിരി ട്രംപിെൻറ മുഖത്തു തന്നെ. അത് മായ്ക്കാൻ ഡെമോക്രാറ്റുകൾ എന്തുചെയ്യും എന്നു കണ്ടുതന്നെ അറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.