രണ്ട് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ
text_fieldsദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ സഹായകവും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ ധൈര്യപൂർവം അഭിമുഖീകരിക്കാനുള്ള പാർട്ടി വിദ്യാഭ്യാസം നൽകുന്നതുമാണ് ഗുർദാസ്പുരിലെയും വേങ്ങരയിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. അവിശ്വസനീയമായ വിജയമാണ് പഞ്ചാബിലെ ഗുർദാസ്പുർ ലോക്സഭ മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ കൂടിയായ സുനിൽ ജാഖർ കോൺഗ്രസിന് നൽകിയിരിക്കുന്നത്. 2014ൽ ബി.ജെ.പി ടിക്കറ്റിൽ 1.36 ലക്ഷം ഭൂരിപക്ഷത്തോടെ ലോക്സഭയിലെത്തിയ വിനോദ് ഖന്നയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അടിത്തറയെയും ആത്മവിശ്വാസത്തെയും തകർക്കുന്ന 1.93 ലക്ഷത്തിെൻറ ഭൂരിപക്ഷമാണ് കോൺഗ്രസ് കരസ്ഥമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബിൽ പ്രയോഗിക്കുന്ന രാഷ്ട്രീയ പരവും സാമ്പത്തികവുമായ തന്ത്രങ്ങളുടെ വിജയത്തോടൊപ്പം കേന്ദ്ര സർക്കാർ നയ സമീപനത്തോടുള്ള ശക്തമായ ജനകീയ പ്രതിഷേധംകൂടിയാണ് പഞ്ചാബിലെ പ്രധാന സ്വാധീന മേഖലകളിൽ ഒന്നായ ഗുർദാസ്പുരിൽ ബി.ജെ.പിക്കേറ്റ കനത്ത പരാജയം പ്രതിഫലിപ്പിക്കുന്നത്. നോട്ടുനിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ കാർഷിക വാണിജ്യ മേഖലകളിലേൽപിച്ച ആഘാതത്തെ യഥാവിധി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കോൺഗ്രസ് അവിെട വിജയിച്ചിരുന്നു. അതോടൊപ്പം കേന്ദ്ര നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധത്തെ തങ്ങളുടെ വോട്ടായി വികസിപ്പിക്കാനും ഏകോപിപ്പിക്കാനുമുള്ള മികവാർന്ന രാഷ്ട്രീയ നേതൃശേഷിയുടെ നേട്ടംകൂടിയാണ് ദേശീയതലത്തിൽതന്നെ ബി.ജെ.പിക്ക് ആഘാതമായ ഉപതെരഞ്ഞെടുപ്പ് ഫലം.
കോൺഗ്രസിെൻറ നയപരവും രാഷ്ട്രീയപരവുമായ വാർധക്യത്തെ തിരുത്തി യൗവനോത്സുകമാക്കാനുള്ള പ്രചോദന സ്രോതസ്സായി മാറ്റുന്നപക്ഷം ഗുർദാസ്പുർ ഫലം രാഹുൽ ഗാന്ധിക്ക് ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പിനുള്ള പാർട്ടി വിദ്യാഭ്യാസംകൂടിയായിത്തീരുമെന്ന് ന്യായമായും കരുതാം. ഉത്തരേന്ത്യയിലെ വിവിധ യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന ഫാഷിസ്റ്റ് വിദ്യാർഥി സംഘങ്ങൾക്ക് ലഭിക്കുന്ന തിരിച്ചടികളുടെ രാഷ്ട്രീയത്തെ മനസ്സിലാക്കി അവ പാർട്ടി അജണ്ടകളാക്കി പരിവർത്തിപ്പിക്കാനുള്ള ശേഷികൂടി രാഹുൽ ആർജിക്കുകയാെണങ്കിൽ, മഹാരാഷ്ട്രയിലെ പ്രാദേശിക തെരഞ്ഞെടുപ്പ് ഫലങ്ങളും വിദ്യാർഥി രാഷ്ട്രീയ വിജയങ്ങളും മുൻനിർത്തി അമരീന്ദർ സിങ് ചൂണ്ടിക്കാണിച്ചതുപോലെ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഇപ്പോൾ അനുമാനിക്കുന്നതുപോലെ ബി.ജെ.പിക്ക് അത്ര സുഗമമായിരിക്കുകയില്ലെന്നുകൂടി തെളിയിക്കുന്നുണ്ട് ഇൗ തെരഞ്ഞെടുപ്പ് ഫലം.
വേങ്ങര നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ അപ്രതീക്ഷിതമായതൊന്നുമില്ല; ലീഗിെൻറ ഉറച്ച കോട്ടയിൽ ഭൂരിപക്ഷം ഇത്ര കുറഞ്ഞത് ഒഴിച്ചുനിർത്തിയാൽ. സർക്കാറിനെയോ കേരള രാഷ്ട്രീയത്തെയോ അധികമൊന്നും സ്വാധീനിക്കാത്ത വേങ്ങര തെരഞ്ഞെടുപ്പ് ഫലം പക്ഷേ, കേരളീയ സാമൂഹിക ഇഴയടുപ്പങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഭയപ്പെടുന്ന ധ്രുവീകരണ പ്രവണതകൾ മായ്ക്കാൻ പാകത്തിലുള്ള വെളിച്ചങ്ങൾ പ്രസരിപ്പിക്കുന്നുണ്ട്. കള്ളങ്ങൾ സത്യങ്ങളെന്ന ഭാവേന അഭൂതപൂർവമായി പ്രചരിപ്പിക്കുകയും കേന്ദ്ര- സംസ്ഥാന നേതാക്കൾ തമ്പടിച്ച് വർഗീയ വിദ്വേഷത്തിന് നോമ്പുനോറ്റ് പ്രയത്നിക്കുകയും ചെയ്തിട്ടും ബി.ജെ.പിക്കുണ്ടായ വോട്ട് നഷ്ടം അവരിലേൽപിക്കുന്ന ആഘാതം അത്ര ചെറുതല്ല. കേരളത്തിലേക്ക് വർഗീയതയുടെ വിഷം ചീറ്റി അധികാരം കൈയൊതുക്കാനാകുമെന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ വിചാരം ഒരു ദുഃസ്വപ്നം മാത്രമാകുമെന്ന് പ്രത്യാശ നൽകുന്നുണ്ട് വേങ്ങരയിലെ വോട്ടർമാർ.
ഹാദിയ സംഭവം, ഫൈസൽ വധം, തീവ്രവാദ വേട്ടകൾ തുടങ്ങി കേരളത്തിലും പ്രബലമാകുന്ന മുസ്ലിം/ഇസ്ലാം ഭീതി മുസ്ലിം വോട്ടുകൾക്ക് ഭൂരിപക്ഷമുള്ള വേങ്ങര മണ്ഡലത്തിൽ തീർച്ചയായും സജീവ ചർച്ചാവിഷയംതന്നെയായിരുന്നു. മുസ്ലിം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ ലീഗ് പുലർത്തുന്ന അനവധാനതകളോടും നിലപാടില്ലായ്മകളോടുമുള്ള അമർഷം ഇടതുപക്ഷത്തിനും എസ്.ഡി.പി.ഐക്കും വോട്ട് വർധനവിന് ഏറെ ഉപകരിച്ചിട്ടുണ്ട്.
അതോടൊപ്പം സമുദായങ്ങളുമായും മത സമൂഹങ്ങളുമായും ബന്ധപ്പെട്ട വിവാദ സംഭവങ്ങളിൽ പുലർത്തിയ മൃദു ഹിന്ദുത്വ സമീപനം മോദി തരംഗത്തിൽ ബി.ജെ.പി ആർജിച്ച വോട്ടിനെ ഇടതുപാളയത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വേങ്ങര തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ തിരിച്ചടി ശാശ്വതവും ഫാഷിസ്റ്റ് രാഷ്ട്രീയത്തിെൻറ അവസാന ആണിയടിയുമാെണന്ന് കരുതുന്നത് മൗഢ്യമായിരിക്കും. വേങ്ങരയിലെ വോട്ടർമാർ പ്രകടിപ്പിച്ച മാനവികതയുടെയും നീതിബോധത്തിെൻറയും താൽപര്യങ്ങളെ ഇടതു വലതു പാർട്ടികൾ യഥാവിധി സ്വാംശീകരിക്കാൻ തയാറാകുമോ എന്നിടത്താണ് ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്ത് സാർഥകമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.