യു.എ.ഇ-ഇസ്രായേൽ സമാധാനക്കരാർ
text_fieldsഅമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കാർമികത്വത്തിൽ പല ഘട്ടങ്ങളിലായി നടന്നുവന്ന ചർച്ചകൾക്കൊടുവിൽ ഇസ്രായേലിനെ അംഗീകരിക്കാനും ആ രാജ്യവുമായി സമ്പൂർണ നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കാനും സുരക്ഷ, നിക്ഷേപം, സാങ്കേതികവിദ്യ, ഇന്ധനം, ആരോഗ്യം, പരിസ്ഥിതി, സംസ്കാരം, ടൂറിസം തുടങ്ങിയ തുറകളിലെല്ലാം സഹകരിക്കാനുമുള്ള യുനൈറ്റഡ് അറബ് എമിറേറ്റ്സിെൻറ തീരുമാനം സംയുക്ത പ്രഖ്യാപനത്തിലൂടെ പുറത്തുവന്നതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ആഗോളതലത്തിലും പശ്ചിമേഷ്യയിലും കാണാനാവുന്നത്.
സ്വാഭാവികമായും അമേരിക്കയും ഇസ്രായേലും യു.എ.ഇയും ത്രികക്ഷി കരാറിനെ ചരിത്രസംഭവമായും വൻവിജയമായും കൊണ്ടാടുേമ്പാൾ ഫലസ്തീൻ ഗ്രൂപ്പുകൾ ഒന്നടങ്കം അതിനെ എതിർക്കുന്നു. പിന്നിൽനിന്നുള്ള കുത്ത് എന്നാണ് ഹമാസിെൻറ പ്രതികരണം. ജറൂസലമിനോടും അൽ അഖ്സയോടും ഫലസ്തീൻ പ്രശ്നത്തോടും കാട്ടിയ വഞ്ചന എന്നാണ് മഹ്മൂദ് അബ്ബാസിെൻറ ഫലസ്തീൻ അതോറിറ്റി വിശേഷിപ്പിച്ചിരിക്കുന്നത്.
കരാറിലെ വ്യവസ്ഥപ്രകാരം കിഴക്കൻ ജറൂസലമിൽ ഫലസ്തീൻ ജനത തിങ്ങിത്താമസിക്കുന്ന മേഖലയിലേക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചപോലെ കൂടുതൽ ജൂത അധിനിവേശം നിർത്തിവെക്കും എന്ന ഖണ്ഡിക സ്വാഭാവികമായും അവരെ തൃപ്തിപ്പെടുത്തിയിട്ടില്ല. 'നിർത്തിവെക്കും' എന്ന പദപ്രയോഗം കൈയേറ്റം ഉേപക്ഷിക്കും എന്നതിെൻറ സൂചനപോലുമല്ല എന്നതുതന്നെ മുഖ്യ കാരണം. പുറമെ അമേരിക്കതന്നെ നേരത്തേ മുന്നോട്ടുെവച്ച ഫലസ്തീനിൽ രണ്ടു രാഷ്ട്രങ്ങൾ എന്ന അജണ്ടയുടെ വ്യക്തമായ നിരാസവുമാണത്.
സ്വന്തമായ പട്ടാളമില്ലാത്ത ഒരു സ്വയംഭരണ രാജ്യമായി ഫലസ്തീൻകാർ വസിക്കുന്ന പ്രദേശവും ഗസ്സയും ചേർന്ന ഭൂവിഭാഗത്തെ അംഗീകരിക്കുന്നതായിരുന്നു അമേരിക്കയുടെ പരിഹാര നിർദേശം. 2002ൽ യു.എ.ഇ അടക്കമുള്ള അറബ് ലീഗ് അംഗ രാജ്യങ്ങൾ സമർപ്പിച്ച സമാധാന പദ്ധതിയും ഈ നിർദേശത്തിൽ ഊന്നുന്നതായിരുന്നു. അതേപ്പറ്റി തീർത്തും മൗനം പാലിക്കുന്ന പുതിയ യു.എ.ഇ-ഇസ്രായേൽ കരാർ അസ്വീകാര്യമാണെന്ന് ഫലസ്തീൻ ഗ്രൂപ്പുകൾ പ്രതികരിച്ച പശ്ചാത്തലം അതാണ്.
നിർത്തിവെച്ച സമാധാന ചർച്ചകൾ മുന്നോട്ടുെകാണ്ടുപോവാൻ കരാർ സഹായകമാവും എന്ന ശുഭപ്രതീക്ഷ പ്രകടിപ്പിച്ച ജോർഡൻ പോലും 1967ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത ഭൂമിയിൽ ഫലസ്തീൻ സ്റ്റേറ്റ് സ്ഥാപിക്കുന്നതിൽ അത് വിജയിക്കുമെങ്കിൽ എന്ന ഉപാധിവെച്ചിട്ടുണ്ട്. ഇസ്രായേലിനെ മുേമ്പ അംഗീകരിച്ച മൂന്ന് അറബ് രാജ്യങ്ങളിലൊന്നാണ് ജോർഡൻ.
ക്യാമ്പ് ഡേവിഡ് കരാറിലൂടെ ഒന്നാമതായി ഇസ്രായേലിനെ അംഗീകരിക്കുകയും നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്ത അറബ് രാജ്യമായ ഈജിപ്തിെൻറ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് സീസി യു.എസ്-ഇസ്രായേൽ-യു.എ.ഇ പ്രഖ്യാപനത്തെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഒമാനും യു.എ.ഇയെ പിന്തുണച്ചിട്ടുണ്ട്. അതേസമയം, മുസ്ലിം രാജ്യങ്ങളിൽ ഇറാനും തുർക്കിയുമാണ് യു.എ.ഇയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചും എതിർത്തും രംഗത്തുവന്നിരിക്കുന്നത്. 'ചരിത്രമോ മേഖലയിലെ ജനങ്ങളുടെ മനസ്സാക്ഷിയോ മാപ്പുതരാത്ത കാപട്യം' എന്നാണ് പ്രഖ്യാപനത്തെ തുർക്കി വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ മുതലായ യൂറോപ്യൻ രാഷ്ട്രങ്ങൾ അമേരിക്ക മുൻകൈയെടുത്ത സമാധാന കരാറിനെ സ്വാഗതം ചെയ്യുേമ്പാൾ, അമേരിക്കയിലെതന്നെ ട്രംപിെൻറ രാഷ്ട്രീയ പ്രതിയോഗിയും പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡൻ, ഇസ്രായേലിനെ പരസ്യമായി അംഗീകരിക്കാനുള്ള യു.എ.ഇയുടെ തീരുമാനം ധീരവും അത്യന്തം അനുപേക്ഷ്യമായ രാജ്യതന്ത്രജ്ഞതയുമെന്ന് ശ്ലാഘിച്ചുകൊണ്ടുതന്നെ ഫലസ്തീൻ പ്രദേശങ്ങൾ ഇസ്രായേലിനോട് കൂട്ടിച്ചേർക്കുന്ന ഏതു നടപടിയും സമാധാനത്തിന്മേലുള്ള പ്രഹരമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുകയും താനതിെന നേരത്തേ എതിർത്തപോലെ ഇനിയും എതിർക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
സാമാന്യമായി സംഗ്രഹിച്ചാൽ ഏകദേശം മുക്കാൽ നൂറ്റാണ്ടുകാലമായി പുകഞ്ഞുകൊണ്ടേയിരിക്കുകയും നിരവധി യുദ്ധങ്ങൾക്ക് വഴിയൊരുക്കുകയും ഇപ്പോഴും വെടിമരുന്ന് അറയായി പശ്ചിമേഷ്യയെ നിലനിർത്തുകയും ചെയ്യുന്ന അറബ്-ഇസ്രായേൽ പ്രശ്നം സമാധാനപരമായി പരിഹരിക്കപ്പെടണമെന്ന് ലോകം ആഗ്രഹിക്കുന്നു. ഇസ്രായേൽ-അറബ് പരസ്പര ധാരണയും വിട്ടുവീഴ്ചയും വഴി മാത്രമേ ശാശ്വത സമാധാനം പുലരൂ എന്നും ഏവരും അംഗീകരിക്കുന്നതാണ്.
പക്ഷേ, സമാധാന ചർച്ചകൾ പലതലത്തിലും പല ഘട്ടങ്ങളിലും നിരന്തരം നടന്നിട്ടും ഫലപ്രദമാവാൻ കഴിയാതെപോയത് മറ്റെല്ലാറ്റിലുമുപരി അമേരിക്കയുടെ ശാഠ്യം മൂലമാണെന്ന് വ്യക്തമാണ്. ആ രാജ്യംതന്നെ മുൻകൈയെടുത്ത് ഒപ്പുവെപ്പിച്ച ക്യാമ്പ് ഡേവിഡ്, ഓസ്ലോ കരാറുകൾ നേരിട്ടോ യു.എൻ മുഖേനയോ നടപ്പാക്കുന്നതിൽ അമേരിക്ക ആത്മാർഥത കാണിച്ചിരുന്നെങ്കിൽ പശ്ചിമേഷ്യ സംഘർഷഭരിതമായി അവശേഷിക്കുമായിരുന്നില്ല.
ഇപ്പോൾ ഇറാെൻറ ഭീഷണി ചൂണ്ടിക്കാണിച്ചിട്ടാണെങ്കിലും ഇസ്രായേലുമായി സമാധാനക്കരാറിൽ യു.എ.ഇയെ ഒപ്പുവെപ്പിച്ച ഡോണൾഡ് ട്രംപിന് സ്വന്തം നാട്ടിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തനിക്ക് രണ്ടാമൂഴം തരപ്പെടണമെന്നല്ലാതെ മേഖലയിലെ സമാധാന സംസ്ഥാപനത്തിൽ തെല്ലെങ്കിലും ആത്മാർഥതയുണ്ടെന്ന് ആ രാജ്യത്തെ പ്രതിപക്ഷമോ പുറംലോകമോ വിശ്വസിക്കാൻ അനുഭവങ്ങൾ സഹായിക്കുന്നില്ല. കരാറിെൻറ പേരിൽ യു.എ.ഇയെ കുറ്റപ്പെടുത്തുന്ന ഇറാന്നാവട്ടെ ഗൾഫിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ തങ്ങൾക്കൊരു പങ്കുമില്ലെന്ന് കൈകഴുകാനുമാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.