ഡിസംബർ 31ലെ സഭാസമ്മേളനം ചരിത്രമാകട്ടെ!
text_fieldsരാജ്യവ്യാപകമായി ഐതിഹാസിക പ്രക്ഷോഭങ്ങൾക്ക് നിദാനമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നതിന് അടിയന്തരമായി പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേർക്കാനുള്ള മന്ത്രിസഭ തീരുമാനത്തിന് അനുമതി നിഷേധിച്ചിരിക്കുന്നു, അസാധാരണ നടപടിയിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സഭ ചേരാൻ മന്ത്രിസഭ ശിപാർശ ചെയ്താൽ ഗവർണർ അനുമതി നൽകുക എന്നതാണ് ഭരണഘടനപരമായ ചട്ടവും ഇതഃപര്യന്തമായ കീഴ്വഴക്കവും. ഭരണഘടന അനുച്ഛേദം 174 പ്രകാരം സഭ വിളിച്ചുചേർക്കേണ്ടത് ഗവർണറാെണങ്കിലും അനുച്ഛേദം 163 പ്രകാരം ഭരണഘടന വിവേചനാധികാരം നൽകുന്നതിൽ ഒഴികെയുള്ള കാര്യങ്ങളിൽ മന്ത്രിസഭയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. അനുച്ഛേദം 174 (1) പ്രകാരം സമ്മേളനം വിളിച്ചുചേർക്കുന്നതിൽ വിവേചനാധികാരമില്ലെന്നും ഭൂരിപക്ഷമുള്ള മന്ത്രിസഭയുടെ ശിപാർശ അംഗീകരിക്കണമെന്നും സുപ്രീംകോടതി ഒന്നിലധികം തവണ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമാെണന്ന നിലപാടാണ് ഭരണ, പ്രതിപക്ഷ കക്ഷികൾക്കും ഭരണഘടന വിദഗ്ധരിലെ ഭൂരിപക്ഷം പേർക്കുമുള്ളത്. നിയമസഭ വിളിച്ചുചേർക്കാൻ മന്ത്രിസഭ ആവശ്യപ്പെട്ട ശേഷം ഒരു ഗവർണർ അത് നിഷേധിക്കുന്നത് കേരളത്തിലെ സഭാചരിത്രത്തിൽ ആദ്യസംഭവമാണ്.
പ്രത്യേക സഭാസമ്മേളനത്തിനുള്ള അനുമതി അപമാനകരമാം വിധം നിഷേധിച്ചിട്ടും ഗവർണർക്കെതിരെയുള്ള പ്രതികരണം കടുപ്പിക്കാതിരിക്കാനുള്ള ജാഗ്രത സർക്കാർ കൈക്കൊണ്ടിരുന്നു. തലസ്ഥാനത്ത് കർഷകസമരം ഉദ്ഘാടനം ചെയ്തപ്പോൾ പോലും മുഖ്യമന്ത്രി ഗവർണറെ വിമർശിക്കാൻ തയാറായില്ല. പ്രതിപക്ഷവും സി.പി.ഐയും രൂക്ഷമായി ഗവർണറെ വിമർശിക്കുകയും അനുമതി നിഷേധിച്ചതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാെണന്നു പ്രസ്താവിക്കുകയും ചെയ്തപ്പോൾ സി.പി.എം ആക്ടിങ് സെക്രട്ടറി വിജയരാഘവൻ പ്രതികരിച്ചത് രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള ഭരണഘടനപ്രശ്നം മാത്രമാണ് വിഷയമെന്നാണ്. എന്നാൽ, മുഖ്യമന്ത്രിയെ വ്യക്തമായി കുറ്റപ്പെടുത്തുകയും എന്തുകൊണ്ട് അനുമതി നിഷേധിച്ചുവെന്ന് അക്കമിട്ടെഴുതുകയും ചെയ്ത ഗവർണറുടെ കത്ത് പുറത്തുവന്നതോടെ സി.പി.എമ്മും സർക്കാറും സ്വരം കടുപ്പിക്കുകയും ഡിസംബർ 31ന് സഭ ചേരാൻ അടിയന്തരമായി തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. മന്ത്രിസഭയുടെ രണ്ടാംവട്ട അനുമതിയെ ഗവർണർ നിഷേധിക്കുകയാെണങ്കിൽ രണ്ട് ഭരണഘടന സ്ഥാപനങ്ങൾ തമ്മിലുള്ള സംഘർഷത്തെ രൂക്ഷമാക്കുകയും നിയമപോരാട്ടങ്ങളെ അനിവാര്യമാക്കുകയും ചെയ്യും.
ജനുവരി എട്ടു മുതൽ സഭ വിളിച്ചുചേർക്കാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. അത് റദ്ദാക്കി ഡിസംബർ 23ന് അടിയന്തര സമ്മേളനം വിളിക്കാൻ ഡിസംബർ 21ന് വൈകീട്ടാണ് സർക്കാർ അനുമതി തേടിയത്. അടിയന്തര പ്രാധാന്യമെന്ത് എന്നതിൽ വ്യക്തതയുണ്ടായിരുന്നില്ലെന്നും രണ്ടുതവണ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയശേഷമാണ് കേന്ദ്ര നിയമത്തിനെതിരെയുള്ള കർഷക സമരത്തെ പിന്തുണക്കാനാണ് സഭ സമ്മേളനമെന്ന് മനസ്സിലായതെന്നും ഗവർണർ കുറ്റപ്പെടുത്തുന്നു. രാഷ്ട്രപതി ഒപ്പിട്ട ഉത്തരവിനെതിരെ പ്രമേയം പാസാക്കാൻ സഭ അടിയന്തരമായി ചേരേണ്ടതില്ലെന്ന രാഷ്ട്രീയവീക്ഷണമാണ് അനുമതിനിഷേധത്തിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ പ്രസ്താവനമാത്രം മതി ആരിഫ് മുഹമ്മദ് ഖാൻ നടപ്പാക്കിയത് ഭരണഘടന വ്യവസ്ഥയല്ല, സ്വന്തം ഇംഗിതമാെണന്ന് തിരിച്ചറിയാൻ. യഥാർഥത്തിൽ സഭ സമ്മേളിക്കുന്നത് എന്തിനെന്ന ചോദ്യംതന്നെ ഗവർണറുടെ അധികാരപരിധിക്ക് പുറത്തും മന്ത്രിസഭയിൽ നിക്ഷിപ്തവുമായ കാര്യമാണ്. ഫെഡറലിസത്തെ തകർക്കുന്നതും ഭരണഘടന സംവിധാനങ്ങളുടെ വിശ്വാസ്യത കെടുത്തിക്കളയുകയും ചെയ്യുന്ന അധികാര ദാസ്യപ്പണി ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് ആദ്യത്തേതല്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ പാസാക്കിയ പ്രമേയത്തിനെതിരെയും കടുത്ത വിമർശനവുമായി അദ്ദേഹം രംഗത്തുവന്നിരുന്നു. കടുത്ത ജനാധിപത്യവിരുദ്ധമായിരുന്ന പൊലീസ് നിയമഭേദഗതിയിൽ ഒരു സംശയവും ഉന്നയിക്കാതെ ഒപ്പിട്ട ഗവർണർ കർഷകരുടെ ഐതിഹാസികസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള നിയമസഭ അധികാരത്തെ ചോദ്യം ചെയ്യുന്നതു തന്നെ അങ്ങേയറ്റം അപഹാസ്യമാണ്.
മോദി ഭരണകാലത്തെ സവിശേഷതയാണ് ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ അമിതാധികാര പ്രയോഗങ്ങൾ. ജനാധിപത്യ സംവിധാനങ്ങളെ അവഹേളിക്കുന്ന, പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും ജമ്മു-കശ്മീരിലും അനുവർത്തിച്ച അതേ രീതി കേരളത്തിലും ആരിഫ് മുഹമ്മദ് ഖാനിലൂടെ പയറ്റുകയാണ് ബി.ജെ.പി. കൃത്യമായ രാഷ്ട്രീയമുണ്ടാകുമ്പോഴും ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരികളാകുമ്പോൾ നിഷ്പക്ഷഭാവം നടിക്കുന്ന പതിവുപോലും ബി.ജെ.പി ഭരണകാലത്ത് അന്യമാകുകയാണ്. ഫെഡറലിസത്തിന്റെ പരിപാവനത്വം സംരക്ഷിക്കുക എന്ന ആശയം തന്നെ ഗവർണർ പദവികളിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഭരണഘടനയോടോ ജനാധിപത്യ മൂല്യങ്ങളോടൊ അല്ല, സംസ്ഥാന സർക്കാറുകളുടെ അധികാരങ്ങളിൽ അന്യായമായി ഇടപെടുന്ന കേന്ദ്രത്തിന്റെ അധികാരപ്രമത്തതയോടായിരിക്കണം കൂറ് എന്ന ഫാഷിസ്റ്റു കൽപനകൾക്കു മുമ്പിൽ നമ്രശിരസ്കരായി വീണുകിടക്കുകയാണ് ഗവർണർമാർ. ഇത്തരമൊരു കെട്ടകാലത്ത്, കർഷകസമരത്തോടുള്ള ഐക്യദാർഢ്യത്തോടൊപ്പം ജനാധിപത്യസംവിധാനങ്ങളുടെ അധികാരഘടനകളെ തകർക്കാൻ സമ്മതമല്ല എന്ന പ്രഖ്യാപനത്തിനും വേണ്ടി ഡിസംബർ 31 ലെ സഭാസമ്മേളനം ചരിത്രമാകേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഏകത ഏറെ ശ്ലാഘനീയവും മാതൃകാപരവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.