അനിഷേധ്യമായ വിജയം
text_fields
ചരിത്രത്തിൽ ആദ്യമായി ഭരണത്തുടർച്ചക്ക് അനുകൂലമായി കേരളം വിധിയെഴുതിയിരിക്കുന്നു. സംസ്ഥാനം നിലവിൽ വന്നശേഷം ഒന്നാമതായി നടന്ന തെരഞ്ഞെടുപ്പിൽ ഭരണത്തിലേറിയ ഇടതുപക്ഷംതന്നെ ഭരണത്തുടർച്ചക്കും തുടക്കമിട്ടത് യാദൃച്ഛികമാവാം. അന്ന് മാർക്സിസ്റ്റാചാര്യൻ ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ഭരണനേതൃത്വമേറ്റെടുത്തതെങ്കിൽ ഇന്ന് സി.പി.എമ്മിെൻറ സാധാരണപ്രവർത്തകനായി രാഷ്ട്രീയത്തിലിറങ്ങി നിരന്തരവും ത്യാഗപൂർണവുമായ പാർട്ടി പ്രവർത്തനങ്ങളിലൂടെ ഭരണ സാരഥ്യമേറ്റെടുത്ത പിണറായി വിജയനാണ് ഈ ചരിത്രദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത് എന്ന വ്യത്യാസമുണ്ട്.
ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെല്ലാം തളരുകയോ തകരുകയോ ചെയ്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കേരളത്തിൽ നിർണായക രാഷ്ട്രീയശക്തിയായും അധികാരകേന്ദ്രമായും വളർത്തിയെടുത്തതിെൻറ ക്രെഡിറ്റ് ഒരു വ്യക്തിക്ക് വകവെച്ചുെകാടുക്കാമെങ്കിൽ അത് നിശ്ചയമായും പിണറായി ഗ്രാമത്തിലെ സാധാരണ ചെത്തുതൊഴിലാളിയുെട മകനായി പിറന്ന വിജയനായിരിക്കും. അകത്തുനിന്നും പുറത്തുനിന്നുമുയർന്ന വെല്ലുവിളികളെ നെഞ്ചൂക്കോടെ നേരിട്ടു പാർട്ടിയെ കൈപ്പിടിയിലൊതുക്കാനും സംസ്ഥാനഭരണം കൊണ്ടുനടത്താൻ ജനങ്ങൾ നൽകിയ വിധി അവരെ തൃപ്തിപ്പെടുത്തുന്ന വിധം നിർവഹിക്കാനും സാധിച്ചതാണ് വിജയെൻറ വിജയം.
അതേ, കഴിഞ്ഞതവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച 91 സീറ്റുകൾ ഇത്തവണ 98 ആയി വർധിപ്പിക്കാനും ഭരണത്തുടർച്ച ഉറപ്പാണെന്ന ആത്മവിശ്വാസത്തെ സാക്ഷാത്കരിക്കാനും സാധിച്ചതിെൻറ പിന്നിൽ ക്യാപ്റ്റൻ എന്ന് അനുയായികൾ വിളിച്ച പിണറായി തന്നെയാണെന്ന് വകവെച്ചുകൊടുക്കാതെ വയ്യ. പ്രതിപക്ഷത്തെയോ കേന്ദ്ര ഭരണകൂടത്തെയോ ഭയക്കാതെ, എന്നാൽ, ജനങ്ങളാണ് തങ്ങൾക്ക് ഒരവസരം കൂടി ഈ അതീവ സന്ദിഗ്ദ്ധഘട്ടത്തിൽ നൽകിയതെന്ന സത്യം വിസ്മരിക്കാതെ അവരുടെ പ്രതീക്ഷകൾക്കനുഗുണമായി സംസ്ഥാന ഭരണം മുന്നോട്ടുനയിക്കാനുള്ള ചുമതല ഇടതുമുന്നണി നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമുണ്ടെന്ന് ഓർമിപ്പിക്കേണ്ടതില്ല.
സംസ്ഥാനത്തിന്റെ വികസനത്തിനും ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിനും ഭരണത്തുടർച്ച എന്ന മുദ്രാവാക്യവും ആവശ്യവുമായിരുന്ന ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജനങ്ങളുടെ മുന്നിൽവെച്ചത്. വികസനത്തിനുള്ള പണം എവിടന്ന് ലഭിക്കുമെന്ന സംശയത്തിന് കിഫ്ബിയിലൂടെ എന്നാണ് വിശദീകരിക്കപ്പെട്ടത്. കേവലം ഉട്ടോപ്യൻ വാഗ്ദാനങ്ങളല്ല തങ്ങൾ ജനങ്ങൾക്ക് മുന്നിൽ നിരത്തുന്നതെന്ന് അവരെ വിശ്വസിപ്പിക്കാൻ പാകത്തിൽ കഴിഞ്ഞ അഞ്ചുവർഷം നടപ്പിൽവരുത്തിയ വിവിധ പദ്ധതികൾ എടുത്തുകാട്ടാനും സർക്കാറിന് കഴിഞ്ഞു.
അതിലുപരി സംസ്ഥാനത്തിെൻറ നട്ടെല്ലൊടിച്ച രണ്ട് മഹാപ്രളയങ്ങളുടെയും ഒടുവിലത്തെ കോവിഡ് മഹാമാരിയുടെയും കെടുതികളെ നേരിടുന്നതിൽ സർക്കാർ കാണിച്ച കാര്യക്ഷമതയും ഊർജസ്വലതയും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയുണ്ടായി. സർക്കാർ ഉദാരമായി വീടുകളിലെത്തിച്ച കിറ്റുകളും ക്ഷേമ പെൻഷനും ആ വിശ്വാസത്തെ ദൃഢീകരിച്ചു. അതോടൊപ്പം കേരളത്തിലെ രാഷ്ട്രീയ സാമുദായിക ഘടന നന്നായി പഠിച്ച് അവസരോചിത തന്ത്രങ്ങൾ ആവിഷ്കരിക്കാനും എൽ.ഡി.എഫ് മിടുക്കുകാട്ടി. തദ്വിഷയകമായി ഉയർന്നുവന്ന എതിർപ്പുകളെ പൂർണമായി അവഗണിക്കുകയായിരുന്നു സി.പി.എം.
മറുവശത്ത് സ്വതസിദ്ധമായ ദൗർബല്യങ്ങൾ അവസാന നിമിഷംവരെ യു.ഡി.എഫിനെ വേട്ടയാടി. ഫലപ്രദമായ നേതൃത്വത്തിെൻറ അഭാവം മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെ വലച്ചു. ഇടതു തന്ത്രങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലും പരാജയമായിരുന്നു ഫലം. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി സാമാന്യം ഭേദപ്പെട്ട ഒരു സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാൻ കോൺഗ്രസിന് സാധിച്ചുവെങ്കിലും ചില സീറ്റുകളിലെ അനിശ്ചിതത്വവും വടംവലികളും യഥാസമയം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല.
അധികാരരഹിതമായ പാർട്ടിക്കും മുന്നണിക്കും ഇലക്ഷൻ ഫണ്ട് ഗുരുതര പ്രശ്നമായി അവശേഷിക്കുകയും ചെയ്തു. ജനകീയ തലത്തിൽ പ്രചാരണ പ്രവർത്തനങ്ങളുടെ അഭാവം മുഴച്ചുകാണാമായിരുന്നു. ഈ കാരണങ്ങളെല്ലാം ചേർന്നു അച്ചടക്കവും കെട്ടുറപ്പും നഷ്ടമായ മുന്നണിയുടെ വിജയസാധ്യത തുടക്കത്തിലെ തീർത്തും മങ്ങിയിരുന്നു. പോളിങ്ങിന് മുമ്പും പിമ്പും നടന്ന സർവേകൾ ഒരുപോലെ നേരിയ പരാജയം മുതൽ കനത്ത തിരിച്ചടിവരെ യു.ഡി.എഫിന് പ്രവചിച്ചു. അതേ ഫലങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു കാരണവശാലും ഭരണത്തുടർച്ച കേരളത്തിൽ ആശാസ്യമാവിെല്ലന്ന് തീരുമാനിച്ചവർക്കും രക്ഷിക്കാൻ കഴിയുന്നതായിരുന്നില്ല യു.ഡി.എഫിെൻറ ദുർഗതി. മഹാ കൊട്ടിഘോഷത്തോടെ ഇടതുമുന്നണി ആനയിച്ചുകൊണ്ടുവന്ന കേരള കോൺഗ്രസ് മാണിഗ്രൂപ് സുപ്രീമോ ജോസ് കെ. മാണിയുടെയും മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും തോൽവിപോലുള്ള തിരിച്ചടികൾ ചൂണ്ടിക്കാട്ടി ആശ്വാസം കൊള്ളാനാവും തൽക്കാലം യു.ഡി.എഫിെൻറ മനോഗതി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ബി.ജെ.പി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടങ്ങുന്ന വലിയൊരു കാവിപ്പട കേരളത്തിൽ വന്ന് തമ്പടിച്ചിട്ടും കറുത്തതും വെളുത്തതുമായ പണം പ്രളയംകണക്കെ ഒഴുക്കിയിട്ടും നിയമസഭയിൽ നിലവിലിരുന്ന സീറ്റുപോലും നഷ്ടപ്പെടുത്തിയ ദേശീയ പാർട്ടിക്ക് നേരിട്ട തിരിച്ചടി ആ പാർട്ടിക്ക് മാത്രമല്ല, എല്ലാവർക്കും പാഠമാവേണ്ടതാണ്. കേരളം തീവ്ര ഹിന്ദുത്വത്തിന് വളക്കൂറുള്ള മണ്ണല്ലെന്ന് ഒരിക്കൽ കൂടെ തെളിഞ്ഞിരിക്കുന്നു. ആ പാർട്ടി വോട്ടു മറിച്ചതിനെച്ചൊല്ലിയുള്ള തർക്കവിതർക്കങ്ങളും അതിനാൽ അപ്രസക്തമായിത്തീർന്നിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.