ആവർത്തന പ്രഖ്യാപനങ്ങൾ
text_fieldsനരേന്ദ്ര മോദി സർക്കാറിെൻറ അവസാന സമ്പൂർണ ബജറ്റ്, വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ‘ജനപ്രിയ’ ബജറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടതു തന്നെയാണ്. ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യാഴാഴ്ച പാർലമെൻറിൽ നടത്തിയ ഒരു മണിക്കൂർ അമ്പത് മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗം അക്ഷരാർഥത്തിൽ അതിനെ ശരിവെക്കുന്നുണ്ട്. കൃഷി, ഗ്രാമവികസനം, ആരോഗ്യം എന്നീ മേഖലകൾക്ക് ഉൗന്നൽ നൽകിയുള്ള ബജറ്റിൽ ഗ്രാമീണ ഇന്ത്യയെ സമ്പന്നമാക്കാൻ പര്യാപ്തമായ ഒേട്ടറെ പ്രഖ്യാപനങ്ങളുണ്ട്. കൃഷി ഉൽപാദക സംഘങ്ങൾക്ക് നികുതി ഇളവ് നൽകുന്നതും കാർഷിക വിപണിയുടെ വികസനത്തിന് 2000 കോടി വകയിരുത്തിയതും നാലു കോടി ദരിദ്രർക്ക് സൗജന്യ വൈദ്യുതി നൽകാനുള്ള തീരുമാനവും 10 കോടി കുടുംബങ്ങളെ ഗുണഭോക്താക്കളാക്കി ആരോഗ്യ മേഖലയിൽ സുരക്ഷാ പദ്ധതികൾ ഏർപ്പെടുത്തിയതുമടക്കമുള്ള പ്രഖ്യാപനങ്ങൾ പൊതുവിൽ സ്വാഗതം ചെയ്യപ്പെടേണ്ടതാണെങ്കിലും ചില ആശങ്കൾ ബാക്കിനിൽക്കുന്നുവെന്ന് പറയാതെ വയ്യ.
അത്തരമൊരു ആശങ്കയാണ് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ് പങ്കുവെച്ചത്. ഇതിനെ തെരഞ്ഞെടുപ്പ് ബജറ്റെന്ന് കുറ്റപ്പെടുത്താൻ താൻ തയാറല്ലെങ്കിലും ജെയ്റ്റ്ലി മുന്നോട്ടുവെച്ച സാമ്പത്തിക കണക്കുകൾ തെറ്റാകാൻ സാധ്യതയുണ്ടെന്നായിരുന്നു ബജറ്റ് സംബന്ധിച്ച മൻമോഹൻ സിങ്ങിെൻറ പ്രതികരണം. ബജറ്റ് പ്രഖ്യാപനങ്ങളെ പ്രയോഗവത്കരിക്കാനുള്ള കേന്ദ്രത്തിെൻറ സാമ്പത്തിക ശേഷിയെ ആണ് അദ്ദേഹം ചോദ്യംചെയ്യുന്നതെന്ന് വ്യക്തം. പദ്ധതികൾക്കുള്ള പണമെവിടെ എന്നുതന്നെയാണ് പ്രതിപക്ഷ എം.പിമാരും സാമ്പത്തിക വിദഗ്ധരുമെല്ലാം ബജറ്റവതരണത്തിനുശേഷം ചോദിച്ചത്. ഇൗ ചോദ്യങ്ങൾക്ക് അർഥശൂന്യമായ വായ്ത്താരികൾ മാത്രമാണ് അധികൃതരിൽനിന്നുള്ള മറുപടി.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എത്രമാത്രം കുത്തഴിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ തിങ്കളാഴ്ച ജെയ്റ്റ്ലി പാർലമെൻറിൽ വെച്ച സാമ്പത്തിക സർവേ റിപ്പോർട്ട്. ഇപ്പോഴത്തെ നിലയിൽ വളർച്ച നിരക്ക് 6.75 ശതമാനം മാത്രമേ കൈവരിക്കാനാകൂ എന്നാണ് റിപ്പോർട്ടിെൻറ ഹൈലൈറ്റുകളിലൊന്ന്. ഒാർക്കുക, അടുത്ത രണ്ടു വർഷത്തിനുള്ളിൽ നാം ലക്ഷ്യമിടുന്നതായി ബജറ്റ് പ്രഭാഷണത്തിൽ മന്ത്രി പറയുന്നത് എട്ടു ശതമാനമാണ്. അപ്പോൾ, റിപ്പോർട്ടിൽ പറയുന്ന വസ്തുതകളെയും മുന്നറിയിപ്പുകളെയും മുഖവിലയ്ക്കെടുക്കാതെയാണ് ഇൗ ബജറ്റ് പോലും തയാറാക്കിയിരിക്കുന്നതെന്ന് പ്രാഥമികമായി വിലയിരുത്തേണ്ടി വരും.
നോട്ട് നിരോധനവും ജി.എസ്.ടിയും സൃഷ്ടിച്ച ദുരിതങ്ങളിൽനിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാതെ, ആ സാമ്പത്തിക ‘പരിഷ്കാരങ്ങളെ’ല്ലാം വലിയ വിജയമായിരുന്നുവെന്ന് ബജറ്റ് പ്രസംഗത്തിലും ധനമന്ത്രി ആവർത്തിച്ചിരിക്കുകയാണ്. നികുതി ദായകരുടെ എണ്ണം കൂടിയതാണ് വിജയ ഘടകങ്ങളിലൊന്നായി അദ്ദേഹം എടുത്തുകാണിക്കുന്നത്. ഗ്രാമീണ ഇന്ത്യയിൽ ഇൗ ‘പരിഷ്കാരങ്ങൾ’ മൂലം ദുരിതത്തിലായ കർഷകർ അടക്കമുള്ള കോടിക്കണക്കിനാളുകളെ അവഗണിച്ചുമാത്രമേ ഇങ്ങനെ വിലയിരുത്താനാകൂ. ഗ്രാമീണ ഇന്ത്യയോടുള്ള ഇൗ ഭരണകൂടത്തിെൻറ മനോഭാവംകൂടി വെളിവാകുന്നുണ്ട് ഇതുപോലുള്ള പ്രസ്താവനകൾ. അത്തരമൊരു ഭരണകൂടം ഗ്രാമവികസനം, കൃഷി തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ‘പോപുലിസ്റ്റ് ബജറ്റിന്’ ശ്രമിക്കുേമ്പാൾ, അതിനെ തെരഞ്ഞെടുപ്പ് ഗിമ്മിക്കു മാത്രമായി കാണാനേ നിർവാഹമുള്ളൂ.
ജനപ്രിയമെന്ന് സർക്കാർ സ്വയം അവകാശപ്പെടുന്ന ഇൗ പ്രഖ്യാപനങ്ങളിൽ പലതും മുൻ ബജറ്റുകളുടെ തന്നെ ആവർത്തനമാണെന്ന കാര്യവും ശ്രദ്ധേയമാണ്. ബജറ്റിെൻറ മുഖ്യാകർഷകങ്ങളിലൊന്നായ ദേശീയ ആേരാഗ്യ സംരക്ഷണ പദ്ധതി തന്നെ ഉദാഹരണം. 2016ലെ ബജറ്റിലും ഇൗ പദ്ധതി കടന്നുവന്നിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലും ഇതേക്കുറിച്ച് പരാമർശമുണ്ടായിട്ടുണ്ട്. ജില്ല ആശുപത്രികളെ മെഡിക്കൽ കോളജുകളാക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ വർഷത്തെ ദേശീയ ആരോഗ്യ നയത്തിൽനിന്ന് കടംകൊണ്ടതാണ്.
ഇത്തരത്തിൽ, പലതവണ പ്രഖ്യാപിക്കപ്പെടുകയും പിന്നീട് വിസ്മൃതിയിലാകുകയും ചെയ്ത പല പദ്ധതികളും പുതിയ ബജറ്റിലും ഇടംപിടിച്ചിരിക്കുന്നത്, ഇതൊരു കടലാസ് ബജറ്റാണെന്ന വിമർശനത്തെ ശരിവെക്കുന്നുണ്ട്. സാമ്പത്തിക പരിഷ്കരണമെന്ന പേരിൽ ഇൗ സർക്കാർ കൊണ്ടുവന്ന നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാനുള്ള ക്രിയാത്മക നിർദേശങ്ങളൊന്നും ബജറ്റിലൊരിടത്തും കാണുന്നില്ല. എണ്ണ വില സർവകാല റെക്കോഡിലെത്തുകയും തൽഫലമായി വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തിട്ടും അതിനെ തടയിടാനുള്ള മാർഗങ്ങളും ബജറ്റിൽ കണ്ടില്ല. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയും മറ്റും പരിഗണിക്കുേമ്പാൾ, എക്സൈസ് തീരുവ നാമമാത്രമായി കുറച്ചത് മോദിയുടെ ‘വോട്ട്’ ബജറ്റിലെ പൊടിക്കൈ ആയി മാത്രമേ വിലയിരുത്താനാകൂ.
പതിവുപോലെ ഇൗ ബജറ്റും രാജ്യത്തെ കോർപറേറ്റുകളെ കൈയൊഴിഞ്ഞിട്ടില്ല എന്ന കാര്യവും എടുത്തുപറയേണ്ടതാണ്. നികുതി ദായകരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ, ആധായ നികുതി നിരക്കിൽ മാറ്റംവരുമെന്ന് പ്രതീക്ഷിച്ചതാണ്; അതുണ്ടായില്ല. എന്നാൽ, 250 കോടിയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ കോർപറേറ്റ് നികുതി 30ൽനിന്ന് 25 ശതമാനമാക്കി കുറച്ചിരിക്കുകയാണ്. ഇതിനെ ‘ചെറുകിട’ കോർപറേറ്റുകൾക്കുള്ള സഹായം മാത്രമായി കണക്കാക്കാനാകില്ല. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള നികുതി സ്ലാബിലാണ് ഫലത്തിൽ ഇൗ പ്രഖ്യാപനത്തിലൂടെ ഇക്കൂട്ടരെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭാവിയിൽ ഇൗ രംഗം കോർപറേറ്റുകൾ കൈയടക്കുന്നതിെൻറ ആദ്യപടിയായി വേണം ഇതിനെ കാണാൻ. കർഷകർക്കുവേണ്ടി ഡസനിലധികം പദ്ധതികൾ വിവരിക്കുന്ന ബജറ്റിൽ കാർഷിക കടങ്ങളെപ്പറ്റി ഒരുവരി പോലുമില്ലെന്നതും കാണാതിരിന്നുകൂടാ. കാർഷിക കടങ്ങൾക്ക് മൊറേട്ടാറിയം പ്രഖ്യാപിക്കുകയോ അതല്ലെങ്കിൽ എഴുതിത്തള്ളുകയോ ചെയ്താൽ അത് രാജ്യത്തെ േകാർപറേറ്റുകളെയാണ് ഏറ്റവും അധികം ബാധിക്കുക എന്നത് ആർക്കാണ് അറിയാത്തത്? അതിനാൽ, കാർഷിക കടങ്ങളെ കുറിച്ച് മൗനം പാലിച്ചും സർക്കാർ കോർപറേറ്റ് സേവക്ക് തയാറായി. എയർ ഇന്ത്യ അടക്കം 24 പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റഴിക്കാനുള്ള തീരുമാനവും പ്രതിരോധ മേഖലയിൽ ‘മേക്ക് ഇൻ ഇന്ത്യ’ നടപ്പാക്കുമെന്ന പ്രഖ്യാപനവും വിദേശത്തും സ്വദേശത്തുമുള്ള കോർപറേറ്റുകൾക്ക് മാത്രമായുള്ളതാണ്. ചുരുക്കത്തിൽ, വർത്തമാന ഇന്ത്യയുടെ യാഥാർഥ്യങ്ങൾ ഒട്ടും മനസ്സിലാക്കാതെ, വർഷങ്ങളായുള്ള പ്രഖ്യാപനങ്ങളുടെ ആവർത്തനം മാത്രമാണ് ഇൗ ബജറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.