Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപുതിയ യു.ജി.സി...

പുതിയ യു.ജി.സി ചട്ടങ്ങളിലെ കേന്ദ്രീകരണ പ്രവണതകൾ

text_fields
bookmark_border
UGC Regulations, Union Governmet
cancel


യൂനിവേഴ്‌സിറ്റി ഗ്രാൻറ്‌സ് കമീഷൻ (യു.ജി.സി) കോളജുകളിലെയും സർവകലാശാലകളിലെയും അക്കാദമിക നിലവാരം, അധ്യാപക-വൈസ് ചാൻസലർ നിയമനങ്ങൾ എന്നിവയുൾപ്പെടെ പുതുക്കിയ ചട്ടങ്ങളുടെ കരട് പുറത്തിറക്കിയിരിക്കുന്നു. ജനുവരി ആറിന്​ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തിറക്കിയ കരടിന്മേൽ ഫെബ്രുവരി അഞ്ചു വരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. ഇത്ര പ്രധാനവും സമഗ്രവുമായ ഒരു രേഖ പഠിച്ച് അഭിപ്രായങ്ങൾ അറിയിക്കാൻ ഈ കാലപരിധി മതിയാവില്ല. അതു നൽകേണ്ട ഉത്തരവാദപ്പെട്ടവരൊക്കെ തിരക്കിട്ട ജോലികളിൽ വ്യാപൃതരായിരിക്കെ വിശേഷിച്ചും.

പല നിയമ നിർമാണങ്ങളിലും പദ്ധതി രൂപവത്​കരണത്തിലും ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തശേഷം ചർച്ച ചെയ്​തെന്നു വരുത്തിത്തീർത്ത്​ മുന്നോട്ടുപോകുകയാണ്​ മിക്കപ്പോഴും കേന്ദ്ര സർക്കാർ ചെയ്തുവരുന്നത്​. അതിനാൽ ഇതിൽ അത്ര അത്ഭുതത്തിനു വകയില്ല. അതിന്‍റെ സൂചനയാണ് ഇതിലെ മറ്റൊരു വ്യവസ്ഥ. അതായത് കലാലയങ്ങളും സർവകലാശാലകളും അവയ്ക്കു ബാധകമാവുന്ന സ്റ്റാറ്റ്യൂട്ടുകൾ, ഓർഡിനൻസുകൾ തുടങ്ങിയവ പരമാവധി ആറു മാസത്തിനകം ഭേദഗതി ചെയ്യണം. അതിൽ വല്ല ഇളവും ഉണ്ടാകുമോ എന്നു കാത്തിരുന്നു കാണണം.

ചട്ടങ്ങളിലെ വകുപ്പുകൾ വിദഗ്​ധർ വിശദമായി വിലയിരുത്തി അഭിപ്രായങ്ങൾ രൂപപ്പെടുത്താൻ ഇനിയും സമയമെടുത്തേക്കും. എന്നാൽ, ചില സുപ്രധാന മാറ്റങ്ങളെക്കുറിച്ച് ഇതിനകം അഭിപ്രായങ്ങൾ വന്നുതുടങ്ങി. അധ്യാപക നിയമനങ്ങൾക്കുള്ള യോഗ്യത, വി.സി നിയമനത്തിനുള്ള യോഗ്യത, അക്കാദമിക മേഖലക്കു പുറത്ത്​ വ്യവസായം, സർക്കാർ ഭരണം എന്നീ മേഖലയിലുള്ളവർക്കു മത്സരിക്കാനുള്ള അനുമതി, തെരഞ്ഞെടുപ്പ് രീതിയും അതിനുള്ള പാനലിന്‍റെ ഘടനയും തുടങ്ങിയ വ്യവസ്ഥകൾ ഇപ്പോൾതന്നെ വിമർശനമേറ്റുവാങ്ങിത്തുടങ്ങി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിമർശനവുമായി മുന്നിൽ നിന്നുകഴിഞ്ഞു. മുമ്പുതന്നെ വി.സിമാരെ തെരഞ്ഞെടുക്കുന്ന പാനലിലെ യു.ജി.സി പ്രതിനിധിയുടെ കാര്യത്തിൽ തമിഴ് നാട് ഉടക്കി നിൽക്കുകയാണ്.

നിയമനത്തിൽ കേന്ദ്രത്തിന്‍റെ മേൽക്കൈ ഇല്ലാതാക്കുന്ന സംവിധാനത്തിന് തമിഴ്​നാട്​ നിയമനിർമാണം നടത്തിയെങ്കിലും കേന്ദ്രത്തിന്‍റെ ഇഷ്ടക്കാരായ ഗവർണർമാർ അതിൽ ഉടക്ക് വെച്ചത് കാരണം അത്​ എങ്ങുമെത്താതെ സ്തംഭനാവസ്ഥയിലാണ്. നിർദിഷ്ട ചട്ടങ്ങളിൽ വൈസ് ചാൻസലർമാരെ നാമനിർദേശം ചെയ്യേണ്ടത് ഗവർണർ/ചാൻസലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി, സർവകലാശാലയുടെ ഉന്നത സമിതിയായ സെനറ്റ്/സിൻഡിക്കേറ്റി​ന്‍റെ പ്രതിനിധി എന്നിവരങ്ങിയ പാനലാണ്. ഇതിൽ കേന്ദ്രം തന്നെ നിയമിച്ച ഗവർണർ, യു.ജി.സി ചെയർമാൻ എന്നിവരുടെ നോമിനികൾ സ്വാഭാവികമായും കേന്ദ്രത്തിന്‍റെ ഇഷ്ടക്കാരാവും. എന്നുവെച്ചാൽ കേന്ദ്രത്തിന്‍റെ ഇച്ഛ മൂന്നിൽരണ്ടു ഭൂരിപക്ഷമനുസരിച്ച് നടക്കും. അതുവഴി ഇന്ത്യയിലെ എല്ലാ സർവകലാശാലകൾക്കും ഏതാനും വർഷങ്ങൾക്കുള്ളിൽ ബി.ജെ.പി സർക്കാറിന് അഭിമതരും ആജ്ഞാനുവർത്തികളുമായ വി.സി മാരാവും ഉണ്ടാവുക.

തമിഴ് നാട്ടിൽ നിലവിൽ ഓരോ സർവകലാശാലയുടെയും സ്റ്റാറ്റ്യൂട്ട് അനുസരിച്ചാണ് തെരഞ്ഞെടുപ്പ് പാനലുകൾ. അതിലധികവും ഗവർണർ/ചാൻസലർ, സെനറ്റ്/സിൻഡിക്കേറ്റ്, സംസ്ഥാന സർക്കാർ എന്നിവരുടെ പ്രതിനിധികൾ അടങ്ങിയതാണ്. ഒട്ടൊക്കെ നീതിയുക്തവും സ്ഥിരമായി രാഷ്ട്രീയ തീരുമാനമനുസരിച്ച് നടക്കാനിടയില്ലാത്തതുമായ ഈ സംവിധാനത്തെയാണ് തികച്ചും കേന്ദ്ര നിയന്ത്രിതമായ സംവിധാനത്തിലൂടെ ഇല്ലാതാക്കാൻ പോകുന്നത്. പരിഷ്കരണങ്ങൾ നടപ്പാക്കിയില്ലെങ്കിൽ വരുന്ന ‘അനന്തരഫലങ്ങളെ’കുറിച്ച മുന്നറിയിപ്പുമുണ്ട് കരട് നിയമാവലിയിൽ. അത്തരം സ്ഥാപനങ്ങൾക്ക് അവകാശങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്നാണ് ഖണ്ഡിക 11ൽ യു.ജി.സി ‘ചട്ടങ്ങൾ ലംഘിച്ചാലുള്ള അനന്തരഫലങ്ങൾ’ എന്ന ശീർഷകത്തിലെ ഭീഷണി.

യു.ജി.സി നൽകുന്ന കോഴ്‌സുകൾക്കുള്ള അംഗീകാരം, വികസനത്തിന് നൽകുന്ന സഹായം എന്നിവയൊക്കെ തടയപ്പെടും എന്നാണ്​ സൂചന. അതോടെ ഔദ്യോഗിക അംഗീകാരത്തോടു കൂടി സർവകലാശാലകൾക്ക് നിലനിൽക്കാൻ പറ്റാത്ത നില വരും. അതുകൊണ്ടുതന്നെയാണ് തമിഴ്​നാട്​ മുഖ്യമന്ത്രി സ്റ്റാലിൻ ഈ വ്യവസ്ഥകളെ നിയമപരമായി നേരിടുമെന്ന് ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. വിദ്യാഭ്യാസം ഭരണഘടനയിലെ സമാവൃത്തി പട്ടികയിൽ പെടുന്നതാണ്. എന്നാൽ, വി.സിമാരുടെ തെരഞ്ഞെടുപ്പിൽ ഫലത്തിൽ ഒരു പങ്കുമില്ലാതാവുന്ന സംസ്ഥാന സർക്കാറുകൾ ഉന്നത വിദ്യാഭ്യാസമേഖലയിൽനിന്ന് ഏതാണ്ട് മാറ്റി നിർത്തപ്പെടുന്ന അവസ്ഥയിലാവും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള മാർഗരേഖ എന്ന നിലയിൽ മറ്റു മികവുകളും പുതുമയുള്ള മാനങ്ങളും യു.ജി.സി ചട്ടങ്ങളിൽ ഉണ്ടാകാം. പുതിയ കാലത്തെ അഭിസംബോധന ചെയ്യുന്ന ഉള്ളടക്കവും അവിടവിടെയായി ദൃശ്യമാണ്. പക്ഷേ, കേന്ദ്രത്തിന്‍റെ രാഷ്ട്രീയ ഡി.എൻ.എയിൽ ഉൾച്ചേർന്ന കേന്ദ്രീകൃത സമീപനവും സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യവും തനിമയും തിരസ്കരിക്കുന്ന നിലപാടും ഇവിടെയും നിഴലിക്കുന്നത് കാണാം. ഒരു രാഷ്ട്രത്തെയും ജനതയെയും നിർണയിക്കുന്ന വിദ്യാഭ്യാസപദ്ധതിയിൽ സ്വാഭാവികമായും ഇന്ത്യ എന്ന രാഷ്ട്രത്തിന്‍റെ ബഹുസ്വര സംസ്കൃതിയും സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യവും പ്രതിഫലിക്കേണ്ടതാണ്. പകരം സകല മേഖലകളിലും ഏകശിലാ രീതി രാഷ്ട്രീയമായി ഫെഡറൽ സംവിധാനത്തിനു മാത്രമല്ല, സാംസ്കാരികമായ വൈവിധ്യത്തിനും ഭീഷണിയായി മാറാം. അതിനിടം കൊടുക്കുന്നിടത്തെല്ലാം വിമർശനങ്ങളും ചെറുത്തുനിൽപ്പുകളും അനിവാര്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialUGC RegulationsUnion Governmet
News Summary - Union Governmet's New UGC Regulations
Next Story