ഒടുവിൽ അമേരിക്കയും സമ്മതിച്ചു, അത് വംശഹത്യ തന്നെ
text_fieldsമ്യാന്മർ പട്ടാളത്തിന്റെ റോഹിങ്ക്യൻ ന്യൂനപക്ഷത്തിനെതിരായ അത്യാചാരത്തെ വംശശുദ്ധീകരണം മാത്രമായി ഇതുവരെ വിശേഷിപ്പിച്ചുവന്ന അമേരിക്ക ഒടുവിൽ അത് വംശഹത്യ തന്നെയാണെന്ന് സമ്മതിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വാഷിങ്ടണിലെ ഹോളോകോസ്റ്റ് മ്യൂസിയം സന്ദർശിക്കെയാണ് മ്യാന്മർ പട്ടാളം റോഹിങ്ക്യൻ ന്യൂനപക്ഷത്തിനുനേരെ 2017ൽ അനുവർത്തിച്ചത് വംശഹത്യ തന്നെയാണെന്ന് പ്രഖ്യാപിച്ചത്. 2019ൽ ഹേഗിലെ നീതിക്കായുള്ള അന്താരാഷ്ട്ര കോടതിയിൽ മ്യാന്മറിനെതിരെ കുറ്റവിചാരണ തുടങ്ങിവെച്ചതിൽ പിന്നെ ഏറെ വൈകിയാണ് രേഖകളെല്ലാം സൂക്ഷ്മമായി പഠിച്ചശേഷം അമേരിക്കൻ ഭരണകൂടത്തിന്റെ പ്രഖ്യാപനം. 2017ൽ മുസ്ലിം ന്യൂനപക്ഷം തിങ്ങിത്താമസിക്കുന്ന രാഖൈൻ മേഖലയിൽ മുഴുക്കെ കൂട്ടക്കൊലയും കൂട്ടബലാത്സംഗങ്ങളും കൊള്ളയും അരങ്ങേറിയപ്പോൾ ആദ്യത്തെ ഒരു മാസത്തിനകംതന്നെ 6000ത്തിലധികംപേർ കൊല്ലപ്പെടുകയുണ്ടായി. ഭീകരമായ വംശീയാക്രമണത്തിനിരകളായ എട്ടര ലക്ഷം റോഹിങ്ക്യകൾ ബംഗ്ലാദേശിൽ അഭയം തേടി. അവരിന്നും തീർത്തും ദയനീയ സാഹചര്യങ്ങളിൽ ആ രാജ്യത്തെ അഭയാർഥി ക്യാമ്പുകളിൽ മനുഷ്യമനസ്സാക്ഷിക്കു മുന്നിൽ ചോദ്യചിഹ്നമായി അവശേഷിക്കുമ്പോൾ ആയിരങ്ങൾ കടലിലും കരയിലുമായി ജീവൻ വെടിഞ്ഞു. മലേഷ്യ, തായ്ലൻഡ് മുതലായ രാജ്യങ്ങളിലുമുണ്ട് റോഹിങ്ക്യൻ ക്യാമ്പുകൾ. ഇനിയും ആറു ലക്ഷത്തോളം റോഹിങ്ക്യൻ മുസ്ലിംകൾ പൗരത്വം നിഷേധിക്കപ്പെട്ടു ജീവച്ഛവങ്ങളായി മ്യാന്മറിൽ തന്നെ കഴിയുകയാണ്. പോയവർഷം ഓങ്സാൻ സൂചിയുടെ സിവിലിയൻ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം സമ്പൂർണമായി കൈയടക്കിയ മ്യാന്മർ പട്ടാളം, റോഹിങ്ക്യകൾക്കെതിരെ നടക്കുന്നതും നടന്നതുമായ ആക്രമണങ്ങളെ പൂർണമായി നിഷേധിക്കുന്നു. കേവലം 'ഭീകരതക്കെതിരായ' നടപടികളാണത്രെ അവിടെ നടക്കുന്നത്. 2018ൽ മ്യാന്മർ സന്ദർശിച്ച യു.എൻ യാഥാർഥ്യാന്വേഷണ സംഘവും ആംനസ്റ്റി ഇന്റർനാഷനൽ മുതലായ മനുഷ്യാവകാശസംഘങ്ങളും രാജ്യത്ത് നടന്നത് വംശീയഹത്യ തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയതാണ്. പക്ഷേ, പട്ടാളത്തിന്റെ സമ്മർദംമൂലമാവാം സൂചിയുടെ ജനാധിപത്യ ഭരണകൂടംപോലും സത്യം സമ്മതിക്കുകയോ ബുദ്ധഭിക്ഷുക്കളുടെ നേതൃത്വത്തിൽ നടക്കുന്ന കൊടുംക്രൂരതകളെ അപലപിക്കുകയോ ചെയ്തില്ല. മാത്രമല്ല, റോഹിങ്ക്യകൾക്ക് പൗരത്വം നിഷേധിക്കുകപോലും ചെയ്തു. 2014ലെ സെൻസസിൽനിന്ന് അവരെ പൂർണമായി ഒഴിവാക്കിക്കൊണ്ടായിരുന്നു ഇപ്പണി.
അമേരിക്കയുടെ ഭാഗത്തുനിന്ന് വൈകിവന്ന സമ്മതവും പ്രഖ്യാപനവും റോഹിങ്ക്യകളുടെ കൊടുംദുരിതങ്ങൾക്കറുതി വരുത്താൻ സഹായകമാവുമോ? നിലപാട് പുനഃപരിശോധിക്കാൻ മ്യാന്മർ പട്ടാളക്കൂട്ടത്തെ അത് പ്രേരിപ്പിക്കുമോ? ഐക്യരാഷ്ട്രസഭ തന്നെ ഈ ഹതഭാഗ്യരുടെ കാര്യത്തിൽ ചടുലമായ നടപടികൾക്ക് തയാറാവുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടറിയേണ്ടിവരും. ബോസ്നിയ-െഹർസഗോവിന, റുവാണ്ട, ഇറാഖ്, സുഡാനിലെ ദർഫുർ, യസീദികളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും നേരെ നിഷ്ഠുരാതിക്രമങ്ങൾ കാണിച്ച ഐ.എസ് എന്നിവയുമായി ബന്ധപ്പെട്ടാണ് നേരത്തേ അമേരിക്ക വംശഹത്യാപ്രയോഗം നടത്തിയിരുന്നത്. ചിലരുടെ കാര്യത്തിൽ അത് ശരിയായിരുന്നപ്പോൾ മറ്റുചിലരുടെ കാര്യത്തിൽ രാഷ്ട്രീയ സമീപനമെന്ന വിമർശനത്തിന് ഇടനൽകി. റോഹിങ്ക്യകളുടെ നേരെ മ്യാന്മർ സർക്കാറിന്റെയും പട്ടാളത്തിന്റെയും മൃഗീയവും പൈശാചികവുമായ കടന്നാക്രമണങ്ങളെ വംശീയ ശത്രുതയായി കാണാൻ ബൈഡൻ ഭരണകൂടം തയാറായതുപോലും ഏഷ്യയിലെ മുഖ്യശത്രുവായ ചൈന മ്യാന്മറുമായി സൗഹൃദം തുടരുന്നതിലുള്ള പ്രചാരണപരമായ മൂല്യം കണക്കിലെടുത്താണെന്ന വിമർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. അല്ലെങ്കിൽ നേരത്തേ തന്നെ സത്യം തെളിഞ്ഞുകഴിഞ്ഞതാണല്ലോ. സാമാന്യ മനുഷ്യസ്നേഹമോ യഥാർഥ നീതിബോധമോ അല്ല, കേവലം ദേശീയതാൽപര്യങ്ങളും ലാഭ-ചേത വിചാരങ്ങളുമാണ് രാഷ്ട്രങ്ങളുടെ സമീപനത്തിന്നാധാരം എന്ന വസ്തുത ദിവസം കഴിയുംതോറും തെളിഞ്ഞുവരുകയാണ്.
ജമ്മു, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ മേഖലകളിൽ മൃഗതുല്യമായ ജീവിതം നയിക്കുന്ന 40,000ത്തോളം റോഹിങ്ക്യൻ അഭയാർഥികൾ ഇന്ത്യയിലുമുണ്ടെങ്കിലും അവരുടെ നേരെ ഒട്ടും മാനുഷികമല്ല നമ്മുടെ സർക്കാറിന്റെയും സമൂഹത്തിന്റെയും സമീപനം. സഹസ്രാബ്ദങ്ങളായി ഇന്ത്യയിൽ ജനിച്ചുവളർന്ന് തൊഴിലെടുത്ത് ജീവിക്കുന്നവരുടെ പൗരത്വംപോലും വംശീയതയുടെ പേരിൽ ചോദ്യം ചെയ്യപ്പെടുന്ന ജനാധിപത്യ ഇന്ത്യയിലെ പുതിയ സാഹചര്യത്തിൽ മറ്റെന്ത് പ്രതീക്ഷിക്കാം?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.