അഹന്ത മൂത്താൽ സർവനാശം
text_fieldsഅഹന്തയും അജ്ഞതയും ചേർന്ന അവിവേകം -യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് െഎക്യരാഷ്ട്ര പൊതുസഭയിൽ ചെയ്ത പ്രസംഗത്തെ അങ്ങനെയേ വിശേഷിപ്പിക്കാനാകൂ. ചരിത്രത്തെപ്പറ്റിയുള്ള വിവരക്കേട് മുതൽ അമേരിക്കൻ ചെയ്തികളുടെ തമസ്കരണംവരെ, വൈരുധ്യങ്ങളുടെ പരിഹാസ്യമായ സങ്കലനമായിരുന്നു ആഗോള ‘സമാധാന’ വേദിയിൽ അദ്ദേഹം നടത്തിയ പോർവിളി. അങ്ങ് ഉത്തര കൊറിയയിൽ ഏറക്കുറെ ട്രംപിെൻറ അതേ ‘യോഗ്യതകളു’ള്ള ഭരണാധിപൻ കിം ജോങ് ഉൻ ട്രംപിെൻറ അന്തക്കേടിനെ പരിഹസിക്കുകയും തങ്ങളോട് യുദ്ധത്തിനാണ് ഭാവമെങ്കിൽ സ്വന്തം രക്ഷക്കുവേണ്ടത് (അത് മുൻകൂട്ടിയുള്ള ആക്രമണമായാൽപ്പോലും) തങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രനേതാക്കളിൽ വിവരം കെട്ടവരുടെ എണ്ണം വർധിക്കുന്ന മുറക്ക് െഎക്യരാഷ്ട്രസഭ യുദ്ധവെറിയുടെ ആസ്ഥാനമാകുന്നത് എങ്ങനെയെന്നതിന് മികച്ച ഉദാഹരണമാണ് ട്രംപിെൻറ ആദ്യത്തെ യു.എൻ പ്രസംഗം. സ്വാർഥന്മാരായ അരക്കിറുക്കന്മാരുടെ കൈയിലെ തോക്കിന് കാഞ്ചിയാകാൻ െഎക്യരാഷ്ട്രസഭ വിധിക്കപ്പെട്ടിട്ട് കുറച്ചായല്ലോ.
‘‘ഇൗ സഭയിൽ പ്രാതിനിധ്യമുള്ള തെമ്മാടിരാഷ്ട്രങ്ങൾ ഭീകരരെ പിന്തുണക്കുക മാത്രമല്ല മറ്റു രാജ്യങ്ങളെയും ജനതകളെയും മനുഷ്യരാശി അറിഞ്ഞതിൽവെച്ച് ഏറ്റവും വിനാശകരമായ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു’’ എന്ന് ട്രംപ് പറഞ്ഞത് ഇറാനെയും മറ്റും ഉദ്ദേശിച്ചാകാമെങ്കിലും അതിലെ ഒാരോ വാക്കും കൃത്യമായി ചേരുക യു.എസിനു തന്നെയാണ്. യു.എന്നിൽ പ്രാതിനിധ്യമുള്ള ഇറാനോ പ്രാതിനിധ്യമില്ലാത്ത ഉത്തര കൊറിയക്കോ ചേരില്ല. അന്താരാഷ്ട്ര അഭിപ്രായ വോെട്ടടുപ്പുകൾ ഇക്കാര്യം സ്ഥിരീകരിച്ച കാര്യം ചൂണ്ടിക്കാട്ടുന്നത് യു.എസ് സർക്കാറിൽ ട്രഷറി അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന പോൾ ക്രെയ്ഗ് റോബർട്സ് ആണ്. ഇസ്രായേൽ ആഗ്രഹിക്കുന്ന തരത്തിൽ ഒരു യു.എസ്-ഇറാൻ ഏറ്റുമുട്ടലിനു പാകത്തിൽ ആണവക്കരാർ അട്ടിമറിക്കുന്ന തിരക്കിലാണ് ട്രംപ് ഇേപ്പാൾ. കരാറിലെ ഒാരോ വിശദാംശവും കണിശമായി ഇറാൻ പാലിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി നിരന്തരം സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുേമ്പാഴും ആ കരാർ റദ്ദാക്കാനാണ് ട്രംപ് കരുക്കൾ നീക്കുന്നത്. വേണ്ടിവന്നാൽ ഉത്തര കൊറിയയെ ‘സമ്പൂർണമായി നശിപ്പിക്കു’മെന്ന് ട്രംപ് പ്രഖ്യാപിച്ച യു.എൻ പൊതുസഭയിൽതന്നെ ആണവായുധ നിരോധനക്കരാറിൽ അനേകം രാജ്യങ്ങൾ ഒപ്പുവെക്കുന്നുണ്ടായിരുന്നു -യു.എസും ഇസ്രായേലും ബ്രിട്ടനും ഫ്രാൻസുമൊക്കെ കരാർ ബഹിഷ്കരിക്കുകയാണ്.
രാജ്യങ്ങളുടെ പരമാധികാരത്തെപ്പറ്റി വാചാലനായ ട്രംപിന് ആ വാക്കിെൻറ അർഥമറിയുേമാ എന്തോ. 21 തവണ ‘പരമാധികാര’മെന്ന പദം ഉരുവിട്ടു അദ്ദേഹം. എന്നാലോ അദ്ദേഹത്തിെൻറ നാട് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽമാത്രം എത്ര സ്വതന്ത്രപരമാധികാര രാജ്യങ്ങളെ അന്താരാഷ്ട്ര നിയമങ്ങൾപോലും ലംഘിച്ച് കുട്ടിച്ചോറാക്കി! അഫ്ഗാനിസ്താൻ, ഇറാഖ്, ലിബിയ, യമൻ തുടങ്ങിയ രാജ്യങ്ങൾ ഇന്നും യു.എസ് ഇടപെടലിെൻറ തുടർ ദുരിതങ്ങൾ അനുഭവിക്കുന്നു. യു.എസ് എന്ന രാജ്യത്തിന് പ്രായം 241 വർഷം; ഇതിൽ 220 വർഷവും അത് ഇതര രാജ്യങ്ങളുമായി യുദ്ധത്തിലായിരുന്നു. അതിൽ ഏറെയും വ്യാജകാരണങ്ങൾ കാട്ടിയുള്ള അധിനിവേശങ്ങൾ. ‘പരമാധികാര’ത്തെപ്പറ്റി വായാടിത്തം പറയുന്ന ഇൗ രാജ്യം ഇന്നും വിവിധ രാജ്യങ്ങളിലായി 900ത്തിലേറെ സൈനികത്താവളങ്ങൾ നിലനിർത്തുന്നതെന്തിനാണ്? ‘‘സ്വന്തം ജനതയുടെ താൽപര്യങ്ങളെ മാനിക്കുക, ഒപ്പം മറ്റ് ഒാരോ പരമാധികാര രാഷ്ട്രത്തിെൻറയും അവകാശങ്ങൾ മാനിക്കുക എന്നീ രണ്ട് ഉത്തരവാദിത്തങ്ങളെ’’പ്പറ്റി പറഞ്ഞ ട്രംപിെൻറ ഭരണകൂടം എപ്പോഴാണ് മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും മാനിച്ചിട്ടുള്ളത്? ഉത്തര കൊറിയയുടെ യു.എസ് വിരോധത്തെപ്പറ്റി അറിയാൻ ട്രംപ് അൽപം ചരിത്രം പരതിയാൽ മതി. ജനറൽ മക്കാർതർ എന്ന യു.എസ് സൈനിക മേധാവി, കൊറിയയിൽ അമേരിക്ക വിതച്ച കൊടും വിനാശത്തിെൻറ നേർച്ചിത്രം കോൺഗ്രസിനു മുമ്പാകെ 1951ൽ സമർപ്പിച്ചിരുന്നു: ‘‘രണ്ടുകോടി ജനങ്ങളുള്ള കൊറിയയെ നാം ചെയ്ത യുദ്ധം നശിപ്പിച്ചു. ഇത്ര കനത്ത നാശം ഞാൻ വേറെ കണ്ടിട്ടില്ല... ചോരയും നാശവും ഏറെ കണ്ടയാളായിട്ടും അന്നവിടെ ഞാൻ കണ്ട ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും - എനിക്ക് മനം പിരട്ടി’’.
ഇന്നും യു.എസിെൻറ പരമാധികാരത്തിന് ഉത്തര കൊറിയ ഭീഷണി ഉയർത്തിയിട്ടില്ല -മറിച്ചാണ്. എത്രതന്നെ അവിവേകിയായാലും കിം ജോങ് ഉൻ അമേരിക്കയെ നശിപ്പിക്കുമെന്ന് പറഞ്ഞില്ല -സ്വയം രക്ഷക്ക് ആവശ്യമെങ്കിൽ പ്രത്യാക്രമണം നടത്തുമെന്നു മാത്രം. കഴിഞ്ഞ നൂറ്റാണ്ടിൽ യുദ്ധഭ്രാന്തിെൻറ ഉച്ചിയിൽ, കുറെ ക്രൂരന്മാരായ രാഷ്ട്രനേതാക്കൾ സൃഷ്ടിച്ച കെടുതികളിൽനിന്ന് കരകയറാനും സമാധാനം പുനഃസ്ഥാപിക്കാനും ലോകരാഷ്ട്രങ്ങൾ ഉണ്ടാക്കിയ പ്രസ്ഥാനമാണ് െഎക്യരാഷ്ട്രസഭ. ഇന്നിതാ അവിടെച്ചെന്ന് ട്രംപിനെപ്പോലുള്ളവർ കൊലവിളി നടത്തുന്നു. മനുഷ്യാവകാശ കമീഷനെ ഭർത്സിക്കുന്നു. യു.എന്നിനെ നാറ്റോയെപ്പോലെ അമേരിക്കൻ വരുതിയിലുള്ള ഒരു സ്ഥാപനമായിട്ടാണ് ട്രംപ് മനസ്സിലാക്കുന്നത്. അതിനദ്ദേഹത്തെ കുറ്റപ്പെടുത്തിക്കൂടാ. അത് സമ്മതിച്ചുകൊടുക്കുന്ന വിനീതവിധേയർ അദ്ദേഹത്തിെൻറ ചുറ്റുമുണ്ട്. എന്നാലും ഒരു വാചകത്തിൽ ‘സങ്കൽപിക്കാനാവാത്ത ജീവനാശ’ത്തെച്ചൊല്ലി വേവലാതിപ്പെടുകയും അടുത്ത വാചകത്തിൽ ‘സർവനാശം’ വാഗ്ദാനം ചെയ്യുകയുമെന്ന യുക്തിരാഹിത്യത്തിനുകൂടി ലോകം സാക്ഷിയാകേണ്ടി വന്നുവല്ലോ. ആയുധങ്ങളെക്കാൾ വിധ്വംസകമാണ് ഇൗ കാപട്യം. കഷ്ടം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.