വംശീയഭ്രാന്തിന് കുടപിടിക്കുന്ന യു.എസ് പ്രസിഡൻറ്
text_fieldsഭരണകർത്താക്കളുടെ ഭാഷയും ശൈലിയും ധാർമിക ഔന്നത്യം പുലർത്തുന്നതാവണം എന്ന മൗലിക കാഴ്ചപ്പാടുകളെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരത്തിലേറിയതു മുതൽ തിരുത്തിക്കൊണ്ടിരിക്കുന്നത് വളരെ ഉത്കണ്ഠയോടെയാണ് ലോകം വീക്ഷിച്ചതെങ്കിൽ കൂടുതൽ ആശങ്കജനകമായ അവസ്ഥയിലേക്ക് ആ മനുഷ്യൻ സ്വയം ആപതിക്കുന്ന കാഴ്ചയാണ് കാണുന്നതിപ്പോൾ. വിർജീനിയയിലെ ഷാലത്സ്വിൽ നഗരത്തിൽ വംശീയഭ്രാന്തന്മാർ കഴിഞ്ഞാഴ്ച നടത്തിയ അഴിഞ്ഞാട്ടങ്ങളെയും അഴിച്ചുവിട്ട ഗുണ്ടായിസത്തെയും അന്ന് തള്ളിപ്പറഞ്ഞ പ്രസിഡൻറ് ട്രംപ് തീവ്ര വലതുപക്ഷം മാത്രമല്ല തീവ്ര ഇടതുപക്ഷവും അനിഷ്ടസംഭവങ്ങൾക്ക് ഉത്തരവാദിയാണെന്ന് പറഞ്ഞ്, നിയോനാസികൾ എന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ട അഭിനവ ഹിറ്റ്ലർമാരെ വെള്ളപൂശാൻ നടത്തിയ ശ്രമം പാർട്ടി വിഭാഗീയതകൾക്ക് അതീതമായി നിശിതവിമർശനം ക്ഷണിച്ചുവരുത്തിയിരിക്കയാണ്. ഇരുഭാഗത്തും നല്ലവരുണ്ട് എന്ന ട്രംപിെൻറ സാക്ഷിപത്രം ‘കൂ ക്ലക്സ് ക്ലാൻ’ പോലുള്ള തീവ്ര വലതു ഗ്രൂപ്പുകളെയാണ് ആഹ്ലാദിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ വാഷിങ്ടണിൽനിന്ന് 200 കി.മീ അകലെ ഷാലത്സ്വിൽ സംഭവിച്ചത് ട്രംപ് പ്രതിനിധാനം ചെയ്യുന്ന അമേരിക്ക എത്തിനിൽക്കുന്ന പതനത്തിെൻറ ആഴമാണ് ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയത്. വംശീയവാദത്തിെൻറ ചരിത്രം കണ്ട സകല ചിഹ്നങ്ങളും ഉയർത്തിപ്പിടിച്ച് വെള്ളക്കാരെൻറ വംശീയ മേന്മ എണ്ണിപ്പറഞ്ഞ് തെരുവുകൾ കൈയടക്കിയ ഭ്രാന്തന്മാർ, വിയോജിപ്പിെൻറ ശബ്ദമുയർത്തിയവർക്കെതിരെ ആക്രമണം പുറത്തെടുത്തു. തങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കടന്നാക്രമണം നടത്തിയപ്പോൾ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. സമാധാനകാംക്ഷികളെ ഏറെ ഭയപ്പെടുത്തിയത്, ഹിറ്റ്ലറുടെ നാസിഭരണകാലത്ത് മനുഷ്യരാശി കേൾക്കേണ്ടിവന്ന സംജ്ഞകളും മുദ്രാവാക്യങ്ങളും യു.എസ് തെരുവുകളിലും മുഴങ്ങിക്കേട്ടു എന്നതാണ്.
‘രക്തവും മണ്ണും’ മണക്കുന്ന ആേക്രാശങ്ങളും ന്യൂനപക്ഷങ്ങളെയും കറുത്തവർഗക്കാരെയും അധിക്ഷേപിക്കുന്ന പ്ലക്കാർഡുകളും ട്രംപ് നയിക്കുന്ന അമേരിക്ക തങ്ങളുടെ സ്വപ്നരാജ്യമാണെന്ന് സമർഥിക്കാൻ വെമ്പുന്ന തീവ്രവലതുപക്ഷത്തിെൻറ ഉത്സവമായാണ് അമേരിക്കയെ സ്നേഹിക്കുന്ന യഥാർഥ പൗരന്മാർ നോക്കിക്കണ്ടത്. അതുകൊണ്ടുതന്നെയാണ്, വംശീയഭ്രാന്തിനെ ന്യായീകരിക്കുന്ന ട്രംപിെൻറ പരാമർശങ്ങൾക്കെതിരെ റിപ്പബ്ലിക്കൻ -ഡെമോക്രാറ്റിക് പാർലമെൻറംഗങ്ങൾ ഒരുപോലെ രംഗത്തുവന്നിരിക്കുന്നത്. ട്രംപിെൻറ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുകയും ഇപ്പോൾ ഉപദേശകനായി സ്വയം കുപ്പായമിടുകയും ചെയ്ത സ്റ്റീവ് ബാനൻ എന്ന ‘ആൾട്റൈറ്റ്’ നേതാവാണ് വംശീയവാദികളുടെ മുന്നേറ്റങ്ങൾക്ക് അണിയറയിൽനിന്ന് ചരടുവലിക്കുന്നതെന്ന രഹസ്യം രാഷ്്ട്രീയ വൃത്തങ്ങളൊന്നും ഒളിച്ചുവെക്കുന്നില്ല. അതോടെ, വർണവെറിയുടെ ഉത്സവങ്ങൾക്ക് കൃപാശിസ്സുകൾ നൽകുന്നത് വൈറ്റ്ഹൗസിലിരുന്ന് പ്രസിഡൻറ് ട്രംപ്തന്നെയാണ് എന്ന നിഗമനത്തിലാണ് ലോകം എത്തിച്ചേരുന്നത്. അമേരിക്കയെക്കുറിച്ചുള്ള ഡോണൾഡ് ട്രംപിെൻറ കാഴ്ചപ്പാടുകളാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നതെന്ന കൂ ക്ലക്സ് ക്ലാൻ നേതാവ് ഡാവിഡ് ഡ്യൂക്കിെൻറ വാക്കുകൾ ഒരു രാജ്യത്തിനു മുന്നിലെ വിനാശകരമായ വഴികളിലേക്കാണ് ചൂണ്ടുപലകയാവുന്നത്.
അമേരിക്കയുടെ ഇത$പര്യന്ത ചരിത്രത്തിൽ വംശീയ വിഭാഗീയ കാഴ്ചപ്പാടുകൾ ആധുനിക രാഷ്ട്ര സങ്കൽപങ്ങളുമായി ഏറ്റുമുട്ടിയ സന്ദർഭങ്ങൾ ധാരാളമാണ്. വർണവെറിയന്മാർ മനുഷ്യത്വത്തിനെതിരെ ആസുരതയുടെ ബീഭത്സമുഖം പുറത്തെടുത്തപ്പോഴെല്ലാം അതിനെ പ്രതിരോധിക്കാൻ പ്രാന്തവത്കൃത സമൂഹത്തിൽനിന്ന് ഇച്ഛാശക്തിയുള്ള നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. ഇന്നത്തെ അമേരിക്ക മാർട്ടിൻ ലൂഥർകിങ്ങും മാൽക്കം എക്സുമൊക്കെ പോരാടി നേടിയ സമത്വസങ്കൽപത്തിെൻറയും ബഹുസ്വരതയുടെയും ചരിത്രശേഷിപ്പാണെന്ന യാഥാർഥ്യം സ്മരിക്കേണ്ട സന്ദർഭമാണിത്. വർണമേൽക്കോയ്മവാദികൾ തരവും സന്ദർഭവും ഒത്തുവരുമ്പോഴെല്ലാം തങ്ങളുടെ അധമവികാരം പുറത്തെടുക്കാനും നികൃഷ്ട അജണ്ടകൾക്കനുസൃതമായി ഭരണകൂടത്തിന്മേൽ സമ്മർദം ചെലുത്താനും ശ്രമിക്കാറുണ്ടെങ്കിലും രാഷ്ട്രത്തിെൻറ അമരത്തിരിക്കുന്നവർ ഉയർന്ന ധാർമികബോധം പ്രകടമാക്കി, വഴിതെറ്റുന്ന ജനതയെ നേർവഴിയിലേക്ക് നയിക്കാൻ ശ്രമിച്ച പാരമ്പര്യം മുറുകെപ്പിടിക്കാറുണ്ട്. ഷാലത്സ്വിൽ നഗരത്തിലെ അനിഷ്ടസംഭവങ്ങളെ പൂർണമായി അപലപിക്കാനും അതിെൻറ പിന്നിലെ ദുശ്ശക്തികളെ പരസ്യമായി തള്ളിപ്പറയാനും ആർജവം കാട്ടുന്നതിനു പകരം ഇരു പക്ഷത്തും നല്ലവരുണ്ടെന്ന ജൽപനം ട്രംപ് എന്ന വംശീയവാദിയുടെ മനസ്സിലിരിപ്പാണ് അനാവൃതമാക്കുന്നത്. മതന്യൂനപക്ഷങ്ങളെയും അരികുവത്കരിക്കപ്പെട്ടവരെയും മറ്റും കണ്ണിലെ കരടായി കാണുന്ന മാനസികാവസ്ഥയിൽനിന്ന് ഈ മനുഷ്യൻ അശേഷം മാറിയിട്ടില്ലെന്നു വേണം വിധി പറയാൻ. റഷ്യൻ പ്രസിഡൻറ് പുടിനെക്കുറിച്ച് ചോദിച്ചപ്പോൾ ഫോക്സ് ന്യൂസിന് മുമ്പ് ട്രംപ് നൽകിയ ഒരു മറുപടി ഉണ്ട്: നമ്മുടെ നാട്ടിലും ഒട്ടേറെ കൊലയാളികളുണ്ട്; നമ്മൾ അത്രക്കും നിഷ്കളങ്കരാണോ എന്ന്.
ജോർജ് വാഷിങ്ടൺ മുതൽ ഒബാമ വരെയുള്ള യു.എസ് പ്രസിഡൻറുമാർ നയനിലപാടുകളിലെ പാളിച്ചകൾക്കും ഭരണപരാജയങ്ങൾക്കും മധ്യത്തിലും ധാർമികചിന്തകളിലെ പൗരസഞ്ചയത്തിെൻറ വിചാരമണ്ഡലങ്ങളിൽനിന്ന് അകറ്റിനിർത്താൻ അനുവദിച്ചിരുന്നില്ല. വിർജീനിയ സംഘർഷഭരിതമായപ്പോൾ ഒബാമയുടെ ട്വീറ്റ് ശ്രദ്ധേയമായി: ‘‘തൊലിയുടെ നിറത്തിെൻറയോ മത പശ്ചാത്തലത്തിെൻറയോ പേരിൽ ആരും മറ്റുള്ളവരെ വെറുക്കുന്നവരായി ജനിക്കുന്നില്ല’’ എന്ന വാക്കുകൾ 2.8 ദശലക്ഷം മനുഷ്യരാണ് ‘ലൈക്ക്’ ചെയ്തത്. അമേരിക്കൻ സ്വാതന്ത്ര്യപോരാട്ടങ്ങൾക്കു ശേഷം അബ്രഹാം ലിങ്കന് യു.എസ് പൗരന്മാരെ ഓർമപ്പെടുത്താനുണ്ടായിരുന്നത് ഇതാണ്: ‘‘ആരോടും പകയില്ലാതെ, എല്ലാവരോടും ജീവകാരുണ്യം കാണിച്ച്, സത്പഥത്തിൽ അടിയുറച്ചുനിൽക്കണം.’’ ഈ ആദർശസൂക്തത്തിൽനിന്ന് ഡോണൾഡ് ട്രംപ് എത്ര പെട്ടെന്നാണ് നടന്നകന്നത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.