വാക്സിൻ: വിവരമുള്ളവർ തീരുമാനിക്കട്ടെ
text_fieldsകോവിഡ്-19നെതിരെ വാക്സിൻ ആഗസ്റ്റ് 15ഓടെ തയാറാകണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറ (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ഗവേഷണകേന്ദ്രങ്ങൾക്ക് കത്തെഴുതിയതിനു പിന്നിലെ ഉദ്ദേശ്യമെന്താണ്? ക്ലിനിക്കൽ ടെസ്റ്റിന് അനുമതി നേടിയ ഭാരത് ബയോടെക് (ബി.ബി) എന്ന കമ്പനിക്കുവേണ്ടി രാജ്യത്തെ 12 സ്ഥാപനങ്ങളിലാണ് ‘കോവാക്സിൻ’ എന്ന മരുന്നിനായി മനുഷ്യരിൽ പരീക്ഷണങ്ങളും പഠനവും നടത്തേണ്ടത്. ശാസ്ത്രജ്ഞർക്ക് ആവശ്യമായ സഹായസഹകരണങ്ങളും പ്രവർത്തനസ്വാതന്ത്ര്യവും നൽകുകയാണ് സർക്കാറിന് ചെയ്യാനുള്ളത്. എന്നാൽ, യാഥാർഥ്യബോധം ഒട്ടുമില്ലാത്ത ഒരു സമയപരിധി നിശ്ചയിച്ചുകൊടുത്തതിനു പിന്നിൽ ഐ.സി.എം.ആറിനെ സ്വാധീനിച്ച പരിഗണന ശാസ്ത്രമോ അതോ രാഷ്ട്രീയമോ എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. ഐ.സി.എം.ആർ ഔദ്യോഗികമായല്ല കത്തെഴുതിയത്; അതിെൻറ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയാണ്. ആഗസ്റ്റ് 15 എന്ന സമയപരിധി ആര്, എങ്ങനെ നിശ്ചയിച്ചു എന്ന ചോദ്യമുയർന്നപ്പോൾ വിശദീകരണം വന്നു. പരീക്ഷണഘട്ടത്തിൽ ചുവപ്പുനാട ഒഴിവാക്കി പഠനം ത്വരിതപ്പെടുത്തണമെന്നേ ഉദ്ദേശിച്ചുള്ളൂവത്രെ. വാസ്തവത്തിൽ ഔദ്യോഗിക കാലതാമസം ഒഴിവാക്കേണ്ടത് ഭരണരംഗത്താണ്; ഗവേഷണകേന്ദ്രങ്ങളിലല്ല. ഇപ്പോൾതന്നെ, 12 സ്ഥാപനങ്ങളിൽ ഏതാനും സ്ഥലങ്ങളിൽ മാത്രമേ ‘എത്തിക്കൽ കമ്മിറ്റി’കളുടെ പരിശോധനയും അനുമതിയും പൂർത്തിയായിട്ടുള്ളൂ. മറിച്ച്, പരീക്ഷണങ്ങൾക്ക് കൃത്യമായ കാലയളവ് നൽകിയേ പറ്റൂ. മരുന്നിെൻറ ഫലവും പാർശ്വഫലവും അനന്തരഫലങ്ങളുമൊക്കെ വിവിധ ഘട്ടങ്ങളിലായി നിരീക്ഷിച്ചാലേ അത് അംഗീകരിക്കാൻ പറ്റുന്നതോ എന്ന് തീരുമാനിക്കാനാവൂ. മൂന്നു ഘട്ടങ്ങളായുള്ള പരീക്ഷണത്തിന് ബി.ബി 15 മാസമാണ് ചോദിച്ചിട്ടുള്ളത്. മരുന്നിെൻറ ഫലം തെളിയുകയും അതിന് ഔദ്യോഗിക അംഗീകാരം ലഭിക്കുകയും ചെയ്താൽ അത് നിർമിച്ചിറക്കാൻ പിന്നെയുമെടുക്കും മാസങ്ങൾ. ഐ.സി.എം.ആർ ആഗസ്റ്റ് 15ഓടെ മരുന്ന് ‘പൊതു ആരോഗ്യ ഉപയോഗത്തിന്’ ലഭ്യമാകണം എന്നതുകൊണ്ട്, ഡോക്ടർമാരുടെ സ്വന്തം ഉപയോഗമാകാം ഉദ്ദേശിച്ചിരിക്കുക. എന്നാൽ, അതുപോലും സാധ്യമാകണമെങ്കിൽ വളരെ പ്രധാനപ്പെട്ട മൂന്നാംഘട്ട പരീക്ഷണം ഒഴിവാക്കേണ്ടിവരും. ‘അനുസരിച്ചില്ലെങ്കിൽ അത് ഗൗരവമായി കാണേണ്ടിവരും’ എന്ന ഭീഷണിസ്വരം ഇത്ര ഗൗരവപ്പെട്ട ശാസ്ത്രപരീക്ഷണവുമായി ചേരുമോ എന്ന് ഭാർഗവ തന്നെ ആലോചിക്കട്ടെ. മൊത്തത്തിൽ അദ്ദേഹത്തിെൻറ കത്തിലെ പൊരുത്തക്കേട് രണ്ടിലൊരു സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്: ഒന്നുകിൽ, കോവിഡിന് മറ്റാരെക്കാളും മുമ്പ് വാക്സിൻ കണ്ടെത്തി കേമ്പാളം പിടിക്കാനുള്ള ആരുടെയോ തിടുക്കം. അല്ലെങ്കിൽ, തദ്ദേശീയമായി വാക്സിൻ വികസിപ്പിച്ചു എന്ന് സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിക്ക് വകനൽകാനുള്ള സമ്മർദം. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി കഴിഞ്ഞ കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിന് മോദി പ്രഖ്യാപിച്ചത് ഐ.എസ്.ആർ.ഒയെ മറികടന്നായിരുന്നല്ലോ.
എല്ലാം രാഷ്ട്രീയ മുതലെടുപ്പിെൻറയോ ലാഭചിന്തയുടെയോ കോണിലൂടെ മാത്രം കാണാതെ, പൊതുജനാരോഗ്യത്തെ ബാധിക്കുന്ന കാര്യത്തിലെങ്കിലും ശാസ്ത്രജ്ഞർക്ക് ആവശ്യമായ സ്വാതന്ത്ര്യവും സാവകാശവും നൽകുകയാണ് അധികൃതർ ചെയ്യേണ്ടത്. ഭരണപരമായ നടപടിക്രമങ്ങൾ വേഗത്തിലാവുകതന്നെ വേണം; അത് ചെയ്യേണ്ടത് സർക്കാറാണ്. ഗവേഷകർക്ക് നിശ്ചയിച്ച സമയക്രമം ചുരുക്കാനാവില്ല. ജൂൺ 29നാണ് ബി.ബിക്ക് ഒന്നും രണ്ടും ഘട്ടം പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചത്. (പിന്നീട് സൈദുസ് കമ്പനിക്കും അത് ലഭിച്ചു.) ചുരുക്കം വളൻറിയർമാരിൽ മരുന്ന് കുത്തിവെച്ച് അതിെൻറ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ഒന്നാംഘട്ടവും കൂടുതലാളുകളിൽ പരീക്ഷണം നടത്തി ഫലം പരിശോധിക്കുന്ന രണ്ടാംഘട്ടവും കഴിയാൻതന്നെ മാസങ്ങളെടുക്കും. എല്ലാം കൃത്യമായി നടന്നാൽപോലും നന്നേ ചുരുങ്ങിയത് ഒമ്പതു മാസത്തോളം മൂന്നു ഘട്ടങ്ങൾക്കു വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറയുന്നു. മൂന്നാംഘട്ടം ഒഴിവാക്കിയും ഒന്നും രണ്ടും ഘട്ടങ്ങളിൽ വെള്ളംചേർത്തും ആഗസ്റ്റ് 15 എന്ന സമയപരിധി പാലിക്കണമെന്നാണോ ബൽറാം ഭാർഗവ ഉദ്ദേശിച്ചിരിക്കുക? എങ്കിൽ അത് അംഗീകൃത നടപടിച്ചട്ടങ്ങളും ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച നിബന്ധനകളും ലംഘിക്കലാകും; ജനങ്ങളുടെ ആരോഗ്യംകൊണ്ട് കളിക്കലുമാകും. രണ്ടുഘട്ടം പരീക്ഷണങ്ങൾ തൃപ്തികരമായാൽതന്നെ മരുന്ന് കണ്ടുപിടിച്ചെന്ന് പ്രഖ്യാപിക്കാൻ അത് മതിയാകില്ല എന്നാണ് വൈറോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
ലാഘവത്തോടെ എടുക്കേണ്ട ഒന്നല്ല കോവിഡ്-19 രോഗവും പ്രതിരോധവും. ആഗോളതലത്തിൽ രോഗികൾ ഒന്നേകാൽ കോടിയോടടുക്കുന്നു; മരണം അഞ്ചരലക്ഷത്തോടടുക്കുന്നു. ഇന്ത്യയിൽ രോഗികൾ ആറേമുക്കാൽ ലക്ഷമായി; മരണം ഇരുപതിനായിരവും. എത്രവേഗം വാക്സിനും ചികിത്സയുമൊക്കെ കണ്ടുപിടിക്കുന്നോ അത്രയും നല്ലത്. അതിനായുള്ള ആകാംക്ഷയും ഉത്കണ്ഠയും മനസ്സിലാക്കാനാവും. ലോകത്തെങ്ങും പ്രതിരോധമരുന്നിനായി കാത്തിരിക്കുന്നു. ഫലപ്രദമായ വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും അടുത്ത സമയം ഇക്കൊല്ലം ഒടുവിലോ അടുത്തകൊല്ലം തുടക്കത്തിലോ ആയിരിക്കുമെന്നാണ് വിഖ്യാത വൈറോളജിസ്റ്റ് ആൻറണി ഫൗചി പ്രവചിക്കുന്നത്. ബ്രിട്ടനും യു.എസും ചേർന്ന് ഓക്സ്ഫഡ് യൂനിവേഴ്സിറ്റി-ആസ്ട്രസെനെക്കാ സംരംഭമായി ഇറങ്ങുമെന്ന് കരുതുന്ന വാക്സിനാവാം ആദ്യ വാക്സിനുകളിലൊന്ന്. അത് ആയിക്കഴിഞ്ഞാൽ നൂറു കോടി ഡോസ് വാങ്ങാൻ ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്. ഫലം ചെയ്തേക്കുമെന്ന് കരുതിയിരുന്ന ഹൈഡ്രോക്ലോറോക്വിൻ ഇതിനു പറ്റില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിക്കഴിഞ്ഞു. വിവിധ രാജ്യ കൂട്ടായ്മകളും മരുന്ന് ഗവേഷണത്തിന് ആളും അർഥവും നൽകി കാത്തിരിക്കുന്നു. അടിയന്തര ഉപയോഗത്തിന് യു.എസിലും സൈനികരുടെ ആവശ്യത്തിന് ചൈനയിലും അന്തിമാംഗീകാരത്തിന് കാത്തുനിൽക്കാതെതന്നെ മരുന്ന് പ്രയോഗിക്കാൻ തയാറായിട്ടുണ്ട്. ഇതെല്ലാം ഇരിക്കെതെന്ന പൊതു ആരോഗ്യരംഗത്ത് ഉപയോഗിക്കാവുന്ന വാക്സിൻ കണ്ടെത്താനും അക്കാര്യം അറിയിക്കാനുമുള്ള സാവകാശവും അധികാരവും ശാസ്ത്രലോകത്തിന് അവകാശപ്പെട്ടതാണ്. രാഷ്ട്രീയ ഇടപെടലിലൂടെ അതവർക്ക് നിഷേധിച്ചുകൂടാ. ‘സാർസ്’, ‘മെർസ്’ തുടങ്ങി ഒരു കൊറോണ വൈറസിനും വാക്സിൻ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നിരിക്കെ, അനാവശ്യ തിടുക്കത്തിലൂടെ സമ്മർദത്തിലാക്കാനുള്ള ശ്രമങ്ങളെ ശാസ്ത്രലോകവും പ്രതിരോധിക്കണം. കോവിഡ് പ്രതിരോധത്തിലെങ്കിലും വിവരമുള്ളവർ തീരുമാനങ്ങളെടുക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.