Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവഖഫ് ഭേദഗതി ബിൽ:...

വഖഫ് ഭേദഗതി ബിൽ: തെറ്റിദ്ധരിപ്പിക്കൽ തുടരുന്നു

text_fields
bookmark_border
Waqf Amendment Bill
cancel


വഖഫ് ഭേദഗതി ബില്ലിനെതിരായ എതിർപ്പ് കൂടുതൽ ജനകീയതലത്തിലേക്ക്​ പടരുന്നതാണ്​ ഇക്കഴിഞ്ഞ തിങ്കളാഴ്ച ന്യൂഡൽഹി ജന്തർ മന്തറിൽ കണ്ടത്. അഖിലേന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോർഡ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ മുസ്‍ലിം സംഘടനകൾ വിപുലമായി അണിനിരന്നതിന് പുറമെ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളായ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്‌മി പാർട്ടി, സമാജ്‌വാദി പാർട്ടി, സി.പി.എം, സി.പി.ഐ, എൻ.സി.പി, എ.ഐ.എം.ഐ.എം, ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്, ഐ.എൻ.എൽ എന്നിവയുടെ പ്രമുഖ നേതാക്കളും പങ്കെടുത്തു. ബി.ജെ.പി സർക്കാറിന് ശക്തമായ സന്ദേശം നൽകുന്നതിൽ റാലി വിജയിച്ചെന്നാണ് പ്രതികരണങ്ങളിൽനിന്ന് മനസ്സിലാവുന്നത്.

കഴിഞ്ഞ ആഗസ്റ്റിൽ പാർലമെന്‍റിൽ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെ.പി.സി) പരിശോധനക്ക് വിടുകയായിരുന്നു. ബി.ജെ.പി എം.പി ജഗതംബിക പാലിന്‍റെ അധ്യക്ഷതയിലുള്ള 31 അംഗ ജെ.പി.സിയിൽ എൻ.ഡി.എ മുന്നണിക്ക് വ്യക്തമായ മേൽക്കൈയുണ്ട്. ജെ.പി.സി ചർച്ചകളിൽ ഭരണപക്ഷത്തിന്‍റെ ഏകപക്ഷീയ സമീപനവും എന്നാൽ ബിൽ ചർച്ച ചെയ്തു എന്ന് വരുത്തിത്തീർക്കാനുള്ള ത്വരയും പ്രകടമായിരുന്നു. അവസാനം പ്രതിപക്ഷ അംഗങ്ങളുടെ ഭിന്നാഭിപ്രായക്കുറിപ്പുകൾ ഭാഗികമായും ഭരണപക്ഷം കൊണ്ടുവന്ന 14 ഭേദഗതികളും ഉൾപ്പെടുത്തിയാണ് ജനുവരി 30ന് ലോക്സഭക്ക് മുമ്പാകെ സമർപ്പിച്ചത്.

ബില്ലിന്‍റെ കരട് പുറത്തുവന്ന ഘട്ടത്തിൽതന്നെ മുസ്‍ലിം സമൂഹത്തിന്‍റെ എല്ലാ കോണുകളിൽനിന്നും എതിർപ്പുയർന്നിരുന്നു. ഒട്ടുമിക്ക രാഷ്ട്രീയപാർട്ടികളും പ്രമുഖ മതേതര വക്താക്കളും അതിനോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു. മൊത്തത്തിൽ ബില്ലിന്‍റെ ഉന്നം മുസ്‍ലിം സമൂഹത്തിന്‍റെ ആസ്തികളും ഉടമാവകാശവും ഇല്ലാതാക്കലും മതസ്വാതന്ത്ര്യത്തിൽ കൈകടത്തലുമായതിനാൽ ബിൽ നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യമാണ് ജന്തർ മന്തറിൽ മുഴങ്ങിക്കേട്ടത്. ബി.ജെ.പി സഖ്യകക്ഷികളും അന്യഥാ മതേതരമുഖം പേറുന്നവരുമായ ആന്ധ്രയിലെ തെലുഗുദേശം പാർട്ടിയും ബിഹാറിലെ നിതീഷ് കുമാറിന്‍റെ ജനതാദൾ (യു)വും തുടക്കത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നെങ്കിലും കേന്ദ്രത്തിന്‍റെ അധികാരപങ്കിന് വഴങ്ങി എതിർപ്പുകൾ മടക്കിവെക്കുന്നതാണ് അവസാനം കണ്ടത്.

നഖശിഖാന്തം എതിർക്കപ്പെടാൻ പോന്നതാണ് ബില്ലിന്‍റെ ഉള്ളടക്കം. വഖഫ് ചെയ്യുന്നവർക്ക് നിശ്ചയിച്ച യോഗ്യതമുതൽ കാണാം അതിന്‍റെ ദുഷ്ടലാക്ക്. ദൈവമാർഗത്തിലെ ദാനമായ വഖഫ് സമർപ്പിക്കാൻ ഏത് മുസ്‌ലിമിനും മതപരമായി അവകാശമുണ്ടെന്നിരിക്കെ, ബില്ലനുസരിച്ച് പുതുതായി ഇസ്​ലാം ആ​ശ്ലേഷിച്ചവർക്ക് അഞ്ച് വർഷം കഴിഞ്ഞു മാത്രമേ അതിന് കഴിയൂ. ഉപയോഗത്തിലൂടെ വഖഫ് ആയി മാറിക്കഴിഞ്ഞ വഖഫ് സ്വത്തുക്കൾക്കുള്ള സംരക്ഷണം ബിൽ എടുത്തുകളയുന്നു. നിലവിൽ വഖഫ് സ്വത്തുക്കളെക്കുറിച്ചുള്ള തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ചുമതലപ്പെട്ട വഖഫ് ട്രൈബ്യൂണലുകളുടെ തീർപ്പ് അന്തിമമാണെങ്കിൽ പുതിയ ബില്ലിൽ ആർക്കും അതിനെതിരെ ഹൈകോടതിയെ സമീപിക്കാം. ട്രൈബ്യൂണലുകൾക്ക് മൂന്നിന് പകരം ഇനി രണ്ടു അംഗങ്ങളേ ഉണ്ടാവൂ.

ഒരു ജില്ല കലക്ടറും ജോയന്റ് സെക്രട്ടറിതലത്തിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനും. അവരൊന്നും മുസ്‍ലിം ആയിരിക്കണമെന്ന്​ നിർബന്ധമില്ല. കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും വഖഫ് ട്രൈബ്യൂണലുകളിലും അമുസ്‍ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ് ഏറ്റവും പ്രധാനം. മറ്റു മതസ്ഥരുടെ മതപരമായ സ്ഥാപനങ്ങളിലൊന്നും അന്യ മതസ്ഥർ ഭരണസമിതികളിൽ വേണമെന്ന നിബന്ധനയില്ലാത്തപ്പോഴാണിത്. നിലവിലെ വഖഫ് നിയമം ഇതരരുടെ സ്വത്തുക്കൾ പിടിച്ചടക്കാനുള്ള ഉപാധിയാണെന്ന മട്ടിൽ മാധ്യമ പിന്തുണയോടെ വ്യാജ ആഖ്യാനങ്ങൾ ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സംഘ്പരിവാറും സർക്കാർ അനുകൂലികളും വ്യാപക ശ്രമങ്ങൾ നടത്തുന്നുണ്ട്. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ മുസ്​ലിംകൾ മാത്രമുള്ള സമിതികൾക്കാവില്ല എന്നതാണ് മറ്റൊരു പ്രചാരണം.

ഇതിന് പുറമെ അത് കൂടുതൽ കാര്യക്ഷമമാക്കാൻ എന്ന ആഖ്യാനംകൂടി വരുമ്പോൾ മുസ്‍ലിംകൾക്ക് ഇതൊന്നും തനിച്ച് സാധ്യമല്ലെന്ന ധ്വനിയും. വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്രീകൃത സംവിധാനത്തിൽ ഡിജിറ്റൽ രേഖയാക്കുമെന്നും പുതിയ സ്വത്തുക്കൾ ഈ ഡാറ്റാബേസിലേക്ക് അപ്‌ലോഡ് ചെയ്യണമെന്നുമുള്ള, സൈബർ യുഗത്തിൽ സ്വാഭാവികമായി നടക്കേണ്ട പരിഷ്കരണത്തെയും പുതിയ ബില്ലിലെ ഒരു ഒരു മഹാസംഭവമായി ചിത്രീകരിക്കുന്നത് കാണാം. വനിത പ്രാതിനിധ്യവും അത് പോലെതന്നെ. 1995ലെ ആക്ടിൽതന്നെ കേന്ദ്ര വഖഫ് കൗൺസിൽ അംഗങ്ങൾ എല്ലാം മുസ്‍ലിംകളായിരിക്കണമെന്ന വ്യവസ്ഥയോടൊപ്പം അതിൽ രണ്ടുപേർ വനിതകളായിരിക്കണമെന്നുമുണ്ട്. അതിനു പുറമെ കേന്ദ്ര സർക്കാറിന് ചട്ടങ്ങൾ നിർമിക്കാൻ വിപുലമായ അധികാരം നൽകുന്നു പുതിയ ബിൽ.

നിലവിലുള്ള വഖഫ് സംവിധാനങ്ങളെ മൊത്തം അവിശ്വസിച്ചും മുസ്‍ലിം സമുദായത്തിന്‍റെ സ്വയം ഭരണാവകാശത്തെ റദ്ദ് ചെയ്തു കൊണ്ടുമുള്ള നിയമമാണ് സംഘ്പരിവാർ സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. അതുകൊണ്ട് തന്നെയാണ്, ഗുരുദ്വാരകളുടെ ഭരണസമിതികളിൽ സിഖ് മതസ്ഥരല്ലാത്തവരെയോ ക്ഷേത്രസമിതികളിൽ അഹിന്ദു അംഗങ്ങളെയോ ഉൾപ്പെടുത്തുന്ന നിയമം നിർമിക്കാൻ കേന്ദ്രം തയാറാവുമോ എന്ന് ബില്ലിന്റെ വിമർശകർ ചോദിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നതാണ് മതസ്ഥാപനങ്ങൾ കൊണ്ടു നടത്താനുള്ള അവകാശവും. അതിന്മേലാണ് സർക്കാർ കൈവെക്കുന്നത് എന്നത് മറച്ചുവെച്ചാണ്, സർക്കാർ വിലാസം മാധ്യമങ്ങളെയും സ്വന്തം പ്ലാറ്റ്​ഫോമുകളെയും ഉപയോഗപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുന്നത്. ഇതിലെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ഒന്നിക്കേണ്ട സമയമാണിത്. ജന്തർ മന്തർ പ്രതിഷേധം അതിന്‍റെ തുടക്കമാവട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialmodi govtWaqf Amendment Bill
News Summary - Waqf Amendment Bill in Modi Govt
Next Story
RADO