മഡ്രിഡിൽനിന്നുള്ള മുന്നറിയിപ്പുകൾ
text_fields2019 െൻറ ആദ്യ ആറുമാസത്തിനിടെ കാലാവസ്ഥവ്യതിയാനം കൊണ്ടുണ്ടായ പ്രകൃതിദുരന്തം രണ്ടു കോടിയോളം ജനങ്ങളെ ബാധിച്ചു. വർഷാവസാനത്തോടെ അത് 2.2 കോടി മനുഷ്യരെ നിരാലംബരാക്കും. ദുരന്തങ്ങൾ ഇനിയും വർധിക്കും’– സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ ഡിസംബർ രണ്ടിന് ആരംഭിച്ച 25ാമത് ലോക കാലാവസ്ഥ ഉച്ചകോടിയിൽ കാലാവസ്ഥ സംഘടന സെക്രട്ടറി ജനറൽ പീറ്ററി തലാസ് മുന്നോട്ടുവെച്ച കണക്കുകളാണിത്. ഉച്ചകോടി ഉദ്ഘാടനംചെയ്യവെ യു.എൻ ജനറൽ സെക്രട്ടറി അേൻറാണിയോ ഗുട്ടെറസ് പറഞ്ഞ വാക്കുകൾ ഇതാണ്: ‘തിരിച്ചുപോകാൻ പറ്റാത്ത അവസ്ഥയിലേക്ക് ലോകം പോകുകയാണ്. അതിനുമുമ്പ് ഉണർന്നുപ്രവർത്തിച്ചേ മതിയാകൂ’. ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെട്ട കണക്കുകളും വസ്തുതകളും സാമാന്യമായി ആരിലും ആശങ്കയുയർത്തുന്നതാണ്.
കാലാവസ്ഥജന്യമായതും മുൻപരിചയമില്ലാത്തതുമായ ദുരന്തങ്ങൾ ലോകത്തിെൻറ ഏതെങ്കിലും കോണിൽ സംഭവിക്കാത്ത ദിനങ്ങൾ അപൂർവമായിരിക്കുന്നുവെന്നത് ഏതാനും വർഷങ്ങൾക്കിടയിലെ അനുഭവമാണ്. നമ്മുടെ കേരളം തുടർച്ചയായ രണ്ടുവർഷം മഹാപ്രളയത്തെ അഭിമുഖീകരിക്കുന്നു. പ്രളയത്തിനുശേഷം അസാധാരണ സമയങ്ങളിലെ മഴ, തുടരത്തുടരെ ന്യൂനമർദങ്ങൾ, അതിനെത്തുടർന്നുണ്ടാകുന്ന കാലാവസ്ഥമാറ്റങ്ങൾ എല്ലാം നാം നേരിട്ടനുഭവിച്ചതാണ്. ഇത്തരം അസാധാരണ പ്രതിഭാസങ്ങൾ കേരളത്തിൽ മാത്രമല്ല, ലോകത്തിെൻറ ഏതാണ്ടെല്ലാ കോണുകളിലും നടക്കുന്നുവെന്നതാണ് വാസ്തവം. യൂറോപ്പിലും ആസ്േട്രലിയയിലും ജപ്പാനിലും അനുഭവപ്പെട്ട ഉഷ്ണവാതം, തെക്കുകിഴക്കൻ ആഫ്രിക്കൻരാജ്യങ്ങളെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റ്, ആസ്േട്രലിയയിലെയും കാലിഫോർണിയയിലെയും ആമസോണിലെയും കാട്ടുതീ ഇവയെല്ലാം അസാധാരണ പ്രതിഭാസങ്ങളാണ്. അന്തരീക്ഷത്തിൽ കാർബണിെൻറ അളവ് അസാധാരണമാംവിധം ഉയർന്നിരിക്കുന്നു, കടലിലെ ചൂട് ഏറ്റവും കൂടിയ അളവിൽ എത്തുന്നു, കടലിലെ അമ്ലത്തിെൻറ അളവ് 25 ശതമാനത്തിലേറെ വർധിച്ചു... എന്നിങ്ങനെ പോകുന്നു ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെട്ട കണക്കുകൾ. ഫോസിൽ ഇന്ധനത്തിെൻറ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ പ്രശ്നങ്ങളുടെ വ്യാപ്തി പ്രവചനാതീതമായി വർധിക്കും എന്നാണ് ഗുട്ടെറസ് മുന്നറിയിപ്പുനൽകുന്നത്.
കാലാവസ്ഥ വ്യതിയാനത്തെ മുന്നിൽക്കണ്ട്, അതിനെ മറികടക്കാനാവശ്യമായ ശ്രമങ്ങൾ വ്യവസ്ഥാപിതമാക്കാൻ യു.എൻ നടത്തുന്ന പ്രധാന സംരംഭമാണ് കാലാവസ്ഥ ഉച്ചകോടികൾ. 1995ൽ ബർലിനിലാണ് ഇതിന് തുടക്കം. 2020ഓടുകൂടി ഉച്ചകോടികളിലൂടെ രൂപപ്പെടുന്ന ആശയങ്ങൾ പ്രയോഗത്തിൽവരുത്തിത്തുടങ്ങണം എന്നതാണ് കാഴ്ചപ്പാട്. ആ ലക്ഷ്യംവെച്ചുകൊണ്ടുള്ള പരിശ്രമങ്ങളും ആശയ രൂപവത്കരണങ്ങളും യു.എൻ വ്യവസ്ഥാപിതമായി നടത്തുന്നുണ്ടെങ്കിലും പലതും പ്രയോഗവത്കരണത്തിലെത്തിക്കാൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത. കാലാവസ്ഥവ്യതിയാനമെന്നു കേൾക്കുന്നതുതന്നെ ഇഷ്ടമില്ലാത്ത ആളാണ് നിലവിലെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഉച്ചകോടികളിൽ രൂപപ്പെട്ട ആശയങ്ങൾ പ്രാവർത്തികമാക്കാൻ ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിൽ േലാകരാജ്യങ്ങളെല്ലാംചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് പാരിസ് കരാർ എന്നപേരിൽ അറിയപ്പെടുന്നത്. ആഗോള താപനിലയുടെ വർധന രണ്ടു ഡിഗ്രി സെൽഷ്യസിൽ കൂടാതെ നോക്കുക എന്നതാണ് പ്രസ്തുത കരാറിെൻറ കാതൽ. ആ ലക്ഷ്യം മുൻനിർത്തിയുള്ള ഘടനപരവും ഭരണനിർവഹണപരവുമായ നടപടികൾ സ്വീകരിക്കാൻ ലോകരാജ്യങ്ങൾ ബാധ്യസ്ഥരാണ്. 2016ലാണ് കരാർ പ്രഖ്യാപിച്ചതെങ്കിലും 2017ൽതന്നെ ഡോണൽഡ് ട്രംപ് കരാറിൽനിന്ന് പിൻവാങ്ങുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. പാരിസ് കരാർ അമേരിക്കൻ സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിപ്പിക്കുന്നതാണെന്നാണ് അദ്ദേഹത്തിെൻറ വാദം. ലോകത്തെ വൻശക്തി രാഷ്ട്രം പിന്മാറ്റം പ്രഖ്യാപിച്ചതോടെ ആ കരാർ അങ്ങേയറ്റം ദുർബലപ്പെടുകയായിരുന്നു. പല രാജ്യങ്ങളും അതിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വലിയ അലംഭാവമാണ് കാണിക്കുന്നത്. അടുത്തിടെ ആമസോണിൽ കാട്ടുതീ പടർന്നുപിടിച്ചപ്പോൾ ലോകരാജ്യങ്ങളെല്ലാം കടുത്ത ആശങ്കകൾ ഉയർത്തിയിട്ടും ബ്രസീലിയൻ സർക്കാർ സ്വീകരിച്ച അലംഭാവ നയം നമ്മൾ കണ്ടതാണ്.
ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ആശയപ്പൊരുത്തം ഉണ്ടാക്കാൻ ഇത്രയധികം ഉച്ചകോടികൾക്കുശേഷവും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. മഡ്രിഡ് ഉച്ചകോടിയിൽ അധ്യക്ഷതവഹിച്ച ചിലിയൻ മന്ത്രി കരോലിന ഷിമിത് പറഞ്ഞതുപോലെ, കാലാവസ്ഥവ്യതിയാനത്തിെൻറ ദുരന്തങ്ങൾ ഏറ്റവുമധികം പേറേണ്ടിവരുന്നത് ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളും രാജ്യങ്ങളുമാണ്. അതിനാൽ, കാലാവസ്ഥവ്യതിയാനത്തിനെതിരായ സമരത്തിന് സാമൂഹികനീതിയുടെ തലവുമുണ്ടെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. അതേസമയം, വികസ്വര രാജ്യങ്ങളുടെ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുന്നതാണ് പാരിസ് കരാറിെൻറയും സമാനമായ പദ്ധതികളുടെയും ഉള്ളടക്കം എന്ന വിമർശനമുന്നയിക്കുന്ന വികസ്വര, അവികസിത രാഷ്ട്രങ്ങളുമുണ്ട്. ദുർബലരെ വീണ്ടു ദുർബലരാക്കുന്ന ഏർപ്പാട് മാത്രമാണതെന്നാണ് അവരുടെ പക്ഷം. ചുരുക്കത്തിൽ, കാലാവസ്ഥവ്യതിയാനവുമായി ബന്ധപ്പെട്ട കണക്കുകളും അനുഭവങ്ങളും നമ്മുടെ മുന്നിലുെണ്ടന്ന യാഥാർഥ്യം നിലനിൽക്കെത്തന്നെ അതിെൻറ കാരണങ്ങളെന്ത്, അവയെ എങ്ങനെ മറികടക്കാം തുടങ്ങിയ കാര്യങ്ങളിൽ സാർവദേശീയ തലത്തിൽതന്നെ ആശയവ്യക്തത വന്നിട്ടില്ല എന്നർഥം. മഡ്രിഡ് ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് വന്നവരുടെ പദവികൾ പരിശോധിച്ചാൽത്തന്നെ പലരും എത്ര അലസമായാണ് ഈ വിഷയങ്ങളെ കാണുന്നതെന്ന് മനസ്സിലാവും. അതിനാൽ, കാലാവസ്ഥവ്യതിയാനം മുന്നോട്ടുവെക്കുന്ന പ്രതിസന്ധികളെ മറികടക്കാൻ ഒന്നാമതായി വേണ്ടത് അേതക്കുറിച്ച് ആശയ വ്യക്തത വരുത്തുക എന്നതുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.