Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമിന്നൽ പ്രളയങ്ങളിൽ...

മിന്നൽ പ്രളയങ്ങളിൽ ഒലിച്ചു പോകുന്നത്

text_fields
bookmark_border
floods, sikkim floods
cancel


മഞ്ഞുതടാക വിസ്ഫോടനം സൃഷ്ടിച്ച മിന്നൽപ്രളയം വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിനെ ഒന്നാകെ ദുരിതത്തിൽ മുക്കിയിരിക്കുന്നു. 23 സൈനികരടക്കം നൂറിലേറെ പേർ പ്രളയത്തിൽ ഒലിച്ചുപോയെന്നാണ് ആദ്യകണക്കുകൾ. 11 പാലങ്ങൾ ഒലിച്ചുപോയി. 22,000 പേർ ദുരിതബാധിതരായുണ്ടെന്ന് അധികൃതർ പറയുന്നു. മലയാളികളടക്കം മൂവായിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. വടക്കൻ സിക്കിമിലെ സൗത്ത് ലോനാക് മഞ്ഞുതടാകം പ്രക്ഷുബ്ധമായി അണപൊട്ടിയൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയം കുത്തിയൊലിച്ച് താഴെ ടീസ്റ്റ നദി കരകവിഞ്ഞൊഴുകി വൻ പ്രളയമായി മാറുകയായിരുന്നു. വൻനാശം ബാധിച്ച ചുങ്താങ്, മൻഗൻ ജില്ലകളിലേക്കുള്ള വാർത്തവിനിമയസംവിധാനം തകരാറിലായതിനാൽ ആൾ നഷ്ടത്തിന്‍റെയും സ്വത്തുനാശത്തിന്‍റെയും യഥാർഥ സ്ഥിതിവിവരങ്ങൾ ലഭിക്കാനിരിക്കുന്നതേയുള്ളൂ.

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ടായ കാലവർഷത്തിന്‍റെ ഭാഗമായുള്ള അതിവർഷമോ മഞ്ഞുമലയിടിച്ചിലോ ആവാം മഞ്ഞുതടാകത്തിന്‍റെ പ്രക്ഷുബ്ധതക്കും തുടർപ്രളയത്തിനുമിടയാക്കിയത് എന്നാണ് ആദ്യനിഗമനം. നേപ്പാളിലും ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും കഴിഞ്ഞ നാളുകളിലുണ്ടായ ഭൂചലനങ്ങളും ഈ അപ്രതീക്ഷിത വിസ്ഫോടനത്തിനിടയാക്കിയിരിക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 1200 മെഗാവാട്ട് ശേഷിയുള്ള വൻ ജലവൈദ്യുതിപദ്ധതിയായ ടീസ്റ്റ ത്രീ പ്രോജക്ടിന്‍റെ അവിഭാജ്യഭാഗമായ ചുങ്താങ് ഹൈഡ്രോ ഡാമിന്‍റെ ഒരു ഭാഗം പൊളിഞ്ഞത് അപകടനില ഇനിയും രൂക്ഷമാക്കുമെന്ന ആശങ്കയുയർന്നിട്ടുണ്ട്. സൈന്യത്തിന്‍റെയും ദേശീയ ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിൽ ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമാണ്.

ഹിമാലയ മടിത്തട്ടിലെ സംസ്ഥാനങ്ങളിൽ പ്രകൃതിദുരന്തങ്ങൾ സർവസാധാരണമെന്ന പോലെയായി മാറുകയാണോ എന്ന ആശങ്കയാണ് സിക്കിമിലെ പ്രളയമുയർത്തുന്നത്. കാലാവസ്ഥ വ്യതിയാനത്തോടൊപ്പം ഭൂപ്രകൃതിയെയും പരിസ്ഥിതിയെയും ഗൗനിക്കാതെയുള്ള വികസനപ്രവർത്തനങ്ങൾ പെരുകിവന്നതു കൂടി ദുരന്തങ്ങളുടെ ആവർത്തി കൂടുന്നതിനുള്ള കാരണമാണെന്ന് ഇപ്പോഴത്തെ ദുരന്തവും തെളിയിക്കുന്നു. വിവിധ സർക്കാർ ഏജൻസികളും ശാസ്ത്രപര്യവേക്ഷകരുമൊക്കെ ലോനാക് തടാകത്തിൽ മഞ്ഞുതടാക വിസ്ഫോടനപ്രളയ (Glacial Lake Outburst Flood-GLOF)ത്തിനുള്ള സാധ്യത കഴിഞ്ഞ ഒരു ദശകമായി മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നതാണ്. സമുദ്രനിരപ്പിൽനിന്ന് 5,425 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലോനാക് തടാകം മലയടിവാരത്തിൽ വൻദുരന്തങ്ങൾ വിതക്കാവുന്ന അത്യന്തം അപകടാവസ്ഥയിലാണെന്ന് ഹൈദരബാദ് ആസ്ഥാനമായ നാഷനൽ റിമോട്ട് സെൻസിങ് സെന്‍ററിലെ ശാസ്ത്രജ്ഞർ 2013ൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇപ്പോൾ പ്രളയത്തിൽ മുങ്ങിയ ചുങ്താങ്, റാങ്പോ, സിങ്താം, ദിക്ചു തുടങ്ങിയ ടൗൺഷിപ്പുകളിൽ വമ്പിച്ച ആൾനാശത്തിനും സ്വത്തുനഷ്ടത്തിനും വകവെച്ചേക്കാവുന്ന മിന്നൽപ്രളയത്തിനുള്ള സാധ്യതയും റിപ്പോർട്ട് എടുത്തുപറഞ്ഞിരുന്നു. മഞ്ഞ്, മലയിടിച്ചിൽ പഠനവിധേയമാക്കുന്ന ‘സ്നോ ആൻഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്മെന്‍റ് (SASE), സിക്കിം ശാസ്ത്രസാങ്കേതിക-കാലാവസ്ഥ വ്യതിയാന വകുപ്പും ചേർന്ന് 2014 ആഗസ്റ്റിൽ നടത്തിയ പഠനത്തിലും ഈ ഗുരുതരസ്ഥിതി ചൂണ്ടിക്കാട്ടിയിരുന്നു. മഞ്ഞുതടാകങ്ങളുടെ അന്തരീക്ഷമർദം കുറക്കാനുള്ള താൽക്കാലിക പരിഹാരക്രിയകളും റിപ്പോർട്ട് നിർദേശിച്ചിരുന്നു.

സിക്കിം ദുരന്തനിവാരണ അതോറിറ്റി, ഇന്തോ തിബത്തൻ പൊലീസ് ഫോഴ്സ്, ലഡാക്കിലെ സ്റ്റുഡന്‍റ്സ് എജുക്കേഷൻ ആൻഡ് കൾചറൽ മൂവ്മെന്‍റ് എന്നിവരടങ്ങുന്ന ഒരു സംയുക്തസംഘം 2016 സെപ്റ്റംബറിൽ നടത്തിയ പഠനത്തിൽ കനത്ത മഞ്ഞുരുക്ക ഭീഷണി നിലനിൽക്കുന്ന മേഖലയിൽ എൻജിനീയറിങ് ഇടപെടൽ സാധ്യമല്ല എന്നു കണ്ടെത്തി. തടാകത്തിന്‍റെ മർദം കുറക്കാൻ പോളിത്തീൻ പൈപ്പുവഴി വെള്ളം തിരിച്ചുവിടുന്ന സംവിധാനവും ഉരുത്തിരിച്ചെടുത്തു. സിക്കിമിൽ 44 ഹെക്ടർ ഭൂപ്രദേശം കവരുന്ന 11 വലിയ മഞ്ഞുതടാകങ്ങളുണ്ട്.

ഇവയുടെ ശാസ്ത്രീയമായ നടത്തിപ്പുതന്നെ ദുർവഹമായിരിക്കെയാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്ന അണക്കെട്ട് നിർമാണം മേഖലയിൽ അനുദിനം പുരോഗമിക്കുന്നത്. സജീവ ഭൂകമ്പസാധ്യതയുള്ള ഹിമാലയൻ മേഖലയിലെ പത്തു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 81 വൻജലവൈദ്യുതിപദ്ധതികളുണ്ട്. 32 എണ്ണം നിർമാണത്തിലാണ്. 320 വലിയ പദ്ധതികൾ ഒരുക്കത്തിലുമാണ്. കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലെ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കാണിത്. നിർമാണത്തിലുള്ള 32ൽ അഞ്ചെണ്ണം സിക്കിമിലാണ്. മേഘവിസ്ഫോടനം സംഭവിക്കുമ്പോൾ ജലവൈദ്യുതി പദ്ധതികൾ ദുരന്തത്തിന്‍റെ ആഘാതം വർധിപ്പിക്കുമെന്നത് ഇന്ത്യയിലെ തന്നെ അനുഭവമാണ്.

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഹൈഡ്രോ പവർ പദ്ധതിയായ അരുണാചൽ പ്രദേശിലെ സുബൻസിരി അണക്കെട്ട് നിർമാണത്തിനിടെ കഴിഞ്ഞ വർഷം ജൂണിലെ കനത്തമഴയിൽ കവിഞ്ഞൊഴുകി താഴെ അസമിലെ 100 ഗ്രാമങ്ങളെ വെള്ളത്തിൽ മുക്കി. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മു-കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലായി 11 പദ്ധതികളാണ് 2021ൽ മേഘവിസ്ഫോടനത്തെ തുടർന്നുള്ള അപകടങ്ങളിൽപെട്ടത്. പതിവായ നിരീക്ഷണം, പരിശോധന, ഓപറേഷൻ, മെയിന്‍റനൻസ് തുടങ്ങി അണക്കെട്ടുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ തടയാൻ ലക്ഷ്യമിട്ട് 2021ൽ അണക്കെട്ട് സുരക്ഷനിയമം വന്ന ശേഷവും അപകടം കുറയുകയല്ല, കൂടുകയാണ്. പ്രാദേശിക പരിസ്ഥിതി സംബന്ധിച്ച അറിവും ബോധവും മാത്രമല്ല, മനുഷ്യരെയും പ്രകൃതിയെയും മുന്നിൽ കണ്ടുള്ള കാര്യനിർവഹണവും ഒത്തുവന്നെങ്കിൽ മാത്രമേ ദുരന്തം വന്ന ശേഷം വിരൽ കടിക്കുകയും പരസ്പരം വിരൽ ചൂണ്ടുകയും ചെയ്യുന്ന ദുര്യോഗത്തിൽനിന്ന് ഇനിയെങ്കിലും നാം രക്ഷപ്പെടുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodssikkim floods
News Summary - Washed away in lightning floods
Next Story