ഇത് കേന്ദ്രത്തിന്റെ നഗ്നമായ വഞ്ചന
text_fieldsസമീപകാലത്ത് രാജ്യം സാക്ഷ്യംവഹിച്ച അതിഭയാനക ദുരന്തങ്ങളിലൊന്നാണ് നാനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ. ഒരു ഭൂപ്രദേശമാകെ നാമാവശേഷമായ ഇവിടെ എത്രപേർക്ക് ജീവൻ നഷ്ടമായി എന്നത് ഇനിയും പൂർണമായി തിട്ടപ്പെടുത്താനായിട്ടില്ല. സ്വത്തുവകകൾക്കുണ്ടായ നഷ്ടവും നികത്താനാവാത്തതാണ്. ദുരന്തവാർത്ത കേട്ടപാടെ നാടിന്റെ പല ഭാഗങ്ങളിൽനിന്ന് കുതിച്ചെത്തിയ ജീവകാരുണ്യ -രക്ഷാപ്രവർത്തകരും സർക്കാർ സംവിധാനങ്ങളും ഒറ്റ മനസ്സോടെ നടത്തിയ പ്രവർത്തനങ്ങളാണ് ജീവഹാനി ഇതിലുമുയരാതെ കാത്തതും ദുരിതബാധിതർക്ക് അൽപമെങ്കിലും ആശ്വാസമേകിയതും. ഇനി മുഴുവൻ ശ്രദ്ധയും പുനരധിവാസത്തിലേക്ക് തിരിയേണ്ട സമയമാണ്. ഇക്കാര്യത്തിൽ സർക്കാറിതര സംഘടനകൾ ചെയ്തതിന്റെ പാതി പ്രവർത്തനങ്ങൾപോലും സർക്കാറിന് ചെയ്യാനായിട്ടില്ല. അതൊന്നും സംസ്ഥാന സർക്കാറിനു മാത്രം ചെയ്യാനാവുന്നതുമല്ല. ഒരു ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തിന് വേണ്ട സഹായങ്ങളൊരുക്കി ഉറച്ച പിന്തുണയേകേണ്ട ബാധ്യതയും ഉത്തരവാദിത്തവുമുണ്ട് കേന്ദ്ര സർക്കാറിന്. എന്നാൽ, സഹായങ്ങൾക്കായുള്ള നിരന്തരമായ അഭ്യർഥനകളെല്ലാം അവഗണിച്ച കേന്ദ്ര സർക്കാറിപ്പോൾ ദുരന്തബാധിതരെ രക്ഷിച്ചതിന് കൂലി ചോദിച്ചുകൊണ്ട് മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളെ ദുരന്തമുഖത്തുനിന്ന് രക്ഷിക്കാൻ ഹെലികോപ്ടർ ഉപയോഗിച്ചതിന് വാടക നൽകണം പോലും! രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തും സുരക്ഷിതമാക്കാനും സംരക്ഷിക്കാനും ചുമതലപ്പെട്ട സംവിധാനങ്ങളിൽ സുപ്രധാനമാണ് സൈന്യം. അതുല്യമായ ധീരതയോടെയും മാനുഷിക ബോധത്തോടെയും സൈനികർ രക്ഷാദൗത്യം നിർവഹിക്കുകയും ചെയ്തു. കൂലി ചോദിക്കുക വഴി ദുരന്തത്തിൽ മുറിവേറ്റ ജനതയെ മാത്രമല്ല, രക്ഷകരായി എത്തിയ സൈന്യത്തിന്റെ സമർപ്പണത്തെക്കൂടി അവഹേളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത്തരം നടപടികളിലൂടെ ഒരു ജനതയുടെ ആത്മാഭിമാനത്തെയാണ് നിരന്തരം തകർക്കുന്നതെന്നും കേന്ദ്ര സർക്കാറിന് അറിയാത്ത കാര്യമൊന്നുമല്ല; വർഗീയ-ഫാഷിസത്തിനെതിരെ ജനാധിപത്യപരമായി പ്രതികരിച്ചതിന് കേരളത്തെ ശിക്ഷിക്കുകയാണ് എന്ന സംശയത്തെ വീണ്ടും ബലപ്പെടുത്തുകയാണ് മോദി സർക്കാർ.
ഉരുൾപൊട്ടൽ ദുരന്ത ധനസഹായവുമായി തുടക്കംമുതലേ നിഷേധാത്മക സമീപനമാണ് കേന്ദ്രം തുടർന്നുവരുന്നത്. ദുരന്തഭൂമി നേരിൽ വന്ന് കണ്ട പ്രധാനമന്ത്രി അന്ന് പറഞ്ഞത് കേരളം ഒറ്റക്കല്ലെന്നും പുനരധിവാസത്തിന് പണത്തിന് തടസ്സമുണ്ടാകില്ലെന്നുമാണ്. ദുരന്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബാലികക്കൊപ്പം ഫോട്ടോപിടിച്ച് പോയതല്ലാതെ ഒരു ഫലവുമുണ്ടായില്ല. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം വയനാടിന് പ്രത്യേക കേന്ദ്ര സഹായവും തേടി. എന്നാൽ, വയനാടിനായി പ്രത്യേക സഹായമൊന്നും നൽകില്ലെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നുമാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കിയത്.
വയനാട്ടിലുണ്ടായതുപോലെ ഇത്രമാത്രം ജീവനും സ്വത്തിനും നഷ്ടമുണ്ടായ ഒരു ദുരന്തം സമീപ കാലത്തൊന്നും ഇന്ത്യയിലുണ്ടായിട്ടില്ല. അന്നുമുതൽ കേരളമൊന്നടങ്കം കേന്ദ്രത്തിന് മുന്നിൽ കൈ നീട്ടുകയാണ്. അതിനൊക്കെ ആ ഫണ്ടില്ലേ, ഈ ഫണ്ടില്ലേ തുടങ്ങിയ പതിവു ന്യായങ്ങളായിരുന്നു മറുപടി. ഒടുവിൽ സംസ്ഥാനത്തെ മുഴുവൻ പാർലമെന്റ് അംഗങ്ങളും ആഭ്യന്തര മന്ത്രിയുൾപ്പെടെയുള്ളവരെ കണ്ട് വിഷയം ഉന്നയിച്ചു. സഹായം നൽകിവരുന്നത് പരിശോധിച്ചുവരുകയാണ് എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ മറുപടി. ഈ പ്രതീക്ഷകളിൽ ദിനങ്ങൾ തള്ളിനീക്കെയാണ് ഇരുട്ടടിയായി, രക്ഷിച്ചതിന് കൂലി ചോദിക്കുന്നത്.
കേന്ദ്രസർക്കാർ സംസ്ഥാനത്തോട് സഹായത്തിന് കൂലി ചോദിക്കുന്നത് ആദ്യമായല്ല. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്ടറിന്റെ വാടകയായി 33.79 കോടിയും വ്യോമസേന വിമാനങ്ങൾ ഉപയോഗിച്ചതിന് 25 കോടിയും ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്ത്തനത്തിന് 13.65 കോടി ഉള്പ്പെടെ തുക തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. പ്രളയത്തിൽ പട്ടിണിയായ മനുഷ്യർക്ക് വിതരണം ചെയ്യാൻ തന്ന അരിക്ക് കണക്കുപറഞ്ഞ് കാശ് വാങ്ങിയ അനുഭവവും നമുക്കുണ്ട്. അരിക്ക് പണം നൽകിയില്ലെങ്കിൽ ഭക്ഷ്യ സബ്സിഡി ഒഴിവാക്കുമെന്നും അല്ലെങ്കിൽ എസ്.ഡി.ആർ.എഫിലേക്കുള്ള കേന്ദ്ര വിഹിതത്തിൽനിന്ന് കുറക്കുമെന്ന് ഭീഷണിമുഴക്കി പണം പിഴിഞ്ഞെടുക്കുകയും ചെയ്തു.
വയനാട് ദുരന്തത്തിനു ശേഷം പ്രകൃതി ദുരന്തങ്ങളുണ്ടായ സംസ്ഥാനങ്ങൾക്കെല്ലാം കേന്ദ്രം സഹായം നൽകിയിട്ടുണ്ട്. കേരളത്തിന്റെ കാര്യം വരുമ്പോഴാണ് പെട്ടിയും പടവും മടക്കുന്ന സ്ഥിതിയുണ്ടാവുന്നത്ത്. കേരളത്തിനുവേണ്ടി ശബ്ദിച്ച തമിഴ്നാട്ടിൽനിന്നുള്ള പാർലമെന്റംഗത്തെ കേരളത്തിൽനിന്നുതന്നെയുള്ള കേന്ദ്രമന്ത്രി ആംഗ്യ വിക്ഷേപത്തിലൂടെ പരിഹസിക്കുന്നതും കണ്ടു. അതിൽനിന്നുതന്നെ വ്യക്തമാണ് കേന്ദ്ര നിലപാട്. അതു ശരിയല്ലെന്ന് ബോധ്യപ്പെടുത്താനും അർഹതപ്പെട്ടത് പിടിച്ചുവാങ്ങാനും സംസ്ഥാനം ഒന്നടങ്കം രംഗത്തിറങ്ങേണ്ടതുണ്ട്. വിവിധ വിഷയങ്ങളിൽ നിയമപരമായ വഴി തേടിയതുപോലെ ഈ വിഷയത്തിലും നിയമവഴിയും തേടണം. ഏതു രീതിയിലായാലും ഇത്തരം അവഗണനകൾ നേരിടാൻ വൈകുന്നത് ശമ്പളം കൊടുക്കാൻപോലും പ്രയാസപ്പെടുന്ന സർക്കാറിന് കൂടുതൽ സാമ്പത്തിക പ്രയാസം സൃഷ്ടിക്കും. വയനാടിന് അർഹമായ നീതി നിഷേധിക്കപ്പെടുകയും ചെയ്യും. എല്ലാ സങ്കുചിതത്വങ്ങൾക്കുമപ്പുറം ഇത് കേരളത്തിന്റെ പൊതു വിഷയമാണെന്ന ചിന്ത എല്ലാവർക്കും ഉണ്ടാകേണ്ടതുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.