മക്കളെ കാക്കണം, ഈ മരണക്കളിയിൽ നിന്ന്
text_fieldsഎന്നത്തെയുംപോലെ, കൗമാരക്കാരുള്ള എല്ലാ വീട്ടുകാരുടെയും നെഞ്ചകങ്ങളിൽ തീമഴ പെയ്യിക്കുന്നതാണ് ഓൺലൈൻ ഗെയിമിങ്ങിൽ അടിപ്പെട്ട രണ്ടു കുട്ടികളുടെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആത്മഹത്യാ വാർത്തകൾ. അതിൽ ചേർത്തിരിക്കുന്ന ചിത്രങ്ങളെ ഒാരോ രക്ഷിതാവും കാണുന്നത് സ്വന്തം മകെൻറയും മകളുടെയും രൂപങ്ങളായാണ്. ആ വാർത്തയിൽ പറയുന്ന കാര്യങ്ങളാവട്ടെ ചെറിയ ചെറിയ വ്യത്യാസങ്ങളോടെ ഒട്ടുമിക്ക വീടുകളിലും നിത്യം അരങ്ങേറുന്നതും. പഠനത്തിെൻറ അനിവാര്യോപാധിയായി സാങ്കേതികവിദ്യയും ഇൻറർനെറ്റും മാറിയ സാഹചര്യത്തിൽ കൗമാര മാനസികാവസ്ഥയും ഓൺലൈൻ ഉപയോഗവും തമ്മിലെ ആരോഗ്യകരമായ പാരസ്പര്യത്തിെൻറ മാർഗനിർദേശ തത്ത്വങ്ങൾ അടിയന്തരമായി വികസിപ്പിക്കേണ്ടിയിരിക്കുന്നു.
കാരണം, ദീർഘസമയം വിഡിയോ ഗെയിം ഉൾപ്പെടെ ഓൺലൈനിൽ ചെലവഴിക്കുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണത, ആത്മാരാധന തുടങ്ങിയ പ്രവണതകൾ ശക്തമാെണന്ന് പറയുന്നത് ലോകപ്രസിദ്ധരായ മനഃശാസ്ത്ര കൂട്ടായ്മകളാണ്. രണ്ടു മണിക്കൂറിലധികം സമയം സ്ക്രീനിൽ തുടർച്ചയായി ചെലവഴിക്കുന്ന കുട്ടികളിൽ വിഷാദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പെരുമാറ്റപ്രശ്നങ്ങൾ എന്നിവ വ്യാപകമാെണന്നും അവർ വ്യക്തമാക്കുന്നു. 12 മുതൽ 18 വയസ്സുവരെയുള്ള കൗമാരക്കാർ ആത്മഹത്യ ഒരു പോംവഴിയായി തിരഞ്ഞെടുക്കുന്നുവെന്ന് കണ്ടെത്തിയത് നമ്മുടെ സംസ്ഥാനത്തെ ശിശുക്ഷേമ വകുപ്പിെൻറ പഠനമാണ്.
2020ലെ ദേശീയ ക്രൈം റിപ്പോർട്ട് (NCRB) പ്രകാരം നമ്മുടെ രാജ്യത്ത് ഒാരോ ദിവസവും ആത്മഹത്യ ചെയ്യുന്നത് മുപ്പതിലധികം കുട്ടികളാണ്. നാലു വർഷമായി അവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നുവെന്നത് നമ്മെ പേടിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ കണക്കുകളും ഒട്ടും ആശാവഹമല്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ ശൈശവ ആത്മഹത്യ നടന്ന വർഷമാണ് 2020- 324 പേർ. ഈ വർഷം ഏപ്രിൽ വരെ സ്വയംഹത്യയിലേക്ക് നടന്നുകയറിയ കൗമാരക്കാർ 53. ജീവിതം എന്തെന്നറിയുന്നതിനുമുേമ്പ ആയുസ്സറുത്തുമാറ്റാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ പരീക്ഷപ്പേടി മുതൽ പലതരം മാനസിക, ശാരീരിക പീഡകൾ വരെ നിരവധി കാരണങ്ങളുണ്ടെന്ന് ശൈശവ മനഃശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നു.
അതിൽ, കുട്ടികളെ ആത്മഹത്യാമുനമ്പിലേക്കു നയിക്കുന്നതിൽ സമീപകാലത്ത് പ്രത്യക്ഷവും പരോക്ഷവുമായ പ്രധാന വില്ലനാവുകയാണ് ഇൻറർനെറ്റ് അഡിക്ഷൻ. സംസ്ഥാന വനിത-ശിശു വികസന വകുപ്പ് 2020 ജനുവരി മുതൽ ജൂലൈ വരെ നടത്തിയ പഠനത്തിൽ 17 വയസ്സിനു താഴെയുള്ള 158 കുട്ടികളിലെ 12 പേരുടെയും ആത്മഹത്യയുടെ കാരണം മൊബൈൽ ഗെയിം/ഇൻറർനെറ്റ് ആസക്തിയാണെന്ന് കണ്ടെത്തിയിരുന്നു. മറ്റു കാരണങ്ങളായി എണ്ണിയ രക്ഷിതാക്കളുടെ ശാസന, മാനസിക-ശാരീരിക പീഡനങ്ങളും പ്രശ്നങ്ങളും, പരീക്ഷത്തോൽവിയും പേടിയും തുടങ്ങിയവയിലും മൊബൈൽ ഒരു കൂട്ടുപ്രതിയായുണ്ട്.
കോവിഡാനന്തരം മഹാഭൂരിപക്ഷം കുട്ടികളും അധിക സമയവും ചെലവിടുന്നത് മൊബൈലിനോടൊപ്പമാണ്. ഈ മഹാമാരിക്കാലത്ത് രാജ്യത്ത് 90 ശതമാനത്തിലധികം കുട്ടികളും ഓൺലൈനിൽ വിദ്യാഭ്യാസം ലഭിക്കാനായ ഏക സംസ്ഥാനമാണ് കേരളമെന്ന ഏറ്റവും പുതിയ വാർഷിക വിദ്യാഭ്യാസ സർവേ റിപ്പോർട്ട് (ASER 2021) നമുക്ക് ഏറെ അഭിമാനകരമാണ്. സാങ്കേതികവിദ്യയും െനറ്റ് കണക്ടിവിറ്റിയും ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിക്കാനായി എന്നതിെൻറ നിദർശനവുമാണ്.
ജീവിതവ്യവഹാരങ്ങളിൽനിന്ന് അഴിച്ചുമാറ്റാനാവാത്ത ഡിജിറ്റൽ വിദ്യകളോടൊത്ത് കുട്ടികൾ വളരുന്നുവെന്നത് പുതുലോകത്തേക്ക് ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവേശിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്. സാങ്കേതികവിദ്യകളെയും ഓൺലൈൻ ലോകത്തെയും നിഷേധിച്ചുകൊണ്ട് പുതിയ തലമുറകളെ വളർത്തുകയെന്നത് അസാധ്യമാണ്; അക്ഷന്തവ്യമായ തെറ്റുമാണ്. എന്നാൽ, കൃത്യമായ നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളുമില്ലെങ്കിൽ ഇൻറർനെറ്റിന് അടിമപ്പെട്ട് മാനസികവും പെരുമാറ്റപരവുമായ വൈകല്യങ്ങളുള്ള വലിയ തലമുറ വളർന്നുവരാൻ അത് കാരണമായേക്കും.
സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള അറിവ് ഗുണകരമായി നൽകുന്നതോടൊപ്പം അതുണ്ടാക്കുന്ന അപകടങ്ങൾ, സൈബർ നിയമങ്ങൾ തുടങ്ങിയവ നമ്മുടെ കരിക്കുലങ്ങളിൽ ഉൾപ്പെടുത്തേണ്ട സമയം ആസന്നമായിരിക്കുന്നു. ശരീരത്തിനും മനസ്സിനും തെറ്റായി ബാധിക്കാത്ത രീതിയിൽ ഡിജിറ്റൽ പഠനത്തെ ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്. സ്കൂളുകളിലെ കൗൺസലിങ് സംവിധാനങ്ങൾ കുട്ടികളുടെ 'മാറ്റ'ങ്ങളെ പെെട്ടന്ന് തിരിച്ചറിയാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഏറെ ഉപകാരപ്പെടും.
നിഷേധാത്മക കാർക്കശ്യങ്ങളേക്കാൾ പരസ്പരം മനസ്സിലാക്കിയുള്ള നിയന്ത്രണങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരാൻ രക്ഷിതാക്കളെയും പ്രാപ്തരാക്കേണ്ടതുണ്ട്. കൗമാരക്കാരെ തെറ്റായി സ്വാധീനിക്കാനിടവരുത്തുന്ന ഓൺലൈൻ കളികൾ, പണം പിടുങ്ങുന്ന ചൂതാട്ടങ്ങൾ തുടങ്ങിയവക്ക് കർശനമായ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തണം. ഓൺലൈൻ ചൂതാട്ട നിരോധനത്തിനായി നിയമ ഭേദഗതിയും ഓർഡിനൻസും പുറത്തിറക്കിയ കർണാടക, തമിഴ്നാട് മാതൃകകൾ ഇവിടെയും സ്വീകരിക്കാനാകുമോ എന്ന് പരിശോധിക്കാവുന്നതാണ്.
ഭ്രമാത്മകമായ വെർച്വൽ ജീവിതത്തേക്കാൾ ആനന്ദകരവും ആഹ്ലാദകരവുമാണ് മനുഷ്യരടക്കമുള്ള സകല ജീവജാലങ്ങളുമായുള്ള ജീവിതമെന്ന സാമൂഹിക പാഠങ്ങളും, എല്ലാവരെയും സമഭാവനയോടെ ഉൾക്കൊള്ളാനും തീക്ഷ്ണമായ ജീവിതയാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാനും ശക്തി നൽകുന്ന ധാർമികമൂല്യങ്ങളും നമ്മുടെ കുട്ടികളിൽ സാങ്കേതിക ജ്ഞാനത്തോടൊപ്പം സന്നിവേശിപ്പിക്കാൻ കഴിയുമ്പോഴേ ഡിജിറ്റൽ തുരുത്തുകളിൽ കുരുങ്ങിപ്പോകുന്ന അവരെ ആത്യന്തികമായി പുറത്തുകടത്താനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.