മുൻഗണനകളിലെ മുൻഗണനയാകണം കാലാവസ്ഥ
text_fieldsകാലാവസ്ഥപ്രതിസന്ധി ഭൂമിയിലെങ്ങും നാശംവിതച്ചുകൊണ്ടിരിക്കുന്നു. മുന്നറിയിപ്പ് സംവിധാനങ്ങളെപ്പോലും അപ്രസക്തമാക്കുന്ന തരത്തിൽ ഓർക്കാപ്പുറത്തുള്ള അത്യാഹിതങ്ങൾ തീക്ഷ്ണതയിലും എണ്ണത്തിലും വർധിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ മൊത്തം മഴയുടെ അളവ് കുറഞ്ഞിട്ടും പെയ്തിടങ്ങളിൽ മലവെള്ളപ്പാച്ചിലും മണ്ണൊലിപ്പും ഉരുൾപൊട്ടലും പതിവിലേറെയാണ്. പാകിസ്താനിൽ അവിചാരിതമായുണ്ടായ പ്രളയത്തിൽ ആയിരത്തോളം പേർ മരിച്ചു; കോടിക്കണക്കിനാളുകൾ നിരാലംബരായി. ഒരാഴ്ചമുമ്പ് കാലാവസ്ഥ ദുരന്തങ്ങളായി ലോകം കേട്ടത് അത്യുഷ്ണവും വരൾച്ചയുമായിരുന്നു. പൊതുവെ തണുത്ത കാലാവസ്ഥയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ അന്തരീക്ഷതാപം രേഖപ്പെടുത്തി. കാട്ടുതീ എണ്ണത്തിലും വ്യാപ്തിയിലും കൂടി. ഉഷ്ണക്കാറ്റിൽ സ്പെയിനിൽ മാത്രം നൂറുകണക്കിന് പ്രദേശങ്ങളിൽ കാട്ടുതീ പടർന്നു. യൂറോപ്പിൽ മാത്രം അത്യുഷ്ണം കാരണം ആയിരങ്ങൾ മരിച്ചു. ബ്രിട്ടൻ ചരിത്രത്തിലാദ്യമായി ചൂടുകാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഇപ്പോൾ പാകിസ്താൻ അതിവൃഷ്ടിമൂലവും. ഒരുമാസം മുമ്പ് ഇന്ത്യയിൽ പലയിടത്തുമായി കൊടുംചൂട് മാത്രമല്ല, പെരുമഴയും അനുഭവപ്പെട്ടു. അമേരിക്ക മുതൽ ചൈനവരെ വിവിധ പ്രദേശങ്ങളിൽ അതിവൃഷ്ടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇപ്പോഴാകട്ടെ കൊടും വരൾച്ചയുടെ വാർത്തകളാണ് കേൾക്കുന്നത്. മിക്ക ഭൂഖണ്ഡങ്ങളിലും മഹാനദികൾ വറ്റുന്നു. യൂറോപ്പിന്റെ വൻ നദിയായ ഡാന്യൂബ് വ്യാപകമായി വരണ്ടുണങ്ങി. യു.എസിലെ ടെക്സസിൽ വറ്റിയ നദിയിൽ പ്രാചീനകാലത്തെ ദിനോസർ കാൽപാടുകൾ വെളിപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ ചൈനയിലെ യാങ്സിയും വറ്റിവരണ്ട് നേർത്തചാലുകളായി. റോമിലെ ടൈബർ നദിയുടെ കഥയും വ്യത്യസ്ഥമല്ല. വലിയ 66 പുഴകൾ അപ്രത്യക്ഷമായിക്കഴിഞ്ഞിട്ടുണ്ടത്രെ.
നൂറ്റാണ്ട് പകുതിയോടെ പ്രത്യക്ഷപ്പെടുമെന്ന് ആശങ്കിച്ചിരുന്ന തീക്ഷ്ണകാലാവസ്ഥകൾ കാൽനൂറ്റാണ്ടെത്തും മുമ്പേ പ്രകടമായിക്കൊണ്ടിരിക്കുന്നത് ശാസ്ത്രജ്ഞർ എടുത്തുപറയുന്നു; ജലദൗർലഭ്യം, ഭക്ഷ്യക്ഷാമം, ദുരന്തങ്ങൾ, കാലാവസ്ഥാ അഭയാർഥിപ്രശ്നം എന്നിങ്ങനെ യാതനകളിലേക്ക് ഭൂനിവാസികൾ എടുത്തെറിയപ്പെട്ടുതുടങ്ങിയിരിക്കുന്നു. ജീവിതസുരക്ഷയെ പൊതുവെതന്നെ തകിടംമറിക്കുന്നതിനുപുറമെ ഉഷ്ണക്കാറ്റും അതിവൃഷ്ടിയും കൊടുങ്കാറ്റും വരൾച്ചയും പരിസ്ഥിതിത്തകർച്ചയുമെല്ലാം ചേരുമ്പോൾ രോഗങ്ങളും വർധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ജന്തു, സസ്യജന്യ രോഗാണുബാധയിൽ ഇതിനകംതന്നെ വർധനകാണുന്നു. കോളറ, മലമ്പനി, ഇബോള, ഡെങ്കി തുടങ്ങി പലതരം രോഗങ്ങൾ മടങ്ങിവരുന്ന പ്രവണതയുണ്ട്. ഈ പ്രത്യക്ഷ ആപത്തിനോട് ഇന്ന് ലോകം പ്രതികരിക്കുന്നത് ആവശ്യത്തിൽ കുറഞ്ഞും ഏറെ വൈകിയുമാണ് എന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. തീരുമാനമെടുക്കേണ്ട രാഷ്ട്രനേതൃത്വങ്ങൾക്ക് അതിന് കഴിയാത്തതാണ് മുഖ്യകാരണം. ഐക്യരാഷ്ട്രസഭ 1989ൽ വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. രണ്ടായിരത്തോടെ ആഗോളതാപനമെന്ന പ്രശ്നത്തിന് പരിഹാരം വേണമെന്നാണ് അന്ന് നിർദേശിച്ചിരുന്നത്. ബെർലിനിലും ബാലിയിലും ക്വോട്ടോയിലും ദോഹയിലും മറ്റും യോഗങ്ങൾ നടന്നെങ്കിലും കൃത്യമായ കർമപദ്ധതി ഉരുത്തിരിയുന്നത് 2015ലെ പാരിസ് ഉടമ്പടിയോടെയാണ്. ഈ സമയക്രമത്തിൽതന്നെ എത്രവലിയ നിസ്സംഗതയാണ് ദേശരാഷ്ട്രങ്ങൾ ഇക്കാര്യത്തിൽ പുലർത്തുന്നതെന്ന് വ്യക്തമാകും. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച യു.എൻ രൂപരേഖ (യു.എൻ.എഫ്.സി.സി) യോഗം 1995 മുതൽ ഓരോ വർഷവും ചേരുന്നുണ്ട്; പക്ഷേ, മൂർത്തമായ നടപടികളിലേക്ക് കടക്കാൻ ആവശ്യമായ ഇച്ഛാശക്തി രാജ്യനേതൃത്വങ്ങൾക്കില്ലെന്നതിന് ഇതുവരെ നടന്ന 26 യോഗങ്ങൾ സാക്ഷിയാണ്. യു.എൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് തെല്ല് നിരാശയോടെയാണ് ഈയിടെ പറഞ്ഞത്, ''ഒന്നുകിൽ കൂട്ടായ പരിഹാരം, അല്ലെങ്കിൽ കൂട്ടായ ആത്മഹത്യ'' എന്ന്.
കാലാവസ്ഥയുടെ തകിടംമറിച്ചിലിന് നിത്യേനയെന്നോണം തെളിവുകൾവന്നുകൊണ്ടിരിക്കെ, വൈകിപ്പോയ പരിഹാരമാർഗങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഹരിതഗൃഹവാതകങ്ങൾ കുറക്കുകയെന്ന ലക്ഷ്യത്തോടെ 37,000 കോടി ഡോളറിന്റെ പദ്ധതിനീക്കിയിരിപ്പ് യു.എസ് കോൺഗ്രസ് കഴിഞ്ഞദിവസം അംഗീകരിച്ചത് നല്ല ലക്ഷണമാണ്. 2030ഓടെ മലിനീകരണം ഗണ്യമായി കുറക്കും. പാരിസ് ധാരണപ്രകാരം ഏറ്റെടുത്ത ബാധ്യതകൾ കാലാനുസൃതമായി പുതുക്കിക്കൊണ്ട് ഇന്ത്യയും മാതൃക കാട്ടുന്നു. ബദൽ ഊർജമേഖലയിൽ കഴിഞ്ഞ ഏഴുവർഷം അഞ്ചേകാൽ ലക്ഷം കോടി രൂപ നാം നിക്ഷേപിച്ചു. ഈ ശ്രമങ്ങൾപോലും അപര്യാപ്തമാണ്. മലിനീകരണക്ഷമമായ ഫോസിൽ ഇന്ധനമേഖലയിൽ നാലുവർഷത്തെ മാത്രം നിക്ഷേപം 245 ലക്ഷം കോടി രൂപയാണ്. കൽക്കരിയിൽ നാം വിനാശകരമാംവിധം അധികനിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നു; ജിയോ എൻജിനീയറിങ്, കാർബൺ ആഗിരണവിദ്യകൾ തുടങ്ങി പരിഹാരനിർദേശങ്ങൾ പലതും ഉണ്ടെങ്കിലും വിവിധ രാജ്യങ്ങളുടെ ഉദാസീനത ഭൂമിയെ മൊത്തം ശ്വാസംമുട്ടിക്കുന്നുണ്ട്. എല്ലാറ്റിനും പുറമെ, ഏറ്റവും വലിയ ദൂഷണഹേതു യുദ്ധമാണെന്ന തിരിച്ചറിവും പലർക്കുമില്ല. 140 രാജ്യങ്ങൾ മൊത്തം സൃഷ്ടിക്കുന്നതിനെക്കാൾ അന്തരീക്ഷദൂഷണം യു.എസിന്റെ മാത്രം സേന ഉണ്ടാക്കുന്നുണ്ട്. നിത്യേന പൊട്ടുന്ന ബോംബുകളും നശിപ്പിക്കപ്പെടുന്ന പരിസ്ഥിതിയും കാലാവസ്ഥാ പരിഹാരചർച്ചകളിൽ വന്നിട്ടേയില്ല. ആയുധവ്യവസായം യുദ്ധമേഖലകളിൽ മാത്രമല്ല, ഭൂമിയിൽ മുഴുവൻ സംഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രം കാട്ടിത്തരുന്ന തിക്ത യാഥാർഥ്യങ്ങൾക്കുനേരെ കണ്ണടക്കുന്ന രാഷ്ട്രനേതൃത്വങ്ങൾ എല്ലാവരെയും കുരുതിക്ക് കൊടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.