കേന്ദ്രത്തിന് എന്തൊക്കെയാണ് മറച്ചുവെക്കാനുള്ളത്?
text_fieldsവിചിത്രമെന്നാണ് വിവരാവകാശനിയമ (ആർ.ടി.െഎ) പ്രകാരമുള്ള ഒരപേക്ഷക്ക് പ്രധാനമന്ത ്രിയുടെ ഒാഫിസ് നൽകിയ മറുപടിയെ വിളിക്കേണ്ടത്. സഞ്ജീവ് ചതുർവേദി എന്നയാൾ ആവശ്യപ്പെട്ടത് അഴിമതി നടത്തിയതിന് കേന്ദ്രമന്ത്രിമാർക്കെതിരെ പ്രധാനമന്ത്രിക്ക് കിട്ടിയ പരാതികളുടെ വിശദവിവരമാണ്. പ്രധാനമന്ത്രിയുടെ ഒാഫിസ് ആ വിവരം നൽകാൻ വിസമ്മതിച്ചു. കാരണമായി പറയുന്നത് ഇതാണ്: ‘പരാതികളുടെ ഫയലുകൾ വിവിധ ഇടങ്ങളിലാണ്. അവയിൽ അഴിമതി സംബന്ധിച്ച പരാതികളുടെയും അല്ലാത്ത പരാതികളുടെയും ഫയലുകളുണ്ട്. ആർ.ടി.െഎ അപേക്ഷകൻ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദിച്ചിരിക്കുന്നത്. ഇത് ചികഞ്ഞ് തരംതിരിച്ച് കണ്ടെത്തുക ആത്മനിഷ്ഠവും പ്രയാസകരവുമായ പണിയാണ്. ഒാഫിസിെൻറ പ്രവർത്തനങ്ങൾ അനാവശ്യമായി വഴിതിരിക്കലാവും അത്. ഇൗ മറുപടിയുടെ ചുരുക്കമിതാണ്- നിങ്ങൾ ചോദിച്ചത് തപ്പിയെടുക്കാൻ സൗകര്യമില്ല; ഞങ്ങൾക്ക് വേറെ പണിയുണ്ട്. 2005ൽ ആർ.ടി.െഎ പ്രാബല്യത്തിലായതിനുശേഷം ഇത്ര നിഷേധാത്മകവും ഒൗദ്ധത്യ പൂർണവുമായ മറുപടി ആർക്കെങ്കിലും വേറെ കിട്ടിയിട്ടുണ്ടാവില്ല. അതും അഴിമതിരഹിത ഭരണത്തെപ്പറ്റി വാചാലനാകാറുള്ള പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്ന്. ഇങ്ങനെയൊരു മറുപടി വന്ന സന്ദർഭവും പ്രസക്തമാണ്. കേന്ദ്ര കൽക്കരി-ഖന സഹമന്ത്രി ഹരിഭായ് പാർഥിഭായ് ചൗധരിക്കെതിരെ സി.ബി.െഎതന്നെ അഴിമതിയാരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതിന് പുറമെ നിരവധി ആരോപണങ്ങൾ വിവിധ മന്ത്രിമാർക്കെതിരായുണ്ട്. ഒാഫിസ് സമയവും അധ്വാനവും അമിതമായി പാഴാകുന്ന അവസ്ഥയിൽ വിവരം നൽകേണ്ടതില്ലെന്ന ആർ.ടി.െഎ നിയമത്തിലെ വ്യവസ്ഥയുടെ മറപിടിച്ചാണ് പ്രധാനമന്ത്രിയുടെ ഒാഫിസ് അപേക്ഷ നിരസിച്ചിരിക്കുന്നത്. എന്നാൽ, അത് രാജ്യത്തിന് നൽകുന്ന സന്ദേശമെന്താണ്?
മന്ത്രിമാർക്കെതിരായ അഴിമതിയാരോപണങ്ങളുടെ വിവരം മാത്രമല്ല പ്രധാനമന്ത്രിയുടെ ഒാഫിസിന് അസൗകര്യവും അനാവശ്യവുമായി തോന്നിയിട്ടുള്ളത്. നോട്ടുനിരോധന തീരുമാനത്തിന് ആധാരമായ വിവരങ്ങൾ ചോദിച്ചപ്പോൾ അത് നൽകാനാവില്ലെന്നാണ് മറുപടി നൽകിയത്. പ്രധാനമന്ത്രിയുടെ ഒാഫിസിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള എത്ര ഉദ്യോഗസ്ഥരുണ്ട് എന്ന അന്വേഷണത്തിന്, വിവരം ലഭ്യമല്ല എന്നായിരുന്നു മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും നടത്തിയ വിദേശയാത്രകൾക്ക് മൊത്തം ചെലവെത്ര എന്ന ചോദ്യം തള്ളിയത് ‘അവ്യക്ത’മെന്ന് പറഞ്ഞാണ്. ഇന്ത്യയിലെ ജനായത്ത സമൂഹത്തിെൻറ കൈയിലെ കരുത്തുറ്റ ആയുധമാണ് ആർ.ടി.െഎ. അഴിമതി അടക്കമുള്ള ഭരണവൈകല്യങ്ങൾ തുറന്നുകാട്ടാനും തടയാനും അത് കുറച്ചൊന്നുമല്ല പ്രയോജനപ്പെട്ടിട്ടുള്ളത്. സുതാര്യതയാണ് സദ്ഭരണത്തിെൻറ ഏറ്റവും വലിയ ഗാരൻറി എന്ന് എടുത്തുപറയേണ്ടതില്ല. നരേന്ദ്ര മോദിയാകെട്ട സദ്ഭരണവും അഴിമതിമുക്തിയും തെൻറ ലക്ഷ്യങ്ങളിൽ മുഖ്യഇനങ്ങളായി പ്രഖ്യാപിച്ചിരുന്നയാളാണ്. അഴിമതി നിർമാർജനത്തിൽ ആത്മാർഥതയുണ്ടെങ്കിൽ അതിന് ഏറ്റവും മികച്ച ഉപായങ്ങളിലൊന്നായ ആർ.ടി.െഎയോട് കൂറുപുലർത്തുകയായിരുന്നു ചെയ്യേണ്ടത്. എന്നാൽ, മോദി ഭരണമേറ്റ ശേഷമുള്ള അനുഭവം വേറെയാണ്. ആർ.ടി.െഎ നിയമത്തിൽ വെള്ളം ചേർക്കാനുള്ള ശ്രമം നടക്കുന്നു. വിവരം നൽകാത്ത ഉദ്യോഗസ്ഥരുടെയും മന്ത്രാലയങ്ങളുടെയും എണ്ണം പെരുകുന്നു. ഇവർക്കൊക്കെ മാതൃകയാകേണ്ടിയിരുന്ന പ്രധാനമന്ത്രിയാകെട്ട ആർ.ടി.െഎയെ തോൽപിക്കുന്നതിൽ മത്സരിക്കുന്നതായാണ് തോന്നുന്നത്. ജനങ്ങളാണ് യജമാനരെന്നും ഭരണകർത്താക്കൾ അവരോട് ഉത്തരം പറയാൻ ബാധ്യതയുള്ള സേവകരാണെന്നും പ്രസംഗിക്കാറുള്ള പ്രധാനമന്ത്രിക്ക് അത് തെളിയിക്കാൻ കഴിയണം -ആർ.ടി.െഎ ഇക്കാര്യത്തിൽ ഒരു ഉരകല്ലാണ്. വൻതുകകൾ കടമായി വാങ്ങിയ കോർപറേറ്റ് മുതലാളിമാർ ബാങ്കുകളെ കബളിപ്പിച്ച് നാടുവിടുേമ്പാൾ, അതു സംബന്ധിച്ച വിവരങ്ങൾ പുറത്തു കിട്ടുന്നില്ല. റിസർവ് ബാങ്ക് മുൻ ഗവർണർ കിട്ടാക്കടങ്ങളെപ്പറ്റി സർക്കാറിന് സമർപ്പിച്ച വിവരങ്ങൾ സ്വകാര്യമാക്കിവെക്കുന്നു. കേന്ദ്ര വിവരാവകാശ കമീഷണറുടെ കൽപനപോലും ഒഴികഴിവുകൾ പറഞ്ഞ് അവഗണിക്കുന്നു. ഇങ്ങനെ തള്ളപ്പെടുന്ന ആർ.ടി.െഎ അപേക്ഷകളുടെ എണ്ണത്തിൽ വലിയ വർധനവാണ് അടുത്തകാലത്തായി കണ്ടുവരുന്നത്. എന്നു മാത്രമല്ല, ഇങ്ങനെ തള്ളുന്നതിന് പറയുന്ന ഒഴികഴിവുകളിൽ മഹാഭൂരിപക്ഷവും ആർ.ടി.െഎ നിയമപ്രകാരം ന്യായമല്ലാത്തവയാണ് താനും.
സുതാര്യത ഭരണത്തെക്കുറിച്ച് വിശ്വാസം വർധിപ്പിക്കുമെങ്കിൽ രഹസ്യാത്മകത സംശയങ്ങൾ വളർത്തുകയേ ചെയ്യൂ. പ്രധാനമന്ത്രി മോദിയുമായി ബന്ധപ്പെട്ട് ഇങ്ങനെ സംശയത്തിെൻറ നിഴലിലായ അനേകം ചോദ്യങ്ങൾ ഉത്തരം കിട്ടാതെ കിടക്കുന്നുണ്ട്. മോദി ബിരുദം നേടിയെന്ന് പറയുന്ന ഡൽഹി സർവകലാശാലയിലെ 1978ലെ പട്ടിക ആവശ്യപ്പെട്ട നീരജ് ശർമക്ക് അത് യൂനിവേഴ്സിറ്റി നൽകിയില്ല. വിവരാവകാശ കമീഷണർ അത് നൽകാൻ കൽപിച്ചപ്പോൾ യൂനിവേഴ്സിറ്റി ഹൈകോടതിയെ സമീപിച്ചു. എന്താണ് ജനങ്ങൾ ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്? നോട്ടുനിരോധനത്തിെൻറ അണിയറ രഹസ്യങ്ങൾ ചിലതൊെക്ക ആർ.ടി.െഎ വഴി പുറത്തുവന്നെങ്കിലും കുറേ മറച്ചുവെച്ചിരിക്കുന്നു. കോർപറേറ്റ് കൊള്ളകളുടെ ഒരുപാട് കഥകൾ പുറത്തുവരാനുണ്ട് എന്നാണ് കേൾക്കുന്നത്. സുതാര്യത ഇല്ലാത്തിടത്തോളം കാലം ജനങ്ങളിൽ അവിശ്വാസം നിലനിൽക്കുകയും വർധിക്കുകയുമാണ് ചെയ്യുക. മാത്രമല്ല, പാർലമെൻറ് പാസാക്കിയ നിയമത്തിന് മുകളിലല്ല പ്രധാനമന്ത്രി അടക്കം ആരും എന്ന് ബോധ്യപ്പെടുത്തേണ്ട ചുമതലകൂടി സർക്കാറിനുണ്ട്. ആർ.ടി.െഎ ആക്ടിവിസ്റ്റുകൾ മാത്രമല്ല ഇക്കാര്യത്തിൽ ഇടപെടേണ്ടത്. ആർ.ടി.െഎ ഉപയോഗപ്പെടുത്താനും അതിനെ ശക്തിപ്പെടുത്താനും ജനങ്ങൾതന്നെ രംഗത്തിറങ്ങണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.