കസാഖ്സ്താനിലെ സംഭവവികാസങ്ങൾ
text_fieldsമധ്യേഷ്യൻ രാജ്യമായ കസാഖ്സ്താനിൽ ജനങ്ങളും സൈന്യവും തെരുവിൽ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ഏകാധിപത്യ സർക്കാറിന്റെ ജനദ്രോഹനടപടികളിൽ പ്രതിഷേധിച്ച ജനങ്ങളെ പിരിച്ചുവിടാൻ റഷ്യ അടക്കമുള്ള പുറംരാജ്യങ്ങളിൽനിന്നുള്ള സൈന്യത്തെയും പ്രസിഡന്റ് ഖാസിം ജൊമാർട്ട് തൊകയേവ് രംഗത്തിറക്കിയിട്ടുണ്ട്. പുതുവർഷത്തിന്റെ ആലസ്യത്തിൽനിന്ന് ലോകം ഉണരുംമുമ്പാണ് കസാഖ് ജനത അൽമാട്ടിയടക്കമുള്ള വൻ നഗരങ്ങൾ കൈയടക്കിയത്. അവരുടെ മുദ്രാവാക്യം ലളിതമായിരുന്നു: രാജ്യത്ത് അനാവശ്യമായി ഉയർത്തിയിരിക്കുന്ന എണ്ണവില കുറക്കുക.
അൽമാട്ടി ചത്വരത്തിൽനിന്ന് തുടങ്ങിയ പ്രക്ഷോഭം രണ്ടു ദിവസത്തിനുള്ളിൽ രാജ്യത്താകമാനം വ്യാപിച്ചതോടെ, പ്രധാനമന്ത്രി അസ്സർമാമിന് പിടിച്ചുനിൽക്കാനായില്ല. സർക്കാർ രാജിവെച്ചൊഴിഞ്ഞു; പ്രശ്നം നിയന്ത്രിക്കാൻ പ്രസിഡന്റ് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഇതിനുപുറമെ, പ്രക്ഷോഭകർ ഉന്നയിച്ച പല ആവശ്യങ്ങളും അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നിട്ടും വീടകങ്ങളിലേക്ക് മടങ്ങിപ്പോകാൻ പ്രക്ഷോഭകർ തയാറാകാത്തതോടെയാണ് സൈനിക പ്രതിരോധത്തിന് സർക്കാർ തയാറായത്. ഏറ്റുമുട്ടലിൽ ഇരുഭാഗത്തും ആൾനാശമുണ്ടായതായാണ് റിപ്പോർട്ടുകൾ. പതിനായിരങ്ങൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ജനങ്ങളെ നിയന്ത്രിക്കാൻ കലക്ടിവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെ (സി.എസ്.ടി.ഒ) സഖ്യസേനയെക്കൂടി തൊകയേവ് ഇറക്കിയെങ്കിൽ സ്ഥിതി അത്യധികം സങ്കീർണമാണെന്നുതന്നെ ഊഹിക്കണം.
ഒരാഴ്ചയായി തുടരുന്ന ഈ ജനകീയ പ്രക്ഷോഭത്തിന്റെ യഥാർഥ കാരണം, ഇപ്പോൾ പറഞ്ഞുകേൾക്കുന്ന എണ്ണവില വർധനയാണെന്ന് കരുതാനാവില്ല. ഒരുപേക്ഷ, ജനങ്ങളെ ഇപ്പോൾ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ച ഘടകം അതായിരിക്കാം. എണ്ണസമ്പുഷ്ടമായൊരു രാജ്യമാണ് കസാഖ്സ്താൻ. പേക്ഷ, അവിടത്തെ ഭൂരിഭാഗം ജനങ്ങൾക്കും അതിന്റെ ഗുണഫലങ്ങൾ വർഷങ്ങളായി ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോൾതന്നെ, രാജ്യത്തെ സാധാരണക്കാർ അവരുടെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൽ.പി.ജി ഇന്ധനത്തിന് കുത്തനെ വിലകൂട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. എൽ.പി.ജി വിലവർധന ഭക്ഷ്യവിലക്കയറ്റത്തിനും കാരണമായി. കോവിഡ് സൃഷ്ടിച്ച സാമ്പത്തികമാന്ദ്യത്തിൽനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കസാഖ് ജനത ഇതോടെ വലിയ ദുരിതത്തിലായി.
രാജ്യത്തെ ഏകാധിപത്യ ഭരണകൂടമാകട്ടെ, പട്ടിണിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ജനങ്ങളുടെ കണ്ണീർ കാണാനും തയാറായില്ല. പ്രതീക്ഷയറ്റ ജനത്തിന് പിന്നെ തെരുവുകളെ പോരാട്ടഭൂമിയാക്കുകയല്ലാതെ മറ്റു മാർഗമില്ലാതായി. എൽ.പി.ജിയുടെ വിലവർധന സർക്കാർ മരവിപ്പിച്ചിട്ടുണ്ടിപ്പോൾ. ഭക്ഷ്യോൽപന്നങ്ങൾക്കും ആറു മാസത്തേക്ക് വിലനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഗാർഹിക വസ്തുക്കൾക്ക് മൊറട്ടോറിയം, താഴ്ന്ന വരുമാനക്കാർക്ക് വാടക സബ്സിഡി ഉൾപ്പെടെയുള്ള ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും പ്രക്ഷോഭകൾ തെരുവിൽതന്നെ തുടരുമ്പോഴാണ്, അതിന് വേറെയും മാനങ്ങളുണ്ടെന്നു വ്യക്തമാകുന്നത്.
സോവിയറ്റ് യൂനിയൻ പിരിച്ചുവിടുന്നതിന്റെ 10 ദിവസം മുമ്പ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച റിപ്പബ്ലിക്കാണ് കസാഖ്സ്താൻ. സ്വാതന്ത്ര്യം നേടി മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും സമഗ്രാധിപത്യത്തിന്റെ സോവിയറ്റ് പ്രേതങ്ങൾ പലരൂപത്തിൽ ഇപ്പോഴും കസാഖ്സ്താനുമേൽ വട്ടമിട്ടുപറക്കുന്നുവെന്നത് ആ ജനതയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. രാജ്യം സ്വതന്ത്ര റിപ്പബ്ലിക് ആയതുമുതൽ 2019 വരെ പ്രസിഡന്റ് പദവിയിലിരുന്ന നൂർ സുൽത്താൻ നാസർബയേവ് എന്ന ഏകാധിപതി ചെയ്തുകൂട്ടിയ മനുഷ്യാവകാശധ്വംസനങ്ങൾക്ക് കൈയും കണക്കുമില്ലെന്നതിന് ചരിത്രംതന്നെയാണ് സാക്ഷി.
കസാഖ്സ്താനിൽ പാർലമെന്ററി ജനാധിപത്യവും തെരഞ്ഞെടുപ്പുമൊക്കെയുണ്ടെന്നത് ശരിതന്നെ. പേക്ഷ, ഒരിക്കൽപോലും സുതാര്യമായൊരു തെരഞ്ഞെടുപ്പ് അവിടെ നടന്നിട്ടില്ലെന്ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് നിരീക്ഷകർ ഓരോ ഇലക്ഷനുശേഷവും വെളിപ്പെടുത്തിയിട്ടുണ്ട്. തുടക്കംമുതലേ മാധ്യമങ്ങൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ നാസർബയേവ്, മനുഷ്യാവകാശങ്ങൾക്കായുള്ള സകല ശബ്ദങ്ങളെയും പലകുറി അടിച്ചമർത്തി. അതുകൊണ്ടാണ്, അധികാരമൊഴിഞ്ഞ് രണ്ടു വർഷം പിന്നിട്ടിട്ടും തെരുവുകളിലിപ്പോൾ നാസർബയേവിനെതിരായ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. 'പടുവൃദ്ധനോ'ട് രാജ്യം വിട്ടുപോകാനാണ് സമരക്കാർ ആവശ്യപ്പെടുന്നത്.
നാസർബയേവിന്റെ അതേ ഭരണരീതിയാണ് ഖാസിം ജൊമാർട്ട് തൊകയേവും അവലംബിക്കുന്നത്. ഭരണകൂടത്തിൽ തല മാറിയെങ്കിലും നയം പഴയതുതന്നെ എന്നർഥം. അതിനിടയിലാണ്, സർവജനങ്ങളെയും ഒരുപോലെ ബാധിച്ച വിലക്കയറ്റമുണ്ടായത്. എണ്ണസമ്പുഷ്ടമായിട്ടും, രാജ്യം ഈ വിധം ദുരിതത്തിലാകാൻ കാരണം അധികാരികളുടെ അഴിമതിയും സ്വജനപക്ഷപാതവുമാെണന്നും ഇതിനകം തെളിയിക്കപ്പെട്ടതാണ്. ഇത്തരം വിഷയങ്ങൾ പൊതുജനസമക്ഷം അവതരിപ്പിക്കാൻതക്ക വ്യവസ്ഥാപിതമായൊരു പ്രതിപക്ഷം അവിടെയില്ല. തെരഞ്ഞെടുപ്പ് കൃത്രിമം പതിവായ കസാഖ്സ്താനിൽ, എക്കാലത്തും ഭരണപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമാണ്. പ്രതിപക്ഷനിരയിൽ രണ്ടോ മൂന്നോ ശതമാനം അംഗങ്ങൾ മാത്രമാണുണ്ടാവുക.
30 വർഷമായി തുടരുന്ന ഈ ദുർഘട സാഹചര്യത്തെ അതിജീവിക്കാൻ ജനങ്ങൾ സ്വയം പ്രതിപക്ഷമാവുകയല്ലാതെ നിർവാഹമില്ല. അതാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒന്നാലോചിച്ചുനോക്കിയാൽ, ഈ നൂറ്റാണ്ടിൽ ലോകം ദർശിച്ച എല്ലാ ജനകീയപ്രക്ഷോഭങ്ങളുടെയും പിന്നാമ്പുറം ഇതൊക്കെത്തന്നെയാണ്. ഏകാധിപത്യ-ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ തേർവാഴ്ച സർവസീമകളും ലംഘിക്കപ്പെടുമ്പോൾ രാഷ്ട്രീയ ജനസഞ്ചയങ്ങൾ അവിടെ രൂപംകൊള്ളുക എന്നത് കാലത്തിന്റെ ആവശ്യമാണ്. ജനാധിപത്യത്തിനായുള്ള ആ ശബ്ദങ്ങളെ ആർക്കും അവഗണിക്കാനാവില്ല. ആ അർഥത്തിൽ, കസാഖ്സ്താനിൽനിന്ന് പഠിക്കാൻ പല പാഠങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.