മാറേണ്ടത് മുഖങ്ങളല്ല, തത്ത്വങ്ങൾ
text_fields
രാജ്യത്തിനകത്തും പുറത്തും പ്രതിച്ഛായ നഷ്ടപ്പെട്ട പ്രധാനമന്ത്രി മുഖം മിനുക്കലിെൻറ ഭാഗമായി കേന്ദ്രമന്ത്രിസഭയെ വലിയൊരു ഉടച്ചുവാർക്കലിന് വിധേയമാക്കിയിരിക്കുകയാണ്. ഏഴ് കാബിനറ്റ് മന്ത്രിമാരും അഞ്ച് സഹമന്ത്രിമാരുമടക്കം 12 പേരെ ഒഴിവാക്കുകയും 36 പുതുമുഖങ്ങളെ കുടിയിരുത്തുകയും ചെയ്തിരിക്കുന്നു. കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് കൈകാര്യം ചെയ്യുന്നതിൽ സമ്പൂർണ പരാജയമായെന്ന് പാർട്ടിഭക്തർ പോലും കുറ്റപ്പെടുത്തിയ ആരോഗ്യമന്ത്രി ഹർഷവർധനാണ് കസേര നഷ്ടമായവരിൽ പ്രധാനി.
കോടതികളിൽനിന്നും അന്തർദേശീയ ഏജൻസികളിൽനിന്നും കണക്കറ്റ വിമർശനങ്ങളേറ്റുവാങ്ങിയ വിവാദമായ നിയമനിർമാണങ്ങൾക്ക് നേതൃത്വംവഹിച്ച സീനിയർ നേതാവ് രവിശങ്കർ പ്രസാദാണ് മറ്റൊരാൾ. തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ്വറിെൻറ കസേര തെറിപ്പിച്ചത് പരമോന്നത നീതിപീഠത്തിെൻറ രൂക്ഷമായ ആക്ഷേപങ്ങളാണ്. സർക്കാറിെൻറ ഉറ്റചങ്ങാതിമാരായ വൻകിട മുതലാളിമാർക്കുവേണ്ടി പരിസ്ഥിതി, വന നിയമങ്ങൾ വെള്ളം ചേർത്ത് മയപ്പെടുത്തുന്നതിലും പരിസ്ഥിതി വിനാശകരമായ സംരംഭങ്ങൾക്ക് പച്ചക്കൊടി കാണിക്കുന്നതിലും അത്യുത്സാഹിയായ പ്രകാശ് ജാവ്ദേക്കറിനും അപ്രതീക്ഷിതമായി പദവി നഷ്ടമായിരിക്കുന്നു.
ഭൂമിയും വനങ്ങളും ഏെറ്റടുക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങളെ തകർക്കാൻ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും നിർലോഭം ന്യായവാദങ്ങൾ നിരത്തിയിട്ടും പ്രധാനമന്ത്രിയുടെ ഗുഡ്ബുക്കിൽനിന്ന് പുറത്തായതിെൻറ കാരണം അവ്യക്തമാണ്.
ഒരുമാസം നീണ്ട വിലയിരുത്തലുകൾക്കും രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കും ശേഷമാണത്രെ മോദി-അമിത് ഷാ അച്ചുതണ്ട് മന്ത്രിസഭ അഴിച്ചുപണി നടപ്പാക്കിയത്. 2022ൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പും മുന്നിനിർത്തിയുള്ള രാഷ്ട്രീയ കരുനീക്കമാണ് പുനഃസംഘടനയെന്ന് നിരീക്ഷിക്കുന്നവരാണ് ഭൂരിപക്ഷം രാഷ്ട്രീയ വിദഗ്ധരും. തെരഞ്ഞെടുപ്പ് ആസന്നമായ ഉത്തർപ്രദേശിൽനിന്ന് 14 പേരെയാണ് മന്ത്രിമാരാക്കിയിരിക്കുന്നത്. ബംഗാളിനെയും ഗുജറാത്തിനെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളെയും നന്നായി പരിഗണിച്ചതും സംസ്ഥാനത്തിലെ അധികാര താൽപര്യങ്ങൾ മുൻനിർത്തിത്തന്നെ.
മന്ത്രിസഭയിൽ സ്ത്രീകളുടെയും വിവിധ ജാതി സമുദായങ്ങളുടെയും പ്രാതിനിധ്യവും ഉറപ്പുവരുത്തിയതിലും ഉത്തരേന്ത്യയിലെ ജാതി സമുദായങ്ങളുടെ വോട്ട് ഉറപ്പാക്കാനുള്ള ആസൂത്രണം കാണാനാവും. അപ്നാ ദളിെൻറ അനുപ്രിയ പട്ടേലും ലോക്ജനശക്തിയുടെ വിമത നേതാവ് പശുപതി പരസിനും മന്ത്രിസ്ഥാനങ്ങൾ ലഭ്യമായത് ഈ തന്ത്രത്തിെൻറ ഭാഗമാണ്. ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, സർബാനന്ദ സോനോവാൾ, പശുപതി കുമാർ പരസ്, നാരായണ സ്വാമി തുടങ്ങിയവരെ ഉൾപ്പെടുത്തിയതിലൂടെ വിവിധ പാർട്ടികളിൽനിന്ന് ചാക്കിട്ടുപിടിച്ചവരെ തൃപ്തിപ്പെടുത്താനും സംസ്ഥാനങ്ങളിലെ സംഘടനാ അന്തർസംഘർഷങ്ങളെ ലഘൂകരിക്കാനും ബി.ജെ.പിക്ക് ഒരുപരിധിവരെ സാധിക്കും.
ഇതിനെല്ലാം പുറമെ പതിവുപോലെ സംഘടനയിലെ കൊടിയ വിദ്വേഷ പ്രചാരകർക്കും മന്ത്രിപദം സമ്മാനമായി നൽകി അവരുടെ സേവനത്തെ പുരസ്കരിച്ചിട്ടുണ്ട് പ്രധാനമന്ത്രി. ദുർഗന്ധം നിറഞ്ഞ വാക്കുകൾക്ക് കുപ്രസിദ്ധരായ ശോഭ കരന്ത്ലാജെ, ശാന്തനു ഠാകുർ, ഡൽഹി വംശീയാക്രമണത്തിന് നേതൃത്വം നൽകിയതിൽ ആരോപണവിധേയനായ അനുരാഗ് ഠാകുർ തുടങ്ങിയവർക്ക് ലഭിച്ച സ്ഥാനലബ്ധി തീവ്ര ഹിന്ദുത്വവർഗീയ വാദികളുടെ മനസ്സിൽ സന്തോഷവും പ്രചോദനവും നിറക്കുമെന്നുറപ്പ്. പേക്ഷ, ഇതിനെല്ലാം പൊതു ഖജനാവിന് കൊടുക്കേണ്ടിവരുന്ന വിലയാണ് 77 അംഗങ്ങളുള്ള ജംബോ സർക്കാർ.
നിലവിലെ മന്ത്രിമാരിൽ 23 പേരുടെ വകുപ്പുകളിൽ മാറ്റത്തിരുത്തലുകൾ വരുത്തുകയും കുറെ പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തത് സർക്കാറിെൻറ പ്രതിച്ഛായ വീണ്ടെടുക്കാനും അവർ ഈ രാജ്യത്തെ കൊണ്ടുചെന്നെത്തിച്ച പരാജയപ്പടുകുഴിയിൽനിന്ന് കയറാനും പര്യാപ്തമാണോ? സർക്കാറിെൻറ മുഖം വികൃതമാക്കിയതും ജനരോഷം പടരുന്നതും മന്ത്രിസഭയിലെ വ്യക്തികളുടെ ഭരണനിർവഹണ ശേഷിയുടെ കുറവുകൊണ്ടു മാത്രമല്ല, മറിച്ച് ജനങ്ങൾക്കുമേൽ അടിച്ചേൽപിച്ച് നടപ്പാക്കുന്ന നയങ്ങളും സർക്കാറിെൻറ മനോഘടനയും മൂലമാണ്. ഹർഷ വർധനെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിച്ചതുകൊണ്ട് കോവിഡ് പ്രതിസന്ധിക്ക് പരിഹാരമാവില്ലല്ലോ. ജനങ്ങളെ മരണത്തിലേക്ക് എറിഞ്ഞുകൊടുക്കില്ലെന്നും ഗംഗയിൽ കോവിഡ് മൃതദേഹങ്ങൾ ഒഴുകിനടക്കുേമ്പാൾ പോലും ഇവിടെയെല്ലാം ശുഭം എന്ന് നടിക്കില്ലെന്നും സർക്കാർതന്നെ തീരുമാനിക്കണം. കോവിഡിനു മുമ്പുതന്നെ വിണ്ടു തുടങ്ങിയ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിപ്പോൾ തകർന്നു തരിപ്പണമായിരിക്കുന്നു.
അതിന് മറുപടി പറയാൻ ബാധ്യസ്ഥയായ, ജനദ്രോഹ സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരിയായ നിർമല സീതാരാമൻ തന്നെയാണ് ഇപ്പോഴും ധനകാര്യ മന്ത്രി. ചൈനയുമായുള്ള സംഘർഷം പരിഹരിക്കാനാകാത്ത രാജ്നാഥ് സിങ്ങിനും മാസം ഏഴു കഴിഞ്ഞിട്ടും കർഷക രോഷത്തിന് പരിഹാരം കണ്ടെത്താൻ കഴിയാത്ത നരേന്ദ്ര സിങ് തോമറിനും പുനഃസംഘാടനത്തിൽ അധികാര നഷ്ടവും സംഭവിച്ചിട്ടില്ല. യഥാർഥത്തിൽ മോദി സർക്കാറിെൻറ തെറ്റായ മുൻഗണനാക്രമങ്ങൾക്കും ഭരണനിർവഹണത്തിലെ ഗുരുതര പാളിച്ചകൾക്കും പിന്നിൽ പുറത്താക്കപ്പെട്ട മന്ത്രിമാർക്ക് കാര്യമായ പങ്കൊന്നുമില്ല. രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങളിൽ നിർണായക തീരുമാനങ്ങൾ മുഴുവനുമെടുത്തത് പ്രധാനമന്ത്രിയടങ്ങുന്ന വളരെ ചെറു സംഘമാണ്.
മോദിയുടെ രണ്ടാം സർക്കാറിന് സംഭവിച്ച പ്രതിച്ഛായ നഷ്ടം പരിഹരിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ തിരുത്തലുകൾ തുടങ്ങേണ്ടത് പ്രധാനമന്ത്രിയുടെ ഓഫിസിൽ വന്നുചേർന്നിട്ടുള്ള അമിതമായ അധികാര കേന്ദ്രീകരണത്തിൽ നിന്നാണ്. ഉടച്ചുവാർക്കേണ്ടതും അഴിച്ചുപണിയേണ്ടതും വ്യാപകമായ പ്രതിഷേധങ്ങളുയർത്തിയ ജനവിരുദ്ധ നയങ്ങളാണ്. മന്ത്രിസഭയിലെ മുഖങ്ങളുടെ മാറ്റത്തേക്കാൾ അനിവാര്യമായി വേണ്ടത് മന്ത്രിസഭയുടെ മുൻഗണനകളിലും തത്ത്വങ്ങളിലുമാണ്. അത് സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നുപോലുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.