വാട്സ്ആപ് ജനതയും സങ്കീര്‍ണതകളും
text_fieldsസകരിയ-മുഹ്സിന് പരാരി ടീം സംവിധാനിച്ച ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയില്‍ സുഹൃത്തുമായി പിരിയാന്‍ നേരത്ത് ഒരിക്കൽ നായകന് പറയുന്നതിതാണ്: ‘‘എന്നാ ശരി, വാട്സ്ആപ്പില്‍ കാണാം’’. കൂടിച്ചേരലുകള്‍ക്ക് ശാരീരികമായ അടുപ്പം ആവശ്യമില്ലാതാക്കി മനുഷ്യ സംഘാടനത്തെ കൂടുതല്‍ സ്ഥലരഹിതമാക്കി എന്നതായിരിക്കും വാട്സ്ആപ് എന്ന മൊബൈല്‍ ആപ്ലിക്കേഷെൻറ വലിയ പ്രത്യേകത. പലതരം ഗ്രൂപ്പുകള്‍ വഴി ഒരേസമയം പല സ്വഭാവത്തിലുള്ള സംഘരൂപങ്ങളുടെ ഭാഗമാകാന്‍ ഉപയോക്താവിന് സാധിക്കുന്നുവെന്നതാണ് അതിെൻറ ആകര്‍ഷണീയത. കുടുംബക്കാര്, പഴയകാല സുഹൃത്തുക്കള്‍, കച്ചവട കൂട്ടങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിങ്ങനെ പല മേഖലകളിലെ ഇടപെടലുകളെ ൈകയിലെ സെല്‍ഫോണ്‍ ഉപയോഗിച്ച് ക്രമപ്പെടുത്താന്‍ ഇത് ഉപഭാക്താവിനെ സജ്ജമാക്കുന്നു. പ്രയാസകരമായ സംഘാടനങ്ങളെ വളരെയധികം എളുപ്പമാക്കുന്നതില്‍ ഈ ആപ്ലിക്കേഷന്‍ അത്യധികം സഹായിച്ചിട്ടുണ്ട്. ലോക ജനസംഖ്യയിലെ വലിയൊരു വിഭാഗത്തെ തങ്ങളുടെ ഉപഭോക്താക്കളാക്കുന്നതിന് കമ്പനിയെ സഹായിച്ചത്, ലളിതമായി ഉപയോഗിക്കാനും വലിയതോതില്‍ സംഘടിപ്പിക്കാനുമുള്ള ഈ ആപ്ലിക്കേഷെൻറ ശേഷിയാണ്. വന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ മുതല്‍ രാഷ്ട്രീയപാര്‍ട്ടികളും സ്കൂള്‍ പി.ടി.എ കമ്മിറ്റികള്‍ വരെ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നു. വാട്സ്ആപ് സന്ദേശങ്ങളിലൂടെ അടുത്തിടെ കേരളത്തിൽ ഒരു ഹര്‍ത്താല്‍ രൂപപ്പെട്ടത് ഏറെ കോലാഹലങ്ങളുയർത്തി.
വാട്സ്ആപ് സന്ദേശങ്ങള്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ നിറയാന്‍ കാരണമുണ്ട്. തെറ്റായ വാട്സ്ആപ് സന്ദേശങ്ങളുടെ പേരില്‍ രാജ്യത്ത് പല ഭാഗങ്ങളിലും ആള്‍ക്കൂട്ട കൊലകള്‍ നടന്നതായിരുന്നു അത്. ജൂലൈ ഒന്നിന് മഹാരാഷ്ട്രയിലെ ധുലെയില്‍ അഞ്ചുപേരെയാണ് ഇത്തരത്തില്‍ തെറ്റായ സന്ദേശങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടം അടിച്ചുകൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം എന്ന തരത്തില്‍ വാട്സ്ആപ്പിലൂടെ തെറ്റായ വിഡിയോ സന്ദേശങ്ങള്‍ പ്രചരിച്ചതായിരുന്നു കാരണം. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ മഹാരാഷ്ട്രയിൽ 10 പേര് ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും സമാനമായ വാര്‍ത്തകള്‍ വന്നു.
വാട്സ്ആപ് കൊലകള്‍ വ്യാപിച്ചപ്പോള്‍, കൂടുതല്‍ ഉത്തരവാദിത്തം പാലിക്കാന്‍ കമ്പനി ശ്രദ്ധിക്കണമെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. തങ്ങളുടെ പ്ലാറ്റ്ഫോം തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ആള്‍ക്കൂട്ട കൊലകളെ ഫലപ്രദമായി നേരിടുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്നു എന്ന വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പരാമര്‍ശം എന്നുകൂടി ഓര്‍ക്കണം. ആവശ്യമായ നിയന്ത്രണങ്ങളും ധാര്‍മികമായ ചട്ടക്കൂടുകളും ഉണ്ടാവുക എന്നത് ഏത് സാമൂഹിക മാധ്യമത്തിനും അത്യാവശ്യമാണ്. അത്തരം ചട്ടക്കൂടുകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യാം. എന്നാല്‍, ഭരണകൂടം അതിെൻറ ഉത്തരവാദിത്തം മറന്ന് എല്ലാം മൊബൈല്‍ ആപ്ലിക്കേഷെൻറ തലയില്‍ വെക്കുന്നത് യുക്തിസഹമായ ഒന്നല്ല.
ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും മന്ത്രിയുടെ പരാമര്ശത്തിെൻറയും പശ്ചാത്തലത്തില്‍ ബോധവത്കരണ പരിശ്രമങ്ങളുമായി വാട്സ്ആപ്പും രംഗത്തുവന്നിട്ടുണ്ട്. വിവിധ പത്രങ്ങളില്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് മുഴുപ്പേജ് പരസ്യങ്ങള്‍ കമ്പനി പ്രസിദ്ധീകരിച്ചു. ആധികാരികതയും ഉത്തരവാദിത്തവും ഉറപ്പുവരുത്താതെ ഫോര്‍വേഡ് സന്ദേശങ്ങള്‍ പങ്കുവെക്കാതിരിക്കുക എന്നതാണ് വാട്സ്ആപ് അധികൃതര്‍ നിര്‍ദേശിക്കുന്ന ഒന്നാമത്തെ കാര്യം. ഫോര്‍വേഡ് സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിന് പ്രത്യേകം സംവിധാനം ഉടന്‍ ആരംഭിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. അസ്വസ്ഥപ്പെടുത്തുന്ന സേന്ദശങ്ങള് ഷെയര്‍ ചെയ്യാതിരിക്കുക, അവിശ്വസനീയമെന്ന് തോന്നുന്നവയുടെ ആധികാരികത പരിശോധിക്കുക എന്നിങ്ങനെ 10 നിര്‍ദേശങ്ങളാണ് കമ്പനി പ്രസിദ്ധീകരിച്ചത്. ഈ 10 നിര്‍ദേശങ്ങളും ആറ്റിക്കുറുക്കിയാല്‍ ലഭിക്കുന്നത് ഒന്നാണ്: ആധികാരികമെന്ന് ഉറപ്പില്ലാത്ത ഒന്നും മറ്റൊരാളുമായി പങ്കുവെക്കാതിരിക്കുക എന്നതാണത്. ഇത് വളരെ പ്രധാനമാണ് എന്നതിനൊപ്പം ഏതെങ്കിലും നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നല്ല. ഉപഭോക്താക്കള്ക്കുണ്ടാവേണ്ട ഉയര്‍ന്ന ധാര്‍മിക, നൈതികബോധത്തിലൂെടയേ ഇത് സാധ്യമാവുകയുള്ളൂ. അല്പംകൂടി ഉത്തരവാദിത്ത ബോധത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ ഇടപഴകുന്ന സംസ്കാരം വളര്ത്തിടെയുത്തേ മതിയാവൂ. ബന്ധപ്പെട്ട കമ്പനികള്‍ക്കൊപ്പം പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍, വിദ്യാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. സാമൂഹിക സംഘാടനങ്ങള്‍ക്ക് കണ്ടെത്തിയ വഴികള്‍ സാമൂഹിക അസ്വസ്ഥതകള്‍ ഉണ്ടാക്കാനുള്ള ഉപകരണമായിക്കൂടാ.
2017 ഡിസംബറിലെ കണക്കുപ്രകാരം പ്രതിമാസം 150 കോടി ആളുകള്‍ വാട്സ്ആപ് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇത് 20 കോടിയാണ്. പ്രതിമാസം 20 കോടി മനുഷ്യര്‍ പെരുമാറുന്ന ഒരിടത്ത് എന്തെല്ലാം സംഭവിക്കുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിനാല്‍ തന്നെ ജനസംഖ്യയില്‍ വളരെ വലിയൊരു പങ്ക് ഇടപഴകുന്ന ഒരു മേഖലയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. എന്നുവെച്ച് ചൈന പോലുള്ള രാജ്യങ്ങള്‍ ചെയ്തതുപോലെ വാട്സ്ആപ് നിരോധിക്കണമെന്നല്ല. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പൊലീസിനെ കൂടുതല്‍ ആധുനികവത്കരിക്കുകയാണ് വേണ്ടത്. സൈബര്‍ ഇടങ്ങള്‍ തെരുവുകള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കി നിമയപാലക സംവിധാനത്തെ സജ്ജമാക്കണം. അതേസമയം, വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ അത് വളരാനും പാടില്ല. അതായത്, സങ്കീര്‍ണമായ ഒരു പ്രശ്നത്തെ അതിെൻറ എല്ലാ സങ്കീര്‍ണതകളോടും കൂടി മനസ്സിലാക്കുക എന്നതാണ് പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.