പൗരത്വ നിയമത്തിന് പിൻവാതിൽ തുറന്നിടുേമ്പാൾ
text_fields2019 ഡിസംബർ ആദ്യവാരം 'യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റ്' എന്ന ബാനറിൽ ഏതാനും വിദ്യാർഥി സംഘടനകൾ ഡൽഹിയിലെ ജന്തർമന്തറിൽ തുടങ്ങിവെച്ച പ്രക്ഷോഭമാണ് തൊട്ടടുത്ത ദിവസങ്ങളിൽ പൗരത്വനിയമത്തിനെതിരായ ജനകീയസമരമായി രാജ്യമെങ്ങും വികസിച്ചത്. മതത്തിെൻറ പേരിൽ രാജ്യത്തെ വിഭജിക്കാൻ പര്യാപ്തമായ സി.എ.എ, എൻ.ആർ.സി തുടങ്ങിയ മനുഷ്യത്വവിരുദ്ധ നിയമങ്ങൾക്കെതിരെ നടന്ന വൻ പ്രതിഷേധങ്ങൾ മോദി സർക്കാറിനും ഹിന്ദുത്വക്കുമെതിരായ ഏറ്റവും വലിയ ബഹുജന മുന്നേറ്റം തന്നെയായിരുന്നു. രാജ്യത്തിെൻറ സകല വൈവിധ്യങ്ങളെയും അതിെൻറ എല്ലാ സൗന്ദര്യത്തോടെയും മൗലികതയോടെയും സ്വീകരിച്ച പൗരത്വസമരവേദികൾ അക്ഷരാർഥത്തിൽ 'നാനാത്വത്തിൽ ഏകത്വം' എന്ന മഹത്തായ മുദ്രാവാക്യത്തെ പലരീതിയിൽ ഏറ്റുചൊല്ലി.
അതുകൊണ്ടാണ് ഇൗ സമരങ്ങൾ പൊളിക്കാനുള്ള സകല ഭരണകൂടശ്രമങ്ങളും ഒാരോന്നായി പൊളിഞ്ഞുവീണത്. ലാത്തിവീശിയും തോക്കുചൂണ്ടിയും സമരങ്ങളെ അടിച്ചമർത്താനൊരുങ്ങിയപ്പോൾ രാജ്യത്തിെൻറ മുക്കുമൂലകളിൽവരെ ഒാരോ ദിവസവും പുതിയ 'ശാഹീൻബാഗു'കൾ രൂപപ്പെടുകയായിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിൽ വംശീയാക്രമണം അഴിച്ചുവിട്ട് സമരത്തെ ഇല്ലായ്മ ചെയ്യാനുള്ള ഹിന്ദുത്വശ്രമങ്ങളും പ്രക്ഷോഭകരുടെ ത്യാഗത്തിനും ഇച്ഛാശക്തിക്കും മുന്നിൽ ദയനീയമായി പരാജയപ്പെട്ടു. അപ്പോഴും പൗരത്വ നിയമം നടപ്പാക്കുമെന്നുതന്നെയാണ് കേന്ദ്രസർക്കാർ ആവർത്തിച്ചത്. പേക്ഷ, തുടർപ്രവർത്തനങ്ങൾക്ക് കോവിഡും ലോക്ഡൗണുെമല്ലാം തടസ്സമായി. ഇപ്പോൾ, കോവിഡ് വ്യാപനത്തിന് അൽപം ശമനം വന്നതോടെ കേന്ദ്രം വീണ്ടും പൗരത്വ നിയമം നടപ്പാക്കാനൊരുങ്ങുകയാണ്. നേരിട്ട് നടപ്പാക്കുന്നത് പഴയപോലെ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന് ഭയപ്പെടുന്നതിനാലാകാം, വളഞ്ഞവഴിയിലൂടെ പുതിയ പൗരത്വപദ്ധതികൾക്കൊരുങ്ങുകയാണ് മോദി സർക്കാർ.
പൗരത്വനിയമത്തിന് സംഘ്പരിവാർ ഭരണകൂടം പിൻവാതിൽ തുറന്നിടുന്നത് രണ്ടു പദ്ധതികളിലൂടെയാണ്. വിവിധ മന്ത്രാലയങ്ങളെ ഏേകാപിപ്പിച്ച് കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 60 ഇന കർമപരിപാടികളാണ് അതിലൊന്ന്. സെപ്റ്റംബർ 18ന് മന്ത്രാലയ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ ചർച്ചകളിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളിലൊന്ന് പൗരത്വനിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ്. പൗരത്വത്തിന് ജനനസർട്ടിഫിക്കറ്റ് മാനദണ്ഡമാക്കാമെന്നാണ് മോദിക്ക് ലഭിച്ചിരിക്കുന്ന വിദഗ്ധോപദേശം. സാേങ്കതികവിദ്യ ഇത്രമേൽ പുരോഗമിച്ച ഇക്കാലത്ത്, ജനനസർട്ടിഫിക്കറ്റിെന പൗരത്വവുമായി ബന്ധിപ്പിക്കുന്നത് എളുപ്പമാണെന്നതിനാൽ വിഷയത്തിൽ മുന്നോട്ടുപോകാനാണ് പ്രധാനമന്ത്രി നൽകിയിരിക്കുന്ന നിർദേശം.
കഴിഞ്ഞ 52 വർഷമായി സംസ്ഥാനങ്ങൾ കൈകാര്യംചെയ്തിരുന്ന ജനന, മരണ രജിസ്ട്രേഷനുകൾ ഇനിയങ്ങോട്ട് കേന്ദ്രത്തിെൻറ നിയന്ത്രണത്തിലാക്കാനുള്ള നിയമഭേദഗതിക്കും കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. നിലവിൽ സംസ്ഥാനം നിയമിക്കുന്ന തദ്ദേശ രജിസ്ട്രാറാണ് ജനന, മരണ രജിസ്ട്രേഷൻ നടത്തുന്നത്. കേന്ദ്രം നിർദേശിച്ച ഭേദഗതിപ്രകാരം, സംസ്ഥാനം നടത്തുന്ന വിവരശേഖരണത്തിനുശേഷം അവ ദേശീയതലത്തിൽ സംയോജിപ്പിക്കണമെന്നാണ്. അഥവാ, ഭേദഗതി പാസാകുന്നതോടെ, രജിസ്ട്രാർ ജനറൽ ഇന്ത്യയായിരിക്കും ഇൗ വിവരങ്ങളുടെയെല്ലാം സൂക്ഷിപ്പുകാരൻ. എൻ.ആർ.സി തയാറാക്കാൻ ആവശ്യമായ എൻ.പി.ആർ (ദേശീയ ജനസംഖ്യ രജിസ്റ്റർ) പുതുക്കുന്നതിനുകൂടിയാണ് ഇൗ ഭേദഗതി.
രാജ്യത്തെ പൗരന്മാരുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട സാേങ്കതികക്കുരുക്കുകൾ ഒഴിവാക്കാനാണ് ഇൗ പദ്ധതികളെന്നാണ് ഭരണകൂട ന്യായമെങ്കിലും അതിനെ തൽക്കാലം സംശയത്തോെടയും അൽപം ആശങ്കയോടെയും മാത്രമേ കാണാനാകൂ. രണ്ടു പദ്ധതികളിലും വലിയ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്. പൗരത്വത്തിെൻറ മാനദണ്ഡമായി ജനനസർട്ടിഫിക്കറ്റ് പരിഗണിക്കപ്പെടുന്നതുതന്നെ അപരവത്കരണത്തിെൻറയും പുറംതള്ളലിെൻറയും ഏറ്റവും വലിയ സൂചനയാണ്. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ജനനസർട്ടിഫിക്കറ്റ് ലഭ്യമാവുക അത്ര ലളിതമായ കാര്യമല്ല.
2016ലെ ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ 38 ശതമാനം പേർക്കും ജനനസർട്ടിഫിക്കറ്റ് ഇല്ല. ഇൗ കുട്ടികളുടെ ജനനം എവിടെയും രേഖപ്പെടുത്തിയിട്ടില്ല എന്നർഥം. ഇതുപോലെ രേഖയിലില്ലാത്ത കുട്ടികൾ ഏറ്റവും കൂടുതലുള്ള ലോകത്തെ ആദ്യ അഞ്ചു രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നാണ് 2019ലെ യുനിസെഫ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുഞ്ഞ് ജനിച്ച് 21 ദിവസത്തിനകം സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിൽ (സി.ആർ.എസ്) രജിസ്റ്റർ ചെയ്യണമെന്നൊക്കെയാണ് നിയമം.
ഗ്രാമീണ ഇന്ത്യയുടെ യാഥാർഥ്യങ്ങൾവെച്ചുനോക്കുേമ്പാൾ ഇങ്ങനെയൊരു സംവിധാനത്തെക്കുറിച്ചുപോലും പലരും അജ്ഞരാണെന്നതാണ് വാസ്തവം. അസമിൽ എൻ.ആർ.സിക്ക് ജനനസർട്ടിഫിക്കറ്റ് മാനദണ്ഡമായിട്ടും 40 ലക്ഷത്തോളം പേർ പുറത്തുപോയതിെൻറ കാരണവും മറ്റൊന്നല്ല. 1969 മുതലാണ് ഇൗ രജിസ്ട്രേഷൻ നിലവിൽ വന്നത്. അതിനുമുമ്പ് ജനിച്ചവരും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്നോർക്കണം. ഇൗ സാഹചര്യത്തിൽ, രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പാക്കുേമ്പാൾ ജനനസർട്ടിഫിക്കറ്റ് പൗരത്വരേഖയാക്കി മാറ്റുേമ്പാഴുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഉൗഹിക്കാവുന്നതേയുള്ളൂ. അഥവാ, തീർത്തും അപ്രായോഗികവും അശാസ്ത്രീയവുമായൊരു മാനദണ്ഡത്തിെൻറ അടിസ്ഥാനത്തിൽ പൗരന്മാരെ തിരഞ്ഞുപിടിച്ച് അപരന്മാരും അഭയാർഥികളുമാക്കാനുള്ള ഗൂഢപദ്ധതിയാണ് അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ജനന, മരണ രജിസ്ട്രേഷെൻറ നിയന്ത്രണം കേന്ദ്ര സർക്കാറിനു കീഴിലാവുകകൂടി ചെയ്യുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നതിലും സംശയമില്ല. അതിനപ്പുറം, ഇത് സംസ്ഥാനത്തിെൻറ അധികാരത്തിലേക്ക് കടന്നുകയറാനുള്ള ആസൂത്രിത പദ്ധതികൂടിയാണ്. ഇൗ നീക്കത്തെ പ്രതിരോധിച്ചേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.