തെരഞ്ഞെടുപ്പ് അജണ്ട ഹിന്ദുത്വയിലേക്ക് ചുരുങ്ങുമ്പോൾ
text_fieldsനിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തുവരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സവിശേഷമായൊരു രാഷ്ട്രീയാന്തരീക്ഷം കേരളത്തിൽ രൂപപ്പെട്ടിരിക്കുന്നു. മുെമ്പാക്കെ തെരഞ്ഞെടുപ്പ് അടുത്തുകഴിഞ്ഞാൽ, കൃത്യവും വിപുലവുമായ രാഷ്ട്രീയ സംവാദങ്ങൾക്ക് സംസ്ഥാനം വേദിയാകുമായിരുന്നു. വിവിധ പാർട്ടികളുടെയും മുന്നണികളുടെയും രാഷ്ട്രീയ നയ-നിലപാടുകളും വികസനത്തോടുള്ള കാഴ്ചപ്പാടുകളുമൊക്കെ അവിടെ വിചാരണ ചെയ്യപ്പെടും; അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികകളും വിശകലനവിധേയമാകും; നിലവിലുള്ള സർക്കാറിെൻറ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണമികവും വീഴ്ചകളും ചർച്ചചെയ്യപ്പെടും.
ഇതിനൊക്കെശേഷമാണ് സമ്മതിദായകർ പോളിങ്ബൂത്തിൽ പ്രവേശിക്കാറ്. എന്നാൽ, ഇക്കുറി പതിവ് തെറ്റിയിരിക്കുന്നു. അതല്ലെങ്കിൽ, തെരഞ്ഞെടുപ്പ് ഗോദയിലെ മുൻഗണനകൾ മാറിമറിഞ്ഞിരിക്കുന്നു. രാഷ്ട്രീയ സംവാദങ്ങൾക്കും വികസന ചർച്ചകൾക്കുമെല്ലാം മുന്നേ, അന്തരീക്ഷത്തിൽ ഉയർന്നുകേൾക്കുന്നത് മറ്റുചിലതാണ്. തെളിച്ചുപറഞ്ഞാൽ, ഭൂരിപക്ഷമത പ്രീണനത്തിെൻറയും ന്യൂനപക്ഷ അപരവത്കരണത്തിെൻറയും അജണ്ടകളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പരിമിതപ്പെട്ടിരിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ മുഖ്യധാരാ മുന്നണികളും നേതാക്കളും പുറപ്പെടുവിച്ച രാഷ്ട്രീയ പ്രസ്താവനകൾ അതിെൻറ നേർസാക്ഷ്യമാണ്. മുമ്പും ഇതൊക്കെയുള്ളതാണെങ്കിലും ഇത്രമേൽ പച്ചയായി അക്കാര്യങ്ങൾ അവതരിപ്പിക്കാതിരിക്കാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾ ജാഗ്രത കാണിച്ചിരുന്നു. എന്നാലിപ്പോൾ, അത്തരം ഒൗചിത്യങ്ങളെല്ലാം മാറ്റിവെച്ച് പുതിയൊരു പ്രായോഗിക രാഷ്ട്രീയത്തിെൻറ വേദിയൊരുക്കുകയാണവർ.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഭരണ-പ്രതിപക്ഷ മുന്നണികൾക്ക് അതിനിർണായകമാണ്. വലിയ വിവാദങ്ങൾക്കിടയിലും തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മേൽെക്കെ നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിച്ച് പിണറായി സർക്കാറിന് രണ്ടാമൂഴം സമ്മാനിക്കുക എന്നതിൽ കുറഞ്ഞൊരു അജണ്ടയും ഇടതുപക്ഷത്തിനില്ല. കാരണം, ഭരണത്തുടർച്ചയെന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് നിലനിൽപിെൻറകൂടി പ്രശ്നമാണ്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ, അവസാനത്തെ സംസ്ഥാനവും സി.പി.എമ്മിനും ഇടതിനും നഷ്ടമാകും. യു.ഡി.എഫിനും, വിശേഷിച്ച് കോൺഗ്രസിന്, ഇത് നിലനിൽപിെൻറകൂടി പോരാട്ടമാണ്.
അക്കാര്യം അവർ തുറന്നുപറയുന്നുമുണ്ട്. ഇനിയും ജനങ്ങൾ പ്രതിപക്ഷത്തിരുത്തിയാൽ പാർട്ടിയിൽ ആളുണ്ടാവില്ലെന്നും അണികൾ കൂട്ടത്തോടെ സംഘ്പരിവാർ പാളയത്തിലേക്കു പോകുമെന്നും പറഞ്ഞത് കോൺഗ്രസ് നേതാക്കൾതന്നെയാണ്. ഇൗ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാകാം, വളരെ നേരേത്തതന്നെ ഇരു പാർട്ടികളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയെൻറ സംവാദപരിപാടികളും മന്ത്രിമാരുടെ അദാലത്തുകളും പാർട്ടിപ്രവർത്തകരുടെ ഗൃഹസമ്പർക്ക പരിപാടികളും പുരോഗമിക്കുന്നത് ഇൗ ദിശയിലാണ്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'െഎശ്വര്യ കേരള യാത്ര' സഞ്ചരിക്കുന്നതും ഇതേ ലക്ഷ്യം മുൻനിർത്തിതന്നെ. എന്നാൽ, ഇത്തരം പരിപാടികളിലെല്ലാം ഉയർന്നുകേൾക്കുന്നത് മേൽസൂചിപ്പിച്ചതുപോലുള്ള രാഷ്ട്രീയ ചർച്ചകളോ വികസനസംവാദങ്ങളോ അല്ല. നോക്കൂ, രണ്ടും കൂട്ടരും ഒരുപോലെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ശബരിമലയെക്കുറിച്ചാണ്. ശബരിമലയിൽ ആചാരലംഘനത്തിന് ശിക്ഷ ഉറപ്പാക്കുന്ന നിയമനിർമാണത്തെക്കുറിച്ച് ആലോചിക്കുമെന്ന് യു.ഡി.എഫ് വ്യക്തമാക്കിക്കഴിഞ്ഞു. ഇതുസംബന്ധിച്ച നിയമത്തിെൻറ കരടും അവർ പുറത്തുവിട്ടു. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വിശ്വാസികൾക്കിടയിലുണ്ടായ അതൃപ്തി വോട്ടാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് രണ്ടരവർഷം മുമ്പ് സുപ്രീംകോടതി വിധി പുറത്തുവന്നപ്പോഴും കോൺഗ്രസ് നേതൃത്വം സമാനമായ പ്രസ്താവന നടത്തിയിരുന്നു. അത് ലോക്സഭ തെരഞ്ഞെടുപ്പിൽ ഫലം കാണുകയും ചെയ്തു.
യുവതീപ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും കോടതിവിധിയെ തുടക്കത്തിൽ അനുകൂലിക്കുകയും ചെയ്ത സി.പി.എമ്മും ഇടതുപക്ഷവും നേരേത്തതന്നെ കളംമാറിയതാണെങ്കിലും, കോൺഗ്രസിെൻറ നീക്കത്തെ അത്രകണ്ട് വിമർശിക്കാതെ ഒഴിഞ്ഞുമാറിയതും ഭൂരിപക്ഷ വോട്ട് ഇനിയും നഷ്ടപ്പെടുത്തിക്കൂടാ എന്ന ചിന്തയിൽനിന്നാകും. നീതിപീഠത്തിൽനിന്ന് ഇനിയൊരു വിധി എന്തായാലും വിശ്വാസികളുമായി ചർച്ചചെയ്തേ നടപ്പാക്കൂ എന്ന് നേതൃത്വം വ്യക്തമാക്കിയതിനു പിന്നിലും മറ്റൊന്നാകാൻ സാധ്യതയില്ല. എൻ.ഡി.എയും വിശ്വാസാചാരങ്ങൾതന്നെയാണ് തെരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിക്കുന്നത്. അവർ ഒരു പരിധികൂടി കടന്ന്, ദേവസ്വം ബോർഡ് തന്നെ പിരിച്ചുവിട്ട് വിശ്വാസികൾക്ക് വിട്ടുനൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
'ലൈഫ്' അടക്കമുള്ള ജനപക്ഷ വികസന പരിപാടികൾ ഉയർത്തിക്കാട്ടി ഭരണപക്ഷത്തിനും സ്പ്രിൻക്ലർ അടക്കമുള്ള വിവാദങ്ങളും അഴിമതിയാരോപണങ്ങളും മുൻനിർത്തി പ്രതിപക്ഷത്തിനും വിപുലമായ കാമ്പയിന് അവസരമുണ്ടായിട്ടും അതെല്ലാം മാറ്റി 'വിശ്വാസ'വഴിയിൽതന്നെ സഞ്ചരിക്കാൻ മുന്നണികളെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കുമെന്ന് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. വികസനത്തിനുപകരം, വർഗീയ അജണ്ടകൾ 'യു.പി മോഡലി'ൽ കേരളത്തിലും രംഗപ്രവേശം ചെയ്തിരിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കറകളഞ്ഞ സെക്കുലർ പാർട്ടികൾ തങ്ങളുടെ മുൻനിലപാടുകൾ കാറ്റിൽപറത്തി ഭൂരിപക്ഷ മത പ്രീണനം നടത്തുേമ്പാൾ, സാക്ഷാത്കരിക്കപ്പെടുന്നത് ഹിന്ദുത്വ അജണ്ടതന്നെയാണ്. അതുകൊണ്ടാണ്, ഇൗ പ്രീണനത്തിനൊപ്പം ന്യൂനപക്ഷ അപരവത്കരണത്തിെൻറയും ഇസ്ലാമോഫോബിയയുടെയും ശബ്ദങ്ങൾ ഇടക്കിടെ ഇക്കൂട്ടരിൽനിന്ന് ഉയർന്നുകേൾക്കുന്നത്. അപകടകരമായ ഇൗ രാഷ്ട്രീയ സമീപനം ദീർഘകാലാടിസ്ഥാനത്തിൽ സംഘ്പരിവാറിനേ വളമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.