Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഎവിടെ പ്രതിപക്ഷം ?

എവിടെ പ്രതിപക്ഷം ?

text_fields
bookmark_border
എവിടെ പ്രതിപക്ഷം ?
cancel


നവകേരളത്തിലേക്ക് പിണറായി വിജയൻ നേതൃത്വം വഹിക്കുന്ന ഇടതുപക്ഷ സർക്കാർ തുടർഭരണ യാത്ര ആരംഭിച്ചിരിക്കുന്നു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, ഒരുമയോടെ​ വികസനവും ജനക്ഷേമവും സ്വൈരജീവിതവുമുള്ള കേരളം സൃഷ്​ടിക്കുകയാണ് ലക്ഷ്യമെന്ന് തുടർഭരണ സന്ദേശമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്​തു. നവകേരളത്തിലേക്കുള്ള യാത്രക്കായി പുതിയ മന്ത്രിസഭ സത്യപ്രതിജ്​ഞ ചൊല്ലി അധികാരമേറ്റു കഴിഞ്ഞപ്പോൾ ഉയരുന്ന സ്വാഭാവിക ചോദ്യമുണ്ട്, എവിടെ പ്രതിപക്ഷമെന്നത്. ക്രിയാത്മക പ്രതിപക്ഷമാകുവാൻ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് സജ്ജമായോ എന്ന്. ഇടതുപക്ഷം കൃത്യമായ അജണ്ടകളും നയപരിപാടികളുമായി മുന്നോട്ടുപോകുമ്പോൾ തെരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും തോൽവിയുടെ ആഘാതത്തിൽനിന്ന് മുക്തമാകാനോ എന്തുകൊണ്ട് തോറ്റുവെന്ന് കൃത്യമായി ആത്മവിശകലനം ചെയ്യാനോ കഴിയാതെ ഉഴറുകയാണ് കോൺഗ്രസും യു.ഡി.എഫും. ദയനീയമായ തെരഞ്ഞെടുപ്പ് പരാജയത്തിെൻറ പാഠങ്ങൾ വിശകലനം ചെയ്ത് കേരളത്തിലെ മാറിയ സാമൂഹിക ബോധ്യങ്ങളെ അഭിമുഖീകരിക്കാനുള്ള രാഷ്​​ട്രീയ ലൈൻ ഉരുത്തിരിച്ചെടുക്കാനോ എന്തിന് മുഖ്യമന്ത്രി അധികാരമേൽക്കുമ്പോഴേക്കും പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് തിരിച്ചുവരവിെൻറ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻപോല​ുമോ അവർക്കാകുന്നില്ല. ഇതെഴുതുന്ന സമയത്ത് പുറത്തുവരുന്ന അനൗദ്യോഗിക വിവരം കോൺഗ്രസ് ഒരഴിച്ചുപണിക്ക് തയാറാകുന്നുവെന്നാണ്.

ശക്തവും ദീർഘദൃഷ്​ടിയുമുള്ള ഭരണപക്ഷംപോലെ ജനാധിപത്യ ആരോഗ്യത്തിന് അനിവാര്യമാണ് ക്രിയാത്മകമായ പ്രതിപക്ഷവും. കാരണം, സാമൂഹിക ഉന്നമനത്തിനുവേണ്ടിയുള്ള അധികാര നിർവഹണത്തിൽ ഭരണപക്ഷത്തെപ്പോലെ ഉത്തരവാദിത്തപരമായ ചുമതല പ്രതിപക്ഷത്തിനുകൂടി നൽകുന്നതാണ് നമ്മുടെ ജനാധിപത്യ സങ്കൽപം. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്​ കാബിനറ്റ് റാങ്കും നിർണായകമായ ഭരണനിർവഹണ സമിതികളിൽ അംഗത്വവും നൽകിയിരിക്കുന്നതും. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഭരണകൂട വീഴ്ചകളെ തുറന്നുകാണിക്കുന്നതിലും തിരുത്തിക്കുന്നതിലും മുൻകാലത്തെ പല പ്രതിപക്ഷ നേതാക്കളേക്കാൾ ഒരുപടി മുന്നിൽതന്നെയായിരുന്നു അദ്ദേഹം. എന്നിട്ടും അത് രാഷ്​​ട്രീയ വിജയമായി മാറ്റാൻ അദ്ദേഹത്തിനോ യു.ഡി.എഫിനോ സാധിച്ചില്ല. എന്നല്ല, അവ പലപ്പോഴും ജനമധ്യത്തിൽ പരിഹാസ്യമാക്കുന്നതിൽ ഭരണപക്ഷം വിജയിക്കുകയും ചെയ്തു. അതിന് കാരണം, അവ ഏ​െറ്റടുക്കാനോ ജനകീയമാക്കാനോ കോൺഗ്രസിൽ ഒരു സംവിധാനമുണ്ടായിരുന്നില്ല എന്നതുതന്നെയാണ്.

അടിത്തട്ടിലെ പാർട്ടി സംവിധാനങ്ങൾ അങ്ങേയറ്റം ദുർബലമോഗ്രൂപ്​ പ്രവർത്തനങ്ങളിൽ കേന്ദ്രീകൃതമോ ആയിരുന്നു. പ്രവർത്തകരുടെ വികാരങ്ങളെ അവഗണിച്ചും പാർട്ടിയുടെ വളർച്ചയെ തൃണവൽഗണിച്ചും ഗ്രൂപ്​ താൽപര്യങ്ങളിൽ അഭിരമിക്കാനായിരുന്നു അവരുടെ ഉത്സാഹം. ഭൂരിപക്ഷം നേതാക്കളും, ജനങ്ങളുടെ മാറുന്ന അഭിരുചികളെ മനസ്സിലാക്കുന്നതിൽ സമ്പൂർണ പരാജയവും അധികാര തൃഷ്ണയുടെ പരകോടിയിലും വിരാജിക്കുന്നവരുമായിരുന്നു. കനത്ത പരാജയ ശേഷവും തെറ്റുകൾ ആവർത്തിക്കുന്നതിെൻറ ലക്ഷണങ്ങളാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നത്.

2014ന് ശേഷം വിവിധ സംസ്ഥാനങ്ങളിൽ സംഭവിക്കുന്ന തുടർച്ചയായ തോൽവികൾ കോൺഗ്രസിനെ ദേശീയതലത്തിൽ കൂടുതൽ ദുർബലമാക്കുകയാണ്. പരാജയങ്ങളിൽനിന്ന് പാഠമുൾക്കൊള്ളാനോ പാർട്ടിഘടനയിലെ ന്യൂനതകൾ പരിഹരിക്കാനോ അഖിലേന്ത്യാതലത്തിൽതന്നെ കോൺഗ്രസിന് സാധിക്കുന്നില്ല. കരുത്തും സ്ഥായീസ്വഭാവവുമുള്ള പ്രതിപക്ഷമാണ് കോൺഗ്രസ് എന്ന് ഇപ്പോൾ ജനങ്ങളാരും വിശ്വസിക്കുന്നുപോലുമില്ല. ദേശീയതലത്തിൽ ആരാണ് കോൺഗ്രസിനെ നയിക്കുന്നത് എന്ന ചോദ്യത്തിന് നേതാക്കൾക്കുപോലും ശരിയായ ഉത്തരമില്ല. രാഹുൽ എന്തൊക്കെയോ ചെയ്യാൻ ശ്രമിക്കുന്നുണ്ട്​ എന്നത്​ നേരാണ്​. സംഘ്​പരിവാറിനെയും മോദി സർക്കാറിനെയും അവരുടെ ശക്തരായ മുതലാളി ചങ്ങാതിമാരെയും തുറന്നെതിർത്ത്​ സംസാരിക്കാനും ധൈര്യം കാണിക്കുന്നുണ്ട്​. പക്ഷേ, ട്വീറ്റുകളും ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരുടെ തെരഞ്ഞെടുപ്പ് കാല റോഡ്ഷോകളും കൊണ്ട് ജനസ്വീകാര്യതയും അധികാരവും തിരിച്ചുപിടിക്കാനാകുമെന്ന് കരുതുന്നത് ശുദ്ധഭോഷ്കാണ്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ത്രാണിയില്ലാത്തവരെ രാജ്യത്തിെൻറ കാതലായ വിഷയങ്ങളുടെ പരിഹാര ദൗത്യം ജനം ഏൽപിക്കുമെന്ന് നേതാക്കൾ ഇപ്പോഴും കരുതുന്നുണ്ടെങ്കിൽ ചരിത്ര പുസ്തകത്തിലെ പാഠമാകാനായിരിക്കും കോൺഗ്രസി​െൻറ വിധി.

തെരഞ്ഞെടുപ്പ് തോൽവികൾ രാഷ്​​ട്രീയ പാർട്ടികളെ സംബന്ധിച്ച് അസാധാരണമായ സംഭവമൊന്നുമല്ല. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ടത് ചരിത്രത്തിൽ അടുത്തകാലത്തൊന്നും അഭിമുഖീകരിക്കാത്ത കനത്ത തോൽവിയായിരുന്നു. എന്നിട്ടും അധികാരത്തുടർച്ച എന്ന കേരള രാഷ്​​ട്രീയ അപൂർവതയിലേക്ക് അവർ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. പരാജയ കാരണങ്ങൾ ശരിയായി തിരിച്ചറിയുക എന്നതാണ് പ്രധാനം. കൃത്യമായ രാഷ്​​ട്രീയ നിലപാടുകളും നിരന്തരമായ ജനസമ്പർക്കവുമാണ് നഷ്​ടപ്പെട്ട വിശ്വാസ്യതയെ തിരിച്ചുനൽകുക.

സംഘടനാ സംവിധാനത്തെ പരിപൂർണമായി അഴിച്ചുപണിയാനുള്ള ധീരത കാണിക്കാതെ കോൺഗ്രസ് രക്ഷപ്പെടില്ല തന്നെ. മുതിർന്നവർ വഴികാട്ടികളായി മാറട്ടെ. ചുമതലകൾ ഗ്രൂപ്പുകൾക്ക്​ അതീതമായി പുതിയ തലമുറയെ ഏൽപിക്കട്ടെ. അതല്ല, ഇനിയും മുതിർന്നവർ അധികാരം പങ്കിട്ടെടുക്കുന്ന പരമ്പരാഗത രീതിയാണ് കോൺഗ്രസ് തുടരുന്നതെങ്കിൽ അധികം താമസിയാതെ മറ്റുപാർട്ടികൾ ആ സ്ഥാനത്തിരിക്കുന്നത് കേരളം കാണേണ്ടിവരും. മാറ്റങ്ങൾക്ക് സന്നദ്ധമാകാത്തവരെ ദൈവംപോലും പരിവർത്തിപ്പിക്കുകയില്ല എന്നാണ് വേദപാഠം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressopposition
News Summary - Where the opposition-Madhyamam Editorial
Next Story