ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളെ ആരു നിയന്ത്രിക്കും?
text_fields
കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ കൊണ്ടുപോയി ലൈംഗിക വേഴ്ചക്ക് വിധേയയാക്കി കുട്ടി പ്രസവിക്കാനിടയായ സംഭവം വലിയ ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. ആത്മീയവൃത്തിക്ക് നേതൃത്വം നല്‍കുന്ന പ്രമുഖനായൊരു വൈദികനാണ് ഇതിന് നേതൃത്വം നല്‍കിയത് എന്നത് അതിലേറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. അതേക്കാളും ഗൗരവമായത്, ഈ ഗര്‍ഭത്തിന്‍െറ ഉത്തരവാദിത്തം കുട്ടിയുടെ അച്ഛന്‍െറ മേല്‍ ആരോപിച്ച് രക്ഷപ്പെടാനുള്ള ഗൂഢപദ്ധതികളും പ്രതിയായ ഫാ. റോബിന്‍ വടക്കുഞ്ചേരി നടത്തിയിരുന്നു എന്നതാണ്. പ്രതിയെ അറസ്റ്റ് ചെയ്യാനും ഗൂഢാലോചനക്കാരെ കണ്ടത്തൊനും പൊലീസിന് സാധിച്ചുവെന്നത് നല്ല കാര്യം. ഈ ഹീനകൃത്യത്തില്‍ പങ്കാളികളായ സര്‍വരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കണം എന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല.
കൊട്ടിയൂര്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ ഗൗരവപ്പെട്ട മറ്റൊരു വശമുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി രൂപവത്കരിക്കപ്പെട്ട അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള സംവിധാനമാണ് ജില്ലാ തലങ്ങളിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ (സി.ഡബ്ള്യു.സി). കൊട്ടിയൂരില്‍ പീഡനപ്രതികളെ രക്ഷപ്പെടുത്താനുള്ള ഗൂഢപദ്ധതിയില്‍ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസഫ് തേരകം, കമ്മിറ്റി അംഗം സിസ്റ്റര്‍ ബിറ്റി എന്നിവരും പങ്കാളികളായി എന്ന വാര്‍ത്ത അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണ്. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള സ്ഥാപനത്തിന്‍െറ ഉത്തരവാദപ്പെട്ടവര്‍ എന്ന നിലക്ക് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ഇവര്‍ക്കെതിരെ സംസ്ഥാന ബാലാവകാശ കമീഷനും ജില്ല കലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ് പൊലീസ്. എന്നാല്‍, ബാലാവകാശ കമീഷനോ കലക്ടറോ ഇവര്‍ക്കെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
ജുവനൈല്‍സ് ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് 2000 പ്രകാരം രൂപവത്കരിക്കപ്പെട്ടതാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍. മൂന്നു വര്‍ഷത്തെ കാലാവധിവെച്ച് ഹൈകോടതി ജഡ്ജി അധ്യക്ഷനായ സമിതിയാണ് കമ്മിറ്റി ചെയര്‍മാനെയും അംഗങ്ങളെയും നിശ്ചയിക്കുന്നത്. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വമ്പിച്ച അധികാര അവകാശങ്ങളുള്ള സംവിധാനമാണ് സി.ഡബ്ള്യു.സികള്‍. എന്നാല്‍, ഗുരുതരമായ ആരോപണങ്ങള്‍ കേരളത്തിലെ സി.ഡബ്ള്യു.സികള്‍ നേരിടുന്നുണ്ട് എന്നതാണ് വാസ്തവം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പോക്സോ നിയമം യഥാവിധി നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍, പോക്സോ പ്രകാരം ക്രിമിനല്‍ കുറ്റമാകുന്ന ഏര്‍പ്പാടുകളില്‍ സി.ഡബ്ള്യു.സി ചെയര്‍മാന്‍ വരെ പങ്കാളികളാകുന്നുവെന്നത് എന്തുമാത്രം വിരോധാഭാസമാണ്! പോക്സോ നിയമപ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വിവിധ സി.ഡബ്ള്യു.സികളുടെ മുന്നില്‍ വന്നപ്പോള്‍ ഒന്നുമല്ലാതായിപ്പോയ പരാതികള്‍ സംസ്ഥാനത്ത് പല ജില്ലകളിലുമുണ്ട്. തിരുവനന്തപുരം അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ ഗര്‍ഭിണിയായ കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കാതെ വീട്ടിലേക്ക് തിരിച്ചയച്ച ആരോപണം നിലനില്‍ക്കുന്നുണ്ട്. സമാനമായ സംഭവം തിരുവനന്തപുരത്തെ കടക്കാവൂരിലുമുണ്ടായതായി പരാതിയുണ്ട്. ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടുള്ള മതവിശ്വാസമാണത്രെ സി.ഡബ്ള്യു.സിക്ക് നേതൃത്വം നല്‍കുന്നവരെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്. കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ 2013ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി രക്തബന്ധുവാണ് എന്ന പേരുപറഞ്ഞ് പ്രസവശേഷം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു; റാന്നി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പെണ്‍കുട്ടി പ്രസവശേഷം മനോരോഗിയായി മാറി; മലപ്പുറം ജില്ലയില്‍ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കുട്ടിയെ പ്രസവശേഷം രണ്ടാനച്ഛനോടൊപ്പം തന്നെ വിട്ടു എന്നിങ്ങനെ വിവിധ സി.ഡബ്ള്യു.സികളുമായി ബന്ധപ്പെട്ട് വലിയ പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രസവശേഷം കുഞ്ഞുങ്ങളെ അനാഥാലയങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ സി.ഡബ്ള്യു.സികള്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം വ്യാപകമായുണ്ട്. ഏതുതരം അനാഥാലയങ്ങളാണ് ഈ കുട്ടികളെ ഏറ്റെടുത്തത് എന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. മഹാഭൂരിപക്ഷം ജില്ലകളിലും സി.ഡബ്ള്യു.സികളുടെ നേതൃത്വം ഒരു പ്രത്യേക സമുദായത്തില്‍പെട്ടവരുടെ നിയന്ത്രണത്തില്‍ വരുന്നതിന്‍െറ പിന്നിലെ യുക്തിയും പരിശോധിക്കപ്പെടണം. അതായത്, സമഗ്രമായ ഒരു ഓഡിറ്റിങ് സി.ഡബ്ള്യു.സികളുടെ കാര്യത്തില്‍ ഉണ്ടായേ മതിയാവൂ.
പീഡകരില്‍നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടവര്‍ പീഡകര്‍ക്കൊപ്പം നില്‍ക്കുന്നതിന്‍െറ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് സി.ഡബ്ള്യു.സികളുമായി ബന്ധപ്പെട്ട ചെറിയൊരു എത്തിനോട്ടം നമുക്ക് നല്‍കുന്നത്. വയനാട്ടില്‍ വൈദികനെ രക്ഷിക്കാന്‍വേണ്ടി അധിക സമയം പണിയെടുത്ത സി.ഡബ്ള്യു.സി തന്നെയാണ് പാവങ്ങളായ ആദിവാസികളെ പോക്സോ ചുമത്തി ജയിലിലേക്കയക്കുന്നതെന്നും മനസ്സിലാക്കണം. വലിയ അധികാരങ്ങളുള്ള ഈ സംവിധാനം ആരുടെയെല്ലാമോ ഗൂഢതാല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. അതിനാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഗൗരവത്തില്‍ ഇടപെട്ടേ മതിയാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.