സഫൂറ സർഗാറിനെ കുറിച്ച് ആരും സംസാരിക്കാത്തതെന്ത്?
text_fieldsപേര്, സഫൂറ സർഗാർ. 27 വയസ്സുള്ള കശ്മീരി പെണ്ണ്. ഡൽഹി ജാമിഅ മില്ലിയ്യയിൽ എം.ഫിൽ വിദ്യാർഥി. മൂന്നു മാസം ഗർഭിണിയാണ്. ഈ നോമ്പ് കാലത്ത് തിഹാർ ജയിലിലെ വനിത സെല്ലിൽ ഏകാന്ത തടവിലാണ് അവർ. അവരെ പൊലീസ് പിടിച്ചുകൊണ്ടുപോയി അകത്തിട്ടിട്ട് പത്തു ദിവസം കഴിഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ വിദ്യാർഥികൾ തിരികൊളുത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ജാമിഅ കോ-ഒാഡിനേഷൻ കമ്മിറ്റി (ജെ.സി.സി) എന്ന കൂട്ടായ്മയുടെ മീഡിയ കോ-ഒാഡിനേറ്ററാണ് സഫൂറ. രാജ്യവും ലോകവും കോവിഡ് വൈറസിനെതിരായ അതിജീവന സമരത്തിൽ ഏകാഗ്രമായിരിക്കുന്ന നാളുകളാണ്. ലോക്ഡൗൺ മൂലം ദൈനംദിന ജീവിതം അവതാളത്തിലാണ്. സർക്കാർസംവിധാനങ്ങൾ പലതും നിശ്ചലമോ ഭാഗികമായിമാത്രം പ്രവർത്തിക്കുകയോ ആണ്. പക്ഷേ, അതൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസിനെ ‘ജാഗ്രതയോടെയുള്ള ദൗത്യനിർവഹണ’ത്തിൽനിന്ന് പിന്തിരിപ്പിച്ചിട്ടില്ല. ആദ്യം വിദ്വേഷ പ്രസംഗം എന്ന കുറ്റം ചുമത്തിയാണ് സഫൂറയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതിൽ ജാമ്യം കിട്ടുമ്പോഴേക്ക് ഡൽഹി കലാപത്തിൽ പങ്ക് ആരോപിച്ച്, യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആയുധങ്ങൾ കൈവശം വെക്കൽ, കലാപശ്രമം, വധശ്രമം, രാജ്യേദ്രാഹം, വിദ്വേഷ പ്രചാരണം എന്നിങ്ങനെ 18 വകുപ്പുകളാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സഫൂറ സർഗാർ തിഹാർ ജയിലിനകത്തായിട്ട് പത്തു ദിവസം പിന്നിട്ട് കഴിഞ്ഞു. ഗർഭിണിയായ ഒരു ചെറുപ്പക്കാരിയെ രാഷ്ട്രീയലക്ഷ്യങ്ങളോടെ അറസ്റ്റുചെയ്ത് ജയിലിലിട്ട് പീഡിപ്പിക്കുന്നതിൽ അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തരവകുപ്പിന് വലിയ ലജ്ജയൊന്നും തോന്നാനിടയില്ല. പക്ഷേ, നമ്മുടെ ജനാധിപത്യ, പൗരാവകാശ സമൂഹം ഇത്തരമൊരു ചെയ്തിയോട് പ്രതികരിക്കേണ്ടവിധം പ്രതികരിച്ചോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ലോക്ഡൗൺ കാലത്ത് പ്രത്യക്ഷ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയെന്നത് അപ്രായോഗികമാണെന്നത് വാസ്തവമാണ്. എന്നാൽ, അവർക്കുവേണ്ടി ഉയരേണ്ട ശബ്ദങ്ങൾ ഉയർന്നിട്ടില്ല. ഒരു ഗർഭിണിയായ രാഷ്ട്രീയപ്രവർത്തകയെ ഈവിധം വേട്ടയാടുന്നതിനെ കുറിച്ച് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ഉച്ചത്തിൽ സംസാരിച്ചതായി കാണുന്നില്ല. ഈ മൗനം അപകടകരമാണ്. തങ്ങളുടെ വിദ്വേഷ അജണ്ടകൾക്കും വേട്ടകൾക്കും ഒരു പകർച്ചവ്യാധിയും തടസ്സമല്ലെന്ന നിലക്ക് പെരുമാറുന്ന കേന്ദ്ര ആഭ്യന്തര വകുപ്പിന് കാര്യങ്ങൾ എളുപ്പമാക്കാനേ ഈ നിസ്സംഗത ഉപകരിക്കുകയുള്ളൂ. സഫൂറയുടെ അറസ്റ്റ് ഒറ്റപ്പെട്ടതാണ് എന്ന് വിചാരിക്കരുത്. ജാമിഅയിലെതന്നെ മറ്റൊരു വിദ്യാർഥി നേതാവായ മീരാൻ ഹൈദറും സഫൂറയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിനകത്താണുള്ളത്. മീരാൻ ആർ.ജെ.ഡിയുടെ വിദ്യാർഥി വിഭാഗം നേതാവായതിനാൽ ആർ.ജെ.ഡി നേതാക്കളെങ്കിലും അവനുവേണ്ടി സംസാരിക്കാനുണ്ടായിരുന്നു. പക്ഷേ, ഗർഭിണിയായ ഒരു വിദ്യാർഥിയെ ജയിലിലടക്കുന്നത് അത്യസാധാരണമായ സംഭവമാണ്. അന്താരാഷ്ട്രതലത്തിൽതന്നെ നമ്മുടെ രാജ്യത്തിെൻറ പ്രതിച്ഛായയെ വലിയ തോതിൽ ബാധിക്കുന്ന സംഭവം.
മത സ്വാതന്ത്ര്യങ്ങൾക്കായുള്ള അമേരിക്കൻ കമീഷൻ (യു.എസ്.സി.ഐ.ആർ.എഫ്) അതിെൻറ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടത് രണ്ടു ദിവസം മുമ്പാണ്. മതസ്വാതന്ത്ര്യം ഹനിക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന ഇന്ത്യയെ കരിമ്പട്ടികയിൽ പെടുത്തുക, ഉത്തരവാദപ്പെട്ട ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വിസ നിരോധം ഏർപ്പെടുത്തുക തുടങ്ങിയ കടുത്ത ശിപാർശകളാണ് കമീഷൻ അമേരിക്കൻ സർക്കാറിനു മുമ്പിൽ വെച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമവും അതിനെതിരായുണ്ടായ പ്രക്ഷോഭത്തെ അടിച്ചമർത്തിയ രീതിയും യു.എസ് കമീഷെൻറ ശിപാർശകൾക്ക് കാരണമായിട്ടുണ്ട്. അസാധാരണ ഉത്കണ്ഠ ഉയർത്തുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് കമീഷൻ ഇന്ത്യയെ പെടുത്തിയിരിക്കുന്നത്. ഈ റിപ്പോർട്ട് തയാറാക്കിയ ശേഷമായിരിക്കും സഫൂറയുടെ അറസ്റ്റ് നടന്നിരിക്കുക. ഇത്തരം റിപ്പോർട്ടുകളോ അന്താരാഷ്്ട്ര മാധ്യമങ്ങളുടെ നിരീക്ഷണങ്ങളോ മനുഷ്യാവകാശ പ്രവർത്തകരുടെ വിമർശനങ്ങളോ നരേന്ദ്ര മോദി–അമിത് ഷാ ടീമിനെ തെല്ലും അലോസരപ്പെടുത്താൻ ഇടയില്ല. വേട്ടയുടെയും പ്രതികാരത്തിെൻറയും ചക്രവ്യൂഹത്തിൽ ജീവിക്കുന്നവരാണവർ.
കോവിഡ് പടർന്നപ്പോൾ അതിനെ മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ഉപാധിയാക്കിയവർ, ലോക്ഡൗൺ കാലത്തും വിദ്യാർഥി ആക്ടിവിസ്റ്റുകളെ കൂട്ടമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നവർ; അങ്ങനെ കേന്ദ്ര ഭരണകൂടം ഓരോ സന്ദർഭത്തിലും തനി സ്വഭാവം കാണിച്ചു കൊണ്ടേയിരിക്കുകയാണ്. അത് അപ്രതീക്ഷിതവുമല്ല. അതേസമയം, ജനാധിപത്യവാദികൾ തുടർച്ചയായ ഇത്തരം വേട്ടകളിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് പിന്നോട്ടു പോവാൻ പാടില്ല. നിരന്തരം ശബ്ദം ഉയർത്തിക്കൊണ്ടേയിരിക്കുക എന്നതാണ് അവരുടെ ഉത്തരവാദിത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.