ആ ഓർഡിനൻസ് എന്തിന്?
text_fields'സമൂഹ മാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നത് വലിയ ഉത്കണ്ഠ ഉണ്ടാക്കുന്നുണ്ട്. അടുത്തകാലത്ത് സൈബർവേദികൾ ഉപയോഗിച്ച് നടത്തിയ ചില കുറ്റകൃത്യങ്ങൾ നമ്മുടെ സ്ത്രീസമൂഹത്തിനിടയിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സ്വകാര്യജീവിതത്തിനും സൈബർ ആക്രമണങ്ങൾ വലിയ ഭീഷണിയായിരിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമവ്യവസ്ഥകൾ അപര്യാപ്തമാണെന്ന് കണ്ടതിനാൽ പൊലീസ് ആക്ടിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചിരിക്കുന്നു. ഈ ഭേദഗതി ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.
നിലവിലുള്ള പൊലീസ് ആക്ടിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് മന്ത്രിസഭ ശിപാർശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചു വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയോ അതല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേർക്കുന്ന വകുപ്പിലുള്ളത്. 2000ത്തിലെ ഐ.ടി ആക്ടിലെ 66-എ വകുപ്പും കേരള പൊലീസ് ആക്ടിലെ 118-ഡി വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് എന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്'' –ഒക്ടോബർ 21ന് ചേർന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിെൻറ തീരുമാനങ്ങൾ അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പിൽനിന്നാണ് മേൽ വരികൾ.
ഒറ്റ നോട്ടത്തിൽ, സർക്കാർ നിശ്ചയമായും ചെയ്യേണ്ട നടപടിയെന്നേ ഇതിനെക്കുറിച്ച് തോന്നുകയുള്ളൂ. എന്നാൽ, പിണറായി വിജയൻ സർക്കാറിെൻറ അമിതാധികാര പ്രവണതയുടെ ഏറ്റവും ഒടുവിലത്തെ സാക്ഷ്യമായി വേണം ഈ ഓർഡിനൻസ് നീക്കത്തെ കാണാൻ. പ്രശസ്ത ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ തിരുവനന്തപുരത്തെ ഒരു യൂട്യൂബർ അവഹേളിച്ചതും തുടർന്ന് നടന്ന സംഭവങ്ങളും കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ആ പശ്ചാത്തലം സർക്കാറിെൻറ പത്രക്കുറിപ്പിലും പറഞ്ഞുപോവുന്നുണ്ട്. നമുക്ക് തിരുവനന്തപുരത്ത് നടന്ന കാര്യത്തെക്കുറിച്ചു തന്നെ ആലോചിക്കാം. തനിക്കെതിരെ അങ്ങേയറ്റം അവഹേളനപരമായ പരാമർശം നടത്തിയതിനെതിരെ ഭാഗ്യലക്ഷ്മി പൊലീസിൽ പരാതി കൊടുത്തിരുന്നു.
ആ പരാതിയിൽ പൊലീസ് ഒരു നടപടിയും സ്വീകരിക്കാതെ വന്നപ്പോഴാണ് അവരും കൂട്ടുകാരും പോയി വിജയ് പി. നായർ എന്ന യൂട്യൂബറെ ആക്രമിക്കുന്നത്. ഈ ആക്രമണശേഷം അടുത്തദിവസം പൊലീസ് വിജയ് പി. നായരെ അറസ്റ്റ് ചെയ്തു. ഇത് കാണിക്കുന്ന ലളിതമായ കാര്യമെന്താണ്? സാമൂഹികമാധ്യമങ്ങൾ വഴിയോ അല്ലാതെയോ സ്ത്രീകളെ ആക്രമിക്കുന്നവരെ നിലക്കുനിർത്താനുള്ള നിയമം നിലവിൽ തന്നെയുണ്ട് എന്നതാണത്. പ്രസ്തുത നിയമങ്ങൾ ഫലപ്രദമായി പ്രയോഗിക്കുന്നതിൽ പൊലീസ് പരാജയപ്പെടുന്നു എന്നതാണ് വാസ്തവം. പൊലീസിനെ വേണ്ടതുപോലെ പ്രവർത്തിപ്പിക്കുന്നതിൽ രാഷ്ട്രീയനേതൃത്വം പരാജയപ്പെടുകയാണ് ചെയ്യുന്നത്.
എന്നാൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നാട്ടിൽ നിലനിൽക്കുന്ന വികാരത്തെ മുൻനിർത്തി വിമർശനങ്ങളെ അടിച്ചമർത്താനും അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള ഓർഡിനൻസുമായാണ് എൽ.ഡി.എഫ് സർക്കാർ രംഗത്തുവരുന്നത്. പുതിയ ഓർഡിനൻസ് സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങളെ കുറിച്ചല്ല പറയുന്നത്. സൈബർ ഇടങ്ങളാവട്ടെ, അച്ചടി-ദൃശ്യ മാധ്യമങ്ങളാവട്ടെ, പോസ്റ്ററുകളോ ബോർഡുകളോ ആവട്ടെ ഏത് വഴിയിലും 'ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപഖ്യാതി വരുത്താനോ ഉദ്ദേശിച്ച്' എന്തെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ആർക്കെതിരെയും കേസെടുക്കാനും അഞ്ച് വർഷം വരെ തടവിലിടാനും പൊലീസിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.
ഇതിനാവട്ടെ, ഏതെങ്കിലും പരാതിക്കാരെൻറ പരാതിയുടെ ആവശ്യമില്ല. പൊലീസിന് സ്വമേധയാ കേസെടുക്കാവുന്നതേയുള്ളൂ. ഭേദഗതിയിലെ മേൽ വാചകങ്ങൾ ആർക്കും എങ്ങനെയും വ്യാഖ്യാനിക്കാവുന്നതേയുള്ളൂ. പൊലീസിെൻറ അമിതാധികാരത്തിനും നിയമത്തിെൻറ ദുരുപയോഗത്തിനുമുള്ള വലിയ സാധ്യതകൾ തുറന്നിടുന്നതാണ് ഈ ഭേദഗതി എന്നതിൽ സംശയമില്ല.
ഇത്രയും പ്രധാനപ്പെട്ട ഒരു ഭേദഗതി കൊണ്ടുവരുമ്പോൾ അത് വിപുലമായ പൊതുസംവാദത്തിന് വിധേയമാക്കുകയും നിയമനിർമാണ സഭയിൽ ചർച്ചക്ക് വെക്കുകയുമാണ് ജനാധിപത്യ മര്യാദ. അതിന് കാത്തുനിൽക്കാതെ പെട്ടെന്നൊരു നാൾ ഭേദഗതി എഴുതിയുണ്ടാക്കി ഓർഡിനൻസായി ഇറക്കുന്നത് ദുരുദ്ദേശ്യപൂർണമാണ്. മാധ്യമങ്ങളോട് സി.പി.എം പൊതുവെ പുലർത്തുന്ന അസഹിഷ്ണുത സുവിദിതമാണ്. പുതിയ ഭേദഗതി നിയമം ഉപയോഗിച്ച് മുഖ്യമന്ത്രിയെയോ സി.പി.എം നേതാക്കളെയോ വിമർശിക്കുന്ന മാധ്യമങ്ങളെയും പ്രതിപക്ഷ നേതാക്കളെയും പോലും കേസിൽ കുടുക്കാവുന്നതേയുള്ളൂ.
വേറൊരു കൂട്ടർ അധികാരത്തിൽ വന്നാൽ അവർക്കും ഇത് ദുരുപയോഗം ചെയ്യാൻ കഴിയും. സൈബർ കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുന്ന ഐ.ടി ആക്ടിലെ 66-എയും കേരള പൊലീസ് ആക്ടിലെ 118-ഡിയും ഭരണഘടന വിരുദ്ധമാണെന്നു കണ്ട് സുപ്രീംകോടതി 2015ൽ റദ്ദ് ചെയ്തതാണ്. അന്ന് റദ്ദ് ചെയ്യപ്പെട്ട 118 ഡിയിലെ അതേ കാര്യങ്ങളാണ് കൂടുതൽ തീവ്രമായി ഇപ്പോൾ പുതിയ ഓർഡിനൻസിലും വരാൻ പോകുന്നത്. ഭരണഘടനയുടെയും ജനാധിപത്യത്തിെൻറയും ഉത്തമ താൽപര്യങ്ങൾ മുൻനിർത്തി ഗവർണർ ഈ ഓർഡിനൻസിൽ ഒപ്പിടില്ല എന്ന് പ്രതീക്ഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.