Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇന്ത്യ...

ഇന്ത്യ ത്രേതായുഗത്തിലേക്കോ?

text_fields
bookmark_border
ഇന്ത്യ ത്രേതായുഗത്തിലേക്കോ?
cancel


''ഹിന്ദുരാഷ്ട്രത്തിൽ മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും സാധാരണ മനുഷ്യർക്കുള്ള എല്ലാ അവകാശങ്ങളുമുണ്ടായിരിക്കും. അവർക്ക് വിദ്യാഭ്യാസം ചെയ്യാം, കച്ചവടം ചെയ്യാം, തൊഴിലിൽ ഏർപ്പെടാം. മ​റ്റേതൊരു പൗരന്മാർക്കുമുള്ള അവകാശങ്ങൾ അവർക്കുമുണ്ടായിരിക്കും, പ്രായപൂർത്തി വോട്ടവകാശം ഒഴികെ. 16 വയസ്സുള്ള മറ്റെല്ലാവർക്കും വോട്ടവകാശമുണ്ടാവും. 26 വയസ്സുള്ളവർക്കേ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവൂ. തലസ്ഥാനം വാരാണസിയായി മാറും. 543 അംഗ മതപാർലമെന്റുമുണ്ടാവും. ത്രേതാ, ദ്വാപരയുഗങ്ങളിലെ ശിക്ഷാനിയമങ്ങളാവും നടപ്പിൽവരുക. എല്ലാ കാര്യങ്ങളും വർണത്തിന്റെ അടിസ്ഥാനത്തിലാവും തീരുമാനിക്കപ്പെടുക. ബ്രിട്ടീഷ് കാലത്തെ എല്ലാ നിയമങ്ങളും ചട്ടങ്ങളും എടുത്തുകളയും. ആയുർവേദം, ഗണിതം, നക്ഷത്രം, ഭൂഗർഭം, ജ്യോതിശാസ്ത്രം മുതലായ എല്ലാറ്റിലും ഗുരുകുല സമ്പ്രദായത്തിലാവും വിദ്യാഭ്യാസം''- ഇന്ത്യയിൽ നിലവിൽവരാൻ പോവുന്ന ഹിന്ദുരാഷ്ട്ര ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിൽ ചിലതാണ് മേലുദ്ധരിച്ചത്. വാരാണസി കേന്ദ്രമായുള്ള ശങ്കരാചാര്യ പരിഷത്തിന്റെ മേധാവി സ്വാമി സ്വരൂപാനന്ദ് പുറത്തുവിട്ടതാണ് ഈ വിവരം. 750 പുറങ്ങളുള്ളതാവും ഭരണഘടനയുടെ പൂർണരൂപം എന്നദ്ദേഹം വെളിപ്പെടുത്തി. പ്രയാഗ് രാജ് എന്നു പേരുമാറ്റിയ അലഹബാദിൽ ഈ വർഷം ഫെബ്രുവരിയിൽ നടന്ന ധർമസൻസദിലാണ് ഭരണഘടന നിർമിതിക്കായി ഹിന്ദുരാഷ്ട്ര നിർമാണ സമിതി മേധാവി കമലേശ്വർ ഉപാധ്യയ, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി.എൻ. റെഡ്ഡി, പ്രതിരോധ വിദഗ്ധൻ ആനന്ദ് വർധൻ, സനാതന ധർമ പണ്ഡിതൻ ചന്ദമണി മിശ്ര, വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അജയ്സിങ് എന്നിവരെ ചുമതലപ്പെടുത്തിയത്. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ധർമസൻസദിൽ അവരത് അവതരിപ്പിക്കും. 'അഖണ്ഡഭാരത'ത്തിന്റെ കവർചിത്രത്തോടെയാവും ഭരണഘടന പുറത്തിറക്കുക. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മർ എന്നീ രാജ്യങ്ങൾകൂടി ഭാഗമാവുന്നതാണ് അഖണ്ഡഭാരതം.

ഒറ്റനോട്ടത്തിൽ തമാശയോ പരിഹാസമോ ഉട്ടോപ്യയോ ആയി 'ഹിന്ദുരാഷ്ട്ര ഭരണഘടന'യെന്ന് തോന്നാമെങ്കിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ൽ അധികാരമേറ്റ സംഘ്പരിവാർ 2019ൽ രണ്ടാമൂഴംകൂടി തരപ്പെട്ടതോടെ വെക്കുന്ന ഓരോ കാൽവെപ്പും ഹിന്ദുരാഷ്ട്രത്തിലേക്കാണെന്ന സത്യം അനിഷേധ്യമാണ്. പരിവാറിലെ മാതൃസംഘടന ആർ.എസ്.എസിന്റെ മേധാവി അസന്ദിഗ്ധമായി ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. നിലവിലെ ജനാധിപത്യ-മതനിരപേക്ഷ ഭരണഘടനയാണ് ഹിന്ദുരാഷ്ട്ര പ്രയോഗവത്കരണത്തിനു മുന്നിലെ മുഖ്യ തടസ്സം. ഭരണഘടന നിലനിൽക്കെതന്നെ അതിന്റെ അന്തസ്സത്തക്ക് കടകവിരുദ്ധമായ നിയമനിർമാണം കൊണ്ടുവരുന്നതിനോ നിലവിലെ നിയമങ്ങളെ നോക്കുകുത്തിയാക്കുന്നതിനോ ബി.ജെ.പിയുടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഒരു തടസ്സവും വൈമനസ്യവുമില്ല എന്ന് രാജ്യം കണ്ടുകഴിഞ്ഞതാണ്. പക്ഷേ, സന്യാസിക്കൂട്ടം വിഭാവനം ചെയ്യുന്ന രാഷ്ട്രനിർമിതി നടക്കണമെങ്കിൽ ഡോ. അംബേദ്കറും ജവഹർലാൽ നെഹ്റുവും നേതൃത്വം നൽകി കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗീകരിച്ചതും നടപ്പാക്കിയിരിക്കുന്നതുമായ ഭരണഘടന ഭേദഗതി ചെയ്യുകയല്ല, അപ്പാടെ റദ്ദാക്കേണ്ടിവരുകതന്നെ ചെയ്യും.

പാർലമെന്റിന്റെ മൂന്നിൽ രണ്ടു ഭാഗം അംഗീകരിച്ചാൽ കാതലായ ഭേദഗതികൾതന്നെ കൊണ്ടുവരാമെങ്കിലും മൗലികാവകാശങ്ങളെ സംബന്ധിക്കുന്ന ഖണ്ഡികകൾ ഭേദഗതിക്കതീതമാണ്. ജാതി-മത-ലിംഗ ഭേദ​െമന്യേ സകല ഇന്ത്യക്കാർക്കും തുല്യപൗരത്വം ഉറപ്പാക്കുന്ന, ജാതിവ്യവസ്ഥയെ പൂർണമായി നിരാകരിക്കുന്ന, ആധുനിക നീതിന്യായ വ്യവസ്ഥ ഏർപ്പെടുത്തിയ ഭരണഘടനയെ അപ്പടി തള്ളിക്കളയണമെങ്കിൽ രാജ്യം ത്രേതായുഗത്തോളം പിറകോട്ടു പോകേണ്ടിവരും. 12,96,000 വർഷങ്ങളാണ് ത്രേതായുഗത്തിന് കണക്കാക്കപ്പെടുന്നത്. അങ്ങനെയൊരു യുഗം ഉണ്ടായിരുന്നെങ്കിൽതന്നെ മനുഷ്യവാസം ഭൂമിയിൽ ആരംഭിച്ചതായി ശാസ്ത്രം കണക്കാക്കുന്നതിനും അപ്പുറത്താണത്. മനുഷ്യരില്ലാത്ത കാലത്ത് ശിക്ഷാനിയമങ്ങൾ നിലവിലിരുന്നു എന്ന് വിശ്വസിക്കണമെങ്കിൽ ഇതിഹാസങ്ങളും പുരാണങ്ങളുമൊക്കെ നൂറുശതമാനവും വാസ്തവികമായിരുന്നു എന്നു വാദിക്കേണ്ടിവരും. അത്തരം ചോദ്യങ്ങളൊന്നും പക്ഷേ, ധർമസൻസദ് ആചാര്യന്മാരോട് ഉന്നയച്ചിട്ട് കാര്യമില്ല. എല്ലാം വിശ്വാസത്തിന്റെ പ്രശ്നമാണ്. വിഗ്രഹങ്ങൾ പാല് കുടിച്ചെന്ന് കേട്ടപ്പോൾ പാൽക്കുപ്പികളുമായി ക്യൂനിന്നവരും നമ്മുടെ രാജ്യക്കാരാണല്ലോ.

യഥാർഥത്തിൽ ഹിന്ദുരാഷ്ട്രം, ഹിന്ദുരാഷ്ട്രം എന്ന് രാപ്പകൽ ഉരുവിടുന്നതല്ലാതെ അങ്ങനെയൊരു രാഷ്ട്രസങ്കൽപത്തി​ന്റെ മൗലിക തത്ത്വങ്ങളോ പ്രായോഗികരൂപമോ, ഹിന്ദുത്വവാദികളുടെ മുന്നിലില്ല എന്നതാണ് വാസ്തവം. മുച്ചൂടും വംശീയമാണ് സംഘ്പരിവാറിന്റെ രാഷ്ട്രസങ്കൽപം. വർണത്തെ അടിസ്ഥാനപ്പെടുത്തിയാവും ഹിന്ദുരാഷ്ട്രമെന്ന് അതിന്റെ ഭരണഘടന ശിൽപികൾ വ്യക്തമാക്കിയതോടെ അധഃകൃതരും ആദിവാസികളും ദലിതുകളും പിന്നാക്ക ജാതികളും രണ്ടാംകിട പൗരന്മാരായി പ്രഖ്യാപിക്കപ്പെടുമെന്നതും തീർച്ച. ഇത്തരമൊരു തമോയുഗത്തിലേക്ക് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം സമുചിതമായി ആഘോഷിച്ച റിപ്പബ്ലിക്കിനെ തിരിച്ചുനടത്താൻ അവസരമൊരുക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടത് പ്രബുദ്ധരായ പൗരസമൂഹവും അവരെ നയിക്കുന്ന രാഷ്ട്രീയ-സാംസ്കാരിക നായകന്മാരുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialhindutwahindu rashtra
News Summary - Will India walk back to Treta Yuga?
Next Story