അവശേഷിച്ച മനുഷ്യപ്പറ്റും നഷ്ടപ്പെടുമോ?
text_fieldsഭരണകൂടത്തിൽനിന്നും നീതിപീഠമുൾപ്പെടെയുള്ള മറ്റ് അധികാര കേന്ദ്രങ്ങളിൽനിന്നും അവകാശ നിഷേധവും അനീതിയും നേരിടേണ്ടി വരുന്ന ഘട്ടത്തിൽ രാജ്യത്തെ പൗരജനങ്ങൾക്ക് ആവലാതിയുമായി ചെന്നുകയറാൻ അവശേഷിച്ചിരുന്ന ഇടമാണ് ദേശീയ മനുഷ്യാവകാശ കമീഷൻ. പരിമിതികളെമ്പാടുമുണ്ടായിരുന്നെങ്കിലും ഗൗരവതരമായ നിരവധി വിഷയങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തി പതിതർക്കും ദുർബലർക്കും ശബ്ദമില്ലാത്തവർക്കും രാജ്യത്ത് നീതി അന്യമല്ലെന്നും എല്ലാ മനുഷ്യർക്കും അവകാശങ്ങളുണ്ടെന്നും ബോധ്യപ്പെടുത്താൻ നാളിതുവരെ കമീഷന് സാധിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതും അന്യമാകുേമാ എന്ന് സംശയിക്കേണ്ട തലത്തിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുകയാണ് മോദി ഭരണകൂടം.
സുപ്രീംകോടതിയിൽനിന്ന് കഴിഞ്ഞ സെപ്റ്റംബറിൽ വിരമിച്ച ജഡ്ജി അരുൺ കുമാർ മിശ്രയെ അധ്യക്ഷനായി നിയോഗിച്ച് ദേശീയ മനുഷ്യാവകാശ കമീഷെൻറ ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസല്ലാത്ത ഒരാൾക്ക് ഈ പദവി വെച്ചരുളിയിരിക്കുകയാണ് കേന്ദ്രം. ഈ പദത്തിലേക്ക് നിയമിക്കാൻ യോഗ്യരായ ചീഫ് ജസ്റ്റിസുമാർ ഇല്ലാഞ്ഞിട്ടല്ല, നീതിന്യായ രംഗത്തെ സേവനകാലയളവിൽ ഈ സുപ്രധാന പദവിക്ക് അർഹനാക്കുംവിധത്തിൽ സാധാരണ മനുഷ്യരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി എന്തെങ്കിലും അനുഭാവപൂർവം ചെയ്തുകാണിച്ച മുൻ ചരിത്രവും ജസ്റ്റിസ് മിശ്രക്കില്ല. എന്നാൽ, ഭരണകൂടത്തിെൻറ ചുക്കാൻപിടിക്കുന്ന ചില വലിയ 'മനുഷ്യരെ' തെൻറ അധികാരം ഉപയോഗിച്ച് പല ഘട്ടങ്ങളിലും വേണ്ടതിലുമേറെ സഹായിച്ച പ്രവൃത്തിപരിചയമുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് സഹാറ- ബിർല കമ്പനികളിൽനിന്ന് കോഴ ലഭിച്ചുവെന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പ്രശാന്ത് ഭൂഷണിെൻറ 'കോമൺ കോസ്' കൂട്ടായ്മ നൽകിയ ഹരജി നിരസിച്ചതും ഗുജറാത്ത് വംശഹത്യയിൽ ഭരണകൂട ഉന്നതർക്ക് പങ്കുണ്ട് എന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിെൻറ ഹരജി തള്ളിയതും മറ്റാരുമല്ല. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹരിൺ പാണ്ഡ്യയെ ദുരൂഹസാഹചര്യത്തിൽ വധിച്ച കേസിൽ പ്രതികളുടെ ശിക്ഷ റദ്ദാക്കിയ ഹൈകോടതി വിധി ചോദ്യം ചെയ്ത ഗുജറാത്ത് സർക്കാറിനും സി.ബി.ഐക്കും അനുകൂലമായി വിധിയെഴുതിയ മിശ്ര കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി നൽകിയ സന്നദ്ധസംഘടന ഇനിയും പരാതി നൽകുന്നത് തടയാൻ പിഴ വിധിക്കുകയും ചെയ്തിരുന്നൂ. വംശഹത്യക്ക് എതിരുപറഞ്ഞ ഹരിണിെൻറ കൊലപാതകം ആസൂത്രണം ചെയ്ത ഉന്നതരെ രക്ഷിച്ച് ചില യുവാക്കൾക്കുമേൽ കേസ് കെട്ടിച്ചമക്കുകയായിരുന്നുവെന്ന് ഹരിണിെൻറ പിതാവ് വിത്തൽഭായ് പാണ്ഡെ ആരോപിച്ച സംഭവമാണിത്.
സൊഹ്റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കൊലപാതക കേസിൽ വാദംകേട്ട പ്രത്യേക സി.ബി.ഐ ജഡ്ജി ജസ്റ്റിസ് ബി.എച്ച്. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് അരുൺ മിശ്രയുടെ ബെഞ്ചിനു വിട്ട അനാശാസ്യ നടപടി മുൻനിർത്തി കോടതി നടത്തിപ്പിൽ ശരികേടുകളാരോപിച്ച് സുപ്രീംകോടതിയിലെ നാല് സീനിയർ ജഡ്ജിമാർ വാർത്തസമ്മേളനം നടത്തേണ്ട അവസ്ഥ പോലുമുണ്ടായി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന് അഡ്വ. പ്രശാന്ത് ഭൂഷണിനെ കോടതി അലക്ഷ്യക്കുറ്റത്തിന് ശിക്ഷിച്ച വിധിന്യായവും മിശ്രയുടെ തന്നെ. മേൽ ചൊന്ന കേസുകളിലെല്ലാം ആരുടെ അവകാശങ്ങളും അധികാരങ്ങളുമാണ് സംരക്ഷിക്കപ്പെട്ടതെന്ന് ഏവരും തിരിച്ചറിഞ്ഞതാണ്. ജഡ്ജിയായിരിക്കെ ഒരു അന്താരാഷ്ട്ര നീതിന്യായ സമ്മേളനത്തിൽ നരേന്ദ്ര മോദിയുടെ അപദാനങ്ങൾ പാടിപ്പുകഴ്ത്തി പദവിയുടെ അന്തസ്സ് കളഞ്ഞ ചരിത്രവുമുണ്ട്.
മനുഷ്യാവകാശ ലംഘനങ്ങൾക്ക് നിരന്തരം ഇരയാവുന്ന ദലിത്, ന്യൂനപക്ഷ ദുർബല സമൂഹങ്ങളിൽ നിന്ന് ഒരാളെപ്പോലും പരിഗണിച്ചിട്ടില്ലെന്നും ഇതു പരിശോധിച്ച് മാറ്റംവരുത്താൻ സമിതിയോഗം ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നും ഉന്നതതലസമിതി അംഗമായ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടതാണ്. കമീഷെൻറ പരിഗണനയിൽ ഇക്കാലങ്ങളിൽ വന്ന പരാതികൾ പരിശോധിച്ചാലും രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങൾ വിലയിരുത്തിയാലും ആ ആവശ്യത്തിലെ ന്യായം ബോധ്യമാവും. എന്നാൽ, അതിന് തരിമ്പ് പരിഗണന നൽകാതെ ചെയർമാനായി മിശ്രയെയും കമീഷൻ അംഗങ്ങളായി ഇൻറലിജൻസ് ബ്യൂറോ മുൻ ഡയറക്ടർ രാജിവ് ജെയിൻ, ജമ്മു-കശ്മീർ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് മഹേഷ് കുമാർ മിത്തൽ എന്നിവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ്, ലോക്സഭ സ്പീക്കർ ഓം ബിർല എന്നിവർ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. കുടിയൊഴിപ്പിക്കൽ കേസുകളിൽ എന്നും എപ്പോഴും പ്രബലർക്കൊപ്പം നിന്ന വിധികളാണ് മിശ്രയുടെ പേനത്തുമ്പുകളിൽ വിരിഞ്ഞിരുന്നത്. വനങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ആദിവാസികളെ പുറത്താക്കാനുള്ള നീക്കത്തെ രാജ്യമൊട്ടുക്ക് നടന്ന പ്രതിഷേധങ്ങളുടെ ഫലമായാണ് ഇല്ലാതാക്കിയത്.
ഭരണകൂടത്തിെൻറ ഉപകരണമായി പ്രവർത്തിക്കുന്ന ഐ.ബിയുടെ മുൻമേധാവിയെ മനുഷ്യാവകാശ കമീഷൻ അംഗമാക്കിയതും ശരിയായ നടപടിയായി കാണാനാവില്ല. ചുരുക്കത്തിൽ, ഭരണകൂടവേട്ടയും അവരിൽ നിന്നുള്ള അവകാശ നിഷേധങ്ങളും ചോദ്യം ചെയ്ത് നീതി തേടാൻ നിർഭാഗ്യ ജനത സമീപിക്കേണ്ടി വരുന്നത് പ്രഛന്നവേഷമണിഞ്ഞുനിൽക്കുന്ന ഭരണകൂടത്തെ തന്നെയാണെന്നു വരും. അന്താരാഷ്ട്ര നിയമങ്ങൾക്കും ജനാധിപത്യത്തിെൻറ അന്തസ്സത്തക്കും എതിരാണ് ഈ പ്രവണത. സഹപൗരജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചെടുക്കാനും നിഷേധങ്ങളെ ചെറുക്കാനും ജനതയൊട്ടാകെ ജാഗ്രതയോടെ കാവലിരിക്കുക മാത്രമാണ് നമുക്ക് മുന്നിലെ ഏക പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.