അനർഥം, അസത്യം ഈ കുരിശുയുദ്ധങ്ങൾ
text_fieldsചരിത്രത്തിൽനിന്ന് ഞാൻ വായിക്കാം, 11ാം നൂറ്റാണ്ടിെൻറ അവസാനത്തിൽ ആരംഭിച്ച മതയുദ്ധങ്ങളാണ് കുരിശുയുദ്ധങ്ങൾ. 1095 നും 1291 നും ഇടയിൽ നടന്നതെന്ന് കരുതപ്പെടുന്ന ഈ യുദ്ധങ്ങൾ ഇസ്ലാമിെൻറ വ്യാപനം തടയുന്നതിനും കിഴക്കൻ മെഡിറ്ററേനിയനിലെ വിശുദ്ധ ഭൂമി തിരിച്ചുപിടിക്കുന്നതിനുമായി ലത്തീൻ സഭയുടെ പിന്തുണയോടെ യൂറോപ്യൻ ക്രിസ്ത്യാനികൾ സംഘടിപ്പിച്ചതാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
യേശുക്രിസ്തുവിന് ആയിരക്കണക്കിന് വർഷങ്ങൾക്കുശേഷവും പ്രവാചകൻ മുഹമ്മദിന് 450 വർഷങ്ങൾക്കു ശേഷവുമാണീ യുദ്ധങ്ങൾ നടമാടിയത്. അബ്രഹാമിൽനിന്നും മോശയിൽനിന്നും (മുസ്ലിംകൾക്ക് ഇബ്രാഹിമും മൂസയും) പ്രചോദിതരായ ഇരുവരും ഏകദൈവ വിശ്വാസമാണ് പ്രഘോഷിച്ചത്. യഹൂദമതത്തെയും ചേർത്ത് മൂന്നു വിശ്വാസങ്ങളെയും അബ്രഹാമിക് മതങ്ങൾ എന്നാണ് അറിയപ്പെടുന്നത്. അതിനാൽതന്നെ യുദ്ധങ്ങളുടെ ന്യായീകരണം വ്യാഖ്യാനിക്കാനൊക്കാത്തതാണ്. യുദ്ധങ്ങൾ നടന്നിട്ടും, ക്രിസ്തുമതവും ഇസ്ലാമും ദശലക്ഷക്കണക്കിന് വിശ്വാസികളുമായി ഇന്നും നിലനിൽക്കുന്നു; മിക്കവരും സഹിഷ്ണുതയുള്ളവരും സമാധാനപ്രിയരുമാണ്, ചിലർ യോദ്ധാക്കളും. യൂറോപ്പിൽ അധികവും ക്രിസ്ത്യാനികളാണ്; ഫലസ്തീൻ, സിറിയ, ഈജിപ്ത് എന്നിവക്കു പുറമെ ഈ യുദ്ധങ്ങൾ നടന്ന മറ്റു ചില പ്രദേശങ്ങൾ മുസ്ലിം രാജ്യങ്ങളാണ്. ഈ കഥയുടെ ഗുണപാഠം ഒരു മതത്തിനും മതവിഭാഗത്തിനും മറ്റൊന്നിനെ കീഴടക്കാൻ കഴിയില്ല എന്നതാണ്.
എന്താണ് ജിഹാദ്?
ബ്രിട്ടാനിക്കയുടെ അഭിപ്രായത്തിൽ നേരിനെ ഉയർത്തിപ്പിടിക്കുന്നതിനും തിന്മയെ ചെറുക്കുന്നതിനുമായി മനുഷ്യെൻറ ഭാഗത്തുനിന്നുള്ള ശ്രേഷ്ഠമായ ഒരു പോരാട്ടം അല്ലെങ്കിൽ പ്രയത്നമാണ് ഇസ്ലാമിലെ ജിഹാദ്. എന്നാൽ, പുതിയ കാലത്ത്, അത് അക്രമാസക്തമായ സൈനികപ്രവര്ത്തനങ്ങളുടെ പര്യായമായി മാറിയിരിക്കുന്നു.
യുവതീ യുവാക്കളെ ഭീകരവത്കരിക്കുന്നതിന് ഹിന്ദു തീവ്ര വലതുപക്ഷം കണ്ടെത്തിയ ഒരു സാങ്കൽപിക രാക്ഷസനായിരുന്നു ലവ് ജിഹാദ്. നാർകോട്ടിക് ജിഹാദ് അത്തരമൊരു പുതിയ രാക്ഷസനാണ്, പാലായിലെ ജോസഫ് കല്ലറങ്ങാട്ട് എന്ന ബിഷപ്പാണ് അതിെൻറ സൃഷ്ടികർത്താവ് എന്നത് ഞാനുൾപ്പെടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ വേദനിപ്പിക്കുന്നു. 'പ്രണയവും' 'മയക്കുമരുന്നും' യഥാർഥമാണെങ്കിലും ജിഹാദ് എന്ന വാക്ക് സ്നേഹം എന്ന സ്വാഭാവിക മനുഷ്യവികാരത്തോടും ആസക്തിയുണ്ടാക്കുന്ന മയക്കുമരുന്നിനോടും ചേർക്കുന്നത് വികലമായ ചിന്തയാണ് വെളിപ്പെടുത്തുന്നത്.
ഒരു മതത്തിലെ (ഹിന്ദു/ക്രിസ്ത്യൻ) വിശ്വാസികൾക്കും ഇസ്ലാം മതവിശ്വാസികൾക്കുമിടയിൽ അവിശ്വാസവും സാമുദായിക സംഘർഷവും ഉണ്ടാക്കലാണ് ഇതിെൻറ ഉദ്ദേശ്യമെന്ന് വ്യക്തമാണ്. മതവൈരികൾക്ക് ഇസ്ലാമും മുസ്ലിംകളും അപരർ ആണ്. ഒരു മതേതര രാജ്യത്ത് അത്തരം മതഭ്രാന്ത് വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ വിവേചനത്തിെൻറ നിഗൂഢ മാർഗങ്ങളിലൂടെയോ പ്രകടിപ്പിക്കപ്പെടുന്നതിനെ തീർച്ചയായും തടയുകതന്നെ വേണം.
തെളിവുകൾ ഇല്ലേയില്ല
ഇന്ത്യയിൽ ഇസ്ലാം വ്യാപനവാദം നടക്കുന്നുവെന്നതിന് ഒരു തെളിവുമില്ല. 2021 ജൂണിൽ പ്രസിദ്ധീകരിച്ച പ്യൂ സർവേ, പല കെട്ടുകഥകളെയും അസത്യങ്ങളെയും പൊളിച്ചുകളയുന്നുമുണ്ട്. 1951 -നും 2011 -നും ഇടയിൽ ഇന്ത്യയിലെ മതസങ്കലന ഘടന സ്ഥാവരമാണ്. കുടിയേറ്റവും പ്രത്യുൽപാദന നിരക്കും കാരണം മുസ്ലിംകളുടെ അനുപാതത്തിൽ നേരിയ വർധനവുണ്ട്. എന്നാൽ, അതുപോലും 1992ലുണ്ടായിരുന്ന 4.4 ൽ നിന്ന് 2015ആയപ്പോഴേക്ക് 2.6 ആയി കുത്തനെ കുറഞ്ഞതു കാണാം.
എന്നിരുന്നാലും, 2050 ആകുമ്പോഴേക്ക് ഹിന്ദുക്കൾ ജനസംഖ്യയുടെ 77 ശതമാനം (1,300 ദശലക്ഷം) ആയി ഉയരും. പ്യൂ സർവേയിൽ പ്രതികരിച്ചവരിൽ 81.6 ശതമാനം പേരും തങ്ങൾ ഹിന്ദുക്കളായി വളർത്തപ്പെട്ടവരാണെന്നും 81.7 ശതമാനം പേർ നിലവിൽ ഹിന്ദുക്കളാണെന്നും അടയാളപ്പെടുത്തുന്നു; ക്രൈസ്തവരിൽ ഇത് യഥാക്രമം 2.3, 2.6 ശതമാനമാണ്. ഇസ്ലാമിലേക്കുള്ള കൂട്ട മതംമാറ്റം വെറും നുണയാണ്.
പാലാ ബിഷപ്പിന് പിന്തുണയോതി തീവ്ര ഹിന്ദു വലതുപക്ഷം കുതിച്ചെത്തുന്നതിൽ അത്ഭുതപ്പെടാനില്ല. ഇരുകൂട്ടരും ലക്ഷ്യമിടുന്നത് മുസ്ലിംകളെയാണ്. തീവ്ര ഹിന്ദു വലതുപക്ഷം ക്രിസ്ത്യാനികളെ 'അപരർ' ആയി കണക്കാക്കിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാം മറക്കരുത്. ഒരു വിഭാഗം ആളുകളെയും അപരവത്കരിക്കുന്നത് നമുക്ക് അംഗീകരിക്കാനാവില്ല.
എെൻറ സ്കൂൾ അനുഭവം
ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന ഒരു സ്കൂളിലായിരുന്നു എെൻറ പഠനം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള ഹിന്ദുക്കളായിരുന്നു വിദ്യാർഥികളിൽ ഭൂരിഭാഗവും. കുറച്ച് ക്രിസ്ത്യൻ വിദ്യാർഥികളും ഏതാനും മുസ്ലിം കുട്ടികളുമുണ്ടായിരുന്നു. ഓരോ ക്ലാസും പല ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. എന്നാൽ, ക്ലാസിലേക്ക് ഇതിഹാസ സമാനനായ ഹെഡ്മാസ്റ്റർ കുരുവിള ജേക്കബ് സർ ഒരു ലീഡറെ തെരഞ്ഞെടുത്തിരുന്നു. ഞാൻ പഠിച്ച അഞ്ചു വർഷങ്ങളിലെ ക്ലാസ് ലീഡർ എ.കെ. മൂസ ആയിരുന്നു- ഒരു ശരാശരി വിദ്യാർഥിയായ രസികൻ ചങ്ങാതി. അവസാന വർഷമായ പതിനൊന്നിൽ, ക്ലാസ് ലീഡർ നേരെ സ്കൂൾ ലീഡറായി മാറി.
സ്കൂൾ പരിപാടികളിലും വാർഷികത്തിനും ഇംഗ്ലീഷിൽ നന്നായി പ്രസംഗിക്കാൻ കഴിയുന്ന, ഉയരവും ആകർഷണീയതയുമുള്ള ഒരു വിദ്യാർഥിയെ വേണമായിരുന്നു ഹെഡ്മാസ്റ്റർക്ക്. അദ്ദേഹം അതിനായി ഹാറൂൺ മുഹമ്മദിനെ നാമനിർദേശം ചെയ്തു! ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ല, വിദ്യാർഥികളാരും തന്നെ അസാധാരണമായ എന്തെങ്കിലും നടന്നതായി കരുതിയിരുന്നില്ല. 'പ്രീണനം' എന്ന വാക്ക് ഞങ്ങൾക്ക് തീർത്തും അപരിചിതമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ബിഷപ്പിെൻറ വാദഗതിയെ നിരാകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ''ഇത്തരം തെറ്റായ സിദ്ധാന്തങ്ങൾ പടച്ചുവിടുന്നവർക്കെതിരെ സർക്കാർ ഒരു ദാക്ഷിണ്യവും പുലർത്തില്ലെന്ന'' മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്തുണച്ചതിൽ അതിലേറെ സന്തോഷമുണ്ട്. മയക്കുമരുന്ന് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നവർ, ഗുജറാത്തിലെ ഒരു തുറമുഖം വഴി 'ഇറക്കുമതി ചെയ്യാൻ' ശ്രമിക്കവേ 3,000 കിലോ ഹെറോയിൻ (അതായത് മൂന്ന് ടൺ!) പിടിച്ചെടുക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കണം. അത്യുന്നതങ്ങളിൽനിന്നുള്ള ഔദ്യോഗിക രക്ഷാകർതൃത്വം ഇല്ലാതെ ഇത്രയും വലിയ അളവിൽ 'ഇറക്കുമതി' ചെയ്യാൻ അയാൾ/അവൾ (അമുസ്ലിം ദമ്പതികളാണ് പിടിയിലായിരിക്കുന്നത്) ധൈര്യപ്പെടില്ലെന്ന് എനിക്ക് ആധികാരികമായി തീർത്തു പറയാൻ കഴിയും.
ലവ് ആവട്ടെ നാർകോട്ടിക് ആവട്ടെ ജിഹാദിനെക്കുറിച്ചുള്ള വർത്തമാനങ്ങൾക്ക് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിന്യായം പറയണം. 3,000 കിലോ ഹെറോയിൻ പിടിച്ചെടുക്കപ്പെട്ടതിനെക്കുറിച്ചും അവർ പ്രതികരിക്കണം. ഇത്തരം പ്രശ്നങ്ങളാണ് രാജ്യത്തിെൻറ ആഭ്യന്തര സുരക്ഷക്കും സാമൂഹിക ഐക്യത്തിനും ഗുരുതരമായ വിഘാതങ്ങൾ സൃഷ്ടിക്കുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.