ലോകാരോഗ്യ സംഘടനയുടെ ഉണരാനുള്ള മുന്നറിയിപ്പ്
text_fields108 രാജ്യങ്ങളിലും 4300ൽ അധികം നഗരങ്ങളിലുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) 2016ൽ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് നടത്തിയ വ്യാപകമായ പഠനത്തിെൻറ റിപ്പോർട്ടും വിശകലനവും കഴിഞ്ഞവാരം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ലോക ജനസംഖ്യയിലെ 90 ശതമാനമാളുകളും ശ്വസിക്കുന്നത് മലിനവായുവാണ്. വികസിത, വികസ്വര, ദരിദ്ര രാജ്യങ്ങൾ ഭേദമില്ലാതെ ലോകത്തിെല ഭൂരിഭാഗം നഗരങ്ങളും ദുഷിച്ച വായുവിെന സംഭാവന ചെയ്യുന്നവയാണ്. ആഫ്രിക്കയുടെയും പശ്ചിമേഷ്യയുടെയും സ്ഥിതി അങ്ങേയറ്റം ഭീതിജനകം. 47 ആഫ്രിക്കൻ രാജ്യങ്ങളിൽ ഏഴെണ്ണത്തിലേ ശുദ്ധവായു ലഭിക്കുന്നുള്ളൂ. ഇന്ത്യയും ചൈനയുമാണ് ഏറ്റവും രോഗാതുരമായ അന്തരീക്ഷമുള്ള രാജ്യങ്ങൾ. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട വായുവുള്ള 20 നഗരങ്ങളിൽ 14ഉം സ്ഥിതി ചെയ്യുന്നത് നമ്മുടെ രാജ്യത്ത്. ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷ പരിധിയെക്കാൾ 17 ഇരട്ടിയിൽ അധികമാണ് ഈ നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം. മലിനവായു നിമിത്തം പ്രതിവർഷം മരണത്തിന് കീഴൊതുങ്ങുന്നവർ 70 ലക്ഷമാണ്. അതിൽ ഭൂരിഭാഗവും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവർ. ലാന്‍സെറ്റ് കമീഷണര്‍ നടത്തിയ പഠനമനുസരിച്ച് ഇന്ത്യയില്‍ പ്രതിവർഷം 25 ലക്ഷം പേര് മലിനീകരണംമൂലം മരിക്കുന്നു. 2.6 കോടി ജനങ്ങളാണ് ദുഷിച്ച വായു ശ്വസിച്ച് ഒരോ വർഷവും രാജ്യത്ത് രോഗികളായി മാറിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അന്തരീക്ഷ മലിനീകരണമെന്നത് റിപ്പോർട്ടിൽ സൂചിപ്പിക്കപ്പെട്ട ഉത്തരേന്ത്യയിലെ 14 നഗരങ്ങളുടെ മാത്രം അവസ്ഥയല്ല. ചെറുതും വലുതുമായ മുഴുവൻ നഗരങ്ങളെയും ഭൂരിപക്ഷം വരുന്ന ഗ്രാമങ്ങളെയും ശ്വാസംമുട്ടിക്കുന്ന വിപത്തുതന്നെയാണത്. അന്തരീക്ഷ മലിനീകരണത്തെ കുറിച്ചുള്ള നമ്മുടെ ഡാറ്റാ ശേഖരണ സംവിധാനങ്ങൾ അങ്ങേയറ്റം പരിതാപകരമായതിനാൽ വേണ്ടത്ര വിവരങ്ങളില്ലാത്തതിനാലാണ് ലോകാരോഗ്യ സംഘടന സൂചിപ്പിച്ചതിലും ദയനീയവും ഭീകരവുമായ തദ്സ്ഥിതി പുറത്തുവരാതിരിക്കുന്നത്. ദേശീയ വായുശുചിത്വ പദ്ധതി (നാഷനൽ ക്ലീൻ എയർ പ്രോഗ്രാം) കേന്ദ്ര സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്, ഇന്ത്യയിൽ ഒരു ഗ്രാമത്തിലും സാമാന്യമായ രീതിയിൽ വായു മലിനീകരണത്തെക്കുറിച്ച് അറിയാൻ ഒരു സൗകര്യവും ഇത്ര കാലമായിട്ടും നാം ഒരുക്കിയിട്ടിെല്ലന്നാണ്. അന്തരീക്ഷ മലിനീകരണം ശാസ്ത്രീയമായി നിരീക്ഷിക്കാനും വിശകലനം ചെയ്യാനും സംവിധാനമൊരുക്കിയിട്ടുള്ള രാജ്യത്തെ ഏക പ്രദേശം ഡൽഹി മാത്രമാണ്. കാർബൺ നിർഗമനത്തിൽ ഏറെ പഴികേൾക്കുന്ന, മലിനീകരണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ രോഗികളാകുകയും മരിക്കുകയും ചെയ്യുന്ന ഒരു രാജ്യം അന്തരീക്ഷ മലിനീകരണത്തെ പരിഹരിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിെൻറ റിപ്പോർട്ടാണിത്.
രണ്ടു വർഷം മുമ്പ് ലോകാരോഗ്യ സംഘടന നടത്തിയ സമാന പഠനത്തിൽ ഇന്ത്യക്ക് ഇതേ മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് അപകടം പിടിച്ച നഗരങ്ങൾ 10 ആയിരുന്നെങ്കിൽ ഇന്നത് 14 ആയിരിക്കുന്നു.
അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിന് വിവിധ മാർഗങ്ങൾ ആരായാനും നടപ്പാക്കാനുമുള്ള സമയ പരിധിയുടെ ചുവന്ന വരകളിലൂടെയാണ് നാം കടന്നുപോകുന്നത്. സള്‍ഫര്‍ ഡൈഓക്സൈഡ്, നൈട്രജന്‍ ഓക്സൈഡുകള്‍, കാർബണുകൾ തുടങ്ങി അന്തരീക്ഷത്തെ അശുദ്ധമാക്കുന്ന രാസവസ്തുക്കൾ നിർലോഭം പുറന്തള്ളുന്ന വൻകിട വ്യവസായശാലകൾ മുതൽ പറമ്പിെൻറ ഓരത്ത് അശ്രദ്ധമായി പ്ലാസ്റ്റിക് കത്തിക്കുന്നവർ വരെ ഈ മലിനീകരണത്തിലെ പ്രതികളാണ്. വാഹനങ്ങളുടെ പെരുപ്പവും അത് ഉൽപാദിപ്പിക്കുന്ന പെട്രോളിയം മാലിന്യങ്ങളും ഭ്രൂണ വളർച്ചയെ ബാധിക്കുകയും തൂക്കം കുറഞ്ഞ, ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങളുടെ പിറവിക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് ആറ് ലക്ഷത്തിലധികം നവജാത ശിശുക്കളെയും മാതാക്കെളയും വിശകലനം ചെയ്ത് പഠനം പുറത്തിറക്കിയത് ലണ്ടനിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വന നശീകരണവും ഭൂമിയുടെ തരിശ്വത്കരണവും അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നതിലെ പ്രധാന കാരണങ്ങളാണ്. ദുരപൂണ്ട മനുഷ്യെൻറ വികസനഭ്രാന്തിനെ ചങ്ങലക്കിടാതെ കളങ്കിതമായ വെള്ളവും മലിനമായ വായുവും വിശുദ്ധമാക്കാനാകിെല്ലന്ന് ചുരുക്കം.
മസ്തിഷ്കാഘാതം മുതൽ ആസ്ത്മവരെയുള്ള എണ്ണമറ്റ രോഗങ്ങളെ ഫലപ്രദമായി ചെറുക്കാൻ ശുദ്ധമായ വായുവിെന തിരിച്ചുപിടിച്ചേ മതിയാകൂ. അതിന് രാജ്യവും ജനങ്ങളും മലിനമായ വായുവാണ് ശ്വസിക്കുന്നതെന്ന ദുഃസത്യത്തെ അംഗീകരിക്കുകയും അഭിമുഖീകരിക്കുകയും ചെയ്യാൻ സന്നദ്ധരാകണം. അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിനും കുറക്കുന്നതിനും പ്രായോഗികമായ ചെറുതും വലുതുമായ ധാരാളം മാർഗങ്ങളുണ്ട്. അവ നടപ്പാക്കി വിജയിപ്പിക്കാൻ ആത്മാർഥതയോടെ പൗരന്മാരും ഭരണകൂടവും ഒരുപോലെ രംഗത്തിറങ്ങേണ്ടിവരും. കർശന നിയമങ്ങളിലൂടെ കാർബൺ ബഹിർഗമന കമ്പനികളെ നിയന്ത്രിക്കാനുള്ള ശേഷി തെളിയിക്കേണ്ടിയും വരും. എങ്കിൽ, ദേശീയപദ്ധതി വിഭാവനം ചെയ്യുന്നതുപോലെ അഞ്ചു വർഷത്തിനുള്ളിൽ അന്തരീക്ഷ മലിനീകരണം 50 ശതമാനമാക്കാനാകും. അതല്ല, ഉണരാനുള്ള മുന്നറിയിപ്പിനെ തള്ളിക്കളയുന്ന പക്ഷം ദുഷിച്ച വായുവും ശ്വസിച്ച് കാലത്തെയും വിധിയെയും പഴിച്ച് ദുരന്ത രോഗജീവിതം നയിക്കാനായിരിക്കും ഭൂരിഭാഗത്തിെൻറയും വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.