ആസിഫ് തൻഹയെ കുറിച്ചാണ് ഇന്ന് എഴുതുന്നത്
text_fieldsകോവിഡ് മഹാമാരിയും ലോക്ഡൗണും സൃഷ്ടിച്ച ആഘാതത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴും ബി.ജെ.പി ഭരണകൂടം ഹിംസാത്മക അജണ്ടകൾക്ക് ഒരു കുറവും വരുത്താൻ തയാറല്ല എന്നാണ് ഡൽഹിയിൽനിന്നുള്ള വാർത്തകൾ കാണിക്കുന്നത്. പൗരത്വനിയമത്തിനെതിരെ സമരംചെയ്ത ഡൽഹിയിലെ വിദ്യാർഥികളെ വ്യാപകമായി വേട്ടയാടുന്നതിനെ കുറിച്ച് ഈ കോളത്തിൽ നേരത്തേ എഴുതിയിരുന്നു. ജാമിഅ മില്ലിയ്യ വിദ്യാർഥിനിയും ഗർഭിണിയുമായ സഫൂറ സർഗാറിനെ യു.എ.പി.എ ചുമത്തി തിഹാർ ജയിലിലെ ഏകാന്ത സെല്ലിൽ അടച്ച കേന്ദ്ര ആഭ്യന്തര വകുപ്പ് എന്തുമാത്രം വൃത്തികെട്ട രാഷ്ട്രീയമാണ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നതെന്ന് ആലോചിക്കാവുന്നതേയുള്ളൂ. സഫൂറ സർഗാറിന് പുറമെ ജാമിഅ വിദ്യാർഥിയായ മീരാൻ ഹൈദർ, ജാമിഅ പൂർവ വിദ്യാർഥി സംഘടനനേതാവായ ശിഫാഉ റാൻ, ഡൽഹിയിലെ ഫെമിനിസ്റ്റ് കൂട്ടായ്മയായ ‘പിഞ്ച്റാ തോഡി’െൻറ പ്രവർത്തക ഗുൽഫിഷ ഫാത്തിമ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ സഫൂറ സർഗാറിെൻറ അറസ്റ്റ് അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ വാർത്തയാവുകയും വിവിധ സാർവദേശീയ മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ വിഷയത്തിൽ പ്രസ്താവന നടത്തുകയും ചെയ്തതാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിെൻറ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള ഇത്തരം വിദ്യാർഥി വേട്ടക്കെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ജാമിഅ മില്ലിയ്യയിലെ മറ്റൊരു വിദ്യാർഥിയായ ആസിഫ് ഇഖ്ബാൽ തൻഹയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും തരിമ്പും വിലകൽപിക്കാതെ മുസ്ലിം വിദ്യാർഥികളെ വേട്ടയാടി പീഡിപ്പിക്കുന്ന നടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോവുകയാണ്. കോവിഡ് പ്രതിരോധത്തിൽ അങ്ങേയറ്റം ദിശാരഹിതമായി പ്രവർത്തിക്കുന്ന കേന്ദ്ര ഭരണകൂടം പക്ഷേ, ഈ വിഷയത്തിൽ അങ്ങേയറ്റം ലക്ഷ്യബോധത്തോടെയാണ് മുന്നോട്ടുപോവുന്നത്. അതിനാൽതന്നെ, വേട്ടയാടപ്പെടുന്ന ഓരോ വിദ്യാർഥിക്കുവേണ്ടിയും സംസാരിച്ചുകൊണ്ടേയിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട രാഷ്ട്രീയപ്രവർത്തനമാണ്. അതിനാൽ, ആസിഫ് ഇഖ്ബാൽ തൻഹയെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.
മേയ് 16നാണ് ചോദ്യം ചെയ്യാനെന്ന പേരിൽ ആസിഫിനെ ഡൽഹി പൊലീസിലെ സ്പെഷൽ സെൽ വിളിപ്പിക്കുന്നത്. മേയ് 17ന് ചാണക്യപുരിയിലെ ൈക്രംബാഞ്ച് ആസിഫിനെ അറസ്റ്റ് ചെയ്തു. 2019 ഡിസംബർ 12ന് ജാമിഅയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് എന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. (പൊലീസ് വിദ്യാർഥികളെ ആക്രമിച്ച് പരുവമാക്കിയ സംഭവമാണിതെന്നത് മറ്റൊരു കാര്യം.) ആസിഫിനെ കസ്റ്റഡിയിൽ വിട്ടുതരാനുള്ള പൊലീസ് അപേക്ഷ പക്ഷേ, അന്ന് ജഡ്ജി അനുവദിച്ചില്ല. പകരം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടു. കസ്റ്റഡിയിലിരിക്കെ ആസിഫിനെ സന്ദർശിച്ച സുഹൃത്തുക്കളോട് പൊലീസ് തന്നെ മർദിച്ചതിനെ കുറിച്ച് ആസിഫ് പറഞ്ഞിരുന്നു.
2019 ഡിസംബർ 12ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് മേയ് 19ന് ആസിഫ് തൻഹക്കെതിരെ ഡൽഹി പൊലീസ് മറ്റൊരു കേസ് ചാർജ് ചെയ്യുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും. കിഴക്കൻ ഡൽഹി കലാപങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് (എഫ്.ഐ.ആർ 59) ആസിഫിനെ രണ്ടാമതും അറസ്റ്റ് ചെയ്തതും കസ്റ്റഡിയിൽ എടുത്തതും. ഫെബ്രുവരി 23 മുതൽ 27 വരെ കിഴക്കൻ ഡൽഹിയിൽ മുസ്ലിംകൾക്കെതിരെ നടന്ന ആസൂത്രിത ആക്രമണങ്ങളാണ് കിഴക്കൻ ഡൽഹി കലാപം എന്ന പേരിൽ അറിയപ്പെടുന്നത്. ഈ സംഭവത്തിൽ ഇരകളായ ചെറുപ്പക്കാർ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ അവരുടെ പേരിൽപോലും കേസുകളെടുത്ത് അറസ്റ്റ് ചെയ്ത നിരവധി സംഭവങ്ങളുണ്ട്. ആസിഫ് തൻഹയാവട്ടെ, ഈ സംഭവങ്ങൾ നടക്കുമ്പോൾ ഡൽഹിയിൽതന്നെ ഇല്ലാത്ത ആളാണ്.
സഫൂറ സർഗാറിനെയും ഗുൽഫിഷയെയും അറസ്റ്റ് ചെയ്ത അതേ രീതിതന്നെയാണ് ആസിഫ് തൻഹയുടെ കാര്യത്തിലും സ്വീകരിച്ചത്. ജാഫറാബാദിൽ നടന്ന പൗരത്വസമരവുമായി ബന്ധപ്പെട്ട കേസിലാണ് സഫൂറയെയും ഗുൽഫിഷയെയും പൊലീസ് ആദ്യം അറസ്റ്റ് ചെയ്യുന്നത്. പ്രസ്തുത കേസിൽ അവർക്ക് ജാമ്യം കിട്ടാനിരിക്കെയാണ് കലാപക്കേസിൽ അവരെ പ്രതികളാക്കുന്നതും കടുത്ത വകുപ്പുകൾ ചേർത്ത് വീണ്ടും അറസ്റ്റ് ചെയ്യുന്നതും. ആസിഫിെൻറ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. വിദ്യാർഥികളെ ദീർഘകാലം തടവിലിടാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ അറസ്റ്റുകളെന്ന് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം പൗരത്വ പ്രക്ഷോഭത്തിെൻറ മുൻനിരയിലുള്ളവരാണ് എന്നതാണ് മറ്റൊരു കാര്യം. ഇതിലൂടെ ഭരണകൂടം ലക്ഷ്യംവെക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, പൗരത്വപ്രക്ഷോഭത്തെ ജ്വലിപ്പിച്ച വിദ്യാർഥി നേതാക്കളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക. രണ്ട്, സംഘ്പരിവാർ പദ്ധതിയായിരുന്ന ഡൽഹി കലാപത്തെ പൗരത്വ സമരത്തിെൻറ തലയിൽ കെട്ടിവെക്കുക. ഈ ദ്വിമുഖ ലക്ഷ്യംവെച്ചുള്ള ആസൂത്രണങ്ങളാണ് അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്നത്.
കോവിഡും ലോക്ഡൗണും സൃഷ്ടിച്ച സാഹചര്യങ്ങളെ അമിതാധികാരം പ്രയോഗിക്കാനും ഫെഡറലിസത്തെ ഇല്ലാതാക്കാനും നിർണായകമേഖലകളിൽ സ്വകാര്യവത്കരണം നടപ്പാക്കാനുമുള്ള അവസരമായാണ് കേന്ദ്രസർക്കാർ കാണുന്നത്. മറുവശത്ത് ബി.ജെ.പി സർക്കാറിന് ഏറ്റവും വലിയ പ്രഹരമേൽപിച്ച പൗരത്വ പ്രക്ഷോഭത്തിെൻറ സംഘാടകരെ വേട്ടയാടി നശിപ്പിക്കാനുമുള്ള സന്ദർഭമായും ഈ സാഹചര്യത്തെ അവർ ഉപയോഗിക്കുകയാണ്. വിദ്യാർഥി നേതാക്കളെ ഒന്നിന് പിറകെ മറ്റൊന്നായി അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത് അതിെൻറ ഭാഗമാണ്. അതിനാൽ അതേക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുക, ഓരോ വിദ്യാർഥിയുടെയും പേര് ഉച്ചരിച്ചുകൊണ്ടേയിരിക്കുക എന്നത് വളരെ പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.