അശാന്തമായ കശ്മീരും യശ്വന്ത് സിന്‍ഹ റിപ്പോര്‍ട്ടും
text_fields2016 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ പരിപാടി-അത് അദ്ദേഹത്തിന്‍െറതന്നെ തീരുമാനമായിരുന്നുവെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നപോലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതായിരുന്നില്ളെന്നും ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു-യുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായി അദ്ദേഹം പറഞ്ഞത് തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും ലഭിക്കുന്ന ധനസ്രോതസ്സുകള്‍ ഇല്ലാതാകുക എന്നതായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ അവകാശപ്പെട്ടു, കറന്‍സി പിന്‍വലിച്ച നടപടികൊണ്ട് നേട്ടമുണ്ടായി, ജമ്മു-കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയിടപ്പെട്ടു, സംസ്ഥാനം സാധാരണ നിലയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നു എന്ന്. ഈയവകാശവാദത്തിന്‍െറ തെളിവുകള്‍ ആരും അന്വേഷിച്ചില്ല. എന്നാല്‍, ജമ്മു-കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് രൂക്ഷമായ സംഘര്‍ഷാന്തരീക്ഷത്തില്‍ അഞ്ചുമാസത്തിനകം പൊതുഖജനാവിനുണ്ടായ നഷ്ടം 16,000 കോടി രൂപയാണെന്ന് സംസ്ഥാന ധനമന്ത്രി ഹസീബ് ദ്റാബു നിയമസഭയുടെ മേശപ്പുറത്തുവെച്ച 2016ലെ സാമ്പത്തിക സര്‍വേ വെളിപ്പെടുത്തുന്നു.
നിരവധി പൗരന്മാര്‍ കൊല്ലപ്പെടാനും അനേകായിരങ്ങള്‍ക്ക് പരിക്കേല്‍ക്കാനും ഇടവരുത്തിയ സംഘര്‍ഷത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ പൂര്‍ണമായി സ്തംഭിച്ചുവെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചത് ആശയവിനിമയംപോലും അസാധ്യമാക്കി. നിരന്തരമായ ഹര്‍ത്താലും ബന്ദും നിരോധനാജ്ഞയും മറ്റ് നിയന്ത്രണങ്ങളും മൂലം താഴ്വരയിലെ 10 ജില്ലകളില്‍ ജനജീവിതം തീര്‍ത്തും ദുസ്സഹമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേയവസരത്തില്‍തന്നെ സുരക്ഷസേനയും തീവ്രവാദികളും തമ്മിലെ ഏറ്റുമുട്ടലുകള്‍ അനുസ്യൂതം തുടരുകയും നിത്യേന ജീവഹാനി സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയുമാണ്. കറന്‍സി വിലക്കുകൊണ്ട് ഒരു നേട്ടവും സുരക്ഷ രംഗത്തുപോലും ഉണ്ടായിട്ടില്ളെന്നര്‍ഥം.
ഇതേ സന്ദര്‍ഭത്തില്‍തന്നെയാണ് 10 വര്‍ഷക്കാലമായി കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ ഡയലോഗ് ആന്‍ഡ് റികണ്‍സിലിയേഷന്‍ എന്ന ഡല്‍ഹി ആസ്ഥാനമാക്കിയുള്ള സംഘടന നിയോഗിച്ച മുന്‍ വിദേശകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് ഘട്ടങ്ങളിലായി കശ്മീര്‍ സന്ദര്‍ശിച്ചു നടത്തിയ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
കശ്മീര്‍ വിഷയത്തെ ദേശീയ സുരക്ഷയുടെ ചട്ടക്കൂട്ടില്‍ മാത്രം നോക്കിക്കാണുന്ന കേന്ദ്ര സര്‍ക്കാറിന്‍െറ സമീപനമാണ് പ്രശ്നം അപരിഹാര്യമായി തുടരാന്‍ കാരണമെന്നും അതിനെ പരിഹാരം തേടുന്ന രാഷ്ട്രീയ പ്രശ്നമായി കാണാന്‍ തയാറാവാത്തതാണ് സ്ഥിതിഗതികളെ സങ്കീര്‍ണമാക്കുന്നതെന്നും കശ്മീരികള്‍ കരുതുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കശ്മീരികള്‍ തുറന്നുപറയുന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് മാനവികതയുടെ പ്രതലത്തില്‍നിന്നുകൊണ്ട് കശ്മീര്‍ പ്രശ്നപരിഹാരത്തിന് നീക്കമുണ്ടായപ്പോള്‍ കശ്മീരികള്‍ അതിനെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്നു. എന്നാല്‍, ഡല്‍ഹിയിലെ നിലവിലെ ഭരണകൂടത്തിന് അത്തരമൊരു സമീപനത്തില്‍ താല്‍പര്യമില്ളെന്നാണ് അവരുടെ വിലയിരുത്തല്‍. കശ്മീര്‍ ജനതയുടെ വികാരങ്ങളെ ഇന്ത്യ മനപ്പൂര്‍വം അവഗണിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്ന കശ്മീരികള്‍ തങ്ങളുടെ പ്രതിഷേധം മറ്റാരെങ്കിലും സ്പോണ്‍സര്‍ ചെയ്തതാണെന്നോ യുവാക്കള്‍ തെരുവിലിറങ്ങാന്‍ ആരെങ്കിലും പണം കൊടുക്കുന്നതാണെന്നോ സമ്മതിക്കുന്നില്ല.
ജമ്മുവില്‍ വന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചതിലും അവര്‍ക്ക് അമര്‍ഷമുണ്ട്. മാട്ടിറച്ചി കഴിച്ചുവെന്നാരോപിച്ച് അഖ്ലാഖിനെ തല്ലിക്കൊന്നതിനോട് പ്രതികരിക്കാന്‍ കഴിയാതെപോയ മോദിക്ക് എങ്ങനെ കശ്മീരികളെ രക്ഷിക്കാനാവും എന്നാണവര്‍ ചോദിക്കുന്നത്. കശ്മീര്‍ ജനതയില്‍ 68 ശതമാനവും യുവാക്കളാണെന്നിരിക്കെ അവരുമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ സംവദിക്കേണ്ടതെന്നാണ് കശ്മീരികള്‍ ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ കല്ളേറും തെരുവിലിറങ്ങിക്കൊണ്ടുള്ള പ്രക്ഷോഭങ്ങളും അധികനാള്‍ തുടരുകയില്ളെന്ന് തന്നെയാണവരുടെ കാഴ്ചപ്പാട്. എന്നാല്‍, ശൈത്യകാലം അവസാനിച്ച് 2017 ഏപ്രിലില്‍ വസന്തം ആരംഭിക്കുന്നതോടെ കൂടുതല്‍ മോശമായ അവസ്ഥയാണ് കശ്മീരിനെ കാത്തിരിക്കുന്നതെന്നാണ് അവരുടെ മുന്നറിയിപ്പ്.
തലമുതിര്‍ന്ന ബി.ജെ.പി നേതാവിന്‍െറ നേതൃത്വത്തിലുള്ള പഠനസംഘം സമര്‍പ്പിച്ച സവിസ്തര റിപ്പോര്‍ട്ടില്‍ ചില പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ പരിഹാരം കണ്ടത്തൊന്‍ ആവില്ളെന്നും പകരം ഇന്ത്യയും പാകിസ്താനും കശ്മീരികളും പങ്കാളികളായ ചര്‍ച്ചകള്‍ക്കേ പ്രശ്നപരിഹാരത്തിലേക്കത്തൊന്‍ കഴിയൂ എന്നുമുള്ള കശ്മീരികളുടെ നിര്‍ദേശത്തിന് അടിവരയിടുന്നതാണ് റിപ്പോര്‍ട്ട്. നിലപാടുകളിലെ ശാഠ്യമുപേക്ഷിച്ച് വിട്ടുവീഴ്ചക്ക് തയാറായാല്‍ മാത്രമേ സമാധാനം പുന$സ്ഥാപിതമാവൂ എന്നും സമിതി ചൂണ്ടിക്കാട്ടുന്നു. എല്ലാറ്റിനും പ്രാരംഭമായി വേണ്ടത് കശ്മീരില്‍ മനുഷ്യാവകാശ സ്ഥിതി മെച്ചപ്പെടുത്തുകയാണ്. കശ്മീരിലെയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയും പൗര സമൂഹങ്ങള്‍ തമ്മില്‍ ഇടപെടാനും സംവദിക്കാനും അവസരങ്ങള്‍ ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ശക്തിയുടെയും ബലപ്രയോഗത്തിന്‍െറയും സൈനിക നടപടികളുടെയും ഭാഷയില്‍മാത്രം സംസാരിക്കുന്ന, ആത്യന്തിക നടപടികളിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകളയാമെന്ന് വ്യാമോഹിക്കുന്ന സംഘി സര്‍ക്കാറിന് യാഥാര്‍ഥ്യനിഷ്ഠമായ ഈ നിര്‍ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത് എത്രത്തോളം സ്ഥാനത്താണ്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.