കുറ്റമുക്തി അഥവാ അധികാര ദുരുപയോഗം
text_fieldsനിയമം അട്ടിമറിക്കാനും നിയമവാഴ്ചയെയും നീതിന്യായ സംവിധാനത്തെയും വ്യവസ്ഥാപിതമായി തകർക്കാനും ഒരു ഭരണാധികാരിതന്നെ മുതിരുന്ന കാഴ്ചയാണോ ഉത്തർപ്രദേശിൽ ഇപ്പോൾ നാം കാണുന്നത്? 2013ൽ മുസഫർനഗറിലും മറ്റും വർഗീയവാദികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കലാപവുമായി ബന്ധപ്പെട്ട കേസുകൾ കൂട്ടത്തോടെ പിൻവലിക്കാൻ നീക്കമുണ്ടത്രെ. ഒൗദ്യോഗിക വൃത്തങ്ങൾ വാർത്ത നിഷേധിച്ചെങ്കിലും കേസുകൾ പിൻവലിക്കണമെന്ന ചിലരുടെ ആവശ്യത്തിന്മേൽ നടപടി സ്വീകരിക്കുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. കേസുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് മുസഫർനഗർ, ഷംലി ജില്ല മജിസ്ട്രേറ്റുമാർക്ക് യു.പി ആഭ്യന്തര സ്പെഷൽ സെക്രട്ടറി കഴിഞ്ഞ മാസം കത്തയച്ചു. 131 കേസുകൾ പിൻവലിക്കാനാണ് നീക്കമെന്നാണ് വാർത്തകളിലുള്ളത്. ഖാപ് പഞ്ചായത്ത് നേതാക്കൾ, മുൻ കേന്ദ്രമന്ത്രി സഞ്ജീവ് കുമാർ ബല്യാൺ, മന്ത്രി സുരേഷ് റാണ തുടങ്ങിയ പ്രമുഖരടക്കം ഉൾപ്പെട്ട കേസുകൾ പിൻവലിക്കാനാണത്രെ ആലോചന. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് 2013 സെപ്റ്റംബറിൽ നടന്ന കലാപത്തിൽ 62 പേർ കൊല്ലപ്പെട്ടതായാണ് ഒൗദ്യോഗിക കണക്ക്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. 1455 പേർക്കെതിരെയാണ് കേസുള്ളത്. 850 ഹിന്ദുക്കൾ പ്രതിയായുള്ള 179 കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഖാപ് പഞ്ചായത്ത് നേതാക്കളും ബി.ജെ.പി നേതാക്കളും ആവശ്യപ്പെട്ടതിനു പിന്നാലെ 131 കേസുകളെപ്പറ്റിയുള്ള വിവരങ്ങൾ തേടിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
കേസുകൾ പിൻവലിക്കാൻതന്നെയാണ് നീക്കമെന്ന് കരുതാൻ ന്യായങ്ങളുണ്ട്. യോഗി മുഖ്യമന്ത്രിയായശേഷം വിവിധ കേസുകൾ ഇങ്ങനെ ‘പുനഃപരിശോധന’ക്കും പിൻവലിക്കലിനും വിധേയമാകുന്നുണ്ട്. സ്വന്തം മണ്ഡലമായിരുന്ന ഗോരഖ്പുരിലെ 2007ലെ കലാപക്കേസുകളിൽ പ്രതിയായിരുന്ന യോഗിതന്നെ ഇൗയിടെ അവ പിൻവലിക്കുകയുണ്ടായി. 2013ലെ കലാപവുമായി ബന്ധപ്പെട്ട ‘കള്ളക്കേസുകളാ’ണ് പിൻവലിക്കാൻ പോകുന്നതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. ഇൗ ഭരണാധികാരികൾ തങ്ങൾക്കെതിരായ കേസുകളിലെ കള്ളവും സത്യവും തീരുമാനിക്കാൻ തുടങ്ങിയിരിക്കുന്നു എന്നർഥം. നീതിന്യായ വ്യവസ്ഥയുടെ ഭാഗമായ കോടതി നടപടികളിലൂടെയാണ് സാധാരണക്കാരുടെ കേസുകളിൽ വിധിയാകുന്നത്. ഭരിക്കുന്നവർ സ്വയം കേസുകൾ തള്ളുേമ്പാൾ അവർ ചെയ്യുന്നത് അധികാര ദുർവിനിയോഗവും നീതിന്യായ സംവിധാനത്തിെൻറ അട്ടിമറിയും സത്യപ്രതിജ്ഞാലംഘനവുമാണ്. അക്രമികൾക്ക് ‘പൊതുമാപ്പ്’ നൽകിക്കൊണ്ട് കൊലയാളികളെ ഇങ്ങനെ ശിക്ഷാമുക്തരാക്കുന്നത് ഇരകളെ സംരക്ഷിക്കാനും അവർക്ക് ആത്മവിശ്വാസംപകരാനും ബാധ്യതപ്പെട്ട സർക്കാർതന്നെയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഭരണഘടനക്കെതിരായ ഭരണകൂട കലാപം തന്നെയാണിത്.
13 കൊലകളും 11 കൊലപാതകശ്രമങ്ങളും അടക്കം വളരെ ഗൗരവമുള്ള കേസുകൾവരെ ഇത്തരത്തിൽ പിൻവലിക്കാനുള്ള ശ്രമത്തെ തടയേണ്ടത് നിയമവാഴ്ചയോട് പ്രതിബദ്ധതയുള്ളവരുടെ കടമയാണ്. ഝാർഖണ്ഡിൽ കഴിഞ്ഞ വർഷം അലീമുദ്ദീൻ അൻസാരിയെ തല്ലിക്കൊന്നവർക്ക് ശിക്ഷ വിധിച്ചത് നമ്മുടെ നീതിന്യായ സംവിധാനത്തിെൻറ കരുത്ത് വിളിച്ചോതിയെങ്കിൽ, ഉത്തർപ്രദേശിൽനിന്നുള്ള ഇൗ പുതിയ ‘കുറ്റമോചന’ വാർത്ത നീതിന്യായ വ്യവസ്ഥയെ തകർക്കാനുള്ള ഭരണകൂടത്തിെൻറ നെറികെട്ട ശ്രമങ്ങളെക്കുറിച്ച സൂചനയാണ് തരുന്നത്.
ഭരണഘടനാദത്തമായ നിയമം ഉയർത്തിപ്പിടിക്കാനും പ്രീതിയോ പ്രീണനമോ കൂടാതെ ഭരിക്കാനും പ്രതിജ്ഞ ചെയ്തവർ അത് പച്ചയായി ലംഘിക്കുന്നത് ഇതാദ്യമല്ല. ശിക്ഷയിൽനിന്ന് രക്ഷകിട്ടുമെന്ന ആത്മവിശ്വാസം നിയമലംഘകർക്ക് പ്രോത്സാഹനമാകുന്നതും ഇപ്പോൾ മാത്രമല്ല. എന്നാൽ, സംഘ്പരിവാർ ഭരണത്തിൽ ഇൗ പ്രവണത വ്യാപകവും പരസ്യവുമാകുന്നു എന്നത് തിരിച്ചറിയപ്പെടണം. ബി.ജെ.പി നേതാവ് അമിത് ഷാ മുതൽ യോഗി ആദിത്യനാഥ് വരെ പലരും ക്രിമിനൽ കേസുകളിൽനിന്ന് ഇൗയിടെ മോചിതരായത് അധികാരത്തിെൻറ ബലത്തിലാണെന്ന് കരുതാനേ ന്യായമുള്ളൂ. അനേകം വിേദ്വഷക്കൊലകളിൽ കുറ്റവാളികളെ കണ്ടെത്താനോ ശിക്ഷിക്കാനോ അധികൃതർ തയാറാകുന്നില്ല. ഭരണഘടനാ ബാഹ്യമായ അധികാരഘടനയുടെ അടയാളങ്ങൾ രാജ്യത്ത് ഉടനീളം ദൃശ്യമാണ്. ഇത് നിയമവാഴ്ചയുടെ പൂർണ തകർച്ചയിലേക്കും തുറന്ന അരാജകത്വത്തിലേക്കുമാണ് നയിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ല. അത് സംഭവിച്ചാൽ അതിെൻറ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുക ആൾക്കൂട്ടനീതിയുടെ ഇരകൾ മാത്രമായിരിക്കില്ലതാനും. രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഇപ്പോഴത്തെ അപായസൂചന തിരിച്ചറിയുമെന്നും പ്രതിരോധം തീർക്കുമെന്നും പ്രത്യാശിക്കുകയേ വഴിയുള്ളൂ. അധികാരമുള്ളവർക്ക് ഏതു കുറ്റത്തിൽനിന്നും ശിക്ഷാമുക്തി (ഇംപ്യൂണിറ്റി) നൽകുന്ന രീതി സംസ്കാരങ്ങളുടെയും ദേശങ്ങളുടെയും തകർച്ചയിലാണ് അവസാനിച്ചിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.